04 October Wednesday

മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കണം

വെബ് ഡെസ്‌ക്‌Updated: Friday Jun 2, 2023


ഒരുമാസം പിന്നിടുമ്പോഴും സംഘർഷം അവസാനിക്കാത്ത മണിപ്പുരിലെ സ്ഥിതി ആശങ്കപ്പെടുത്തുന്നു. മെയ്‌ മൂന്നിന്‌ ആരംഭിച്ച വംശീയ കലാപത്തിൽ 115 പേർ കൊല്ലപ്പെട്ടു. നൂറോളംപേരെ കാണാനില്ല. മുന്നൂറിലേറെപ്പേർക്ക്‌ പരിക്കേറ്റു. 115 ആദിവാസി ഗ്രാമങ്ങളും 3000ൽ ഏറെ വീടും കത്തിച്ചു. 222 ക്രിസ്‌ത്യൻ പള്ളിയും 73 അനുബന്ധ കെട്ടിടവും തകർത്തു. അരലക്ഷത്തിലേറെപ്പേർ ദുരിതാശ്വാസ ക്യാമ്പുകളിലാണ്.  കേന്ദ്ര–- സംസ്ഥാന ഭരണസംവിധാനങ്ങളാകെ പരാജയപ്പെട്ടു. ആഭ്യന്തര മന്ത്രി അമിത്‌ ഷായുടെ  സന്ദർശനത്തിനിടയിലും ഗോത്രവിഭാഗങ്ങൾക്കുനേരെ ആക്രമണങ്ങൾ അരങ്ങേറി. ബിജെപി നിയന്ത്രണത്തിലുള്ള സംസ്ഥാന സർക്കാരിന്റെ ഒത്താശയോടെയുള്ള വംശീയ ആക്രമണമാണ്‌ മണിപ്പുരിലേതെന്ന്‌  വ്യക്തമായിരിക്കയാണ്‌. ഭൂരിപക്ഷ സമുദായമായ മെയ്‌ത്തീ  വിഭാഗം ന്യൂനപക്ഷമായ കുക്കി–നാഗ ഗോത്ര വിഭാഗങ്ങൾക്കെതിരെ ആസൂത്രിത കടന്നാക്രമണമാണ്‌ നടത്തുന്നത്‌.  2002ൽ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിൽ നടത്തിയ വംശഹത്യക്ക്‌ സമാനമാണ്‌ ഇത്‌. അന്ന്‌ ഗോധ്‌ര സംഭവത്തിന്റെ പേരിലാണ്‌ മുസ്ലിങ്ങൾക്കുനേരെ വ്യാപകമായ ആക്രമണങ്ങൾ നടത്തിയത്‌. സംസ്ഥാന ഭരണസംവിധാനത്തിന്റെയും പൊലീസിന്റെയും പിന്തുണയോടെ സംഘപരിവാർ പ്രവർത്തകർ ന്യൂനപക്ഷങ്ങളെ കൂട്ടത്തോടെ കൊലപ്പെടുത്തിയും കൊള്ളയും കൊള്ളിവയ്‌പും നടത്തി സാമ്പത്തികമായി പാടെ തകർത്തു. അന്ന്‌ രണ്ടായിരത്തോളംപേർ  കൊല്ലപ്പെട്ടു. പതിനായിരക്കണക്കിന്‌ ആളുകൾ ഭവനരഹിതരായി പലായനം ചെയ്യപ്പെട്ടു.

മണിപ്പുരിലാകട്ടെ ഭൂരിപക്ഷമായ മെയ്‌ത്തീകൾക്ക്‌ പട്ടികവർഗ സംവരണം നൽകാനാകുമോ എന്ന്‌ പരിശോധിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടപ്പോൾ കുക്കികൾ ഉൾപ്പെടെയുള്ള ഗോത്രവിഭാഗങ്ങൾ പ്രതിഷേധിച്ചതാണ്‌ പൊടുന്നനെ കലാപത്തിനു കാരണമായതെങ്കിലും ഇതിനു പിന്നിൽ വലിയ ആസൂത്രണമുണ്ട്‌. ക്രിസ്‌ത്യൻ വിശ്വാസികളായ കുക്കി, നാഗ ഗോത്രങ്ങളെ മണിപ്പുർ താഴ്‌വരയിൽനിന്നും ആട്ടിയോടിക്കാനുള്ള മെയ്‌ത്തീ വിഭാഗത്തിന്റെ നീക്കമാണ്‌ കലാപത്തിനു പിന്നിൽ. മുമ്പേ തയ്യാറാക്കിയ പദ്ധതി നടപ്പാക്കാൻ  അവസരം കാത്തിരിക്കുകയായിരുന്നു ബിജെപി നിയന്ത്രണത്തിലുള്ള മെയ്‌ത്തീ വിഭാഗം.  ഇപ്പോൾ തകർത്ത ഗോത്രവർഗക്കാരുടെ വീടുകൾ മൂന്നുവർഷംമുമ്പേ സർവേയിലൂടെ അടയാളപ്പെടുത്തിയിരുന്നുവെന്ന വെളിപ്പെടുത്തലുകളുമുണ്ട്‌. സംഘർഷമുണ്ടായപ്പോൾ കുക്കി വീടുകൾ ഏതാണെന്ന്‌ കൃത്യമായി കണ്ടെത്തി അഗ്നിക്കിരയാക്കി. ഗുജറാത്തിലെപ്പോലെ ഭരണകൂടം നിഷ്‌ക്രിയമായെന്നു മാത്രമല്ല, മെയ്‌ത്തീ വിഭാഗത്തിലെ സായുധ സംഘങ്ങൾക്ക്‌ ആയുധങ്ങൾ ലഭ്യമാക്കാൻ പൊലീസിന്റെ ഒത്താശയുമുണ്ടായി. കുക്കി മേഖലയിൽ  ആക്രമണം തുടങ്ങിയശേഷമാണ്‌  മെയ്‌ത്തീ തീവ്രവാദ സംഘങ്ങൾ  മണിപ്പുർ റൈഫിൾസ്‌, മണിപ്പുർ പൊലീസ്‌ ട്രെയിനിങ്‌ അക്കാദമി എന്നിവിടങ്ങളിൽനിന്ന്‌ ആധുനിക ആയുധങ്ങൾ കവർച്ച  ചെയ്‌തത്‌. 

അമിത്‌ ഷാ മണിപ്പുരിൽ എത്തിയശേഷവും സൈന്യത്തെയും അർധസൈനികരെയും വിന്യസിച്ച കാങ്‌പോക്‌പി ജില്ലയിൽ 29നും 30നും മെയ്‌ത്തീ വിഭാഗത്തിലെ  ആരംഭായ്‌ തെങ്കൊൽ,  മെയ്‌ത്തീ ലിപുൻ സായുധ തീവ്രവാദിസംഘങ്ങൾ ഗോത്രവിഭാഗത്തിന്റെ 585 വീട്‌  അഗ്നിക്കിരയാക്കി. 26നും 29നും ഇടയിൽ 900ൽ ഏറെ വീട്‌ കത്തിച്ചിരുന്നു.  ക്രൈസ്‌തവ വിശ്വാസികളായ ഗോത്രവിഭാഗങ്ങളുടെ വീടുകളാണ്‌ കത്തിക്കുന്നത്‌. സൗഹാർദത്തിൽ കഴിഞ്ഞിരുന്ന രണ്ട്‌ സമുദായങ്ങൾക്കിടയിൽ വിദ്വേഷം പടർത്തി  തമ്മിലടിപ്പിച്ച്‌ രാഷ്ട്രീയ അജൻഡ നടപ്പാക്കുകയായിരുന്നു ബിജെപി സർക്കാർ. കലാപത്തിനു പിന്നിൽ  സംസ്ഥാന സർക്കാരും മുഖ്യമന്ത്രി ബീരേൻ സിങ്ങുമാണ്‌ എന്നാണ്‌  മണിപ്പുർ ട്രൈബൽ ഫോറം ആരോപിച്ചത്‌.  സംസ്ഥാന  സർക്കാരിലും പൊലീസിലും വിശ്വാസമില്ലെന്നും മുഖ്യമന്ത്രി ബീരേൻ സിങ്ങിനെ  മാറ്റിനിർത്തി സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണം നടത്തണമെന്നുമാണ്‌ ഗോത്രവിഭാഗങ്ങൾ ആവശ്യപ്പെടുന്നത്‌.  പ്രശ്‌നം ശാശ്വതമായി പരിഹരിക്കാൻ ഗോത്രവർഗ പ്രദേശത്തിന്‌ സംസ്ഥാന, കേന്ദ്ര ഭരണപ്രദേശ പദവിയോ, സ്വയംഭരണാവകാശമോ നൽകണമെന്ന്‌ അമിത്‌ ഷായുമായുള്ള കൂടിക്കാഴ്‌ചയിൽ ഇവർ ആവശ്യപ്പെട്ടു. മെയ്‌ത്തീകളുടെ ആക്രമണത്തെ ചെറുത്ത കുക്കി ഗോത്രവിഭാഗത്തെ മുഖ്യമന്ത്രി ബീരേൻ സിങ്‌ ഭീകരരായി ചിത്രീകരിക്കുമ്പോൾ മണിപ്പുരിൽ തീവ്രവാദ ഭീഷണിയില്ലെന്നും ഇരുവിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് നടക്കുന്നതെന്നുമാണ്‌ സംയുക്ത സേനാമേധാവി ജനറൽ അനിൽ ചൗഹാൻ പറഞ്ഞത്‌. സങ്കുചിത രാഷ്ട്രീയ മുതലെടുപ്പിന്‌ മുതിരാതെ മണിപ്പുരിന്റെ അഖണ്ഡത  നിലനിർത്തിക്കൊണ്ട്‌  ഗോത്രവിഭാഗങ്ങൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ രമ്യമായി പരിഹരിക്കാനുള്ള പക്വതയും വിവേകവും കാട്ടാൻ കേന്ദ്ര സർക്കാർ തയ്യാറാകണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top