13 October Sunday

ധീരപോരാളിക്ക്‌ 
ശോണാഭിവാദനം

വെബ് ഡെസ്‌ക്‌Updated: Monday Sep 23, 2024


പതിനാറാം വയസ്സിൽ കാൾ മാർക്‌സിന്റെ ജീവചരിത്രം വായിച്ച്‌ കമ്യൂണിസത്തിലേക്ക്‌ ആകൃഷ്‌ടനായി പിന്നീട്‌ ഇന്ത്യയിലെ പ്രമുഖ ട്രേഡ്‌യൂണിയൻ–-കമ്യൂണിസ്‌റ്റ്‌ നേതാവായി വളർന്ന സഖാവ്‌ എം എം ലോറൻസ്‌ ഇനി മായാസ്‌മൃതി. എറണാകുളം മുളവുകാട്‌ ഗ്രാമത്തിലെ യാഥാസ്ഥിതിക ക്രിസ്‌ത്യൻ കുടുംബത്തിൽ പിറന്ന ലോറൻസ്‌ മാർക്‌സിസം –ലെനിനിസത്തിൽ അടിയുറച്ചുനിന്ന്‌ ജീവിതകാലംമുഴുവൻ തൊഴിലാളിവർഗത്തിന്റെ മോചനത്തിനായി പ്രവർത്തിച്ച നേതാവായിരുന്നു. വിദ്യാർഥിയായിരിക്കെത്തന്നെ ദേശീയ പ്രസ്ഥാനത്തിലും തുടർന്ന്‌ കമ്യൂണിസ്‌റ്റ്‌ പാർടിയിലുമെത്തി. കേരളത്തിൽ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനവും ട്രേഡ്‌യൂണിയനുകളും കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം  വഹിച്ച പങ്ക്‌ ചരിത്രത്താളുകളിലെ മായാമുദ്രയാണ്‌.

സാഹസികമായ ജനമുന്നേറ്റങ്ങളുടെ വാർത്തകൾ  വന്നുകൊണ്ടിരുന്ന കാലത്ത്‌ അതിൽനിന്നെല്ലാം ആവേശമുൾക്കൊണ്ടാണ്‌ സഖാവ്‌ കമ്യൂണിസ്റ്റ്  പ്രസ്ഥാനത്തിലേക്ക്‌ വരുന്നത്‌. അതുകൊണ്ടുതന്നെ ഏത്‌ എതിർപ്പുകൾക്കു മുന്നിലും പതർച്ചയില്ലാതെ ചെറുത്തു നിൽക്കാനും ജനങ്ങളെ അണിനിരത്താനും സഖാവിന്‌ കഴിഞ്ഞിട്ടുണ്ടെന്ന്‌ അദ്ദേഹത്തിന്റെ  ജീവിതം നമുക്ക്‌ പറഞ്ഞുതരുന്നുണ്ട്‌. എത്ര ഭീകരമായ മർദനവും അദ്ദേഹത്തെ തളർത്തിയില്ലെന്നു മാത്രമല്ല  അതെല്ലാം കൂടുതൽ ധീരനാക്കുകയും ചെയ്‌തു. ഇടപ്പള്ളി പൊലീസ്‌ സ്‌റ്റേഷൻ ആക്രമണക്കേസിൽ  ഏറ്റുവാങ്ങിയ അതിക്രൂരവും പൈശാചികവുമായ പൊലീസ്‌ മർദനം ഒന്നുമാത്രം മതി ലോറൻസിന്റെ കമ്യൂണിസറ്റ്‌ ധീരത അറിയാൻ.

1946ൽ കമ്യൂണിസ്‌റ്റ്‌ പാർടി അംഗമായ ലോറൻസ്‌ അവിഭക്‌ത കമ്യൂണിസ്‌റ്റ്‌ പാർടിയുടെ സെൽ സെക്രട്ടറിമുതൽ സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി, കേന്ദ്രകമ്മിറ്റി അംഗം, സിഐടിയു സംസ്ഥാന  ജനറൽ സെക്രട്ടറി, അഖിലേന്ത്യ വൈസ്‌ പ്രസിഡന്റ്‌,  ഇടുക്കിയിൽനിന്നുള്ള ലോക്‌സഭാംഗം, എൽഡിഎഫ്‌ കൺവീനർ എന്നീ നിലകളിലേക്ക്‌ ഉയർന്ന്‌ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ അനിഷേധ്യ നേതാവായി മാറി. ദേശാഭിമാനി നിരോധിച്ച കാലത്ത്‌ എറണാകുളത്തുനിന്ന്‌ പ്രസിദ്ധീകരിച്ച ‘നവലോക’ത്തിന്റെ ചുമതലക്കാരനായി.  ദേശാഭിമാനിയുടെ റിപ്പോർട്ടറായും വിതരണക്കാരനായും പ്രവർത്തിച്ചത്‌  എടുത്തുപറയേണ്ട മറ്റൊരുകാര്യമാണ്‌.

മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ കണ്ടുപിടിത്തം നടത്തിയത്‌ കാൾ മാർക്‌സാണെന്ന്‌ ലൂയി അൽത്തൂസർ ‘ലെനിൻ ആൻഡ്‌ ഫിലോസഫി’ എന്ന പുസ്‌തകത്തിൽ പറഞ്ഞിട്ടുണ്ട്‌. മനുഷ്യന്റെ സ്വന്തം ചരിത്രം വർഗസമരത്തിന്റെ ചരിത്രമാണെന്ന അറിവ്‌ മനുഷ്യന്‌ നൽകിയതാണ്‌ ആ കണ്ടുപിടിത്തം. എല്ലാമേഖലയിലും നിലനിൽക്കുന്ന ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും ആധിപത്യത്തിന്റേതുമായ സംവിധാനങ്ങളെയാണ്‌ വർഗസമര സിദ്ധാന്തത്തിലൂടെ മാർക്‌സ്‌ കാണിച്ചു തന്നത്‌. ഈ ധാരണ കൈവന്നതോടെ  മാർക്‌സിസം തൊഴിലാളി വർഗ പ്രസ്ഥാനങ്ങളുടെ,  വിപ്ലവപ്രസ്ഥാനങ്ങളുടെ  സൈദ്ധാന്തിക ആയുധമായി മാറി. മനുഷ്യൻ മനുഷ്യനെ ചൂഷണംചെയ്യുന്ന മുതലാളിത്ത വ്യവസ്ഥിതി മാറ്റി പുതിയ സോഷ്യലിസ്‌റ്റ്‌ സമൂഹം കെട്ടിപ്പടുക്കണമെങ്കിൽ സംഘടിത തൊഴിലാളിവർഗ ശക്‌തി ഉയർന്നുവരണം. അതിന്‌ തൊഴിലാളി വർഗത്തെ സൈദ്ധാന്തികമായി, ആശയപരമായി ആയുധവൽക്കരിക്കണം. ഈ വ്യക്‌തമായ ധാരണയോടെ തൊഴിലാളി വർഗത്തിന്റെ കരുത്തും സർഗാത്‌മകതയും വർധിപ്പിക്കാൻ പ്രവർത്തിച്ച രാജ്യത്തെ പ്രമുഖ ട്രേഡ്‌യൂണിയൻ നേതാവായിരുന്നു ലോറൻസ്‌. ഏഴുപതിറ്റാണ്ടിലേറെ നീണ്ട സജീവമായ പ്രവർത്തനത്തിനിടെ  എത്രയോ തൊഴിലാളി സംഘടനകൾക്ക്‌ അദ്ദേഹം രൂപം നൽകി. എത്രയെത്ര സമരങ്ങൾക്കും പണിമുടക്കുകൾക്കും  നേതൃത്വം നൽകി. ചെരുപ്പുകുത്തുന്നവർ, റിക്ഷാവണ്ടിത്തൊഴിലാളികൾ, തോട്ടിത്തൊഴിലാളികൾ, വള്ളത്തൊഴിലാളികൾ, ഭാരവണ്ടിത്തൊഴിലാളികൾ, ചുമട്ടുതൊഴിലാളികൾ, പാർസൽ തൊഴിലാളികൾ തുടങ്ങി നാനാമേഖലകളിൽ തൊഴിലാളി സംഘടനകൾക്ക്‌ തുടക്കമിട്ടു.  കൊച്ചിൻ പോർട്ട്‌ ലേബർ യൂണിയൻ, മത്സ്യത്തൊഴിലാളി ഫെഡറേഷൻ  എന്നിവയുടെ ഭാരവാഹിയായിരുന്നു.

ഇടപ്പള്ളി പൊലീസ്‌ സ്‌റ്റേഷൻ ആക്രമണക്കേസിൽ 22 മാസത്തോളം വിചാരണത്തടവുകാരനായി ജയിലിൽ കഴിഞ്ഞ സഖാവ്‌  ഇന്ത്യാ–-ചൈന യുദ്ധകാലത്തും അടിയന്തരാവസ്ഥക്കാലത്തും  ജയിലിലടയ്‌ക്കപ്പെട്ടു. ഇരുപതാം വയസ്സിലാണ്‌  ഇടപ്പള്ളി പൊലീസ് സ്‌റ്റേഷൻ ആക്രമണക്കേസിൽ  പ്രതിയാകുന്നത്‌. പൈശാചികമായ പൊലീസ്‌ മർദനത്തിന്റെ ഒരു ഘട്ടത്തിൽ  സഖാവ് മരിച്ചുപോയെന്നുവരെ കരുതിയതാണ്. ആ മർദന ചരിത്രം വായിക്കാനോ കേൾക്കാനോപോലും അസാമാന്യമായ മനക്കരുത്ത് വേണ്ടിവരും. അത്രമേൽ ഭീകരമായ മർദനമാണ് ലോക്കപ്പിൽ ലോറൻസ് അടക്കമുള്ളവർ ഏറ്റുവാങ്ങിയത്. മർദനംകൊണ്ട് കമ്യൂണിസ്റ്റുകാരുടെ മനോവീര്യം തകർത്ത് പ്രസ്ഥാനത്തെ തകർക്കാമെന്നായിരുന്നു അന്നത്തെ ഭരണാധികാരികളുടെ കണക്കുകൂട്ടൽ. ആ ധാരണ തിരുത്തിച്ചവരാണ് ലോറൻസ്‌ അടക്കമുള്ള  ഇടപ്പള്ളി കേസിലെ സഖാക്കൾ. ആദർശപരമായ അടിയുറപ്പും ലക്ഷ്യത്തെക്കുറിച്ചുള്ള ശുഭാപ്തി വിശ്വാസവുമാണ് ഏതു മർദനത്തിനു മുന്നിലും കമ്യൂണിസ്റ്റുകാരനെ വീറുറ്റവനാക്കുന്നത്. ഇടപ്പള്ളി സഖാക്കൾ പൊതുവിൽ ആ വീര്യം ഉയർത്തിപ്പിടിച്ചവരാണ്. അവസാനംവരെ, ഏതു പ്രതിസന്ധിയിലും ആ ധീരതയോടെതന്നെ അദ്ദേഹം മുന്നേറി. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകർക്കാൻ അന്നും ഇന്നും ഒരുപോലെ ശ്രമമുണ്ട്. ഇതിനായി ശ്രമിക്കുന്നവരോടെല്ലാമായി, ഇടപ്പള്ളി സംഭവത്തെക്കുറിച്ചുള്ള ഒരോർമക്കുറിപ്പിൽ ലോറൻസ് ഇങ്ങനെ പറയുന്നുണ്ട്. ‘‘മനുഷ്യവംശത്തിന്റെ നന്മ, സർവതോമുഖമായ പുരോഗതി മാത്രമാണ് കമ്യൂണിസ്റ്റുകാരുടെ ലക്ഷ്യം. അതുകൊണ്ട് തങ്ങളുടെ പ്രവർത്തനത്തിനിടയ്ക്ക് ഉണ്ടാകുന്ന വീഴ്ചകളെ അംഗീകരിക്കുന്നതിലും തുറന്നുപറഞ്ഞ് തിരുത്തി ശരിയായ നിലപാട് സ്വീകരിക്കുന്നതിലും ഭയപ്പാടില്ല. അങ്ങനെയുള്ള പ്രസ്ഥാനത്തെ എത്ര ശ്രമിച്ചാലും ആർക്കും തകർക്കാനാകില്ല.’’. ധീരനായ കമ്യൂണിസ്റ്റ്  പോരാളിക്ക്‌ ശോണാഭിവാദനങ്ങൾ...


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top