27 June Monday

ഇനി ആകാംക്ഷയുടെ നിമിഷങ്ങൾ

വെബ് ഡെസ്‌ക്‌Updated: Tuesday May 21, 2019

പതിനേഴാമത് ലോക‌്സഭയിലേക്കുള്ള വേട്ടെടുപ്പ് ഞായറാഴ്ചയോടെ പൂർത്തിയായി. ഇനി മെയ് 23ന് വേട്ടെണ്ണുന്നതുവരെയും ആകാംക്ഷയുടെ നിമിഷങ്ങളാണ്. ആരു ജയിക്കുമെന്നതു മാത്രമല്ല രാജ്യത്തിന്റെ ഭാവിയെന്താകുമെന്നതും ഈ ആകാംക്ഷയ‌്ക്ക് കാരണമാണ്. ലോകത്തിലെതന്നെ ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് ഇന്ത്യയിലേത്. 90 കോടി വോട്ടർമാരിൽ 67.37 ശതമാനം പേർ ഇക്കുറി പോളിങ് ബൂത്തിലെത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ ഒരു ശതമാനം പോളിങ് കൂടുതലാണ് രേഖപ്പെടുത്തിയത്. 542 മണ്ഡലത്തിലായി 8049 പേരാണ് മത്സരിച്ചത്. തമിഴ്നാട്ടിലെ വെല്ലൂരിൽ മാത്രമാണ് പോളിങ് നിർത്തിവച്ചത്. ലോക‌്സഭാ തെരഞ്ഞെടുപ്പിനൊപ്പം ആന്ധ്രപ്രദേശിലും അരുണാചൽപ്രദേശിലും സിക്കിമിലും ഒഡിഷയിലും നിയമസഭാ തെരഞ്ഞെടുപ്പും നടക്കുകയുണ്ടായി. 

പതിനൊന്ന് ആഴ്ചയോളം നീണ്ടുനിൽക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയായിരുന്നു ഇക്കുറി. മാർച്ച് 10 നാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതും. ഏപ്രിൽ 11 നായിരുന്നു ആദ്യഘട്ടം വോട്ടെടുപ്പ്. മെയ് 19 ന് അവസാനഘട്ടവും. ഏറ്റവും കൂടുതൽ വോട്ടിങ് ശതമാനത്തിൽ വർധന ഉണ്ടായത് മധ്യപ്രദേശിലാണ്. പത്ത് ശതമാനത്തോളം വർധനയാണ് ഇവിടെ രേഖപ്പെടുത്തിയത്. എന്നാൽ, ജമ്മു കശ‌്മീരിലാണ് ഏറ്റവും കുറവ് വോട്ട് രേഖപ്പെടുത്തിയത്. 25 ശതമാനത്തിലും താഴെ. 80–-90 ദിവസം അഥവാ മൂന്നുമാസത്തോളം നീളുന്ന തെരഞ്ഞെടുപ്പ് പ്രക്രിയ ആവശ്യമാണോ എന്ന ചർച്ച പലകോണുകളിൽനിന്നും ഉയരുന്നുണ്ട്.

ജനാധിപത്യ ഉത്സവമാണ് തെരഞ്ഞെടുപ്പ് എന്നാണ് പൊതുവെ പറയാറുള്ളത്. എന്നാൽ, ഈ ഉത്സവത്തിന്റെ നിറംകെടുത്തുന്ന ഒട്ടനവധി സംഭവങ്ങൾ ഇക്കുറി തെരഞ്ഞെടുപ്പിലുണ്ടായി. അതിൽ ഏറ്റവും പ്രധാനം തെരഞ്ഞെടുപ്പ് കമീഷന്റെ നിഷ‌്പക്ഷതയെക്കുറിച്ച് ഉയർന്നുവന്ന സംശയങ്ങളാണ്.  സ്വതന്ത്രവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തേണ്ട തെരഞ്ഞെടുപ്പ് കമീഷൻതന്നെ പക്ഷപാതിത്വത്തോടെ പെരുമാറിയെന്നതാണ് പൊതുവെ ഉയർന്നുവന്ന ആക്ഷേപം. ഏഴ് ഘട്ടമായുള്ള തെരഞ്ഞെടുപ്പ് പ്രക്രിയപോലും പ്രധാനമന്ത്രിയുടെ സുഗമമായ പ്രചാരണത്തിന് വഴിയൊരുക്കുന്നതിനു വേണ്ടിയാണെന്ന‌് ആരോപണമുയർന്നു. മാത്രമല്ല, വോട്ടിനായി മോഡിയും അമിത് ഷായും മറ്റും സൈന്യത്തെ ഉപയോഗിച്ചപ്പോഴും വർഗീയവികാരം ഇളക്കിവിടുന്നതിനായി രക്തസാക്ഷികളുടെ പേര് ഉപയോഗിച്ചപ്പോഴും രാഷ്ട്രീയ നേതൃത്വത്തിനെതിരെ വ്യക്തിപരമായ ആരോപണങ്ങൾ ഉന്നയിച്ചപ്പോഴും തെരഞ്ഞെടുപ്പ് കമീഷൻ നടപടികളൊന്നും കൈക്കൊണ്ടില്ല. മോഡിക്കെതിരെമാത്രം ഒരു ഡസനോളം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘന പരാതികൾ ഉണ്ടായിട്ടും അതിൽ ഒന്നിൽപോലും നടപടി കൈക്കൊള്ളാൻ സുനിൽ അറോറയുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് കമീഷൻ തയ്യാറായില്ല.

അവസാനം തെരഞ്ഞെടുപ്പ് കമീഷൻ അംഗംതന്നെ പക്ഷപാതപരമായ ഈ നിലപാടിനെതിരെ രംഗത്തുവന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘന പരാതികൾ പരിഗണിക്കുന്ന തെരഞ്ഞെടുപ്പ് കമീഷൻ യോഗങ്ങളിൽനിന്ന‌് വിട്ടുനിൽക്കാൻപോലും ഈ കമീഷൻ അംഗം തീരുമാനിക്കുകയുണ്ടായി. മുൻ കേസുകളിൽ തനിക്കുള്ള വ്യത്യസ‌്ത അഭിപ്രായം തെരഞ്ഞെടുപ്പ് കമീഷന്റെ അന്തിമ ഉത്തരവിൽ ഉൾപ്പെടുത്താത്തതാണ് അശോക് ലവാസയുടെ പ്രതിഷേധത്തിന് കാരണം. തെരഞ്ഞെടുപ്പ് കമീഷൻ നേരത്തെയും തെറ്റുകൾ ചെയ‌്തിട്ടുണ്ടെങ്കിലും അതിന്റെ വിശ്വാസ്യത കളഞ്ഞുകുളിക്കുന്ന രീതിയിൽ പരസ്യമായ പക്ഷപാതിത്വപ്രകടനം ഇപ്പോഴാണുണ്ടായിട്ടുള്ളത്. രാഷ്ട്രപിതാവിന്റെ ഘാതകനാണ് യഥാർഥ ദേശസ‌്നേഹിയെന്ന ബിജെപി സ്ഥാനാർഥിയുടെ പ്രഖ്യാപനമുണ്ടായിട്ടും അത് കേട്ടില്ലെന്ന് നടിക്കുകയായിരുന്നു തെരഞ്ഞെടുപ്പ് കമീഷൻ. ഭീകരവാദക്കേസിലെ പ്രതിയെ സ്ഥാനാർഥിയാക്കി തെരഞ്ഞെടുപ്പ് പ്രക്രിയയെത്തന്നെ അപഹസിക്കുന്ന നടപടി കേന്ദ്ര ഭരണകക്ഷിയിൽനിന്നും പ്രധാനമന്ത്രിയിൽനിന്നും ഉണ്ടായി എന്നതും ഈ തെരഞ്ഞെടുപ്പിന്റെ നിറംകെടുത്തുന്നു. 

ഏറ്റവും അവസാനമായി നരേന്ദ്ര മോഡി മത്സരിക്കുന്ന വാരാണസി പോളിങ് ബൂത്തിലേക്ക് പോകുന്നതിന് തൊട്ടുമുമ്പ് കേദാർനാഥ്, ബദരീനാഥ് ക്ഷേത്രങ്ങൾ സന്ദർശിക്കാനും തെരഞ്ഞെടുപ്പ് കമീഷൻ മോഡിക്ക് അനുമതി നൽകി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ മോഡി നടത്തിയ സന്ദർശനത്തെക്കുറിച്ച് വിമർശനമുയർന്നപ്പോൾ മോഡി തന്നെയാണ് തെരഞ്ഞെടുപ്പ് കമീഷന്റെ അനുമതിയോടെയാണ് തന്റെ സന്ദർശനം എന്നറിയിച്ചത്. വോട്ട് ലക്ഷ്യമാക്കിയുള്ള മോഡിയുടെ തീർഥാടനത്തിനാണ് മതനിരപേക്ഷ ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമീഷൻതന്നെ അനുമതി നൽകുന്നത്. ഇങ്ങനെ ഏതർഥത്തിൽ നോക്കിയാലും  തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യത നഷ്ടപ്പെട്ട തെരഞ്ഞെടുപ്പാണിത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top