30 September Saturday

കുടിയേറ്റം: ട്രംപിന് തിരിച്ചടി

വെബ് ഡെസ്‌ക്‌Updated: Friday Jun 22, 2018


അവസാനം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് സാർവദേശീയമായി ഉയർന്ന ജനരോഷത്തിനുമുമ്പിൽ കീഴടങ്ങേണ്ടിവന്നു. വെള്ളമേധാവിത്വനയത്തിന്റെ ഭാഗമായി ട്രംപ് സ്വീകരിച്ച കർക്കശമായ കുടിയേറ്റവിരുദ്ധതയും തുടർന്ന‌് കൈക്കൊണ്ട ക്രൂരവും മനുഷ്യത്വരഹിതവുമായ നടപടികളുമാണ് വൈറ്റ്ഹൗസിന് ഉപേക്ഷിക്കേണ്ടിവന്നത്. ആവശ്യമായ രേഖകളില്ലാതെ അമേരിക്കൻ അതിർത്തി കടന്ന് എത്തുന്ന കുടംബങ്ങളിൽനിന്ന‌് കുട്ടികളെ അടർത്തി മാറ്റി ജയിലിന് സമാനമായ ടെന്റുകളിലും വെയർഹൗസുകളിലും താമസിപ്പിക്കുന്ന ക്രൂരതയ‌്ക്കാണ് ഒരു എക്‌സിക്യുട്ടീവ് ഓർഡറിലുടെ ട്രംപിന് അന്ത്യമിടേണ്ടിവന്നത്. 

ഹോണ്ടുറാസിലെ മുലയൂട്ടുന്ന അമ്മയിൽനിന്ന് കുഞ്ഞിനെ ബലംപ്രയോഗിച്ച് മാറ്റുന്നതുൾപ്പെടെയുള്ള ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നപ്പോഴാണ് ട്രംപിനെതിരെ ജനരോഷം അണപൊട്ടിയൊഴുകിയത്. ‘പപ്പാ പപ്പാ' എന്ന് വിളിച്ച‌് അലമുറയിടുന്ന ഒരു കുട്ടിയുടെ ദൃശ്യം വാർത്താ ഏജൻസിയും പുറത്തുവിട്ടു. 
ടെക്‌സാസിലെ ബ്രൗൺസ് വില്ലെയിലും റിയോ ഗ്രാൻഡേ താഴ്‌വരയിലും മറ്റുമാണ് കുടിയേറ്റ ക്യാമ്പുകൾ ഉയർന്നത്. ബ്രൗൺസ് വില്ലെയിൽ വാൾമാർട്ടിന്റെ സൂപ്പർ സെന്ററാണ് കുട്ടികളെ പാർപ്പിക്കുന്ന ഇടമായി ട്രംപ് മാറ്റിയത്.  മറ്റിടങ്ങളിലാകട്ടെ താൽക്കാലിക ടെന്റുകളാണ് ഉയർന്നത്.  കുട്ടികളെ പാർപ്പിക്കാനുള്ള ഈ ടെന്റുകളുടെയും ഷെൽട്ടറുകളുടെയും  നിർമാണംപോലും അമേരിക്കയിൽ വൻ ബിസിനസായി മാറി.  പണത്തിന്റെ തൂക്കം നോക്കി മനുഷ്യബന്ധങ്ങളെ പോലും നിർണയിക്കുന്ന കാലമാണ് മുതലാളിത്തമെന്ന കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റോയിലെ നിരീക്ഷണം അമേരിക്കൻ അതിർത്തി പ്രദേശങ്ങളിൽ യാഥാർഥ്യമാകുകയായിരുന്നു. അമേരിക്കയെ കുടിയേറ്റ ക്യാമ്പായി മാറ്റാൻ അനുവദിക്കില്ലെന്നും കുടിയേറ്റത്തെ എന്തുവിലകൊടുത്തും തടയുമെന്നുമുള്ള സന്ദേശം നൽകുന്നതിന്റെ ഭാഗമായാണ് രക്ഷിതാക്കളിൽനിന്ന‌് കുട്ടികളെ ബലംപ്രയോഗിച്ച് അടർത്തിമാറ്റിയത്. എപ്രിൽ 19 നും മെയ് 31 നും ഇടയിലുള്ള ആറാഴ്ചക്കാലത്ത് 2000 കുട്ടികളെയാണ് ഇങ്ങനെ രക്ഷിതാക്കളിൽനിന്ന് അടർത്തിമാറ്റിയത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിന് സമാനമായ നടപടിയായാണ് പല മാധ്യമങ്ങളും ഈ നടപടിയെ വിശേഷിപ്പിച്ചത്.

അവശ്യമായ രേഖകളില്ലാതെ കുടിയേറുന്നവരെ ശിക്ഷിക്കാൻ അമേരിക്കൻ നിയമം അനുശാസിക്കുന്നുണ്ട്. എന്നാൽ, കുട്ടികളെ ജയിലിലിടാൻ നിയമം അനുവദിക്കുന്നുമില്ല. രക്ഷിതാക്കളെ ജയിലിലേക്ക് മാറ്റുമ്പോൾ കുട്ടികളെ അവരുടെകൂടെ അയക്കാനാകില്ല എന്ന കാരണം പറഞ്ഞാണ് ടെന്റുകളിലേക്കും മറ്റും അയക്കുന്നത്. കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിടണമെന്ന നിയമനിർമാണത്തിനുള്ള ആവശ്യം ഉയർന്നത് സ്വാഭാവികം. എന്നാൽ, ഡെമോക്രാറ്റുകൾ പിന്തുണ നൽകാത്തതിനാലാണ് നിയമനിർമാണം വൈകുന്നതെന്നായിരുന്നു ട്വിറ്ററിലൂടെയുള്ള ട്രംപിന്റെ ആരോപണം. അമേരിക്കൻ പാർലമെന്റിന്റെ അധോസഭയായ കോൺഗ്രസിലും ഉപരിസഭയായ സെനറ്റിലും റിപ്പബ്ലിക്കൻ പാർടിക്കാണ് ഭൂരിപക്ഷമെന്നിരിക്കെ ട്രംപിന്റെ ഈ ആരോപണം അടിസ്ഥാനരഹിതമാണ്. മാത്രമല്ല, കുടിയേറ്റം സംബന്ധിച്ച ഫെഡറൽ നിയമം കുടിയേറ്റ കടുംബത്തെയും മറ്റും വേർപെടുത്തുന്നതിനെ അനുകുലിക്കുന്നുമില്ല. ഈ നിയമത്തിലെ ചില പഴുതുകൾ ഉപയോഗിച്ചാണ് ട്രംപ് കുട്ടികളോട് ക്രൂരതകാട്ടിയതെന്നർഥം.  അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്താൻ നിയമം അനുശാസിക്കുമ്പോൾ കുടുംബത്തെ വേർപെടുത്തേണ്ട ആവശ്യമില്ലതാനും. എന്നിട്ടും ട്രംപ് ഈ രീതി അവലംബിക്കാനുള്ള കാരണം നവംബറിൽ നടക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പാണ്. കുടിയേറ്റത്തോട് കണ്ണിൽചോരയില്ലാത്ത സമീപനം സ്വീകരിച്ച് വെള്ള മേധാവികളുടെ പിന്തുണ അരക്കിട്ടുറപ്പിക്കാനും അവരുടെ വോട്ടുകൾ നേടുകയുമാണ് ട്രംപിന്റെ ലക്ഷ്യം.

എന്നാൽ, രാഷ്ട്രീയനേട്ടത്തിനായി കുട്ടികളെ ഉപകരണമാക്കുന്നതിനെതിരെ സ്വന്തം പാർടിയിൽനിന്നു മാത്രമല്ല ലോകമെമ്പാടുമുള്ള ജനങ്ങളിൽനിന്നും  ട്രംപിനെതിരെ കടുത്ത വിമർശനമുയർന്നു. ട്രംപിനെ എക്കാലത്തും പിന്തുണച്ച റവ. ഫ്രാങ്ക്‌ലിൻ ഗ്രഹാം പറഞ്ഞത് ട്രംപിന്റെ നടപടി അപമാനകരമാണെന്നാണ‌്.  മുൻ പ്രസിഡന്റ് ജോർജ് ഡബ്ല്യു ബുഷിന്റെ ഭാര്യ ലോറ ബുഷ്  ട്രംപിന്റെ നടപടി ക്രൂരമെന്ന് വിശേഷിപ്പിച്ചു.  ഫ്രാൻസിസ് മാർപാപ്പയും അമേരിക്കൻ നടപടിയെ വിമർശിച്ചു.  നിരവധി റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക‌് പാർടി നേതാക്കളും കമ്യുണിസ്റ്റ് പാർടി ഓഫ് യുഎസ്എയും ട്രംപിന്റെ നടപടിയെ നിശിതമായി വിമർശിച്ച് രംഗത്തെത്തി.  യുഎൻ മനുഷ്യാവകാശ ഹൈകമീഷണറും അമേരിക്കൻ സർക്കാരിന്റെ നയത്തെ വിമർശിച്ചു. ലോകമെമ്പാടും പ്രതിഷേധം അലയടിക്കവെയാണ് ട്രംപിന് തീരുമാനം മാറ്റേണ്ടിവന്നത്. ഉത്തര കൊറിയൻ  നേതാവ് കിം ജോങ‌് ഉന്നിനെ ഭ്രാന്തനെന്നും ലിറ്റിൽ റോക്കറ്റ് മാനെന്നും പരിഹസിച്ചതിനുശേഷം അദ്ദേഹവുമായി സിംഗപ്പൂരിൽ ഉച്ചകോടി സംഭാഷണം നടത്തേണ്ടിവന്ന ട്രംപിന് ഇപ്പോൾ കുടിയേറ്റക്കാരായ  കുട്ടികൾക്കുമുമ്പിലും കീഴടങ്ങേണ്ടിവന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top