07 February Tuesday

മെഡിക്കല്‍ മേഖലയിലെ മാറ്റം സുചിന്തിതമാകണം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 2, 2018


രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസത്തെ നിയന്ത്രിക്കുന്ന മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനത്തിലെ അപാകം പരിഹരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിലെ വ്യവസ്ഥകള്‍ പലതും പ്രത്യക്ഷത്തില്‍തന്നെ വിപരീതഫലംഉളവാക്കുന്നതാണെന്ന വിമര്‍ശം ശക്തമായിരിക്കുന്നു. വെളുക്കാന്‍ തേച്ചത് പാണ്ടാകുന്ന അവസ്ഥയാണ് പുതിയ നിയമനിര്‍മാണം സൃഷ്ടിക്കുകയെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യസേവന മേഖലയും മെഡിക്കല്‍ വിദ്യാഭ്യാസവും വ്യാപാരതാല്‍പ്പര്യങ്ങളുടെയും ലാഭക്കൊയ്ത്തിന്റെയും കേന്ദ്രങ്ങളായിട്ട് കാലമേറെയായി. സ്വാശ്രയവിദ്യാഭ്യാസ ലോബിയുടെയും വന്‍കിട ആശുപത്രികളുടെയും താല്‍പ്പര്യങ്ങള്‍ക്ക് ഒത്തുനീങ്ങുന്ന മെഡിക്കല്‍ കൌണ്‍സില്‍ അഴിമതിയാരോപണങ്ങളുടെ ചെളിക്കുഴിയിലാണ്.  മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെയും പൊതുജനാരോഗ്യമേഖലയുടെയും നിലവാരത്തകര്‍ച്ചയ്ക്ക് മുഖ്യകാരണം ഈ മോന്തായം വളയല്‍തന്നെ. ഈ ദുരവസ്ഥ അവസാനിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള നിയമപരിഷ്കരണമാകട്ടെ സ്വകാര്യമേഖലയ്ക്ക് കൂടുതല്‍ അരുനില്‍ക്കുന്നതും.

ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സിലിനെ മാറ്റി ദേശീയ മെഡിക്കല്‍ കമീഷന്‍ രൂപീകരിക്കുമ്പോള്‍ കൂടുതല്‍ സുതാര്യത കൈവരുമെന്നാണ് ബില്ലിന്റെ ശില്‍പ്പിയായ ആരോഗ്യമന്ത്രി ജെ പി നദ്ദ പാര്‍ലമെന്റില്‍ പറഞ്ഞത്. മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ മുകള്‍ത്തട്ടുസംവിധാനമായ എംസിഐയില്‍ നിലവിലുള്ള പരിമിതമായ ജനാധിപത്യസ്വഭാവംകൂടി ഇല്ലാതാകുമെന്നതാണ് യാഥാര്‍ഥ്യം. രാജ്യത്തെ എല്ലാ മെഡിക്കല്‍ ബിരുദധാരികള്‍ക്കും തെരഞ്ഞെടുപ്പിലൂടെ ഭരണസംവിധാനത്തില്‍ പങ്കാളികളാകാനുള്ള അവസരമാണ് നഷ്ടമാകുന്നത്. അക്കാദമിക് കാര്യങ്ങളടക്കം തീരുമാനിക്കാന്‍ അധികാരമുള്ള കൌണ്‍സിലിനുപകരം കമീഷന്‍  വരുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് നാമനിര്‍ദേശം ചെയ്യുന്നവരുടെയും ഉദ്യോഗസ്ഥമേധാവികളുടെയും കൈയിലാകും ഭരണം. അഴിമതിക്കും സ്വാശ്രയക്കച്ചവടത്തിനും ചൂട്ടുപിടിക്കുന്ന നിലവിലുള്ള സംവിധാനത്തിനുപകരം കേന്ദ്ര ഭരണകക്ഷിയുടെ നിയന്ത്രണം വന്നതുകൊണ്ടുമാത്രം ഒരുമെച്ചവും വരാനില്ല. ആരോഗ്യമേഖലയില്‍ മൂല്യാധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്നവരെയും സമര്‍പ്പിതരായ പ്രൊഫഷണലുകളെയും ഉള്‍പ്പെടുത്തിക്കൊണ്ടുമാത്രമേ ഈ രംഗത്ത് ജനാധിപത്യവല്‍ക്കരണം സാധ്യമാകൂ.

സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ എണ്ണം നിയന്ത്രണമില്ലാതെ പെരുകിയതോടെ മെഡിക്കല്‍വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തില്‍ വന്‍ തകര്‍ച്ചയാണ് സംഭവിച്ചത്. പ്രാഥമിക- അടിസ്ഥാന സൌകര്യങ്ങള്‍പോലും ഇല്ലാതെ വര്‍ഷാവര്‍ഷം പണമിറക്കിയും തരികിടകള്‍ കാണിച്ചും അംഗീകാരം നിലനിര്‍ത്തിപ്പോന്ന കോളേജുകള്‍ കേരളത്തില്‍പ്പോലുമുണ്ട്. ഇത്തരം സ്ഥാപനങ്ങളുടെമേല്‍ വല്ലപ്പോഴും പിടിവീഴുമ്പോള്‍ അവതാളത്തിലാകുന്നത് വിദ്യാര്‍ഥികളുടെ ഭാവിയാണ്. ജീവന്റെ രക്ഷകരായി വൈദ്യവൃത്തിക്ക് എത്തുന്ന കുട്ടികള്‍ ഏറ്റവും മിടുക്കരായിരിക്കുമെന്ന കാഴ്ചപ്പാടുമായി പൊരുത്തപ്പെടുന്നതല്ല കാലങ്ങളായി തുടരുന്ന മെഡിക്കല്‍ പ്രവേശനരീതി. ഈ ന്യൂനത പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയതലത്തില്‍ ഏകീകൃത പ്രവേശനപരീക്ഷ ഏര്‍പ്പെടുത്താന്‍ സുപ്രീംകോടതി ഉത്തരവായത്. 2017ല്‍ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) നിലവില്‍വന്നെങ്കില്‍ നിയമത്തിന്റെ പഴുതുകള്‍ കണ്ടെത്തി കുരുക്കുകള്‍ തീര്‍ക്കാനാണ് ചില സ്വാശ്രയസ്ഥാപനങ്ങള്‍ ശ്രമിക്കുന്നത്.

വൈദ്യവൃത്തിക്ക് യോഗ്യത നേടുന്നവരില്‍ ഉന്നതനിലവാരം ഉറപ്പുവരുത്താനാകാത്ത സാഹചര്യത്തില്‍ ചികിത്സ തുടങ്ങാന്‍ ഒരു ബ്രിഡ്ജ് കോഴ്്സുകൂടി പാസാകണമെന്ന നിര്‍ദേശം സ്വാഗതാര്‍ഹമായിരുന്നു. ഈ നിര്‍ദേശം യാഥാര്‍ഥ്യമാക്കുന്നതിനുപകരം തലതിരിഞ്ഞ വ്യവസ്ഥകളാണ് പുതിയ ബില്ലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

നിര്‍ദിഷ്ട ബ്രിഡ്ജ് കോഴ്സ് പാസായാല്‍ എംബിബിഎസുകാര്‍ക്കുമാത്രമല്ല ആയുര്‍വേദ, ഹോമിയോ മെഡിക്കല്‍ ബിരുദധാരികള്‍ക്കും അലോപ്പതി പ്രാക്ടീസ് ചെയ്യാമെന്നാണ് വ്യവസ്ഥ.  സൂക്ഷ്മമായ രോഗനിര്‍ണയവും രാസഘടകങ്ങള്‍ ഉപയോഗിച്ചുള്ള മരുന്നുചികിത്സയുമാണ് ആധുനിക വൈദ്യശാസ്ത്രത്തിന്റെ പ്രത്യേകത. ഇതിനുള്ള പ്രാഥമികയോഗ്യതയാണ് എംബിബിഎസ്. ആയുര്‍വേദം, ഹോമിയോ, യുനാനി, സിദ്ധ തുടങ്ങിയ ചികിത്സാ സമ്പ്രദായങ്ങള്‍ക്ക് അതിന്റേതായ ഗുണഫലങ്ങളും തനിമയുമുണ്ട്. അതില്‍ യോഗ്യത നേടുന്ന വിദ്യാര്‍ഥികള്‍ ആ മേഖലയിലെ ചികിത്സയ്ക്ക് ആവശ്യമായ പഠനമാണ് നടത്തുന്നത്. ഇവര്‍ മറ്റൊരു കോഴ്സ് പാസായി വേറൊരു ചികിത്സ നടത്താമെന്ന് വരുന്നത് ഗുരുതര സ്ഥിതിവിശേഷമാണ് ഉണ്ടാക്കുക. വിവിധ ചികിത്സാ സമ്പ്രദായങ്ങളെ പരസ്പരം ബന്ധപ്പെടുത്തുക എന്നതാണത്രേ ഈ പരിഷ്കാരത്തിന്റെ ഉദ്ദേശ്യം. തികച്ചും തെറ്റായ കാഴ്ചപ്പാടാണിത്.

ചികിത്സാസമ്പ്രദായങ്ങളുടെ സഹവര്‍ത്തിത്വത്തിന് ആവശ്യം ഓരോ മേഖലയെയും സ്വതന്ത്രമായി വളരാന്‍ അനുവദിക്കുകയാണ്. അതത് മേഖലയില്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കിയാല്‍ ആവശ്യാനുസരണം തെരഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്ക് സാധിക്കും. ഇതിനുപകരം സങ്കരചികിത്സ ഏര്‍പ്പെടുത്തിയാല്‍ എല്ലാ മേഖലയെയും നശിപ്പിക്കലാകും ഫലം. ആധുനികവൈദ്യത്തിന് അതിന്റേതായ പ്രത്യേകതയും ആകര്‍ഷണീയതയുമുണ്ട്. മറ്റ് വൈദ്യശാഖകളാകട്ടെ, ചില പ്രത്യേക രോഗചികിത്സകളില്‍ അനന്യവുമാണ്. സംരക്ഷിച്ചും പരിപോഷിപ്പിച്ചും തലമുറകളിലേക്ക് കൈമാറേണ്ട വൈജ്ഞാനികസമ്പത്താണിത്. ആവശ്യമായ പഠന- ഗവേഷണങ്ങളും നടക്കേണ്ടതുണ്ട്. ഇതൊന്നും ചെയ്യാതെ എല്ലാവര്‍ക്കും അലോപ്പതി ചികിത്സയ്ക്ക് അവസരം നല്‍കാനുള്ള നീക്കം പരമ്പരാഗതചികിത്സാ സമ്പ്രദായങ്ങളെ തകര്‍ക്കാനിടയാക്കും. മെഡിക്കല്‍ വിദ്യാഭ്യാസത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ സുചിന്തിതവും ദീര്‍ഘദൃഷ്ടിയോടുകൂടിയതുമാകണം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top