29 May Monday

മനുഷ്യത്വവിഹീനർ

വെബ് ഡെസ്‌ക്‌Updated: Saturday Feb 24, 2018


കേരളത്തിൽ സംഭവിക്കാൻ പാടില്ലാത്തതാണ് അട്ടപ്പാടിയിൽ നടന്നത്. ഒരുകൂട്ടം ആളുകൾ നടത്തിയ കൊലപാതകം നടുക്കമുളവാക്കുന്നു. മാനസികാരോഗ്യപ്രശ്നമുള്ള, ആദിവാസി ഗോത്ര വിഭാഗത്തിൽപ്പെട്ട ഒരാളെ മോഷണം ആരോപിച്ച് ഒരുകൂട്ടരുടെ നീതിശാസ്ത്രത്തെ മുൻനിർത്തി അടിച്ചുകൊല്ലുകയെന്നത് പരിഷ്കൃത സമൂഹമെന്ന് അവകാശപ്പെടുന്ന കേരളത്തിന് ചേർന്നതല്ല. കുറ്റം ചാർത്തലും വിചാരണയും ശിക്ഷ നടപ്പാക്കലും ഭ്രാന്തൻചിന്തയുടെ അടിസ്ഥാനത്തിൽ നടപ്പാക്കിയെന്നത് തികച്ചും അപകടകരമായ പ്രവണതയാണ്. കേരളത്തിന്റെ സാമൂഹിക‐സാംസ്കാരിക മുന്നേറ്റങ്ങളെ കളങ്കപ്പെടുത്തുന്ന സംഭവമാണിത്. മധുവിനെ ഒരു മനുഷ്യനെന്ന പരിഗണനപോലും നൽകാതെ തല്ലിക്കൊന്നവരെ മാതൃകാപരമായി ശിക്ഷിക്കണം. സർക്കാരും പൊലീസും ഇതിനകം ഉണർന്നു പ്രവർത്തിച്ചുവെന്നതും കുറ്റക്കാരെ പിടികൂടിത്തുടങ്ങിയെന്നതും ആശ്വാസമേകുന്നതാണ്. കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ കെ ബാലനും വ്യക്തമാക്കിയിട്ടുണ്ട്. 

അട്ടപ്പാടിയിൽ മോഷണക്കുറ്റം ആരോപിച്ച് ഒരുകൂട്ടർ പിടികൂടി മർദിച്ച് പൊലീസിൽ ഏൽപിച്ച ആദിവാസി യുവാവ് കടുകുമണ്ണ ആദിവാസി ഊരിലെ മധു(27)വാണ് വ്യാഴാഴ്ച മരിച്ചത്. പലചരക്ക് കടയിൽനിന്ന് മോഷണം നടത്തിയെന്നാരോപിച്ച് ചിലർ സമീപത്തെ വനപ്രദേശത്തുനിന്ന് മധുവിനെ പിടികൂടുകയായിരുന്നു. രണ്ടു മണിക്കൂറോളം ഇവരുടെ കസ്റ്റഡിയിലുണ്ടായിരുന്ന മധുവിന് കഠിനമായ മർദനമേറ്റു. അവശനായ മധുവിനെ പിന്നീട്് പൊലീസിൽ ഏൽപ്പിച്ചു. മധുവിനെ പൊലീസ്വാഹനത്തിൽ അഗളിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.  ഇതിനിടെ മധു ഛർദിക്കുകയും ബോധം നഷ്ടപ്പെടുകയും ചെയ്തു. അഗളി ഗവ. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു

മധുവിനെ നാട്ടുകാർ മർദിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. അരിയും മല്ലിപ്പൊടിയും ഉൾപ്പെടെ ഭക്ഷണസാധനങ്ങൾ മോഷ്ടിച്ചുവെന്നാരോപിച്ചാണ് മധുവിനെ കെട്ടിയിട്ട് മർദിച്ചത്. മാനസികാസ്വാസ്ഥ്യമുള്ള മധു ഏറെക്കാലമായി വീടുവിട്ട് കാട്ടിലും പാറമടകളിലും കഴിയുകയാണ്. വീട്ടിലേക്ക് തിരിച്ചു കൊണ്ടുവരാൻ ശ്രമിച്ചാൽതന്നെ ഇയാൾ ഓടിയൊളിക്കുമായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഭക്ഷണം കഴിക്കാനായിമാത്രം എന്തെങ്കിലും എടുക്കുന്ന മധു പണമോ വിലപിടിപ്പുള്ള എന്തെങ്കിലുമോ എടുക്കാറില്ലെന്നും ബന്ധുക്കൾ പറയുന്നുണ്ട്. അമിതമായി വിശന്നിട്ടാകും ആ മനുഷ്യൻ കഴിഞ്ഞ ദിവസവും ഭക്ഷണസാധനങ്ങൾ എടുത്തിട്ടുണ്ടാവുക. മനുഷ്യത്വം മരവിച്ച സംഘം പക്ഷേ ആ വിശപ്പിന്റെ വേദന കണ്ടില്ല. അയാളുടെ കണ്ണുകളിലെ ദൈന്യം തിരിച്ചറിഞ്ഞില്ല. പട്ടിണികിടന്ന് അവശനായ മനുഷ്യൻ ജീവനുവേണ്ടി കേണപേക്ഷിച്ചിട്ടും അവർ ചെവിക്കൊണ്ടില്ല. വിശപ്പടക്കാൻ ഒരുപിടി ഭക്ഷണമെടുത്തയാളെ തല്ലിക്കൊല്ലുകയായിരുന്നു.     

ഉത്തരേന്ത്യയിലും മറ്റും ദളിതർക്കുനേരെ വലിയതോതിൽ ആക്രമണങ്ങൾ നടക്കുമ്പോൾ അഭിമാനത്തോടെ നാം പറയുമായിരുന്നു ഇവിടെ കേരള മണ്ണിൽ ഇതൊന്നും ഒരിക്കലും സംഭവിക്കില്ലെന്ന്.  രാജസ്ഥാനിൽ അഫ്രാസുളിന്റെ കൊലപാതകം ഞെട്ടലോടെയാണ് നമ്മൾ കേട്ടത്. ലൗ ജിഹാദിന്റെ പേരിൽ അഫ്രാസുളിനെ കൊലപ്പെടുത്തി മൃതദേഹം തീകൊളുത്തുന്നത് മൊബൈലിൽ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയെന്ന ഏറ്റവും ഹീനമായ സംഭവം നമ്മെ അമ്പരിപ്പിച്ചു. ഇവിടെയും മർദനമേറ്റ് അവശനായ മധുവിനൊപ്പം നിന്ന് സെൽഫിയെടുത്ത് പ്രചരിപ്പിക്കാനുള്ള മനുഷ്യത്വരാഹിത്യവും ചിലർ കാട്ടി. തമിഴ്നാട്ടിലും ഉത്തരേന്ത്യയിലും മറ്റും വ്യാപകമായി ദുരഭിമാനക്കൊലയും ന്യൂനപക്ഷ പീഡനങ്ങളും നടക്കുമ്പോൾ അത് നമ്മെ വേദനിപ്പിച്ചിട്ടുണ്ട്. കേരളത്തിലും ഇത്തരം സംഭവം ഉണ്ടാകുന്നുവെന്നത് അതീവ ഗുരുതരമായി കാണേണ്ടതാണ്. ആദിവാസികൾ, ദളിതർ, ലൈംഗികന്യൂനപക്ഷങ്ങൾ തുടങ്ങിയ അരികുവൽക്കരിക്കപ്പെട്ട ജനതയെ മനുഷ്യരായിപോലും കാണാൻ തയ്യാറാകാതെ അവഗണിക്കുകയും അവർക്കെതിരെ കടന്നുകയറുകയും ചെയ്യുന്ന സവർണ മനോഭാവമാണ് മധുവിന്റെ കൊലപാതകത്തിനുപിന്നിലും പ്രവർത്തിച്ചിട്ടുള്ളത്. നമ്മുടെ നാടിന്റെ ജനാധിപത്യബോധത്തിനും പ്രബുദ്ധതക്കും നീതിബോധത്തിനുംനേരെയുള്ള ആക്രമണമാണിത്.

മധുവിനുണ്ടായ അനുഭവം കേരളത്തിൽ മറ്റൊരാൾക്കും ഇനി ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത നാം കാണിക്കണം. ഈ ക്രൂരകൃത്യം നടത്തിയവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരികയും മാതൃകാപരമായി ശിക്ഷിക്കുകയും വേണം. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top