31 March Friday

വാക്ക‌് പാലിക്കാത്തവരുടെ വാഗ‌്ദാന മഴ

വെബ് ഡെസ്‌ക്‌Updated: Thursday Apr 4, 2019


ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങളിൽ ഒന്നാണ്  ഫെഡറൽ ഘടന. കേന്ദ്ര–- -സംസ്ഥാന സർക്കാരുകളുടെ അധികാരം സ്പഷ്ടമായി വേർതിരിച്ചുള്ള ഭരണ സംവിധാനമാണ് നമ്മുടേത്. അത് തകർക്കാൻ പലവട്ടം ശ്രമമുണ്ടായി. സംസ്ഥാനങ്ങളുടെ അധികാരം കവരാൻ പഞ്ചായത്ത‌് പ്രസിഡന്റുമാരെ നേരിട്ട് നിയന്ത്രണത്തിലാക്കാനുള്ള ശ്രമംവരെ കോൺഗ്രസ‌് നടത്തി.  ധനവിഷയങ്ങളിലടക്കം സംസ്ഥാന അധികാരങ്ങൾ തകർക്കുന്നതിൽ എല്ലാ മുൻകാല റെക്കോഡുകളും തകർക്കുകയാണ് ബിജെപി സർക്കാർ. ആസൂത്രണ കമീഷനെ ഒഴിവാക്കി. അവർക്ക് വിഭവങ്ങൾ പങ്കുവയ‌്ക്കുമ്പോൾ സംസ്ഥാനങ്ങളുമായി ആലോചിക്കുന്നതിന് ബാധ്യതയുണ്ടായിരുന്നു. ഇതിനെ ഒഴിവാക്കി കേന്ദ്രീകൃത സംവിധാനമായ  നീതി ആയോഗിനെ നിയോഗിച്ചു. 

ജിഎസ്ടി നിയമത്തിനു കീഴിൽ ഏതൊക്കെ ചരക്കുകൾക്കുമേൽ എത്ര ശതമാനം നികുതി ചുമത്തണം എന്ന് നിശ്ചയിക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് അധികാരമില്ല. ഈ അധികാരം ഭരണഘടന സംസ്ഥാനങ്ങൾക്ക് നൽകിയിരുന്നതാണ്. ഇത് ബദൽ തന്ത്രങ്ങൾ രൂപീകരിക്കുന്നതിന് സംസ്ഥാനങ്ങൾക്കുള്ള സ്വാതന്ത്ര്യം എടുത്തുകളയുന്നു. എല്ലാ അർഥത്തിലും സംസ്ഥാനങ്ങളെ ഞെരുക്കുന്ന ഈ രീതികൾ കൂടുതൽ ശക്തമായി തുടരുന്നതാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ കോൺഗ്രസ് പ്രകടനപത്രിക. ദരിദ്രനും അതിസമ്പന്നനും ഒരേ നികുതിയെന്ന ആ സഹായമാണ് അത് മുന്നോട്ടുവയ‌്ക്കുന്നത്. ഇന്ന് സംസ്ഥാനത്തിന് നികുതി പിരിക്കാൻ കഴിയുന്ന  മദ്യം, പുകയില, റിയൽ എസ്റ്റേറ്റ്, മോട്ടോർവാഹനം എന്നിവയെല്ലാം ജിഎസ്ടിയിൽപ്പെടുത്തുമെന്നാണ് കോൺഗ്രസിന്റെ  പ്രഖ്യാപനം. കോൺഗ്രസ‌് അധികാരത്തിലെത്തുകയാണെങ്കിൽ സംസ്ഥാനത്തെ ഇനിയും ഞെരുക്കും എന്ന ഭീഷണിയാണിത്.

വൻ സൗജന്യങ്ങൾ പ്രഖ്യാപിക്കുകയും അവ യാഥാർഥ്യമാക്കാൻ വിഭവം കണ്ടെത്താതിരിക്കുകയും കോൺഗ്രസിന്റെ പതിവു ശീലമാണ്. 48 വർഷംമുമ്പ‌് ഗരീബി ഹഠാവോ പറഞ്ഞവർ ഇന്നും അതേ മുദ്രാവാക്യം ജനങ്ങൾക്ക് മുന്നിൽവച്ച് വോട്ട‌് തേടേണ്ടിവരുന്നത് ഗതികേടാണ്. ഇത്രയുംകാലത്തെ തങ്ങളുടെ ഭരണവും ഇടപെടലുംകൊണ്ട് രാജ്യത്തെ ദാരിദ്ര്യം മാറ്റാൻ ഒന്നും ചെയ്യാനായിട്ടില്ല എന്ന കുറ്റസമ്മതമാണത്.

കർഷകർ, യുവാക്കൾ തുടങ്ങിയ വിഭാഗങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ടുള്ള പ്രകടനപത്രികയാണ് തങ്ങളുടേതെന്ന് കോൺഗ്രസ‌് അവകാശപ്പെടുന്നുണ്ട‌്. അധികാരത്തിൽ ഇരുന്ന ഘട്ടത്തിലെല്ലാം ജനദ്രോഹ നിലപാട‌്  സ്വീകരിച്ച പാർടിയാണ് കോൺഗ്രസ്. എന്താണ് കോൺഗ്രസ‌് നാടിന‌് ചെയ‌്തത‌് എന്നറിയാനുള്ള ഇടമാണ്, ആ പാർടിയുടെ അധ്യക്ഷൻ രാഹുൽ ഗാന്ധി ലോക‌്സഭയിൽ പ്രതിനിധാനം ചെയ്യുന്ന അമേഠി മണ്ഡലം. അവിടെ  4,07,000 ബിപിഎൽ കുടുംബമാണുള്ളത്. സാക്ഷരത 64 ശതമാനം. സ്വന്തമായി കക്കൂസ് ഇല്ലാത്ത വീടുകൾ - 82.6 ശതമാനം. കുളിമുറിയില്ലാത്ത വീടുകൾ 55.6 ശതമാനം. അകത്ത് അടുക്കളയില്ലാത്ത വീടുകൾ 51.8 ശതമാനം. ഇത് ഒറ്റനോട്ടത്തിൽ കാണുന്ന ദയനീയാവസ്ഥയാണ്. എക്കാലത്തെയും കോൺഗ്രസ‌് കുത്തകയായ മണ്ഡലത്തിന്റെ സ്ഥിതി ഇതെങ്കിൽ  ആ പാർടി ഇനി എന്ത് അത്ഭുതമാണ് സൃഷ്ടിക്കാൻ പോകുന്നത് എന്നത് കൗതുകമുള്ള ചോദ്യമാണ്.

കേരളത്തിലെ വയനാട്ടിലാണ് അമേഠിക്കു പുറമെ കോൺഗ്രസ‌് അധ്യക്ഷൻ ഇത്തവണ മത്സരിക്കുന്നത്. വയനാട് ഏതാനും വർഷംമുമ്പ‌് എത്രമാത്രം ദുരിതത്തിലാണ്ട നാടായിരുന്നു എന്നും ആ നാട്ടിലെ കർഷകർ അനുഭവിച്ച ദുരിതങ്ങളെന്തൊക്കെയെന്നും സ്വാഭാവികമായും ഇപ്പോൾ ചർച്ച ഉയരും. കർഷകർക്കായി പ്രത്യേക ബജറ്റ് എന്ന മോഹനസുന്ദര വാഗ്ദാനം പ്രകടന പത്രികയിൽ അവതരിപ്പിക്കുന്നവർ, ആസിയാൻ കരാർ, ഗാട്ട് കരാർ അടക്കം കൊണ്ടുവന്ന് കർഷകരെയും ചെറുകിട ഉല്പാദകരെയും തീരാ ദുരിതത്തിലാക്കിയതിന‌് മറുപടി  പറയേണ്ടിവരും. 2001–-06  കാലത്തെ യുഡിഎഫ് സർക്കാരിന്റെ കർഷക ദ്രോഹംമൂലം ആത്മഹത്യ ചെയ്യേണ്ടിവന്ന  കർഷകരുടെ കുടുംബങ്ങൾ ഇന്നും വയനാട്ടിൽ ഉണ്ട് എന്ന ഓർമ കോൺഗ്രസിനുണ്ടാകുന്നതും നല്ലതാണ്. 

കടക്കെണിയും കാർഷിക പ്രതിസന്ധിയും രാജ്യത്ത് കർഷക പ്രക്ഷോഭം ഉയർത്തിയപ്പോൾ  തിരിഞ്ഞുനോക്കാത്ത കോൺഗ്രസ് നേതൃത്വം കർഷകരെക്കുറിച്ച് പറഞ്ഞാലും ജയ‌് കിസാൻ വിളി ആവർത്തിച്ചാലും അതിൽ വിശ്വാസ യോഗ്യമായ ഒന്നും കാണാനാകുന്നില്ല.  പാവപ്പെട്ടവർക്കായി 72,000 രൂപയുടെ വരുമാനം ലഭ്യമാക്കുന്ന പദ്ധതിയെക്കുറിച്ചാണ് കോൺഗ്രസ‌് അധ്യക്ഷൻ വാചാലനായത്. കള്ളപ്പണം പിടിച്ചെടുത്ത്  15 ലക്ഷം രൂപ അക്കൗണ്ടിൽ ഇടുമെന്ന് പറഞ്ഞ നരേന്ദ്ര മോഡിയെ ഓർമിപ്പിക്കുന്നതാണ് ഈ വാഗ്ദാനം. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ പാവപ്പെട്ട 55 ലക്ഷം പേർക്ക് മാസം 1200 രൂപവീതം ക്ഷേമപെൻഷൻ നൽകുന്നുണ്ട്. അതല്ലാതെ വിദ്യാഭ്യാസം, ആരോഗ്യപരിപാലനം തുടങ്ങിയ മേഖലകളിൽ വിവിധ ജനവിഭാഗങ്ങൾക്ക‌് ഗണ്യമായ ആനുകൂല്യങ്ങളും നൽകുന്നുണ്ട്. അതാണ് മാതൃക.

പൗരസ്വാതന്ത്ര്യത്തെക്കുറിച്ചും കരിനിയമങ്ങൾ റദ്ദു ചെയ്യുന്നതിനെക്കുറിച്ചും കോൺഗ്രസ‌് നൽകുന്ന വാഗ്ദാനങ്ങൾ കേൾക്കാൻ ഇമ്പമുണ്ട്. ബീഫ‌് കഴിച്ചതിന്റെ പേരിലും സിനിമയുടെയും എഴുത്തിന്റെയും പേരിലും രാജ്യത്ത‌് ആൾക്കൂട്ട ആക്രമണങ്ങൾ തുടർച്ചയായി അരങ്ങേറിയപ്പോൾ, ന്യൂനപക്ഷങ്ങളെ വേട്ടയാടിയപ്പോൾ കോൺഗ്രസിൽനിന്ന് ഒരു രോഷവും ഉയർന്നിട്ടില്ല.  ജെഎൻയുവിലെ അടക്കം വിദ്യാർഥികളെ രാജ്യദ്രോഹം ആരോപിച്ച് കള്ളക്കേസിൽ കുടുക്കിയപ്പോൾ മിണ്ടാതിരുന്നവരാണ‌് കോൺഗ്രസ‌്. അവർക്കിപ്പോൾ കരിനിയമങ്ങളെക്കുറിച്ച് ബോധമുണ്ടാകുന്നത് നല്ലതുതന്നെ. വാഗ്ദാനങ്ങളിലും വാഗ്ദാനലംഘനത്തിലും ബിജെപിയെ അനുകരിക്കുന്നതാണ് കോൺഗ്രസിന്റെ ഇന്നത്തെ ദുരന്തം. അതുകൊണ്ടുതന്നെയാണ് അവരുടെ പ്രകടനപത്രിക ഗൗരവ വായന ആവശ്യപ്പെടാത്തത്.  ‘ഞങ്ങൾ നടപ്പാക്കും' എന്ന് പ്രകടനപത്രികയോടൊപ്പം കോൺഗ്രസിന് പറയേണ്ടിവരുന്നത്, ഇതുവരെ പറഞ്ഞ കാര്യങ്ങൾ നടപ്പാക്കി ശീലമില്ലാത്തതുകൊണ്ടാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top