03 October Tuesday

ഇന്ധനവില വർധിപ്പിച്ച്‌ ജനങ്ങൾക്ക്‌ പ്രഹരം

വെബ് ഡെസ്‌ക്‌Updated: Friday Dec 4, 2020


മനുഷ്യരെ ജീവിക്കാൻ അനുവദിക്കില്ലെന്ന വാശിയിലാണ്‌ കേന്ദ്ര സർക്കാർ. സാധാരണക്കാരുടെ ജീവിതത്തെക്കുറിച്ച്‌ ഒട്ടും ഉൽക്കണ്ഠയില്ലാതെ കോവിഡ്‌കാലത്ത്‌ നിരന്തരം ഇന്ധനവില വർധിപ്പിക്കുന്നതും ജനവിരുദ്ധ നിയമങ്ങൾ നടപ്പാക്കുന്നതും കണ്ടാൽ അങ്ങനെ‌യാണ്‌ തോന്നുക. പെട്രോളിനും ഡീസലിനും പാചകവാതകത്തിനുമെല്ലാം കഴിഞ്ഞ ദിവസം വില വർധിപ്പിച്ചു. സബ്‌സിഡിയുള്ള പാചകവാതകത്തിന്‌ സിലിണ്ടറിന്‌ 50 രൂപയാണ്‌ ഒറ്റയടിക്ക്‌ കൂട്ടിയത്‌. പെട്രോളിന്‌ 15 പൈസയും ഡീസലിന്‌ 24 പൈസയും വർധിപ്പിച്ചതിനു പിന്നാലെയാണ്‌ പാചകവാതകത്തിലൂടെ സാധാരണക്കാരുടെ അടുക്കളയിൽ കൈവച്ചത്‌. കോവിഡ്‌ കാരണം തൊഴിലും കൂലിയുമില്ലാതെ പട്ടിണിയിലായ ജനങ്ങളെ കരുണയില്ലാതെ കടന്നാക്രമിക്കുകയാണ്‌‌ മോഡി സർക്കാർ.

ഇന്ധനവില വർധനയുടെ ഭാരമേറ്റ്‌ നട്ടെല്ല് തകർന്ന ജനതയാണ്‌ ഇന്ത്യക്കാർ. ഇന്ധന വിൽപ്പനയും നികുതിയുമെല്ലാം കേന്ദ്രം വലിയ വരുമാനമാർഗമാക്കിയിട്ട്‌ കാലമേറെയായി. ഇന്ധനവില നിശ്ചയിക്കാനുള്ള അധികാരം യുപിഎ സർക്കാർ എണ്ണക്കമ്പനികൾക്ക്‌ കൈമാറിയപ്പോൾ തുടങ്ങിയ കടന്നാക്രമണത്തിലൂടെ ലക്ഷക്കണക്കിനു കോടി രൂപയാണ്‌ സാധാരണക്കാരിൽനിന്ന്‌ കൊള്ളയടിച്ചത്‌. കോൺഗ്രസ്‌ തുടക്കമിട്ട നയം മോഡി സർക്കാർ ഏറ്റെടുത്തതോടെ വിലവർധന നിത്യസംഭവമായി. അന്താരാഷ്‌ട്ര വിപണിക്കനുസരിച്ച്‌ ദിവസേന വില വർധിപ്പിക്കാൻ തുടങ്ങി. അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡ്‌ ഓയിൽ വില കുറയുമ്പോൾ വില കുറയ്‌ക്കാതെ കണ്ണടച്ച് ഇരുട്ടാക്കുകയും അന്താരാഷ്‌ട്ര വിപണിയിൽ കൂടുമ്പോൾ ഒരു നിമിഷം കളയാതെ വില വർധിപ്പിക്കുകയുമാണ്‌ എണ്ണക്കമ്പനികൾ. കേന്ദ്ര സർക്കാരിന്റെ പൂർണ പിന്തുണയോടെയാണ്‌ ജനങ്ങൾക്കുമേലുള്ള ഈ ആക്രമണം. ഡോളറുമായുള്ള രൂപയുടെ മൂല്യം ഇടിഞ്ഞാലും‌ രായ്‌ക്ക്‌രാമാനം വില വർധിപ്പിക്കും. പാകിസ്ഥാനും ബംഗ്ലാദേശും ശ്രീലങ്കയുമടക്കമുള്ള അയൽരാജ്യങ്ങളേക്കാൾ എത്രയോ അധികമാണ്‌ ഇന്ത്യയിലെ ഇന്ധനവില. രാജ്യാഭിമാനം പറഞ്ഞ്‌ സ്വയം വൻശക്തി ചമയുന്ന മോഡി സർക്കാരിന്‌ അതിൽ നാണക്കേട്‌ തോന്നാറില്ല.

കോവിഡും ലോക്‌ഡൗണും കാരണം ദുരിതത്തിലായ മനുഷ്യരോട്‌ ഒട്ടും കാരുണ്യം കാണിക്കാത്ത കേന്ദ്ര സർക്കാരാണ് ഇത്‌. മുന്നറിയിപ്പില്ലാത്ത അടച്ചുപൂട്ടലിലൂടെ തൊഴിലാളികളെ കൊടുംപട്ടിണിയിലേക്ക്‌ വലിച്ചെറിഞ്ഞ സർക്കാർ. കോവിഡ്‌‌ പ്രതിസന്ധി നേരിടാൻ കേന്ദ്രം പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജുകൾ കോർപറേറ്റ്‌ കൺകെട്ടുവിദ്യകളായിരുന്നു. വായ്‌പ നൽകാൻ കൂടുതൽ പണം അനുവദിച്ചതും വായ്‌പാ തിരിച്ചടവിന്‌ മൊറട്ടോറിയം പ്രഖ്യാപിച്ചതുമെല്ലാം വെറും പ്രചാരണതന്ത്രമായിരുന്നുവെന്ന്‌ വൈകാതെ വ്യക്തമായി. കേന്ദ്രജീവനക്കാരുടെ ക്ഷാമബത്ത പിടിച്ചെടുക്കാൻ തുടങ്ങിയിട്ട്‌ മാസങ്ങളായി. പാചകവാതക സബ്‌സിഡി നിർത്തലാക്കിയിട്ട്‌ ആറു മാസം കഴിഞ്ഞു. സബ്‌സിഡി നിർത്തിയത്‌ ജനങ്ങളോട്‌ തുറന്നുപറയാൻപോലും കേന്ദ്രം തയ്യാറായില്ല. ഇത്തവണ വില വർധിപ്പിച്ചതോടെ പാചകവാതക വില പൂർണമായും എണ്ണക്കമ്പനികളുടെ തീരുമാനത്തിന്‌ വിട്ടുകൊടുത്തു കഴിഞ്ഞു. പാചകവാതക സബ്‌സിഡി ഇനി പ്രതീക്ഷിക്കേണ്ടെന്ന്‌ ചുരുക്കം. 

കോവിഡ്‌കാലം തൊഴിലാളി–- കർഷക വിരുദ്ധ നിയമനിർമാണത്തിനുള്ള സുവർണാവസരമായാണ്‌ മോഡി സർക്കാർ കണ്ടത്‌. പാർലമെന്റിൽ ചർച്ച ചെയ്യാതെ ബില്ലുകളായും ഓർഡിനൻസുകളായും നിരവധി നിയമം അടിച്ചേൽപ്പിച്ചു. തൊഴിലാളികളുടെ അടിസ്ഥാന അവകാശങ്ങൾ ഹനിക്കുന്ന നിയമങ്ങൾ നിമിഷങ്ങൾകൊണ്ടാണ്‌ അംഗീകരിച്ചത്‌. തൊഴിലാളികളെ പിരിച്ചുവിടാനും സ്ഥാപനം അടച്ചുപൂട്ടാനും ഉടമകൾക്ക്‌ അവകാശം നൽകിക്കഴിഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങൾ കോർപറേറ്റുകൾക്ക്‌ അടിയറവയ്‌ക്കുന്നു. വൈദ്യുതി, റെയിൽവേ അടക്കമുള്ള മേഖലകളിൽ സ്വകാര്യവൽക്കരണം വന്നുകഴിഞ്ഞു. ഇത്തരം തൊഴിലാളിവിരുദ്ധ നടപടികൾക്കെതിരായ പ്രക്ഷോഭത്തിന്റെ പുതിയ ഘട്ടമായിരുന്നു നവംബർ 26ന്‌ നടന്ന ദേശീയ പണിമുടക്ക്‌. കാർഷികരംഗം കുത്തകകൾക്ക്‌ തുറന്നുകൊടുക്കുന്നതിനെതിരെ രാജ്യതലസ്ഥാനത്ത്‌‌ കർഷകർ നടത്തുന്ന ധീരോദാത്തമായ പോരാട്ടത്തിൽ മോഡി സർക്കാർ വിറകൊള്ളുകയാണ്‌. സംഘപരിവാറിന്റെ മനുഷ്യവിരുദ്ധ നയങ്ങൾക്കെതിരെ കർഷകർക്കും തൊഴിലാളികൾക്കുമൊപ്പം ജനങ്ങളാകെ പ്രക്ഷോഭത്തിലേക്ക്‌ നീങ്ങിക്കഴിഞ്ഞു.

പ്രതിസന്ധികളിൽ മനുഷ്യരെ ചേർത്തുപിടിച്ച്‌ ലോകത്തിന്‌ മാതൃകയായി കൊച്ചുകേരളം വേറിട്ട്‌ നിൽക്കുകയാണ്‌. കോവിഡ്‌കാലത്ത്‌ ഭക്ഷ്യധാന്യങ്ങൾ വിതരണംചെയ്‌ത്‌ ജനങ്ങളെ പട്ടിണിയിൽനിന്ന്‌ കാത്തുരക്ഷിച്ച എൽഡിഎഫ്‌ സർക്കാർ. വീടും ഭൂമിയും ക്ഷേമ പെൻഷനും നൽകി മനുഷ്യരുടെ ഹൃദയത്തിൽതൊട്ട സർക്കാർ. ഇന്ധനവില വർധിപ്പിച്ചതടക്കമുള്ള സംഘപരിവാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ പോരാട്ടം കേരളത്തിലെ ജനപക്ഷ സർക്കാരിനെ സംരക്ഷിക്കാനുള്ളതുകൂടിയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top