02 October Monday

സ്ഥിരംതൊഴിൽ സംരക്ഷിക്കപ്പെടണം

വെബ് ഡെസ്‌ക്‌Updated: Friday Mar 23, 2018


വ്യാവസായിക തൊഴിൽ മേഖലയിൽ ഇനിമുതൽ സ്ഥിരം തൊഴിൽ ഉണ്ടാകില്ല. ഇൻഡസ്ട്രിയൽ എംപ്ലോയ്മെന്റ് (സ്റ്റാൻഡിങ് ഓർഡേഴ്സ്) 1946ൽ ഭേദഗതി വരുത്തിക്കൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചാണ് സ്ഥിരം തൊഴിൽ സമ്പ്രദായം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. തൊഴിൽസ്ഥിരത എന്നത് തൊഴിലുടമയും സർക്കാരും തൊഴിലാളിക്കു നൽകിയ ഔദാര്യമല്ല. വർഷങ്ങൾ നീണ്ട സമരത്തിലൂടെ ലോകതൊഴിലാളിവർഗം നേടിയെടുത്ത അവകാശമാണത്. തൊഴിലാളിക്ക് മാന്യമായ ജീവിതം പ്രദാനം ചെയ്യുന്നതിൽ സുപ്രധാന പങ്ക് സ്ഥിരം തൊഴിലിനുണ്ട്. അടിമസമാനമായ ജീവിതത്തിൽനിന്ന് അന്തസ്സുള്ള ജീവിതത്തിലേക്ക് കടക്കാൻ തൊഴിലാളിക്ക് കരുത്തുനൽകിയ ഒരു ഘടകം സ്ഥിരം തൊഴിലായിരുന്നു. മുതലാളിക്ക് ഇഷ്ടംപോലെ തൊഴിലാളിയെ പിരിച്ചുവിടാൻ കഴിയാത്തത് തൊഴിലാളിക്കു നൽകിയത് ജീവിത സുരക്ഷയായിരുന്നു. അതാണ് ഇപ്പോൾ നര്രേന്ദമോഡി സർക്കാർ ഇല്ലാതാക്കിയത്. ട്രേഡ്യൂണിയനുകളുമായോ പാർലമെന്റിലോ ചർച്ച നടത്താതെ ഏകപക്ഷീയമായാണ് തൊഴിൽമേഖലയിൽ അരക്ഷിതത്വവും അരാജകത്വവും സൃഷ്ടിക്കുന്ന ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. സ്ഥിരം തൊഴിൽ ഉണ്ടായിട്ടുപോലും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ വിഷമിക്കുന്ന തൊഴിലാളിക്ക് അതുകൂടി ഇല്ലാതാകുമ്പോൾ പ്രതിസന്ധി രൂക്ഷമാകും. ഇത്രമാത്രം തൊഴിലാളിവിരുദ്ധ സമീപനം മോഡി സർക്കാർ സ്വീകരിക്കുന്നത് കോർപറേറ്റ് മുതലാളിമാരെ സഹായിക്കാനാണ്.

ഇഷ്ടം പോലെ ഫാക്ടറി തുറക്കാനും അടച്ചിടാനും തൊഴിലാളിയെ നിയമിക്കാനും പിരിച്ചുവിടാനുമുള്ള സ്വാതന്ത്ര്യം വേണമെന്നാണ് മുതലാളിമാരും കോർപറേറ്റുകളും ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. ഇവർക്കുവേണ്ടിയാണ് 'നിശ്ചിത കാലയളവ് തൊഴിലിന്' അനുവാദം നൽകിയിരിക്കുന്നത്.  ചുരുങ്ങിയ കാലയളവിൽ നിയമനം നടത്തുന്ന ഈ തൊഴിലാളികളെ രണ്ടാഴ്ചത്തെ നോട്ടീസ് നൽകി പിരിച്ചുവിടാനും മുതലാളിമാർക്ക് അധികാരം നൽകിയിരിക്കുകയാണ്. കോർപറേറ്റുകൾക്ക് ലാഭം കുന്നുകൂട്ടാൻ മാത്രമായാണ് തൊഴിലാളികളുടെ സുരക്ഷിതത്വം തകർക്കുന്ന നിയമ ഭേഗഗതിക്ക് മോഡി സർക്കാർ തയ്യാറായിട്ടുള്ളത്. ഒരു തൊഴിലാളിക്കും സർക്കാരിന്റെ ഈ തീരുമാനത്തെ അംഗീകരിക്കാനാകില്ല. മോഡിയെ പിന്തുണയ്ക്കുന്ന ബിഎംഎസ് എന്ന സംഘടനയ്ക്കു പോലും ഈ തീരുമാനത്തിനെതിരെ പ്രതികരിക്കേണ്ടി വന്നത് അതുകൊണ്ടാണ്. വർധിച്ച കരാർവൽക്കരണത്തിനും ഇതു വഴിതുറക്കും. സാമ്പത്തിക ഉദാരവൽക്കരണ നയത്തിന്റെ ഭാഗമായാണ് തൊഴിൽ നിയമങ്ങളിൽ വൻതോതിലുള്ള പൊളിച്ചെഴുത്ത് ആരംഭിച്ചത്. അതിന്റെ ഭാഗമായാണ് 2003ൽ സ്ഥിരം തൊഴിൽ അവസാനിപ്പിക്കുന്ന ഭേദഗതി വാജ്പേയി സർക്കാർ കൊണ്ടുവന്നത്. എന്നാൽ, 2007ൽ ഒന്നാം യുപിഎ സർക്കാർ ഇത് പിൻവലിച്ചു. യുപിഎ സർക്കാരിന് നിർണായക പിന്തുണ നൽകിയിരുന്ന ഇടതുപക്ഷ കക്ഷികളുടെ ശക്തമായ സമ്മർദത്തിന്റെ ഫലമായിരുന്നു ഈ നടപടി. എന്നാൽ, ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം കിട്ടി മോഡിസർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നപ്പോൾ വീണ്ടും ഈ തൊഴിലാളിവിരുദ്ധ നീക്കം നടപ്പിലായി.

മോഡി സർക്കാർ അധികാരത്തിൽ വന്നതുമുതൽ കോർപറേറ്റുകൾക്ക് സഹായകരമാം വിധം തൊഴിൽ നിയമങ്ങൾ മാറ്റം വരുത്തുകയാണ്. ഇതിന്റെ ഭാഗമായാണ് 44 കേന്ദ്ര തൊഴിൽനിയമങ്ങൾ ചേർത്ത് നാല് ലേബർ ചട്ടങ്ങൾ രൂപീകരിക്കാനുള്ള നീക്കം. കൂലി, വ്യവസായബന്ധങ്ങൾ, സാമൂഹ്യസുരക്ഷ തുടങ്ങിയ ചട്ടങ്ങൾക്കാണ് രൂപം നൽകിയിട്ടുള്ളത്. ഇതിൽ ചിലത് പാർലമെന്റിൽ അവതരിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.  അപ്രന്റീസ് നിയമത്തിലും തൊഴിൽ നിയമത്തിലും ഭേദഗതി വരുത്തി തൊഴിലുടമകൾക്ക് വൻ ആനുകൂല്യങ്ങൾ ഇതിനകം തന്നെ മോഡി സർക്കാർ നൽകിക്കഴിഞ്ഞു. രാജസ്ഥാൻ പോലുള്ള ബിജെപി ഭരിക്കുന്ന സംസ്ഥാന സർക്കാരുകളെക്കൊണ്ട് കേന്ദ്രം ലക്ഷ്യമിടുന്ന തൊഴിൽ നിയമ പരിഷ്കാരങ്ങൾ നിർബാധം നടപ്പാക്കുന്നുമുണ്ട്. തൊഴിലാളികൾക്ക് ഇതുവരെയുള്ള അവകാശങ്ങളും ആനുകൂല്യങ്ങളും സാമൂഹ്യ സുരക്ഷയും ഇല്ലാതാക്കുകയാണ് ഇതുവഴി സർക്കാർ ലക്ഷ്യമിടുന്നത്. ട്രേഡ്യൂണിയനുകളെ ദുർബലമാക്കുകയും ലക്ഷ്യമാണ്. എളുപ്പം ബിസിനസ് ചെയ്യാവുന്ന രാഷ്ട്രമായി ഇന്ത്യയെ മാറ്റുകയെന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിനായാണ് ഈ നടപടിയെന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാൽ, ഇത്തരം നടപടികൾ കൊണ്ട് വിദേശനിക്ഷേപം വർധിക്കുന്നില്ലെന്നു മാത്രമല്ല കൂടുതൽ തൊഴിലുകൾ സൃഷ്ടിക്കപ്പെടുന്നില്ലെന്നുമാണ് അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ തന്നെ കണക്ക.്

രാജ്യത്തെ 90 ശതമാനം തൊഴിലാളികളും തൊഴിൽ നിയമത്തിന് പുറത്തുള്ളവരാണ്. തൊഴിൽ നിയമങ്ങൾ കർശനമായി പാലിക്കാത്തതുകൊണ്ടു തന്നെ ഇതിന്റെ ഗുണം തൊഴിലാളികൾക്ക് പൂർണമായി ലഭിക്കുന്നില്ല. തൊഴിൽ നിയമം ലംഘിച്ചതിന്റെ പേരിൽ ഒരു തൊഴിലുടമയും രാജ്യത്ത് ശിക്ഷിക്കപ്പെട്ടതായി തോന്നുന്നില്ല. എന്നാൽ, തൊഴിൽ നിയമങ്ങൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്തതിന് നിരവധി തൊഴിലാളികൾ ജയിൽശിക്ഷപോലും അനുഭവിക്കാൻ നിർബന്ധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. എങ്കിലും തൊഴിൽ നിയമങ്ങൾ അവർക്ക് ഒരു സുരക്ഷാകവചം തന്നെയായിരുന്നു. അതാണ് ഇപ്പോൾ ഇല്ലാതാകുന്നത്.  തൊഴിലാളിവിരുദ്ധ തൊഴിൽനിയമ ഭേദഗതിക്കെതിരെയും അടിസ്ഥാന തൊഴിൽ നിയമങ്ങൾ നടപ്പാക്കുന്നുണ്ടെന്നും തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവർ ശിക്ഷിക്കപ്പെടുന്നുണ്ടെന്നും ഉറപ്പുവരുത്താൻ ശക്തമായ സമരങ്ങൾ ഉയർന്നുവരേണ്ടിയിരിക്കുന്നു. ഇന്ത്യയിലെ ട്രേഡ്യൂണിയനുകൾ സംയുക്തമായി ഇത്തരമൊരു പോരാട്ടത്തിന് തയ്യാറാകുമെന്ന് പ്രതീക്ഷിക്കാം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top