19 September Thursday

ശാസ‌്ത്രനേട്ടത്തിനാണ‌് കൈയടി, മോഡിയുടെ തെരഞ്ഞെടുപ്പ‌് ഷോയ‌്ക്കല്ല

വെബ് ഡെസ്‌ക്‌Updated: Thursday Mar 28, 2019


ഇന്ത്യൻ ശാസ്ത്രസമൂഹം ഒരു വലിയ നേട്ടത്തിനുകൂടി ഉടമകളായിരിക്കുന്നു. ഭൂമിയിൽനിന്ന‌് 300 കിലോമീറ്റർ അകലെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഉപഗ്രഹത്തെ മിസൈൽ ഉപയോഗിച്ച് തകർക്കാനുള്ള ശേഷിയാണ് ഇന്ത്യൻ ശാസ്ത്രസമൂഹം നേടിയത്.  അതായത് ഉപഗ്രഹവേധ മിസൈലും ഇന്ത്യ വിജയകരമായി പരീക്ഷിച്ചുവെന്നർഥം.  ഡിഫൻസ് റിസർച്ച് ഡെവലപ്മെന്റ് ഓർഗനൈസേഷനി(ഡിആർഡിഒ)ലെ ശാസ്ത്രജ്ഞരാണ് ഈ ഉപഗ്രഹവേധ മിസൈൽ വികസിപ്പിച്ചെടുത്തിട്ടുള്ളത്. രാജ്യത്തിന് അഭിമാന നിമിഷം സമ്മാനിച്ച ഈ ശാസ്ത്രജ്ഞർ അഭിനന്ദനം അർഹിക്കുന്നു.

ഉപഗ്രഹവേധ മിസൈൽ വികസിപ്പിച്ചെടുത്ത നാലാമത്തെ രാജ്യമായി ഇന്ത്യ ഇതോടെ മാറി. അമേരിക്കയും, സോവിയറ്റ് യൂണിയനും ചൈനയും ആണ് ഇതിനുമുമ്പ് ഉപഗ്രഹവേധ മിസൈൽ പരീക്ഷിച്ചിട്ടുള്ളത്. ഇസ്രയേലിനും ഇതിന്റെ സാങ്കേതികവിദ്യ വശമുണ്ടെങ്കിലും ഇതുവരെയും അവർ പരീക്ഷിച്ചിട്ടില്ല. പ്രതിരോധരംഗത്ത് ഏറെ മുന്നേറാൻ ഇന്ത്യയെ സഹായിക്കുന്നതാണ് ഈ ചരിത്രനേട്ടം. വാർത്താവിനിമയത്തിനും കാലാവസ്ഥാ നിരീക്ഷണത്തിനും മിസൈൽ ആയുധങ്ങൾക്കുള്ള മാർഗനിർദേശങ്ങൾ നൽകുന്നതിനും മറ്റുമായാണ് രാജ്യങ്ങൾ പൊതുവെ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാറുള്ളത്. ഇത്തരം ഉപഗ്രഹങ്ങൾ തകർക്കാൻകൂടി ശേഷി ലഭിക്കുക എന്നതിന്റെ അർഥം ശത്രുരാജ്യങ്ങളുടെ മിസൈൽ ഉൾപ്പെടെയുള്ള ആയുധങ്ങളെ ഉപയോഗശൂന്യമാക്കാൻ ശേഷി നേടി എന്നാണ്. ആ അർഥത്തിൽ ഇന്ത്യൻ സൈന്യത്തിന് ഈ പുതിയ ആയുധം ഏറെ പ്രയോജനകരമാണ്.

എന്നാൽ, ലോകത്ത് ഇന്നുവരെ യുദ്ധത്തിലോ അബദ്ധത്തിൽപോലുമോ ഒരു ഉപഗ്രഹവും ഒരു രാഷ്ട്രവും തകർത്തിട്ടില്ല. പരീക്ഷണാർഥം സ്വയം വിക്ഷേപിച്ച ഉപഗ്രഹങ്ങൾ മാത്രമാണ് അമേരിക്കയായാലും ഇപ്പോൾ ഇന്ത്യയായാലും (മൈക്രോസാറ്റ്) തകർത്തിട്ടുള്ളത്. ആത്യന്തികമായി ബഹിരാകാശത്തെയും ആയുധ വൽക്കരിക്കുന്നതിലേക്കാണ് ഇത്തരം ആയുധനിർമാണം വഴിവയ‌്ക്കുക എന്ന ആപത്തും കാണാതിരുന്നുകൂട. അമേരിക്കയും മറ്റും ബഹിരാകാശ സേനയെ തന്നെ രൂപീകരിക്കാനുള്ള നീക്കത്തിലാണിപ്പോൾ. പ്രസിഡന്റ് ട്രംപ് അതിനുള്ള നീക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞിട്ടുമുണ്ട്. 

എന്നാൽ, ഇന്ത്യൻ ശാസ്ത്രസമൂഹം വർഷങ്ങളുടെ ഗവേഷണഫലമായി നേടിയെടുത്ത നേട്ടത്തെ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി രാഷ്ട്രീയവൽക്കരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ നീക്കം അപലപനീയമാണ്.  സാധാരണ നിലയിൽ ഇത്തരം നേട്ടങ്ങൾ ശാസ്ത്രജ്ഞരാണ് പൊതുസമൂഹത്തെ അറിയിക്കാറുള്ളത്.  എന്നാൽ, അതിന് വിരുദ്ധമായി പ്രധാനമന്ത്രി തനിച്ച് രാഷ്ട്രത്തോട് നടത്തിയ അഭിസംബോധനയിലാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്. നോട്ട് നിരോധനം അറിയിക്കാൻ 2016 നവംബറിൽ രാഷ്ട്രത്തെ അഭിസംബോധന ചെയ‌്തതിന‌ുശേഷം മോഡി നടത്തുന്ന രാഷ്ട്രത്തോടുള്ള അഭിസംബോധനയാണിത്. ഡിആർഡിഒ വിലെ ഒരു ശാസ്ത്രജ്ഞനെപോലും കൂടെനിർത്താൻ തയ്യാറാകാതെ മോഡിയുടെ വൺമാൻ ഷോയാണ് ബുധനാഴ്ച രാജ്യം കണ്ടത്.  ഇതുകൊണ്ടാണ് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ശാസ്ത്രരംഗത്തെ നേട്ടങ്ങൾ തെരഞ്ഞെടുപ്പുകാലത്തെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഉപയോഗിക്കുകയാണ് നരേന്ദ്ര മോഡിയെന്ന് ആക്ഷേപമുയർത്തിയത്. മോഡിയുടെ നടപടി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന‌് എതിരാണെന്ന കാര്യത്തിലും സംശയമില്ല. തെരഞ്ഞെടുപ്പ് കമീഷന്റെ മുൻകൂർ അനുമതി നേടിയിട്ടാണോ വാരാണസിയിലെ ബിജെപി സ്ഥാനാർഥി കൂടിയായ മോഡി ഇക്കാര്യം പറഞ്ഞത് എന്ന കാര്യം വ്യക്തമാക്കേണ്ടത് തെരഞ്ഞെടുപ്പ് കമീഷൻ തന്നെയാണ്.  അനുമതി നൽകിയിട്ടുണ്ടെങ്കിൽ അതിനുള്ള ന്യായീകരണമെന്താണെന്നും വിശദീകരിക്കേണ്ടതുണ്ട്. 

ഉപഗ്രഹവേധ മിസൈൽ ശേഷി 2012 ൽത്തന്നെ ഇന്ത്യ നേടിയിട്ടുണ്ട് എന്ന് ഡിആർഡിഒവിന്റെ അന്നത്തെ മേധാവി ‘ഇന്ത്യൻ എക‌്സ‌്പ്രസിന‌്' നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. രാഷ്ട്രീയനേതൃത്വം അനുമതി നൽകിയാൽ പരീക്ഷണത്തിന് തയ്യാറാണെന്നും അദ്ദേഹം പറയുകയുണ്ടായി. യുപിഎ സർക്കാർ അധികാരത്തിലിരിക്കെ 2010 ലാണ് ശത്രുരാജ്യങ്ങളുടെ ഉപഗ്രഹങ്ങളെ അവയുടെ ഭ്രമണപഥത്തിൽവച്ചുതന്നെ നശിപ്പിച്ചുകളയാനുള്ള ഉപഗ്രഹവേധ മിസൈലുകൾ വികസിപ്പിക്കാനുള്ള ഗവേഷണങ്ങൾക്ക് തുടക്കം കുറിക്കാൻ അനുമതി നൽകിയത്. എന്നാൽ, അത് പരീക്ഷിക്കാൻ അനുമതി നൽകിയിരുന്നില്ല. ഇതിനർഥം മോഡി അധികാരത്തിൽ വന്ന ഘട്ടത്തിൽത്തന്നെ പരീക്ഷണം അനുവദിക്കാൻ കഴിയുമായിരുന്നുവെന്നാണ്. എന്നാൽ, നീണ്ട അഞ്ച് വർഷത്തോളം കാത്തിരുന്നാണ് പരീക്ഷണത്തിന് മോഡി അനുമതി നൽകിയത്. അതും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രചാരണം മുറുകവെ. പരീക്ഷണത്തിന് മോഡി തെരഞ്ഞെടുത്ത സമയവും അത് ലോകത്തെ അറിയിച്ച രീതിയുമാണ് വലിയ ശാസ്ത്രനേട്ടത്തെ പോലും അനാവശ്യ വിവാദത്തിലേക്ക് നയിക്കുന്നത്. ഇതൊഴിവാക്കപ്പെടേണ്ടതായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top