21 July Sunday

നിയമനപ്രഹസനത്തിലൂടെ മോദി സർക്കാർ യുവാക്കളെ വഞ്ചിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Friday Apr 14, 2023

രാജ്യത്ത്‌ തൊഴിലില്ലായ്‌മ രൂക്ഷമാകുമ്പോൾ നിയമനപ്രഹസനം നടത്തി തൊഴിൽരഹിതരായ യുവാക്കളെ വീണ്ടും കേന്ദ്ര സർക്കാർ വഞ്ചിക്കുന്നു. വർഷംതോറും ഒരു കോടി പേർക്ക്‌ തൊഴിൽ നൽകുമെന്ന വാഗ്‌ദാനം നൽകിയാണ്‌ നരേന്ദ്ര മോദി 2014ൽ അധികാരത്തിലെത്തിയത്‌. 2019ലെ തെരഞ്ഞെടുപ്പു കാലത്തും കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുമെന്ന പ്രഖ്യാപനം ആവർത്തിച്ചു. ഭരണത്തിലേറി ഒമ്പത്‌ വർഷമാകുമ്പോഴും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചില്ലെന്ന്‌ മാത്രമല്ല, ഉണ്ടായിരുന്ന തൊഴിൽകൂടി നഷ്ടപ്പെടുത്തി. കേന്ദ്ര സർവീസ്‌ മേഖലയിലും പൊതുമേഖലയിലും നിലവിലുള്ള തൊഴിലവസരങ്ങൾ ഇല്ലാതാക്കി. 10 ലക്ഷത്തോളം ഒഴിവുകൾ നികത്താതെ കിടക്കുന്നു. ദേശീയാടിസ്ഥാനത്തിൽ തൊഴിലില്ലായ്മ നിരക്ക്‌ വർധിക്കുകയാണ്. ഈ വർഷത്തിന്റെ ആദ്യപാദത്തിൽ 7.8 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്. ഇത്തരമൊരു അസാധാരണമായ സാഹചര്യത്തിൽ കേന്ദ്രസർക്കാരിന് കീഴിലെ ജോലി ഒഴിവുകൾ നികത്താതെ നിൽക്കുന്നത് രാജ്യത്തെ യുവജനങ്ങളോട് കാട്ടുന്ന ക്രൂരതയാണ്‌. ഇതിനിടയിൽ റിക്രൂട്ട്‌മെന്റ്‌ ബോർഡുകൾ വഴി പൊതുമേഖലാ ബാങ്കുകളിലും റെയിൽവേയിലും മറ്റും നൽകുന്ന നാമമാത്രമായ നിയമനങ്ങളെ പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതിയിലൂടെ യുവാക്കൾക്ക്‌ തൊഴിൽ നൽകുന്നതായി തെറ്റിദ്ധാരണ പരത്തുകയാണ്‌.  പ്രധാനമന്ത്രിയുടെ പ്രത്യേക താൽപ്പര്യപ്രകാരം  71,000 പേർക്ക്‌ നേരിട്ട്‌ നിയമനം നൽകുന്നതായാണ്‌ സർക്കാർ അവകാശപ്പെട്ടത്‌.

തൊഴിൽരഹിതരോടുള്ള മോദി സർക്കാരിന്റെ ക്രൂരതയ്‌ക്ക്‌ ഉദാഹരണമാണ്‌ കേന്ദ്രസർക്കാരിനു കീഴിൽ വരുന്ന വിവിധ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ഒഴിവുകൾ നികത്താത്തത്‌. പ്രധാനമന്ത്രിയുടെ നേരിട്ട്‌ നിയന്ത്രണത്തിലുള്ള ശാസ്ത്രസാങ്കേതിക മന്ത്രാലയത്തിനു കീഴിൽ അനുവദിച്ച തസ്‌തികകളിൽ പകുതിയും ഒഴിഞ്ഞുകിടക്കുകയാണെന്ന്‌ അടുത്തിടെ പാർലമെന്റിൽത്തന്നെ ശാസ്‌ത്രസാങ്കേതിക സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ് വ്യക്തമാക്കിയിരുന്നു. ഇത്‌ ശാസ്‌ത്രഗവേഷണസ്ഥാപനങ്ങളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. റെയിൽവേയിൽമാത്രം മൂന്ന്‌ ലക്ഷത്തോളം ഒഴിവുകൾ നികത്താതെ കിടക്കുന്നു. ഐഐഎം, ഐഐടി, കേന്ദ്ര സർവകലാശാലകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പകുതിയോളം അധ്യാപക, അനധ്യാപക തസ്‌തികകൾ ഒഴിഞ്ഞുകിടക്കുന്നു. എയിംസ്‌ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ആവശ്യത്തിന്‌ ഡോക്ടർമാരെയും  പാരാമെഡിക്കൽ ജീവനക്കാരെയും നിയമിക്കുന്നില്ല. മൂന്ന്‌ സേനാവിഭാഗത്തിലുമായി ആയിരക്കണക്കിന്‌ ഓഫീസർ തസ്‌തിക ഉൾപ്പെടെ ഒഴിച്ചിട്ട്‌ അഗ്നിപഥിലൂടെ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുകയാണ്‌. പൊതുമേഖലാ ബാങ്കുകളിൽ ലക്ഷത്തിലേറെ ക്ലർക്കുമാരുടെയും ഓഫീസർമാരുടെയും ഒഴിവുള്ളപ്പോൾ തുച്ഛവേതനം നൽകി കരാർ, അപ്രന്റീസ്‌ നിയമനം നടത്തുന്നു. കേന്ദ്ര സർവീസിൽ ലാസ്റ്റ്‌ഗ്രേഡ്‌ തസ്‌തിക ഇല്ലാതാക്കി പുറംകരാർ നിയമനമാണ്‌. ആയിരക്കണക്കിന് കരാർ ജീവനക്കാരെയാണ് ഓരോ പൊതുമേഖലാ സ്ഥാപനത്തിലും നിയമിക്കുന്നത്. 2022ൽ ഭെല്ലിൽ 15,260 പേരെയാണ്‌ കരാർ അടിസ്ഥാനത്തിൽ നിയമിച്ചത്‌. സിമന്റ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ 1644 പേരെയും ഹെവി എൻജിനിയറിങ്‌ കോർപറേഷനിൽ 1666 പേരെയും താൽക്കാലികമായി നിയമിച്ചു.

കോവിഡ്‌ സൃഷ്ടിച്ച സാമ്പത്തികപ്രതിസന്ധിയെ രാജ്യം അതിജീവിച്ചതായി കേന്ദ്രസർക്കാർ അവകാശപ്പെടുമ്പോഴും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നില്ല. സമ്പദ്‌വ്യവസ്ഥയ്ക്ക് വെല്ലുവിളി ഉയർത്തി തൊഴിൽരഹിതരുടെയും തൊഴിലന്വേഷകരുടെയും എണ്ണം വർധിക്കുകയാണ്‌. കഴിഞ്ഞ രണ്ട്‌ വർഷത്തിനിടയിൽ തൊഴിലില്ലായ്‌മ നിരക്ക്‌ കുറയുന്നില്ല.  സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമി (സിഎംഐഇ) ഏപ്രിലിൽ പുറത്തുവിട്ട കണക്കുപ്രകാരം മാർച്ചിലെ തൊഴിലില്ലായ്‌മ 7.8 ശതമാനമാണ്‌. ജനുവരിയിൽ ഇത്‌ 7.14 ശതമാനമായിരുന്നു. നഗരമേഖലയിലാണ്‌ തൊഴിലില്ലായ്‌മ കൂടുതൽ (8.4 ശതമാനം).  മൂന്നു മാസത്തിനിടയിൽ 20 ലക്ഷം പേർക്ക്‌ തൊഴിൽ നഷ്ടപ്പെട്ടു. ജനുവരിയിൽ രാജ്യത്തെ തൊഴിലെടുക്കുന്നവർ 409 ദശലക്ഷമായിരുന്നത്‌ മാർച്ച്‌ അവസാനിച്ചപ്പോൾ 407 ദശലക്ഷമായി കുറഞ്ഞു. രൂക്ഷമാകുന്ന തൊഴിലില്ലായ്‌മയാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌. കേരളംപോലുള്ള സംസ്ഥാനങ്ങൾ ഓരോ മേഖലയിലും പുതിയ തസ്തികകൾ സൃഷ്ടിച്ച്‌ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമ്പോൾ ഉള്ള ജോലി സാധ്യതകൾപോലും തട്ടിത്തെറിപ്പിക്കുകയാണ്‌ കേന്ദ്രസർക്കാർ.
പൊതുസ്വത്തുക്കൾ കൊള്ളയടിക്കൽ, സമ്പന്നർക്ക് നികുതിയിളവു നൽകൽ, ചങ്ങാതിമാരുടെ വായ്പ എഴുതിത്തള്ളൽ എന്നിവയിൽ കേന്ദ്രീകരിച്ചിരിക്കുന്ന മോദി സർക്കാർ യുവാക്കളെ വാഗ്‌ദാനങ്ങൾ നൽകി വഞ്ചിക്കുകയാണ്‌. തൊഴിൽരഹിതരെ വഞ്ചിക്കുന്ന കേന്ദ്രസർക്കാരിന്റെ നയങ്ങൾ തിരുത്തിക്കാൻ ശക്തമായ യുവജനപ്രതിഷേധം ഉയർന്നു വരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top