27 March Monday

ആർത്തവാവധി : വീണ്ടും കേരളമാതൃക

വെബ് ഡെസ്‌ക്‌Updated: Thursday Jan 19, 2023


സ്‌ത്രീപക്ഷ കാൽവയ്‌പുകളിൽ കേരളം ഒരിക്കൽക്കൂടി മാതൃകയാകുന്നു. ആർത്തവദിനങ്ങളിലെ ആരോഗ്യപ്രശ്‌നങ്ങൾമൂലം അധ്യയനം നഷ്ടപ്പെടുന്ന വിദ്യാർഥിനികൾക്ക്‌ ഓരോ സെമസ്റ്ററിലും ആകെ ആവശ്യമായ ഹാജർ നിലയിൽ രണ്ടു ശതമാനത്തിന്റെ ഇളവുനൽകാനുള്ള സർവകലാശാലകളുടെ തീരുമാനം തികച്ചും വിപ്ലവകരമാണ്‌. ആദ്യം കൊച്ചി ശാസ്‌ത്ര സാങ്കേതികശാസ്‌ത്ര സർവകലാശാലയും പിന്നാലെ കേരള സാങ്കേതികശാസ്‌ത്ര സർവകലാശാലയും ഈ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്‌. മറ്റ്‌ സർവകലാശാലകളിലും ഇത്‌ പരിഗണിക്കുമെന്ന്‌ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വ്യക്തമാക്കിയിട്ടുമുണ്ട്‌.

ആർത്തവം സ്‌ത്രീകളിലെ സാധാരണ ജൈവപ്രക്രിയയാണ്‌. എന്നാൽ, അത്‌ ഏറെപ്പേരിൽ ശാരീരിക, മാനസിക വിഷമതകൾ സൃഷ്ടിക്കുന്നുണ്ട്‌. ആർത്തവത്തിനുമുമ്പും ആർത്തവ സമയത്തുമായി കടുത്ത വയറുവേദന (Dysmenorrhea) യുവതികളിൽ സാധാരണമാണ്‌. ഇന്ത്യയിൽ കോളേജ്‌ വിദ്യാർഥിനികൾക്കിടയിൽ സർവേ നടത്തി,  മെഡിക്കൽ ജേർണലുകളിൽ പ്രസിദ്ധീകരിച്ച പഠനങ്ങൾ ഇത്‌ ചൂണ്ടിക്കാട്ടുന്നുണ്ട്‌. 67 മുതൽ 85 ശതമാനംവരെ വിദ്യാർഥിനികൾ ഈ ദിവസങ്ങളിൽ കടുത്ത വേദന അനുഭവിക്കുന്നതായാണ്‌ വ്യത്യസ്‌ത പഠനങ്ങളിലെ കണ്ടെത്തൽ. ഈ ദിവസങ്ങളിൽ കോളേജിൽ ഹാജരാകാൻ കഴിയാത്തവർ കുറവല്ല. വേദനാ സംഹാരികളും മറ്റും കഴിച്ച്‌ ക്ലാസിൽ കയറുന്നവർ അനുഭവിക്കുന്ന മാനസിക സമ്മർദവും വളരെയേറെയാണ്‌. സാനിറ്ററി പാഡുകൾ പോലും വേണ്ടത്ര കിട്ടാതെ മറ്റു സംസ്ഥാനങ്ങളിലെ സ്‌കൂളുകളിൽ ആർത്തവകാലത്ത്‌ ക്ലാസ്‌ മുടങ്ങുകയും പിന്നീട്‌  സ്ഥിരമായി കുട്ടികൾ സ്‌കൂളിൽ വരാത്ത അവസ്ഥയും ഉള്ളതായി പഠനങ്ങളുണ്ട്‌. കേരളത്തിൽ ഈ സ്ഥിതി ഇല്ല. എന്നാൽ, ആർത്തവവേദന അനുഭവിക്കുന്ന വിദ്യാർഥിനികളുടെ പ്രശ്‌നം പരിഹരിക്കപ്പെടേണ്ടതുണ്ട്‌. അതിനുള്ള ആദ്യ ചുവടുകളിലൊന്നായി കൊച്ചി സർവകലാശാലയുടെയും കേരള സാങ്കേതിക ശാസ്‌ത്ര സർവകലാശാലയുടെയും തീരുമാനത്തെ കാണാം.

ആർത്തവാവധി അനുവദിക്കാനുള്ള കൊച്ചി സർവകലാശാലയുടെ തീരുമാനത്തിനുമുമ്പ്‌ എംജി സർവകലാശാലാ വിദ്യാർഥിനികൾക്ക്‌ പ്രസവാവധി അനുവദിക്കാനുള്ള തീരുമാനമെടുത്തിരുന്നു. ഡിഗ്രി, പിജി വിദ്യാർഥിനികൾക്ക് സെമസ്റ്റർ മുടങ്ങാതെ പ്രസവാവധി അനുവദിക്കാനാണ്‌ സർവകലാശാലാ സിൻഡിക്കറ്റ് യോഗം തീരുമാനിച്ചത്‌. വിവാഹത്തോടെ പഠനം നിർത്തേണ്ടിവരുന്നവരും സെമസ്റ്റർ മുടക്കം ഭയന്ന്‌ കോഴ്‌സുകൾക്ക്‌ ചേരേണ്ടെന്ന്‌ കരുതുന്നവർക്കും ഇത്‌ ആശ്വാസമാകും.

ഉന്നതവിദ്യാഭ്യാസ മേഖലയിൽ പെൺകുട്ടികളുടെ എണ്ണം വളരെ ഉയർന്നതോതിലുള്ള സംസ്ഥാനമാണ്‌ കേരളമെന്നത്‌ ഈ തീരുമാനങ്ങളുടെ പ്രാധാന്യം വർധിപ്പിക്കുന്നു. കേന്ദ്രസർക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പ്‌ 2019–- 20ൽ നടത്തിയ സർവേ അനുസരിച്ച്‌ കേരളത്തിൽ ബിരുദ–- ബിരുദാനന്തര കോഴ്‌സുകളിൽ  ചേരുന്നവരിൽ 58 ശതമാനവും പെൺകുട്ടികളാണ്‌. ബിരുദ കോഴ്‌സുകളിൽ ഇത്‌ 56.5 ശതമാനവും ബിരുദാനന്തര കോഴ്‌സുകളിൽ  70.5 ശതമാനവുമാണ്‌. ദേശീയ തലത്തിൽ ഉന്നതവിദ്യാഭ്യാസത്തിന്‌ എത്തുന്ന പെൺകുട്ടികൾ 49 ശതമാനമാണെന്ന്‌ ഇതേ സർവേ പറയുന്നു. കേരളത്തിലെ സ്ഥിതി ദേശീയ ശരാശരിയേക്കാൾ പത്തുശതമാനത്തോളം ഉയരെയാണ്‌ എന്നർഥം.

ആർത്തവമുണ്ട്‌ എന്നത്‌ സ്‌ത്രീയെ ഒരു സാമൂഹ്യ പ്രക്രിയയിൽനിന്നും അകറ്റിനിർത്താനുള്ള ഉപാധിയാകരുത്‌ എന്നത്‌ ഈ ഘട്ടത്തിൽ ഓർക്കേണ്ടതുണ്ട്‌. ആർത്തവത്തെ അശുദ്ധിയായി അവതരിപ്പിച്ച്‌ സ്‌ത്രീകൾക്കെതിരെ വിവേചനത്തിനുള്ള പരിശ്രമങ്ങൾ പലരംഗത്തും കാണാം. അതുകൊണ്ടുതന്നെ ആർത്തവത്തെ മുൻനിർത്തിയെടുക്കുന്ന ഏതു തീരുമാനവും പുതിയ വിവേചനത്തിന്‌ വഴിതുറക്കരുത്‌. അക്കാര്യത്തിൽ സൂക്ഷ്‌മത പുലർത്തുന്നതാണ്‌ സർവകലാശാലയുടെ തീരുമാനം. ആർത്തവകാലത്ത്‌ വീട്ടിലിരിക്കാൻ ആരെയും ഉത്തരവിൽ പ്രേരിപ്പിക്കുന്നില്ല. വേദന അനുഭവിക്കുന്നവർ പോലും ക്ലാസിൽ വരരുതെന്ന്‌ നിർബന്ധിക്കുകയുമല്ല ചെയ്യുന്നത്‌. ശാരീരിക, മാനസിക ബുദ്ധിമുട്ടുണ്ടാകുന്ന കുട്ടികൾക്ക്‌ അതിന്റെ പേരിൽ ഹാജർ നിലയിൽ കുറവുണ്ടായാൽ അതു പരിഹരിക്കാനുള്ള വഴിതുറന്നിടുകയാണ്‌.

ഈ തീരുമാനത്തിലേക്ക്‌ സർവകലാശാലയെ നയിക്കാൻ അവിടത്തെ യൂണിയൻ നടത്തിയ പ്രവർത്തനം മാതൃകാപരമാണ്‌. കുസാറ്റിൽ എസ്‌എഫ്‌ഐ നേതൃത്വത്തിലുള്ള യൂണിയനെ നയിക്കുന്നത്‌ പെൺകുട്ടികളാണ്‌. കെടിയുവിലും എസ്‌എഫ്‌ഐ നൽകിയ നിവേദനം പരിഗണിച്ചാണ്‌ ബോർഡ്‌ ഓഫ്‌ ഗവർണേഴ്‌സ്‌ തീരുമാനമെടുത്തത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top