07 July Thursday

മല്ലു സ്വരാജ്യം: പോരാട്ടവീര്യത്തിന്റെ പര്യായം

വെബ് ഡെസ്‌ക്‌Updated: Monday Mar 21, 2022

സ്വാതന്ത്ര്യസമര സേനാനിയും തെലങ്കാന സമരനായികയും കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ പ്രമുഖ പങ്കുവഹിച്ച വ്യക്തിയുമായ മല്ലു സ്വരാജ്യം ജ്വലിക്കുന്ന ഓർമയായി. ജന്മിത്വത്തിനും നൈസാം ദുർഭരണത്തിനെതിരെയും വീറോടെ പൊരുതിയ പോരാളി, മഹിളാ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ച വനിത, മികച്ച നിയമസഭാ സാമാജിക തുടങ്ങി മല്ലു സ്വരാജ്യം വിഹരിച്ച മേഖലകളും അവർ നൽകിയ സംഭാവനകളും വിപുലമാണ്‌. ശനിയാഴ്‌ച അന്ത്യശ്വാസം വലിക്കുന്നതുവരെയും പാവപ്പെട്ടവരുടെ, അധഃസ്ഥിതരുടെ അവകാശങ്ങൾക്കുവേണ്ടി വിശ്രമരഹിതമായി പൊരുതിയ പോരാളിയായിരുന്നു മല്ലു സ്വരാജ്യം. അതുകൊണ്ടുതന്നെ, ഉരുക്കുവനിതയെന്നും തെലങ്കാനയുടെ ഝാൻസി റാണിയെന്നും അവർ വിളിക്കപ്പെടുകയും ചെയ്‌തു.  ‘എന്റെ വാക്കുകൾ ബുള്ളറ്റുകളാണെന്ന’ ജീവചരിത്രത്തിന്റെ പേരിൽപ്പോലും പോരാട്ടത്തിന്റെ തീക്ഷ്‌ണത അനുഭവിച്ചറിയാം.

സൂര്യാപേട്ട്‌ താലൂക്കിലെ  ജന്മികുടുംബത്തിൽ പിറന്ന മല്ലു, സഹോദരനും തെലങ്കാന സായുധസമരത്തിന്റെ പ്രധാന നേതാക്കളിലൊരാളുമായ ബി എൻ റെഡ്ഡിയെന്ന ഭീംറെഡ്ഡി നരസിംഹ റെഡ്ഡിയുടെയും അമ്മ ചൊക്കമ്മയുടെയും സ്വാധീനഫലമായാണ്‌ കമ്യൂണിസ്‌റ്റ്‌ ആശയങ്ങളിലേക്ക്‌ തിരിഞ്ഞത്‌. പത്താം വയസ്സിൽ മാക്‌സിം ഗോർക്കിയുടെ അമ്മ എന്ന പുസ്‌തകത്തിന്റെ തെലുങ്ക്‌ പതിപ്പ്‌ വായിച്ചത്‌ മല്ലുവിനെ മാത്രമല്ല, ആ കുടുംബത്തെയാകെ ഇടത്തോട്ട്‌ നയിക്കുന്നതിൽ പ്രധാന പങ്ക്‌ വഹിച്ചു. കമ്യൂണിസ്‌റ്റ്‌ പാർടി പുറത്തിറക്കിയ പ്രജാശക്തിയെന്ന പത്രവും അവരെ സ്വാധീനിച്ചു. തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനുള്ള പോരാട്ടം സ്വന്തം കുടുംബത്തിൽ നിന്നുതന്നെയാണ്‌ അവർ ആരംഭിച്ചത്‌. അമ്മാവന്മാരുടെ എതിർപ്പ്‌ വകവയ്‌ക്കാതെ അടിമപ്പണിക്കാർക്ക്‌ അരി നൽകിക്കൊണ്ടായിരുന്നു തുടക്കം.

തുടർന്നാണ്‌ ആന്ധ്ര മഹാസഭയിലും അതിലൂടെ കമ്യൂണിസ്‌റ്റ്‌ പാർടിയിലേക്കും ആകർഷിക്കപ്പെട്ടത്‌. 1946ലാണ്‌ തെലങ്കാന കർഷകപോരാട്ടം ആരംഭിക്കുന്നത്‌. അതിന്‌ മുമ്പുതന്നെ ആയുധ പരിശീലനവും മറ്റും നേടിയ മല്ലു സ്വരാജ്യം ഖമ്മം, നൽഗൊണ്ട, വാറങ്കൽ, അദിലാബാദ്‌ തുടങ്ങിയ ജില്ലകളിലെ ആദിവാസികളെ സംഘടിപ്പിക്കുന്നതിലും മുന്നിൽനിന്ന്‌ പ്രവർത്തിച്ചു. ജന്മിമാരുടെയും നൈസാമിന്റെയും  ക്രൂരകൃത്യങ്ങളെക്കുറിച്ച്‌ പ്രതിപാദിക്കുന്ന വിപ്ലവഗാനങ്ങൾ രചിച്ച്‌ അവ പാടി നടന്നുകൊണ്ട്‌ ജനങ്ങളെ സംഘടിപ്പിച്ചു.  ഇക്കാലത്താണ്‌ സഹോദരി ശശിരേഖയോടൊപ്പം മല്ലു സ്വരാജ്യവും കമ്യൂണിസ്റ്റ്‌ പാർടിയിൽ അംഗമാകുന്നത്‌. തെലങ്കാന സമരം ആരംഭിച്ചപ്പോൾ സായുധ ദളങ്ങളുടെ സംഘാടകയായി അവർ. വനിതകൾക്ക്‌ ആയുധ പരിശീലനം നൽകി പോരാട്ട സമിതികളുടെ ഭാഗമാക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്വമായിരുന്നു മല്ലു സ്വരാജ്യത്തിന്‌ ഉണ്ടായിരുന്നത്‌. നൈസാമിന്റെ കൂലിപ്പട്ടാളമായ റസാക്കർമാർക്കെതിരെ പുരുഷന്മാർക്കൊപ്പം സ്‌ത്രീകളും പൊരുതിനിന്നു. ഇതുകൊണ്ടുതന്നെ, മല്ലുവിനെ പിടിച്ചുനൽകുന്നവർക്ക്‌ 10,000 രൂപ ഇനാം പ്രഖ്യാപിച്ചു. ‘ഒരു കുതിരപ്പുറത്ത്‌ ഝാൻസിയിലെ റാണിയെപ്പോലെ റോന്തുചുറ്റുന്ന രാജക്ക(ഒളിവിൽ അറിയപ്പെട്ടത്‌) എന്ന പെൺകമ്യൂണിസ്‌റ്റിനെക്കുറിച്ച്‌’ വിവരം നൽകുന്നവർക്ക്‌ 10,000 രൂപ നൽകുമെന്നായിരുന്നു നൈസാം വിളംബരം ചെയ്‌തത്‌. മല്ലു സ്വരാജ്യത്തിന്റെ പോരാട്ട കഥകൾ ഇനിയുമേറെ.

തെലങ്കാന സമരത്തിനുശേഷം കമ്യൂണിസ്‌റ്റ്‌ വനിതാ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിലായിരുന്നു അവർ ഊന്നിയത്‌. തെലങ്കാന സമരനായകരിലൊരാളായ വി എൻ റെഡ്ഡി എന്ന വെങ്കട നരസിംഹ റെഡ്ഡിയെയാണ്‌ വിവാഹം കഴിച്ചത്‌. സൂര്യാപേട്ട്‌ ജില്ലയിലെ തുംഗതുർത്തിയിൽനിന്ന്‌ 1978ലും 1983ലും നിയമസഭയിലെത്തിയ മല്ലു സ്വരാജ്യം ഒരു ‘ഗറില്ലാ പോരാളിയെപ്പോലെയാണ്‌’ നിയമസഭയിലും പ്രവർത്തിച്ചതെന്ന്‌ സ്വയം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്‌. ആന്ധ്ര മഹിളാസംഘത്തിന്റെയും തുടർന്ന്‌ ഓൾ ഇന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്റെയും രൂപീകരണത്തിലും നേതൃപരമായ പങ്കാണ്‌ അവർ വഹിച്ചത്‌. സിപിഐ എമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗമായും അവർ പ്രവർത്തിക്കുകയുണ്ടായി. സമാനതകളില്ലാത്ത പോരാട്ടവീര്യത്തിന്റെയും അവകാശബോധത്തിന്റെയും പര്യായമാണ്‌ മല്ലു സ്വരാജ്യം. അവരുടെ ജീവിതകഥ 20–-ാംനൂറ്റാണ്ടിലെ തെലങ്കാനയുടെ സാമൂഹ്യ രാഷ്ട്രീയ ജീവിതത്തിന്റെ ചരിത്രംതന്നെയാണ്‌. ആ വീരവനിതയുടെ നിര്യാണത്തിൽ  ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top