01 June Thursday

ആൾക്കൂട്ടക്കൊലകൾ ആവർത്തിക്കുമ്പോൾ

വെബ് ഡെസ്‌ക്‌Updated: Monday Jul 23, 2018


ആൾക്കൂട്ടക്കൊലപാതകങ്ങൾക്കെതിരെ കർശനമായ നിയമനിർമാണം കൊണ്ടുവരണമെന്ന് കേന്ദ്രസംസ്ഥാന സർക്കാരുകളോട് രാജ്യത്തെ പരമോന്നതകോടതി ആവശ്യപ്പെട്ട് നാല് ദിവസത്തിനുശേഷം അക്ബർ ഖാൻ എന്ന ഇരുപത്തെട്ടുകാരൻ ആൾക്കൂട്ടക്കൊലയ‌്ക്ക് ഇരയായി. ആൾക്കൂട്ടക്കൊലയുടെ കേന്ദ്രഭൂമിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന രാജസ്ഥാനിലെ ഭരത‌്പുർഅൾവാർ മേഖലയിലാണ് 'ഗോരക്ഷകർ' ഈ കൊലപാതകവും നടത്തിയിട്ടുള്ളത്.  രാജസ്ഥാനിലെ ലഡ‌്പുർ ഗ്രാമത്തിൽനിന്ന‌് രണ്ട് കന്നുകാലികളെ വാങ്ങി സ്വന്തം ഗ്രാമമായ ഹരിയാനയിലെ മേവാത്ത് മേഖലയിലെ ഫിറോസ്പൂർ ജിർക്കയിലുള്ള കോൽ ഗ്രാമത്തിലേക്ക് പോകവെ  ലലാവണ്ടി വനമേഖലയിൽവച്ചാണ് അക‌്ബർ ഖാനും അസ്‌ലം ഖാനും ഗോരക്ഷകരുടെ നിഷ്ഠൂരമായ ആക്രമണത്തിന് വിധേയമായത്.  ഓടിരക്ഷപ്പെട്ട അസ്‌ലം ഖാൻ ജിർക്കയിലെ ഒരാശുപത്രിയിൽ ചികിത്സയിലാണിപ്പോൾ. അക്ബർ ഖാൻ ആൾക്കൂട്ടത്തിന്റെ അടിയേറ്റ് രക്തംവാർന്ന് മരിക്കുകയും ചെയ്തു. 2017 ഏപ്രിലിൽ പെഹ്‌ലുഖാൻ ആൾക്കൂട്ട ആക്രമണത്തിന് വിധേയനായതിനുശേഷം ഈ മേഖലയിൽ നടക്കുന്ന അഞ്ചാമത്തെ ആൾക്കൂട്ടക്കൊലയാണിത്. ജൂണിൽ സഫർഖാനും സെപ്തംബറിൽ ഭഗത് റാം മീണയും നവംബറിൽ ഉമർ ഖാലിദും ആൾക്കൂട്ടക്കൊലയ‌്ക്ക് വിധേയരായി.

പെഹ്‌ലുഖാനെ സംഘപരിവാർ സംഘം അടിച്ചുകൊന്നപ്പോൾ അതിനെ ന്യായീകരിക്കാനാണ് രാജസ്ഥാനിലെ ആഭ്യന്തരമന്ത്രിയടക്കം തയ്യാറായത്. ഗോരക്ഷകർ ചെയ്ത 'നല്ല പ്രവർത്തനങ്ങളെ' വാഴ്ത്താനാണ് മന്ത്രി തയ്യാറായത്.  അക്ബർ ഖാൻ കൊല്ലപ്പെട്ടപ്പോഴും കൊലയാളികളെ വെള്ളപൂശുന്ന സമീപനം ആവർത്തിക്കപ്പെടുകയാണ്. പ്രധാനമന്ത്രി മോഡിയുടെ ജനപ്രീതി വർധിക്കുമ്പോഴാണ് അതിടിച്ചുതാഴ്ത്താനായി 'ഗുഢാലോചന'യുടെ ഭാഗമായി ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതെന്നാണ് കേന്ദ്രമന്ത്രി അർജുൻ റാം മേഘവാലിന്റെ പ്രതികരണം. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരത്തിലിരിക്കുന്ന ബിജെപി സർക്കാരുകളാണ് ഇത്തരം ആൾക്കൂട്ടക്കൊലകളെ പ്രോത്സാഹിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടയ‌്ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന ആൾക്കൂട്ട ആക്രമണങ്ങളിൽ മുപ്പതോളംപേരാണ് കൊല്ലപ്പെട്ടത്. നിഷ്‌കളങ്കരായ സാധാരണക്കാരാണ് കൊല്ലപ്പെട്ടവരിൽ ഭൂരിപക്ഷവും.

മോഡി സർക്കാർ 2014ൽ അധികാരത്തിൽ വന്നതിനുശേഷം ഗോരക്ഷയുമായി ബന്ധപ്പെട്ട ആൾക്കൂട്ടക്കൊലപാതകം നാലിരട്ടി വർധിച്ചെന്നാണ് കണക്ക്.  2010ൽ അഞ്ച് ശതമാനമെന്നത‌് 2017 ആകുമ്പോഴേക്കും 20 ശതമാനമായി ഉയർന്നു. 2010നും 2017നും ഇടയിൽ ഗോസംരക്ഷണവുമായി ബന്ധപ്പെട്ട് 25 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക് . ഇതിൽ 97 ശതമാനവും മോഡി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് നടന്നത്.  കൊല്ലപ്പെട്ടവരിൽ 84 ശതമാനം പേർ മുസ്ലിങ്ങളും 16 ശതമാനം പേർ ദളിതരുമാണ്.  മുസ്ലിങ്ങളും ദളിതരും പാർശ്വവൽക്കരിക്കപ്പെട്ടവരുംതന്നെയാണ് ഇത്തരം ആൾക്കൂട്ട ആക്രമണത്തിന്റെ ഇരകളെന്ന് ഈ കണക്കുകൾ സംശയരഹിതമായി തെളിയിക്കുന്നു. 

ആൾക്കൂട്ടം നിയമം കൈയിലെടുത്ത് നടത്തിയ ആക്രമണങ്ങളാണ‌് ഇതൊക്കെ.  ഇത്തരം ആക്രമണങ്ങൾ നടന്ന സംസ്ഥാനങ്ങളിലെ സർക്കരുകൾ (ഭൂരിപക്ഷവും ബിജെപി ഭരണം നടത്തുന്നവ) നിയമവാഴ്ച നടപ്പാക്കുന്നതിനുപകരം ആൾക്കൂട്ട ആക്രമണങ്ങളെ പിന്തുണയ‌്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സമീപനമാണ് സ്വീകരിച്ചുവരുന്നത്.  ഉദാഹരണത്തിന് അഖ്‌ലാക്കിനെ വധിച്ച കേസിലെ പ്രതിയായ രവിൻ സിസോദിയ ജയിലിൽവച്ച് മരിച്ചപ്പോൾ അദ്ദേഹത്തിന്റെ മൃതദേഹം ത്രിവർണ പതാകകൊണ്ട് പുതപ്പിക്കാൻ കേന്ദ്ര സാംസ്‌കാരികമന്ത്രി മഹേഷ‌്ശർമ തയ്യാറായി.

മാത്രമല്ല, അഖ്‌ലാക്കിനെതിരെയുള്ള ആക്രമണത്തിൽ പങ്കെടുത്ത 15പേർക്ക് എൻടിപിസിയിൽ മന്ത്രിയുടെ ശുപാർശയനുസരിച്ച് തൊഴിലും നൽകി.  കുറ്റാരോപിതരെ വിചാരണയ‌്ക്ക് വിധേയമാക്കുന്നതിനുപകരം ഇരകളുടെ കുടംബത്തിനെതിരെയാണ് കേസുകൾ ഫയൽചെയ്യപ്പെട്ടത്.  അഖ്‌ലാക്കിന്റെ കേസിൽ പശുവിനെ കൊന്ന് ഇറച്ചി വീട്ടിൽ സൂക്ഷിച്ചെന്ന കേസാണ് കുടുംബാംഗങ്ങൾക്കെതിരെ ചുമത്തപ്പെട്ടത്. പെഹ്‌ലുഖാന്റെ കേസിലാണെങ്കിൽ അദ്ദേഹത്തിന്റെ സഹോദരനും സുഹൃത്തുകൾക്കുമെതിരെ അനധികൃതമായി പശുവിനെ കടത്തിയെന്ന കേസാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതി തെളിവിന്റെ അഭാവം ചൂണ്ടിക്കാട്ടി വിട്ടയക്കുകയുംചെയ്തു.  ഏറ്റവും അവസാനമായി ജാർഖണ്ഡിൽ ആൾക്കൂട്ടക്കൊലയ‌്ക്ക് വിധേയനായ ഇറച്ചിവ്യാപാരി അലിമുദ്ദീന്റെ കൊലയാളികളെ മാലയിട്ട് സ്വീകരിക്കാൻ കേന്ദ്രമന്ത്രി ജയന്ത് സിൻഹ തയ്യാറായി. മന്ത്രിതന്നെ നിയമവാഴ്ച തകർക്കാൻ കൂട്ടുനിൽക്കുമ്പോൾ സാധാരണക്കാർക്ക് എങ്ങനെയാണ് നീതി ലഭിക്കുമെന്ന പ്രതീക്ഷ വച്ചുപുലർത്താനാകുക?

സ്വാഭാവികമായും പുതിയ മേഖലകളിലേക്ക് ആൾക്കൂട്ടക്കൊല വ്യാപിച്ചു. അതാണ് ‘കുട്ടികളെ തട്ടികൊണ്ടുപോകുന്നു ' എന്നതിന്റെ പേരിൽ നാടോടികൾക്കും ദളിതർക്കും മുസ്ലിങ്ങൾക്കുമെതിരെുള്ള ആക്രമണം. ഭരണത്തിലിരിക്കുന്ന ബിജെപിയാണ് വിദ്വേഷരാഷ്ട്രീയവും ആൾക്കൂട്ടക്കൊലയും പ്രോത്സാഹിപ്പിക്കുന്നത്. അസഹിഷ്ണുതയുടെ ഈ അന്തരീക്ഷവും വർഗീയവിഭാഗീയ ശക്തികൾ സൃഷ്ടിക്കുന്ന വിദ്വേഷസംസ‌്കാരവുമാണ് ആൾക്കൂട്ടക്കൊലകൾക്കുപിന്നിലും പ്രവർത്തിക്കുന്ന ചേതോവികാരം. ഇന്ന് മുസ്ലിങ്ങളും ദളിതരും ബുദ്ധിജീവികളുമാണ് ലക്ഷ്യമാക്കപ്പെടുന്നതെങ്കിൽ നാളെ ഈ ആൾക്കൂട്ടം നമ്മളിൽ ഒാരോരുത്തരെയും തേടിയെത്തും. അപ്പോൾ നമുക്കുവേണ്ടി സംസാരിക്കാൻ ആരെങ്കിലും അവശേഷിക്കണമെങ്കിൽ ഈ വിപത്തിനെതിരെ യോജിച്ച പോരാട്ടം ശക്തിപ്പെടുത്തുക തന്നെ വേണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top