23 March Thursday

അസഹിഷ്ണുതയുടെ രാഷ്ട്രീയം മനുഷ്യനെ കത്തിക്കുമ്പോള്‍

വെബ് ഡെസ്‌ക്‌Updated: Saturday Dec 9, 2017

അസഹിഷ്ണുത കൊടികുത്തി വാഴുകയാണ്. ഒരേ ദിവസം രാജസ്ഥാനിലും മഹാരാഷ്ട്രയിലുംനിന്ന് വന്ന രണ്ടു വാര്‍ത്ത നരേന്ദ്ര മോഡി ഭരിക്കുന്ന ഇന്ത്യയുടെ വര്‍ത്തമാനകാലം എത്രതന്നെ ഭീകരവും ഭീതിജനകവുമാണെന്നതിന്റെ ചുവരെഴുത്തുകളാണ്. ലൌ ജിഹാദ് ആരോപിച്ച് ഒരു മനുഷ്യനെ മഴുകൊണ്ട് ആക്രമിച്ചു വീഴ്ത്തി പച്ചയ്ക്ക് കത്തിച്ചതാണ് ആദ്യ വാര്‍ത്ത. അസഹിഷ്ണുത കാരണം രാജ്യം ലജ്ജിച്ച് തല താഴ്ത്തുന്നുവെന്ന് മുംബൈ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിന് തുറന്ന കോടതിയില്‍ പറയേണ്ടി വന്നതാണ് രണ്ടാമത്തെ വാര്‍ത്ത.

ഹിന്ദുത്വശക്തികള്‍ ഇടവേളയില്ലാതെ തുടരുന്ന വര്‍ഗീയവിദ്വേഷ പ്രചാരണത്തിന്റെ പ്രതിഫലനമാണ് ഈ രണ്ടു വാര്‍ത്തയും. രാജസ്ഥാനില്‍ വര്‍ഗീയവിദ്വേഷ ആക്രമണങ്ങള്‍ക്ക് താങ്ങും തണലുമായി വസുന്ധര രാജെ സര്‍ക്കാര്‍ നിലകൊള്ളുന്നു. മുസ്ളിങ്ങളെ അടിച്ചും വെട്ടിയും കൊല്ലുകയാണ്. ഗോരക്ഷകരെന്ന് അവകാശപ്പെടുന്ന സംഘങ്ങള്‍ ക്ഷീരകര്‍ഷകരായ പെഹ്ലു ഖാനെയും ഉമര്‍ ഖാനെയും കൊലപ്പെടുത്തിയതിനു പിന്നാലെയാണ് ലൌ ജിഹാദിന്റെ പേരിലുള്ള അരുംകൊല.

ബിജെപിയുടെ സമുന്നത നേതാവാണ് വസുന്ധര രാജെ. അവര്‍ ഭരിക്കുന്ന രാജസ്ഥാനില്‍ ഹിന്ദുപെണ്‍കുട്ടിയെ പ്രണയിച്ച 'കുറ്റത്തിനാണ്' മുസ്ളിം യുവാവിനെ അരുംകൊലചെയ്തത്. കൊന്നിട്ടും പക തീരാതെ കൊലപാതകദൃശ്യം ക്യാമറയില്‍ പകര്‍ത്തി വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. പശ്ചിമ ബംഗാളിലെ മാള്‍ദ സ്വദേശിയായ മുഹമ്മദ് അഫ്റസുല്‍ രാജസ്ഥാനിലെ രാജ്സമന്തില്‍ കരാര്‍ തൊഴിലാളിയായി ജീവിക്കുകയായിരുന്നു. ജോലിയുണ്ടെന്നു പറഞ്ഞ് അഫ്റസുലിനെ മറ്റൊരു സ്ഥലത്തെത്തിച്ചാണ് കൊലപ്പെടുത്തിയത്.

കൊലക്കുറ്റത്തിന് ശംഭുലാല്‍ എന്ന വ്യക്തി പിടിയിലായിട്ടുണ്ട്. അയാളുടെ സഹോദരിയുമായി അഫ്റസുലിന് പ്രണയബന്ധമുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതിന്റെ പേരിലുള്ള ലൌ ജിഹാദ് കൊലപാതകമാണെന്നാണ് പൊലീസ് വിശദീകരണം. രാജസ്ഥാന്‍ മന്ത്രിതന്നെ ഈ അരുംകൊലയ്ക്കു പിന്നില്‍ വര്‍ഗീയലക്ഷ്യമാണെന്ന് തുറന്നുപറഞ്ഞിട്ടുണ്ട്. കൊല്ലുകയും കൊലപാതകരംഗം കാട്ടി ഇതൊരു മുന്നറിയിപ്പാണെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ്. ഈ അവസ്ഥ രാജസ്ഥാനില്‍ ഒതുങ്ങുന്നതല്ല. മുംബൈ ഹൈക്കോടതി അതിന്റെ തീവ്രതയാണ് വരച്ചുകാട്ടുന്നത്.

കലാകാരന്മാര്‍ക്കെതിരായ പരസ്യഭീഷണികളും അഭിപ്രായം പറയുന്നവര്‍ക്കുനേരെയുള്ള ആക്രമണങ്ങളുംമൂലം രാജ്യത്തിന് ലജ്ജിച്ച് തല താഴ്ത്തേണ്ടിവരുന്നു എന്നാണ് ധാബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ വധവുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കവെ ജസ്റ്റിസുമാരായ എസ് സി ധര്‍മാധികാരി, ഭാരതി ഡോംഗ്രെ എന്നിവര്‍ മുംബൈ ഹൈക്കോടതിയില്‍ തുറന്നടിച്ചത്. ജസ്റ്റിസ് ധര്‍മാധികാരി ഇങ്ങനെ വിശദമാക്കുന്നു: 'ആളുകള്‍ക്ക് അഭിപ്രായം തുറന്നു പറയാന്‍ കഴിയാത്ത സാഹചര്യത്തിലേക്കാണ് രാജ്യം എത്തിയിരിക്കുന്നത്. തനിക്ക് സ്വന്തമായ അഭിപ്രായമുണ്ടെന്ന് ഒരാള്‍ പറയുമ്പോള്‍ അത് അനുവദിക്കില്ലെന്ന് ചില വ്യക്തികളോ തീവ്ര സംഘങ്ങളോ പറയുന്നു. ഇത് രാജ്യത്തിന് നല്ലതല്ല.'

മറ്റേതെങ്കിലും രാജ്യത്ത് കലാകാരന്മാര്‍ക്കെതിരെ ഇത്തരത്തില്‍ ഭീഷണിയുണ്ടോ എന്നാണ് കോടതി ആരായുന്നത്. ഒരു നടിയെ വധിച്ചാല്‍ പാരിതോഷികം നല്‍കുമെന്നു പറയുന്നതില്‍ ചില ആളുകള്‍ അഭിമാനിക്കുന്നു. തങ്ങളുടെ സംസ്ഥാനങ്ങളില്‍ സിനിമയുടെ റിലീസ് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രിമാര്‍ പറയുന്നു. സമ്പന്നരുടെ സ്ഥിതി ഇതാണെങ്കില്‍ മറ്റുള്ളവരുടെ അവസ്ഥ എന്തായിരിക്കുമെന്ന കൃത്യമായ ചോദ്യം നീതിപീഠത്തില്‍നിന്ന് ഉയരുകയാണ്. ധാബോല്‍ക്കര്‍, പന്‍സാരെ കേസുകള്‍ അന്വേഷിക്കുന്നവരെ വിളിച്ചുവരുത്തേണ്ട സമയം അതിക്രമിച്ചു എന്നാണ് കോടതിയുടെ വാക്കുകള്‍.

2013ല്‍ ധാബോല്‍ക്കറും 2015ല്‍ പന്‍സാരെയും കൊല്ലപ്പെട്ടതാണ്. മുഖ്യപ്രതികളെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിഞ്ഞിട്ടില്ല. അന്വേഷണത്തില്‍ പുരോഗതിയില്ലെന്നത് ഏതെങ്കിലും ഉദ്യോഗസ്ഥനെ അലട്ടുന്നുണ്ടോ എന്നതാണ് കോടതിയുടെ ചോദ്യം. യുക്തിചിന്തകളോ അഭിപ്രായങ്ങളോ വെളിപ്പെടുത്തുന്നവര്‍ക്കെതിരെയുള്ള തുറന്ന ആക്രമണമാണ് ഈ രണ്ടു കൊലപാതകവും എന്ന ശരിയായ നിഗമനമാണ് കോടതിയുടേത്. ധാബോല്‍ക്കറുടെയും പന്‍സാരെയുടെയും മാത്രല്ല, കലബുര്‍ഗിയുടെയും ഗൌരി ലങ്കേഷിന്റെയും ഘാതകരും സ്വൈരവിഹാരത്തിലാണ്. ആരെയും പിടിച്ചിട്ടില്ല. നാലു കൊലപാതകത്തിനും പൊതുവായ ചിലതുണ്ട്. കൊലപാതകരീതി സമാനമായിരുന്നു എന്നതു മാത്രമല്ല അത്. കൊല്ലപ്പെട്ട നാലുപേരും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ നിശിത വിമര്‍ശകരായിരുന്നു എന്നതാണത്.

അന്വേഷണം ആ വഴിക്ക് പോകുന്നില്ല. കൊലപാതകങ്ങള്‍ തുടരുന്നു. കേസുകള്‍ നീണ്ടുനീണ്ട് പോകുന്നു. ഹൈക്കോടതി ചീഫ് ജസ്റ്റിസിനെപ്പോലും നീതിപീഠത്തെ വിലയ്ക്കു വാങ്ങാനുള്ള ഏജന്റാക്കി മാറ്റുംവിധം ജീര്‍ണിച്ച ഭരണ രാഷ്ടീയ നേതൃത്വമാണ് ഇന്ന് ഇന്ത്യയുടേത്. അതിന്റെ നേതൃത്വം സൃഷ്ടിക്കുന്ന സാമൂഹ്യ പശ്ചാത്തലമാണ് വെട്ടിക്കൊന്ന് ചുട്ടുകരിച്ച് ആ രംഗം ആഘോഷിക്കുന്നവന് ഇന്ധനം പകരുന്നത്. ഈ നാടിനെ രക്ഷിക്കാനും ജനതയ്ക്ക് സുരക്ഷാകവചമൊരുക്കാനും പ്രതിജ്ഞാബദ്ധതയോടെ രംഗത്തിറങ്ങാനുള്ള ആഹ്വാനമാണ് ഈ അനുഭവങ്ങളില്‍ മുഴങ്ങുന്നത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top