29 March Wednesday

സമ്പൂർണ വിജയത്തിന‌് വിരലമർത്താം

വെബ് ഡെസ്‌ക്‌Updated: Tuesday Apr 23, 2019


പതിനേഴാം ലോക‌്സഭാ തെരഞ്ഞെടുപ്പ‌ിന്റെ മൂന്നാംഘട്ടം വിധിയെഴുത്തിൽ സവിശേഷപ്രാധാന്യത്തോടെ രാജ്യം ഉറ്റുനോക്കുന്ന സംസ്ഥാനമാണ‌് കേരളം. ഇടതുപക്ഷത്തിന‌് നിർണായക സ്വാധീനമുള്ള സംസ്ഥാനമെന്ന നിലയിൽ സീറ്റുകളുടെ എണ്ണത്തിൽ കവിഞ്ഞ രാഷ്ട്രീയ പ്രധാന്യമാണ‌് കേരളത്തിന‌് വന്നുചേർന്നിട്ടുള്ളത‌്. ജനാധിപത്യ –- മതേതര സങ്കൽപ്പങ്ങളെ തകിടംമറിച്ച‌് മതവർഗീയതയ‌്ക്ക‌് പരവതാനി വിരിച്ച അഞ്ചുകൊല്ലത്തെ മോഡി ഭരണം അവസാനിപ്പിച്ച‌് ബദൽ സർക്കാർ കേന്ദ്രത്തിൽ ഉയർന്നുവരുമെന്ന ശുഭപ്രതീക്ഷയിലാണ‌് രാജ്യം. വിവിധ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തുമ്പോൾ ബിജെപിക്കും എൻഡിഎ സഖ്യത്തിനും കേവലഭൂരിപക്ഷം എത്തിപ്പിടിക്കാനാകില്ലെന്ന‌് ഉറപ്പിച്ചുപറയാനാകും.

തനിച്ചു സ്വാധീനം തെളിയിക്കണമെന്ന ദുർവാശിയിൽ യുപി , ബംഗാൾ, ഡൽഹി ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളിലും കോൺഗ്രസ‌് പാലം വലിച്ചില്ലായിരുന്നെങ്കിൽ ബിജെപി സഖ്യത്തിന്റെ പതനം കൂടുതൽ ആഴത്തിലാകുമായിരുന്നു. നിഷേധാത്മകനിലപാട‌് കാരണം നിലവിലുള്ള 44 സീറ്റിൽനിന്ന‌് ഏറെയൊന്നും മുന്നോട്ടുപോകാൻ കോൺഗ്രസിന‌് സാധിക്കില്ലെന്ന‌് വ്യക്തമായിക്കഴിഞ്ഞു. കാലങ്ങളായി വിവിധ സംസ്ഥാനങ്ങളിൽ ഭരണം കൈയാളുകയും പ്രമുഖ പ്രതിപക്ഷമായി പ്രവർത്തിക്കുയും ചെയ്യുന്ന പ്രദേശിക, ജനാധിപത്യ , മതേതര കക്ഷികളുടെ സഖ്യമാണ‌് രാജ്യത്തിന്റെ ഭരണ നേതൃത്വത്തിലേക്ക‌് ഉയർന്നുവരാൻ സാധ്യത തെളിയുന്നത‌്. ഈ കക്ഷികളെ ദേശീയ പ്ലാറ്റ‌്ഫോമിൽ അണിനിരത്തുന്നതിൽ ഇടതുപക്ഷ കക്ഷികൾക്കുള്ള പങ്ക‌് നിർണായകമായരിക്കും. പുതുതായി രൂപീകൃതമാകുന്ന ലോക‌്സഭയിൽ ഇടതുപക്ഷ കക്ഷികൾക്കുള്ള ഉയർന്നഅംഗബലമായിരിക്കും പുതിയ മതനിരപേക്ഷ സർക്കാരിന്റെ സ്ഥിരതയ‌്ക്കുള്ള ഏറ്റവും വലിയ ഉറപ്പ‌്. ജനകീയതാൽപ്പര്യവും ദേശീയ കാഴ‌്ചപ്പാടും മുറകെപ്പിടിച്ച‌് ഒരു പൊതുമിനിമം പരിപാടിക്കുകീഴിൽ വിവിധ കക്ഷികളെ അണിനിരത്തുന്നതിൽ ഇടതുപക്ഷത്തിന്റെ പങ്ക‌് എല്ലാവരും ഉറ്റുനോക്കുന്നുണ്ട‌്. ഇവിടെയാണ‌് കേരള ജനവിധിയുടെ പ്രാധാന്യത്തിന‌് അടിവരയിടേണ്ടത‌്.

ഇടതുപക്ഷത്തിന‌് സംസ്ഥാനാടിസ്ഥാനത്തിൽ വിശാലമായ ജനകീയ അടിത്തറയുള്ള മറ്റ‌് രണ്ട‌് സംസ്ഥാനങ്ങൾ ബംഗാളും ത്രിപുരയുമാണ‌്. ഇരുസംസ്ഥാനങ്ങളിലും തൃണമൂൽ , ബിജെപി ഭീകരതയെ അതിജീവിച്ച‌് ഇത്തവണ മെച്ചപ്പെട്ട വിജയം ഇടതുപക്ഷം നേടുമെന്ന ചിത്രമാണ‌് ദേശീയമാധ്യമങ്ങളിൽ തെളിയുന്നത‌്. പ്രധാന സഖ്യങ്ങളുടെ ഭാഗമായി തമിഴ്‌നാട്‌, ബിഹാർ ,ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലും കൂടതൽ ഇടതുപക്ഷ പ്രതിനിധികൾ ജയിച്ചുവരും. ഈ സാധ്യതകൾക്കെല്ലാമപ്പുറം മുഴുവൻ സീറ്റുകളിലും ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രതീക്ഷയർപ്പിക്കുന്ന ഏക സംസ്ഥാനമാണ‌് കേരളം. 20 സീറ്റിലും ഇടതുപക്ഷം വിജയപ്രതീക്ഷ പുലർത്തുന്നത‌് കേവലം ശുഭചിന്തയല്ല; വസ‌്തുനിഷ‌്ഠ യാഥാർഥ്യങ്ങളുടെ പുറത്താണ‌്.

കഴിഞ്ഞ മുന്നുവർഷമായി കേരളം ഭരിക്കുന്ന ഇടതുജനാധിപത്യമുന്നണി സർക്കാരിന‌് ഏറ്റെടുക്കേണ്ടിവന്ന വെല്ലുവിളികൾ കുറച്ചൊന്നുമല്ല. ഉമ്മൻചാണ്ടി സർക്കാർ കുഴച്ചുമറിച്ച കേരളത്തെ നേരെയാക്കാൻ പിണറായി സർക്കാർ അവിശ്രമം പ്രവർത്തിക്കുന്നതിനിടയിലാണ‌് മോഡിഭരണം നോട്ടുനിരോധനവും ജിഎസ‌്ടിയും വഴി കേരളത്തെയും ശിക്ഷിച്ചത‌്. അതിനിടയിൽ ഓഖിയും നിപായും പ്രളയവും വിതച്ച ദുരന്തങ്ങൾ. എല്ലാറ്റിനെയും നെഞ്ചുറപ്പോടെ കേരളം നേരിട്ടു

കഴിഞ്ഞ മുന്നുവർഷമായി കേരളം ഭരിക്കുന്ന ഇടതുജനാധിപത്യമുന്നണി സർക്കാരിന‌് ഏറ്റെടുക്കേണ്ടിവന്ന വെല്ലുവിളികൾ കുറച്ചൊന്നുമല്ല. ഉമ്മൻചാണ്ടി സർക്കാർ കുഴച്ചുമറിച്ച കേരളത്തെ നേരെയാക്കാൻ പിണറായി സർക്കാർ അവിശ്രമം പ്രവർത്തിക്കുന്നതിനിടയിലാണ‌് മോഡിഭരണം നോട്ടുനിരോധനവും ജിഎസ‌്ടിയും വഴി കേരളത്തെയും ശിക്ഷിച്ചത‌്. അതിനിടയിൽ ഓഖിയും നിപായും പ്രളയവും വിതച്ച ദുരന്തങ്ങൾ. എല്ലാറ്റിനെയും നെഞ്ചുറപ്പോടെ കേരളം നേരിട്ടു. മഹാപ്രളയം തകർത്ത കേരളത്തെ പുനർനിർമിക്കാൻ എൽഡിഎഫ‌് സർക്കാർ ഇച്ഛാശക്തിയോടെ മുന്നിട്ടിറങ്ങിയപ്പോൾ കേന്ദ്രവും സംസ്ഥാന പ്രതിപക്ഷവും ഒരുപോലെ വഴിമുടുക്കി. നല്ലവരായ ജനങ്ങൾ സ്വന്തം വരുമാനത്തിന്റെ ഒരു പങ്ക‌് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌് നൽകിയതിനാൽ ഈ പ്രതിസന്ധി തൽക്കാലം മറികടക്കാനായി. കൂടുതൽ വിഭവസമാഹരണത്തിന‌് പരിശ്രമങ്ങൾ തുടരുകയാണ‌്. അതിനിടെയാണ‌് ശബരിമല യുവതീപ്രവേശത്തിന് സുപ്രീംകോടതിവിധി അനുമതി നൽകിയത‌്. ഇതിന്റെപേരിൽ സംസ്ഥാന സർക്കാരിനെതിരെ വിശ്വാസികളെ ഇളക്കിവിട്ട‌് കലാപം സൃഷ്ടിക്കാനുള്ള ബിജെപി –യുഡിഎഫ‌് സംയുക്തനീക്കത്തിനും പരിഹാസ്യമായ അന്ത്യമാണുണ്ടായത‌്. ഏറ്റവുമൊടുവിൽ അടിസ്ഥാന പശ്ചാത്തല വികസനത്തിന‌് കിഫ‌്ബിവഴി വിദേശത്തുനിന്ന‌് വിഭവസമാഹരണം നടത്തുന്നതിനെയും യുഡിഎഫ‌് വിവാദമാക്കാൻ നോക്കി. ഇതൊക്കെ തെരഞ്ഞെടുപ്പിൽ ചർച്ചയാകുന്നത‌്

സ്വാഭാവികം. എന്നാൽ, ഒരു ദേശീയ തെരഞ്ഞെടുപ്പിൽ, അതും ഫാസിസത്തിന്റെ സകല ലക്ഷണങ്ങളും പ്രകടിപ്പിച്ച മോഡി സർക്കാരിനെ വിചാരണചെയ്യേണ്ട സന്ദർഭത്തിൽ കേരളത്തിലെ പ്രതിപക്ഷം എന്തു ക്രിയാത്മകമായ ചർച്ചയാണ‌് മുന്നോട്ടുവച്ചതെന്ന ചോദ്യം വോട്ടർമാരുടെ മുന്നിലുണ്ട‌്. ശബരിമലയും അക്രമ വായ‌്ത്താരിയും തങ്ങളുടെ രക്ഷയ‌്ക്കെത്തുമെന്ന വിശ്വാസമാണ‌് അവരെ നയിച്ചത‌്‌. പക്ഷേ ഒന്നരമാസത്തിലേറെ നീണ്ട പ്രചാരണത്തിൽ അവരുടെ ദയനീയപ്രകടനമാണ‌് കാണാനായത‌്. ചില മാധ്യമങ്ങൾ ഒരുക്കിക്കൊടുത്ത വിവാദങ്ങൾ ഇല്ലായിരുന്നെങ്കിൽ നില ഇതിലും പരുങ്ങലിൽ ആകുമായിരുന്നു. ഒരു സ്ഥാനാർഥി പണം ചോദിച്ച‌് ക്യാമറയിൽ കുടുങ്ങിയ ദുരവസ്ഥയുമുണ്ടായി.

സ്ഥാനാർഥിനിർണയത്തിൽ വിയർത്തുപോയ യുഡിഎഫ‌് ഒടുവിൽ രാഹുൽ ഗാന്ധിയെ വയനാട്ടിൽ കൊണ്ടുവന്നു കരകയറാമെന്ന‌് വ്യാമോഹിച്ചു ‌. എന്നാൽ, ബിജെപിക്കെതിരായ പോരാട്ടമെന്ന പ്രഖ്യാപിതലക്ഷ്യത്തെ സ്വയം പരാജയപ്പെടുത്തുന്നതായി വയനാട്ടിലെ മത്സരം. സംസ്ഥാനത്ത‌് ഒരു ചലനവും സൃഷ്ടിക്കാത്ത മത്സരം ഉത്തരേന്ത്യയിൽ ബിജെപി മുതലാക്കുകയുംചെയ‌്തു. പതിവുപോലെ കോൺഗ്രസുമായുള്ള വോട്ടുകച്ചവടത്തിലാണ‌് ബിജെപിയുടെ കണ്ണ‌്. ചില മണ്ഡലങ്ങളിൽ കൊടുക്കൽവാങ്ങലുകൾ ഉദ്ദേശിക്കുന്നുണ്ടെങ്കിലും അതിനെയെല്ലാം മറികടക്കുന്ന ജനവിധിക്കാണ‌് സംസ്ഥാനം ഒരുങ്ങിക്കഴിഞ്ഞിട്ടുള്ളത‌്. എൽഡിഎഫ‌് സർക്കാരിന്റെ വികസന –- ജനപക്ഷപ്രവർത്തനങ്ങളും സ്ഥാനാർഥികളുടെ കറകളഞ്ഞ ജനസേവന പാരമ്പര്യവും ദേശീയരാഷ്ട്രീയത്തിന്റെ ദിശാസൂചികളും ഒത്തുചേരുമ്പോൾ കേരളത്തിൽ എൽഡിഎഫ‌് കുറിക്കുക സമ്പൂർണ വിജയമായിരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top