10 June Saturday

രാഷ്ട്രപിതാവിന് പകരക്കാരനോ

വെബ് ഡെസ്‌ക്‌Updated: Monday Jan 16, 2017

ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസ് കമീഷന്റെ (കെവിഐസി) വാര്‍ഷിക കലണ്ടറില്‍നിന്നും ഡയറിയില്‍നിന്നും ചര്‍ക്ക നൂല്‍ക്കുന്ന ഗാന്ധിജിയുടെ ചിത്രം മാറ്റി പകരം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം തിരുകിക്കയറ്റിയത് അതീവ ഉല്‍ക്കണ്ഠയും വേവലാതിയും ഉളവാക്കുന്ന നടപടിയാണ്. മുണ്ടും മേല്‍മുണ്ടും മാത്രം ധരിച്ച് ചര്‍ക്കയ്ക്കുമുന്നിലിരുന്ന് ശാന്തനായി നൂല്‍നൂല്‍ക്കുന്ന ഗാന്ധിജിയുടെ ചിത്രം ലളിതജീവിതത്തിന്റെയും സ്വദേശിവല്‍ക്കരണത്തിന്റെയും അഹിംസയുടെയും പ്രതീകമായി തലമുറകളുടെ മനസ്സുകളില്‍ ഇടംപിടിച്ചതാണ്. ഐതിഹാസികമാനമുള്ള ആ ചിത്രത്തെ ജനങ്ങളുടെ മനസ്സില്‍നിന്ന് മായ്ച്ചുകളയുക എന്ന സംഘപരിവാര്‍ ലക്ഷ്യത്തിന്റെ ഭാഗമായാണ് മോഡി നൂല്‍നൂല്‍ക്കുന്ന ചിത്രവുമായി കെവിഐസിയുടെ കലണ്ടറും ചിത്രവും പുറത്തുവന്നിട്ടുള്ളത്. 1920കളില്‍ ഖാദിപ്രസ്ഥാനത്തിന് തുടക്കമിട്ട മഹാത്മാഗാന്ധിയുടെ ചിത്രമാണ് പരമ്പരാഗതമായി ഖാദി പ്രചാരണത്തിന് ഉപയോഗിക്കുന്നത്. ആദ്യമായാണ് ഗാന്ധിജിയുടെ പടം മാറ്റി മറ്റൊരാളുടെ പടവുമായി കലണ്ടറും ഡയറിയും ഇറങ്ങിയിട്ടുള്ളത്. ഗാന്ധിജിയുടെ ചിത്രമില്ലാതെ ഇവ ഇറങ്ങിയിട്ടുണ്ടെങ്കിലും ഗാന്ധിജിക്കുപകരം മറ്റൊരാളുടെ ചിത്രവുമായി ഇതുവരെയും കെവിഐസിയുടെ കലണ്ടറും ഡയറിയും ഇറങ്ങിയിട്ടില്ല.  

ഗാന്ധിജിയും ചര്‍ക്കയും ഖാദിയും തമ്മിലുള്ള ബന്ധത്തിന് ചരിത്രപരവും രാഷ്ട്രീയവുമായ മാനങ്ങളുണ്ട്. സ്വന്തം നൂല്‍നൂറ്റ് നെയ്തുണ്ടാക്കിയ തുണിയുടുത്ത് ജീവിക്കണമെന്ന ഗാന്ധിജിയുടെ സന്ദേശം സ്വന്തം കാലില്‍ നില്‍ക്കാനുള്ള സ്വാശ്രിതമായ സമ്പദ്വ്യവസ്ഥയുടെ സന്ദേശമാണ് നല്‍കിയത്. 'ചില തൊഴില്‍ മരണത്തിലേക്ക് നയിക്കും. മറ്റു ചിലത് പുതുജീവിതം നല്‍കും' എന്ന് ഖാദിയെക്കുറിച്ച് 'യങ് ഇന്ത്യ'യില്‍ ഗാന്ധിജി കുറിച്ചിട്ടു. ചെറിയൊരു യന്ത്രം ഉപയോഗിച്ച് നൂല്‍നൂല്‍ക്കുന്നതിലുടെ ആഹ്ളാദകരമായ ജീവിതം നെയ്തെടുക്കുന്ന ഗ്രാമീണ ഇന്ത്യയെക്കുറിച്ച് ഗാന്ധിജി സ്വപ്നം കണ്ടിരുന്നു. ശാന്തമായ, ഹിംസയില്ലാത്ത, ലാഭക്കൊതിയില്ലാത്ത ഇന്ത്യയുടെ പ്രതീകംകൂടിയായി ചര്‍ക്ക മാറുകയും ചെയ്തു.

നൂല്‍നൂല്‍ക്കുക എന്നത് സഹിഷ്ണുതയുടെ പ്രതീകംകൂടിയാണെന്ന് ജീവിതത്തിലൂടെ ഗാന്ധിജി തെളിയിച്ചു. വിഭജനകാലത്ത് നവഖാലിയില്‍ പരസ്പരം കൊന്നുതള്ളുന്ന വര്‍ഗീയഭ്രാന്തന്മാരുടെ മുമ്പില്‍ ചര്‍ക്കയില്‍ നൂല്‍നൂറ്റ് ക്ഷമയോടെ പ്രകോപനങ്ങളെ അതിജീവിക്കാന്‍ ഗാന്ധിജിക്ക് കഴിഞ്ഞു. അഹിംസയില്‍ ഉറച്ചുനില്‍ക്കാനുള്ള ഇച്ഛാശക്തിയും ചര്‍ക്കയിലൂടെ ഗാന്ധിജി പകര്‍ന്നുനല്‍കി. നൂല്‍നൂല്‍ക്കുന്ന ഗാന്ധിജിയാണ് സത്യഗ്രഹസമരത്തിന്റെ ആത്മാവ്. ഒരേസമയം പ്രതിഷേധവും അതോടൊപ്പം പരമാധികാരം തങ്ങള്‍ക്കാണെന്ന പ്രഖ്യാപനവുമായിരുന്നു അത്. ഗാന്ധിജിയുടെ ഈ അഹിംസ സിദ്ധാന്തത്തെയും സ്വരാജിനെയും തുടക്കംമുതല്‍ ശക്തമായി എതിര്‍ത്ത പ്രസ്ഥാനമാണ് ആര്‍എസ്എസ്. ഹെഡ്ഗേവാര്‍ 1925 വിജയദശമി നാളില്‍ ആര്‍എസ്എസിന് രൂപംനല്‍കിയതുതന്നെ ഗാന്ധിയന്‍ നയപരിപാടികളോടുള്ള എതിര്‍പ്പിന്റെ ഫലമായിരുന്നു. ഗാന്ധിവിരുദ്ധതയായിരുന്നു ആര്‍എസ്എസിന്റെ മുഖമുദ്ര. കോണ്‍ഗ്രസിനെ ഒരു ബഹുജനപ്രസ്ഥാനമായി വളര്‍ത്താനുള്ള ഗാന്ധിജിയുടെ ഓരോ നടപടിയും സവര്‍ണ ഹൈന്ദവരുടെ എതിര്‍പ്പിനിടയാക്കി. 'നിസ്സഹകരണപ്രസ്ഥാനത്തിന്റെ പാലുകുടിച്ച് വളര്‍ന്ന യവനസര്‍പ്പങ്ങള്‍ വിഷം ചീറ്റിക്കൊണ്ട് രാജ്യത്തെങ്ങും ലഹളകള്‍ കുത്തിപ്പൊക്കുന്ന' ഘട്ടത്തിലാണ് അത് തടയുക ലക്ഷ്യമാക്കി ആര്‍എസ്എസിന് രൂപംകൊടുത്തതെന്ന് സി പി ഭീഷികര്‍ രേഖപ്പെടുത്തുകയുണ്ടായി.

മുസ്ളിങ്ങളും ദളിതരും കോണ്‍ഗ്രസിലേക്ക് കടന്നുവരണമെന്ന ഗാന്ധിജിയുടെ പ്രസ്താവനയാണ് ഹെഡ്ഗേവാറിന് ആര്‍എസ്എസുണ്ടാക്കാന്‍ പ്രചോദനമായതെന്നും വിലയിരുത്തപ്പെടുന്നു. 'ഹിന്ദു മുസ്ളിം ഐക്യമില്ലാതെ സ്വരാജില്ലെന്ന് പ്രഖ്യാപിച്ചവര്‍ നമ്മുടെ സമാജത്തിനുനേരെ ഏറ്റവും വലിയ രാജ്യദ്രോഹമാണ് നടത്തുന്നതെ'ന്ന് ഗോള്‍വാള്‍ക്കര്‍തന്നെ അഭിപ്രായപ്പെടുകയുണ്ടായി. മതമൈത്രിക്കുവേണ്ടി ഗാന്ധിജി പ്രവര്‍ത്തിച്ചതാണ് ആര്‍എസ്എസിനെ ഏറ്റവും കൂടുതല്‍ പ്രകോപിപ്പിച്ചത്. ഈ വിദ്വേഷരാഷ്ട്രീയമാണ് ഗോഡ്സെയെ സൃഷ്ടിച്ചതും ഗാന്ധിജിയെ വധിക്കുന്നതിലേക്ക് നയിച്ചതും. ഡല്‍ഹിയിലും ജയ്പുരിലും ഗ്വാളിയോറിലും പുണെയിലും സംഘപരിവാറുകാര്‍ അന്ന് മധുരപലഹാരം വിതരണം ചെയ്തു. ഇപ്പോള്‍ കേന്ദ്രത്തില്‍ അധികാരത്തിലുള്ളവര്‍ ഗാന്ധിജിയേക്കാള്‍ ഗോഡ്സെയെ ബഹുമാനിക്കുന്നവരാണ്. 'കൊല്ലപ്പെട്ടത് മഹാനാണ് എന്നതുകൊണ്ട് കൊലചെയ്തയാള്‍ ചീത്തയാകുന്നില്ലെ'ന്ന തത്വശാസ്ത്രമാണ് ഇവര്‍ മുന്നോട്ടുവയ്ക്കുന്നത്. എന്‍ വി കൃഷ്ണവാരിയരുടെ ഒരു കവിതയുടെ പേര് 'ഗാന്ധിയും ഗോഡ്സെയും' എന്നാണ്. ആ കവിതയില്‍ ഗാന്ധിജി റേഷന്‍കടയുടെ മുന്നില്‍ ക്യൂനില്‍ക്കുമ്പോള്‍ ഗോഡ്സെ കൊടിവച്ച കാറില്‍ പറക്കുന്നതായി പറയുന്ന സന്ദര്‍ഭമുണ്ട്. വര്‍ത്തമാന ഇന്ത്യയുടെ രാഷ്ട്രീയയാഥാര്‍ഥ്യമാണ് കവി വര്‍ഷങ്ങള്‍ക്കുമുമ്പ് വരച്ചിട്ടത്. വര്‍ഗീയഭ്രാന്തിനെതിരെ ചര്‍ക്കയില്‍ നൂല്‍നൂറ്റ് അഹിംസാമാര്‍ഗത്തിലൂടെ പ്രതികരിച്ച ഗാന്ധിജിയെ മാറ്റി സ്വതന്ത്ര ഇന്ത്യന്‍ മനസ്സാക്ഷിയെ പിടിച്ചുലച്ച ഗുജറാത്ത് കലാപക്കറയുള്ള നരേന്ദ്ര മോഡിയുടെ ചിത്രം വരുമ്പോള്‍ ഹിംസയുടെ തത്വശാസ്ത്രത്തിനാണ് മേല്‍ക്കൈ ലഭിക്കുന്നത്. കലണ്ടറിലെയും ഡയറിയിലെയും മുഖം മാറുമ്പോള്‍ അത് നല്‍കുന്ന സന്ദേശം ഇതാണ്.

രാഷ്ട്രപിതാവിന് പകരംനില്‍ക്കാവുന്ന വ്യക്തിത്വമാണ് മോഡിയെന്ന് വരുമ്പോള്‍, അരുണ്‍ ഷൂരിയുടെ വിശകലനം ശരിയാണെന്ന് വരുന്നു. 'മനഃശാസ്ത്രത്തില്‍ ഇരുണ്ട മുക്കൂട്ടുഗണത്തില്‍ വരുന്നതാണ് മോഡിയുടെ വ്യക്തിത്വം. ആത്മരതിയും കുടിലതയും മനോരോഗവും ഒത്തുചേര്‍ന്ന' ഒരാള്‍ക്കുമാത്രമേ രാഷ്ട്രപിതാവിനേക്കാളും വലിയ വ്യക്തിത്വമാണെന്ന് ധരിക്കാനാകൂ. ചരിത്രത്തില്‍ ഇത്തരം ഭരണാധികാരികള്‍ക്കുള്ള സ്ഥാനം ചവറ്റുകുട്ടയിലാണെന്നുമാത്രം ഓര്‍മിപ്പിക്കട്ടെ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top