03 December Saturday

സര്‍ക്കാര്‍ ഓഫീസുകളില്‍ തീ പടരരുത്

വെബ് ഡെസ്‌ക്‌Updated: Thursday Sep 8, 2016


ഭാര്യയുടെ മൃതദേഹം തോളിലേറ്റി യുവാവ്  10 കിലോമീറ്റര്‍ നടന്നതും ചികിത്സകിട്ടാതെ അച്ഛന്റെ ചുമലില്‍ കിടന്ന് മകന്‍ മരിച്ചതുമൊക്കെ അങ്ങകലെ ആണല്ലോ എന്ന് നമുക്ക് ആശ്വസിക്കാമായിരുന്നു. ചികിത്സാസഹായം കിട്ടാതെ ഒരു യുവാവ് താലൂക്ക് ഓഫീസില്‍ തീയിട്ടത് ഇവിടെത്തന്നെ ആകുമ്പോള്‍ എന്ത് പറഞ്ഞ് ആശ്വസിക്കും. അയാള്‍ക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നെന്നോ? എങ്ങനെ മനസ്സ് അസ്വസ്ഥമാകാതിരിക്കും. ചികിത്സാ സഹായത്തിന് നെയ്യാറ്റിന്‍കര താലൂക്ക് ഓഫീസില്‍ അപേക്ഷ നല്‍കിയിട്ട് ഒന്നേകാല്‍ വര്‍ഷമായി. 20 തവണ ഈ ഓഫീസില്‍ കയറിയിറങ്ങി. 'കലക്ടറേറ്റിലേക്ക് അയച്ചു. അന്വേഷിച്ച് അര്‍ഹത ഉണ്ടെങ്കില്‍ അനുകൂല റിപ്പോര്‍ട്ട് നല്‍കാം' എന്നായിരുന്നു ഒരോതവണയും മറുപടി. ഒടുവില്‍ സഹികെട്ട് നിയമം കൈയിലെടുത്ത ആ പൌരന്‍ ജയിലിലായി.

സമാനമായ മറ്റൊരു സംഭവം കഴിഞ്ഞ ഏപ്രിലില്‍ തലസ്ഥാന ജില്ലയിലെതന്നെ വെള്ളറട വില്ലേജ് ഓഫീസില്‍ നടന്നു. ഭാഗംവച്ച് കിട്ടിയ കുടുംബസ്വത്തിന്റെ പോക്കുവരവ് നടത്തിക്കിട്ടാന്‍ സാംകൂട്ടി എന്ന ആള്‍ പലവട്ടം വില്ലേജ് ഓഫീസറെ സമീപിച്ചു. അഞ്ചുവര്‍ഷക്കാലം, മുഖ്യമന്ത്രി ഉള്‍പ്പെടെ സര്‍വ അധികാരികള്‍ക്കും പരാതി നല്‍കി. കാര്യം നടക്കാതായപ്പോള്‍ പെട്രോളുമായി എത്തി വില്ലേജ് ഓഫീസിന് തീകൊളുത്തി. 11 ജീവനക്കാര്‍ക്ക് പൊള്ളലേല്‍ക്കുകയും ഫയലുകള്‍ കത്തിനശിക്കുകയുംചെയ്തു. ഇത്തരം നശീകരണവാസനകളെ ഒരു അര്‍ഥത്തിലും ന്യായീകരിക്കാനാകില്ല. നിയമം അനുശാസിക്കുന്ന നടപടികള്‍ക്ക് ഇവരെ വിധേയരാക്കുകയും വേണം. പക്ഷേ, ഓഫീസ് കത്തിച്ചും ആത്മാഹുതിക്ക് ശ്രമിച്ചുംമാത്രമേ നമ്മുടെ ഉദ്യോഗസ്ഥസംവിധാനത്തെ ചലിപ്പിക്കാനാവൂ എന്നുവരുന്നത് സാക്ഷര കേരളത്തിന് ഭൂഷണമാണോ?

എല്ലാ ഉദ്യോഗസ്ഥരും അനാസ്ഥ കാണിക്കുന്നവരാണെന്നോ, എല്ലാ പരാതിക്കാര്‍ക്കും അവര്‍ ആഗ്രഹിക്കുന്ന പരിഹാരം ചെയ്തുകൊടുക്കാന്‍ സാധിക്കുമെന്നോ പറയാനാകില്ല. എന്നാല്‍, പരാതിയുമായി എത്തുന്നവര്‍ക്ക് ചുരുങ്ങിയപക്ഷം മാനുഷിക പരിഗണനയെങ്കിലും ലഭിച്ചേ തീരൂ. ആനുകൂല്യത്തിന് അര്‍ഹതയില്ലാത്തവരാണെങ്കില്‍, നിശ്ചിത കാലയളവിനുള്ളില്‍ പരാതിയില്‍ തീരുമാനമെടുത്ത് അവരെ അറിയിക്കാനുള്ള ചുമതല നിയമപരമായിത്തന്നെ ഉദ്യോഗസ്ഥര്‍ക്കുണ്ട്. എല്ലാ വാതിലും മുട്ടിയിട്ടും ലഭിക്കാതിരുന്ന പോക്കുവരവ്, ഒടുവില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷം റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്റെ ഇടപെടലിലൂടെ സാംകുട്ടിക്ക് ലഭിച്ചു. ഒരു വില്ലേജ് ഓഫീസര്‍ നീതിപൂര്‍വം പരിശോധിച്ച് തീരുമാനം എടുക്കേണ്ട വിഷയമായിരുന്നു ഇത്. നിര്‍ഭാഗ്യവശാല്‍ റവന്യൂമന്ത്രി വേണ്ടിവന്നു തീരുമാനമെടുക്കാന്‍. നിയമപ്രകാരമേ ഉദ്യോഗസ്ഥര്‍ക്ക് കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയൂ എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, നിയമത്തിന്റെ പരമാവധി ആനുകൂല്യം ലഭിക്കേണ്ടത് കഷ്ടത അനുഭവിക്കുന്ന പാവങ്ങള്‍ക്കാണെന്ന തിരിച്ചറിവ് ഉദ്യോഗസ്ഥര്‍ക്കുണ്ടാകണം. സങ്കേതികതടസ്സങ്ങളില്‍ കുരുക്കി, ബുദ്ധിമുട്ടിച്ച് നിരാലംബരെ നശീകരണ പ്രവണതകളിലേക്ക് തള്ളിവിടരുത്.

നാടെങ്ങും ജനസമ്പര്‍ക്കം സംഘടിപ്പിച്ച് ചികിത്സാ സഹായ അപേക്ഷകളില്‍ തുക എഴുതിക്കൊടുത്തിരുന്ന ഉമ്മന്‍ചാണ്ടി നാട് ഭരിച്ച കാലത്താണ് നെയ്യാറ്റിന്‍കരയിലെ സുനിലും അപേക്ഷ നല്‍കിയത്. 2015 ജൂണില്‍. പിന്നെയും ഒരുവര്‍ഷം അദ്ദേഹംതന്നെ ആയിരുന്നു കേരളത്തിന്റെ മുഖ്യമന്ത്രി. സുനിലിന്റെ അപേക്ഷ പരിശോധിക്കുകയോ തീര്‍പ്പാക്കുകയോ ഉണ്ടായില്ല. ഒരേ ഭരണത്തില്‍ രണ്ടുനീതി. ഉദ്യോഗസ്ഥതലത്തില്‍ പരിശോധനയും തീരുമാനവും വേണ്ട കാര്യങ്ങള്‍പോലും മുഖ്യമന്ത്രിയില്‍ കേന്ദ്രീകരിപ്പിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിച്ച ഭരണാധികാരിയായിരുന്നു ഉമ്മന്‍ചാണ്ടി. അദ്ദേഹത്തിന്റെ ഭരണത്തില്‍ താലൂക്കില്‍നിന്ന് കലക്ടറേറ്റിലേക്ക് അയച്ചതായി പറയുന്ന അപേക്ഷയ്ക്ക് എന്ത് സംഭവിച്ചു എന്നതിന് ആരാണ് ഉത്തരം പറയേണ്ടത്.

ഇവിടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ സമീപനം ശ്രദ്ധേയമാകുന്നത്. ചുമതലയേറ്റശേഷം ആദ്യമായി  ഉദ്യോഗസ്ഥ സമൂഹത്തെ അഭിസംബോധനചെയ്ത ഘട്ടത്തില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു.–'നിങ്ങളുടെ മുന്നില്‍ വരുന്ന ഓരോ ഫയലിലും ഒരോ ജീവിതമാണ്. അതുകൊണ്ട് പരാതികളില്‍ നിശ്ചിത സമയത്തിനുള്ളില്‍ നീതിപൂര്‍വമായ തീരുമാനം എടുക്കണം. ആവലാതികളുമായി എത്തുന്നവര്‍ പലവട്ടം കയറി ഇറങ്ങാന്‍ ഇടവരുത്തരുത്. താഴെ ഓഫീസില്‍ തീരുമാനം എടുക്കേണ്ട ഫയലുകള്‍ അകാരണമായി മുകളിലേക്ക് അയച്ച് കാലതാമസം വരുത്തരുത്.' ഉദ്യോഗസ്ഥരുടെ ചുമതലകളും അധികാരവും കവരാതെ, അവരെ കര്‍മനിരതരാക്കുന്നതായിരുന്നു ഈ വാക്കുകള്‍. തെരഞ്ഞെടുപ്പിനുമുമ്പ് പിണറായി നയിച്ച നവകേരള മാര്‍ച്ചില്‍ ഏറ്റവുമധികം എടുത്തുപറഞ്ഞ കാര്യവും ഇതുതന്നെ. ഒരുമാസത്തില്‍ കൂടുതല്‍ ഒരു പരാതിയും വച്ചിരിക്കാത്ത നിലയില്‍ നമ്മുടെ ഉദ്യോഗസ്ഥസംവിധാനത്തെ ഉടച്ചുവാര്‍ക്കുമെന്ന് അദ്ദേഹം കേരളജനതയ്ക്ക് ഉറപ്പുനല്‍കി. സര്‍ക്കാര്‍ ഓഫീസുകള്‍ യഥാര്‍ഥ ജനസേവന കേന്ദ്രങ്ങള്‍ ആയിരിക്കണമെന്ന കര്‍ക്കശനിലപാടുതന്നെ മുഖ്യമന്ത്രി സ്വീകരിച്ചു. ഉചിതമായ എല്ലാവേദികളിലും അദ്ദേഹം അത് ഉദ്യോഗസ്ഥരെ ഓര്‍മിപ്പിക്കുകയുംചെയ്തു. ഇതേ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കുന്നവയാണ് ഇടതുവീക്ഷണമുള്ള സര്‍വീസ് സംഘടനകള്‍.  

ഓഫീസ് സമയത്ത് ഓണാഘോഷത്തിന് നിയന്ത്രണം കര്‍ശനമാക്കിയത് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ നടപടികള്‍ ജനങ്ങളും ബഹുഭുരിപക്ഷം ജീവനക്കാരും കൈയടിയോടെയാണ് സ്വീകരിച്ചത്.  വാഗ്ദാനംചെയ്തപോലെ ക്ഷേമപെന്‍ഷന്‍ വീട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ സഹകരണമേഖലയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. അഭിനന്ദനാര്‍ഹമായി ഈ സംവിധാനം പ്രവര്‍ത്തിക്കുന്നുമുണ്ട്. എന്നാല്‍, ഈ ജനകീയ പ്രവര്‍ത്തനത്തിന് പുഴുക്കുത്തേല്‍പ്പിക്കുംവിധമുള്ള ഉദ്യോഗസ്ഥ ദുഷ്പ്രവണതകള്‍ ചില സ്ഥലങ്ങളിലുണ്ടായെന്ന ആരോപണം ഉയര്‍ന്നു.

പെന്‍ഷന്‍വിതരണം കാര്യക്ഷമമായി പൂര്‍ത്തിയാക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയും പ്രസക്തമാകുന്നത് ഈ പശ്ചാത്തലത്തിലാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍  ജനങ്ങളിലെത്തിക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ പങ്ക് നിര്‍ണായകമാണ്. അത് അവര്‍ ശരിയായനിലയില്‍ നിര്‍വഹിച്ചാല്‍മാത്രമേ വെള്ളറടയും നെയ്യാറ്റിന്‍കരയും ആവര്‍ത്തിക്കാതിരിക്കുകയുള്ളൂ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top