02 October Monday

മോഡിയുടെ 'ത്രിപുര' ഭീഷണി

വെബ് ഡെസ്‌ക്‌Updated: Thursday Jan 17, 2019


രാജ്യത്ത് ഏറ്റവും ഒടുവിൽ നിയമസഭാതെരഞ്ഞെടുപ്പ്  നടന്ന അഞ്ച്  സംസ്ഥാനത്തും കനത്ത പരാജയംനേരിട്ട  ബിജെപിയുടെ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഈ തെരഞ്ഞെടുപ്പുകളിലെ ഫലം അടുത്ത ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യയാകെ ആവർത്തിക്കുമെന്നുള്ള  സൂചനകൾ ഉയരുന്നതിനിടയിലാണ് അദ്ദേഹം കേരളത്തിലെത്തിയത്. ഇവിടെ പക്ഷേ അദ്ദേഹം സ്വാഭാവികമായും ഈ തിരിച്ചടികളെ പറ്റിയൊന്നും പറഞ്ഞില്ല. പകരം വാചാലനായത് ഒരുവർഷംമുമ്പ് നടന്ന ത്രിപുരയിലെ നിയമസഭാ തെരഞ്ഞെടുപ്പിനെ പറ്റിയാണ്. കേരളത്തിൽ ത്രിപുര ആവർത്തിക്കുമെന്നുള്ള മോഹചിന്തയാണ് ഭീഷണിയുടെ സ്വരത്തിൽ അദ്ദേഹം കൊല്ലത്തെ ബിജെപി വേദിയിൽ പ്രകടിപ്പിച്ചത്. ഇതുകേട്ടിട്ട് ബിജെപിയെ പിന്തുണയ്ക്കുന്നവർപോലും ഉള്ളിൽ ചിരിച്ചിട്ടുണ്ടാകും.  സ്വന്തം പാർട്ടി ഗതികേടിന്റെ പുതിയ ആഴങ്ങൾ കണ്ടെത്തി ജനങ്ങൾക്കുമുന്നിൽ അപഹാസ്യരായി നിൽക്കുന്ന ഈ ഘട്ടത്തിൽ ഇങ്ങനെയൊരു പ്രതീക്ഷ പ്രകടിപ്പിയ്ക്കാനായ നേതാവിനെ അവർ മനസ്സിൽ നമിച്ചിട്ടും ഉണ്ടാകും. ആൾക്കൂട്ടത്തിന്റെ പ്രതികരണത്തിൽപോലും ഈ പ്രഖ്യാപനം ചലനമുണ്ടാക്കാതെ കടന്നുപോയതും അതുകൊണ്ടുതന്നെ.

ശബരിമലയിലെ സ്ത്രീപ്രവേശത്തിൽ ഉണ്ടായ സുപ്രീംകോടതി വിധിയിൽ  ‘സുവർണാവസരം' പ്രതീക്ഷിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് പോലും  ബിജെപിയുടെ ഭാവിയിൽ എന്തെങ്കിലും പ്രതീക്ഷ അർപ്പിയ്ക്കുന്നില്ല. വിജനമായ ഒരു സമരപ്പന്തലും ജയിലിലായ ആർഎസ്എസ്  ക്രിമിനലുകളും മാത്രമാണ് ശബരിമല മുൻനിർത്തിയുള്ള സ്ത്രീവിരുദ്ധ സമരത്തിന്റെ ബാക്കിപത്രം എന്നത് പിള്ള  തിരിച്ചറിയുന്നു. മോഡി ഒന്ന് പോയിട്ടുവേണം എങ്ങനെയെങ്കിലും പന്തൽ പൊളിച്ച് സെക്രട്ടറിയറ്റ് നടയിൽനിന്ന് തലയൂരാൻ എന്ന ചിന്തയിലാണ് ബിജെപി നേതൃത്വം. അതിനിടയിലാണ് പ്രധാനമന്ത്രിയുടെ ഈ വീരവാദം.

പക്ഷേ, പ്രധാനമന്ത്രി കേരളം ത്രിപുരയാക്കും എന്നുപറയാൻ കണ്ടെത്തിയ കാരണം നമ്മൾ ശ്രദ്ധിയ്ക്കണം. ഇന്ത്യയിലെ പരമോന്നത നീതിപീഠത്തിന്റെ ഉത്തരവിനൊപ്പം നിന്നതുകൊണ്ട് കേരളത്തിലെ ഭരണത്തെ വീഴ്ത്തും എന്ന ഭീഷണിയാണത്. ഇത് നിസ്സാരകാര്യമല്ല. പ്രധാനമന്ത്രിയെന്ന പരമോന്നത ഭരണഘടനാ പദവിയിലിരുന്നുകൊണ്ടാണ് മോഡി ഇത് പറയുന്നത്. ഇത് ഭരണഘടനയോടും നിയമവാഴ്ചയോടുമുള്ള വെല്ലുവിളിയാണ്. അത് ആ ഗൗരവത്തിൽത്തന്നെ കേരളജനത മനസ്സിലാക്കണം. തുടർച്ചയായി ഭരണഘടനാസ്ഥാപനങ്ങളെ ഇല്ലാതാക്കിയും അപ്രസക്തമാക്കിയും നീങ്ങുന്ന ഒരു ഭരണത്തിന്റെ തലവനിൽനിന്ന് ഈ സ്വരം സ്വാഭാവികം. അണയാൻ പോകുന്ന പടുതിരിയുടെ ആളിക്കത്തലായി ഇതിനെക്കാണാം. ബിജെപി ഭരണത്തിനെതിരെ അടുത്ത തെരഞ്ഞെടുപ്പിൽ വിധിയെഴുതാൻ ഒരുകാരണംകൂടി മോഡി വച്ചുനീട്ടുന്നുവെന്നും പറയാം.

മോഡി ത്രിപുരയെപ്പറ്റി പറയുന്നത് ഇടതുപക്ഷം പേടിക്കുമെന്നു കരുതിയാണെങ്കിലും അതിലെ സൂചന കോൺഗ്രസുകാർ ഒന്ന് ശ്രദ്ധിയ്ക്കുന്നത് നന്ന്. ശരിയാണ് ത്രിപുരയിൽ കാൽനൂറ്റാണ്ട് തുടർച്ചയായി ഭരണത്തിലിരുന്ന ഇടതുമുന്നണിയെ പരാജയപ്പെടുത്തി അധികാരത്തിലെത്താൻ ബിജെപിയ്ക്കായി. പക്ഷേ, അവിടെ അതുവരെ മുഖ്യപ്രതിപക്ഷമായിരുന്ന കോൺഗ്രസിന്റെ വോട്ടിങ‌് നില ഓർക്കണം. 2013 ൽ 36.5 ശതമാനത്തിൽനിന്ന് കോൺഗ്രസ് 1.9 ശതമാനത്തിലെത്തിയപ്പോഴായിരുന്നു ബിജെപിയുടെ വൻ വിജയം. കോൺഗ്രസ് നേതാക്കളും അണികളും ഒന്നടങ്കം ബിജെപി ആകുകയായിരുന്നു, അവിടെ. ഇവിടെ കൊടിപിടിച്ചും പിടിയ്ക്കാതെയും നാമം ജപിച്ചും  ജപിയ്ക്കാതെയും ബിജെപിയ്ക്കൊപ്പം നടക്കുന്നതിനിടയിൽ ഇടയ്ക്ക് തിരിഞ്ഞുനിന്ന‌് പിന്നിലുള്ളവരെ എണ്ണുന്നത് അവർക്ക് നന്നാകും. ഇല്ലെങ്കിൽ ത്രിപുരയിലുണ്ടായ മറ്റൊന്നും ഇവിടെ സംഭവിക്കില്ലെങ്കിലും കോൺഗ്രസ് മൊത്തം ബിജെപി ആകുന്ന ആ 'അഖിലേന്ത്യാ പ്രതിഭാസം' ഇവിടെയും ആവർത്തിക്കാം.

ലെനിൻ രാജേന്ദ്രൻ
ലെനിൻ രാജേന്ദ്രൻ ഓർമയായി. ഇന്ത്യൻ സാംസ‌്കാരിക ഭൂപടത്തിൽ മലയാള സിനിമയ്ക്ക് സവിശേഷ ഇടം നേടിത്തന്ന മലയാള ചലച്ചിത്രകാരന്മാരിൽ ഒരാൾകൂടി മറയുന്നു. ലെനിൻ ഒരു ചലച്ചിത്ര പ്രവർത്തകൻ മാത്രമായിരുന്നില്ല; ആശയ വ്യക്തതയോടെ എന്നും ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങൾക്കൊപ്പം പ്രതിബദ്ധതയോടെ ഉറച്ചുനിന്ന സാംസ‌്കാരിക പ്രവർത്തകൻ കൂടിയായിരുന്നു. സിനിമയിൽ ശിൽപ്പത്തെ അലങ്കോലമാക്കുംവിധം തന്റെ രാഷ്ട്രീയകാഴ്ചപ്പാട് തിരുകിക്കയറ്റിയ സംവിധായകൻ ആയിരുന്നില്ല അദ്ദേഹം. സിനിമ എന്ന മാധ്യമത്തിന്റെ അച്ചടക്കത്തെ മുറിവേൽപ്പിയ്ക്കാതെ തന്റെ രാഷ്ട്രീയത്തെ സൃഷ്ടികളിൽ ഉൾച്ചേർക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. അതുകൊണ്ടുതന്നെ ആ ചലച്ചിത്രങ്ങൾ എക്കാലത്തും ഓർമിക്കപ്പെടുന്നവയുമായി. കയ്യൂർ സമരത്തെപ്പറ്റി സിനിമയെടുത്ത അതേ കൈയടക്കത്തോടെ എം മുകുന്ദന്റെയും മാധവിക്കുട്ടിയുടെയും ഉജ്വലസൃഷ്ടികൾക്ക് ദൃശ്യഭാഷ ചമയ്ക്കാനും ലെനിനു കഴിഞ്ഞു.

നൃത്തവും സംഗീതവും തന്റെ സൃഷ്ടികളിൽ ഏറ്റവും ഹൃദ്യമാകുംവിധം ഉപയോഗപ്പെടുത്തിയ അദ്ദേഹം പിൽക്കാലത്ത് പല സംഗീത-നൃത്ത സ്റ്റേജ് ഷോകൾ ഒരുക്കിയപ്പോഴും ഈ മികവ് പ്രകടമാക്കി.‘സ്വാതിതിരുനാളി'ൽ മോഹിനിയാട്ടവും കർണാടക സംഗീതവും ഉപയോഗപ്പെടുത്തിയ അതേ സൂക്ഷ്മതയോടെ ‘രാത്രിമഴ'യിൽ സമകാലിക നൃത്തത്തെ ലെനിൻ സിനിമാപ്രമേയത്തോട് ചേർത്തുനിർത്തി. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ ആരംഭിച്ച ഇടതുപക്ഷ രാഷ്ട്രീയപ്രവർത്തനം അവസാന നാൾവരെ അദ്ദേഹം തുടർന്നു. തുടർച്ചയായി സിനിമകൾ സംവിധാനം ചെയ്യുന്നതിനിടയിലും രണ്ടുതവണ ലോക‌്സഭയിലേക്ക് സിപിഐ എം സ്ഥാനാർഥിയായി മത്സരിയ്ക്കാൻ അദ്ദേഹം മടികാട്ടിയില്ല. പക്ഷം ഒളിച്ചുവയ്ക്കുന്ന സിനിമാരംഗത്തെ പതിവ‌് രീതിയിൽനിന്ന് അദ്ദേഹം മാറിനടന്നു. ഒരിക്കൽ ഉദ്യോഗസ്ഥനായിരുന്ന സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷനിൽ ചെയർമാനായി ചുമതലയേറ്റപ്പോൾ ആ നിലയിലും മികച്ച സംഭാവന നൽകാൻ ലെനിൻ രാജേന്ദ്രന് കഴിഞ്ഞു. ജനപക്ഷ സിനിമയ്ക്കും ഇടതുപക്ഷ രാഷ്ട്രീയത്തിനും ഒരുപോലെ കനത്തനഷ്ടമായി മാറുന്നു, ആ വേർപാട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top