31 March Friday

തകിടം മറിഞ്ഞ‌് പട്ടിക; യുഡിഎഫ‌് അങ്കലാപ്പിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 12, 2019


ലോക‌്സഭാ തെരഞ്ഞെടുപ്പ‌് പ്രഖ്യാപനത്തിന‌് മുമ്പുതന്നെ മുഴുവൻ സ്ഥാനാർഥികളെയും രംഗത്തിറക്കിയ എൽഡിഎഫ‌്  കളംനിറഞ്ഞു നിൽക്കുകയാണ‌്. ഞായറാഴ‌്ച വൈകിട്ട‌് തെരഞ്ഞെടുപ്പ‌് തീയതി പ്രഖ്യാപിച്ചതോടെ, മുന്നണിയുടെ  രാഷ‌്ട്രീയവും വികസന കാഴ‌്ചപ്പാടും  ഫലപ്രദമായി ജനങ്ങളിലെത്തിക്കാനുള്ള ഉത്തരവാദിത്തമാണ‌് സ്ഥാനാർഥികൾക്കും മുന്നണിക്കും മുന്നിലുള്ളത‌്. അതിനുള്ള വിശ്രമരഹിതമായ പ്രവർത്തനമാണ‌് ഇനിയുള്ള ദിനങ്ങളിൽ നടക്കുക. കേരളത്തിലെ 20 മണ്ഡലത്തിലും എൽഡിഎഫ‌് സുസമ്മതരായ സ്ഥാനാർഥികളെ അണിനിരത്തിയപ്പോൾ അങ്കലാപ്പിലായത‌് എതിർ ക്യാമ്പുകളാണ‌്. യുഡിഎഫ‌് കക്ഷികളും ബിജെപി മുന്നണിയും സ്ഥാനാർഥി നിർണയശ്രമങ്ങൾ ആരംഭിച്ചിട്ട‌് മാസങ്ങളായി. പല മണ്ഡലത്തിലും  പേരുകൾ ഏറെക്കുറെ അന്തിമമായിരുന്നതുമാണ‌്. എന്നാൽ, എൽഡിഎഫ‌് സ്ഥാനാർഥി പ്രഖ്യാപനം വന്നതോടെ എല്ലാം തകിടംമറഞ്ഞു. ഇപ്പോൾ ഒന്നിനും ഒരു നിശ‌്ചയവും ഇല്ലെന്ന മട്ടിൽ അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിക്കുകയാണ‌് കോൺഗ്രസ‌് പട്ടിക. ഡൽഹിയിലെ ചർച്ചകൾ തീരുമാനമാകാതെ വാരാന്ത്യത്തിലേക്ക‌് മാറ്റിയിരിക്കുന്നു. ബിജെപി  മുന്നണിയിലും സ്ഥിതി ഒട്ടുംമെച്ചമല്ല.

സിറ്റിങ് എംപിമാരുടെ മണ്ഡലത്തിൽ മറ്റൊരു പേരു വേണ്ടെന്ന ഹൈക്കമാൻഡിന്റെ നിലപാട‌ു തന്നെ അപ്രസക്തമാക്കുംവിധമാണ‌് കോൺഗ്രസിലെ അടിയൊഴുക്കുകൾ. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി  കെ സി വേണുഗോപാലിനെ തീരുമാനിച്ചത‌് മാസങ്ങൾക്ക‌് മുമ്പാണ‌്. അദ്ദേഹം ആലപ്പുഴ മണ്ഡലത്തിൽ വീണ്ടും മത്സരിക്കുമെന്നത‌് രണ്ടുനാൾ മുമ്പുവരെ തർക്കമറ്റ കാര്യമായിരുന്നു. മറ്റൊരു പേരും ഉയരാതിരുന്നിട്ടും പൊടുന്നനെ വേണുഗോപാൽ പാർടി തിരക്കുപറഞ്ഞ‌് രംഗമൊഴിഞ്ഞത‌് യുഡിഎഫിനെ കടുത്ത പ്രതിസന്ധിയിലാക്കി. ഇതിനു പിന്നാലെ മുല്ലപ്പള്ളിയും  കെ സുധാകരനും മത്സരത്തിനില്ലെന്ന‌് ആവർത്തിച്ചു. ഉമ്മൻചാണ്ടിയെ ഇറക്കി സ്ഥാനാർഥിപ്പട്ടികയ‌്ക്ക‌് ബലം പകരാമെന്ന വ്യാമോഹത്തിനും ഇതോടെ തിരിച്ചടിയായി.

മൂന്നാം സീറ്റിൽ  തുടങ്ങിയ മുസ്ലിംലീഗിലെ അസ്വാസ്ഥ്യം കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലം മാറ്റമെന്ന ആവശ്യത്തിലേക്ക‌ുവരെ വളർന്നു. ഉപരാഷ‌്ട്രപതി തെരഞ്ഞെടുപ്പ‌്, മുത്തലാഖ‌് ബിൽ എന്നീ നിർണായക സന്ദർഭങ്ങളിൽ  കുഞ്ഞാലിക്കുട്ടി സമുദായത്തെ വഞ്ചിച്ചുവെന്ന ആരോപണമാണ‌് ഒടുവിൽ മണ്ഡലം മാറ്റമെന്ന ആവശ്യത്തിലേക്ക‌് വളർന്നത‌്. അപകടം മണത്ത കുഞ്ഞാലിക്കുട്ടി മൂന്നാം സീറ്റ‌് എന്ന ആവശ്യമൊക്കെ അരുക്കാക്കി ഉടൻതന്നെ സ്ഥാനാർഥി പ്രഖ്യാപനത്തിന‌് കരുക്കൾ നീക്കുകയായിരുന്നു. മലപ്പുറത്തെ രണ്ട‌് സിറ്റിങ്  സീറ്റും  കൈവിട്ടുപോകുമെന്ന  ഭയം ലീഗ‌് നേതൃത്വത്തെ വേട്ടയാടുന്നുണ്ട‌്.

കേരള കോൺഗ്രസിന്റെ സിറ്റിങ് സീറ്റായ കോട്ടയം ഒരു വർഷത്തോളമായി ഒഴിഞ്ഞുകിടപ്പാണ‌്. കെ എം മാണി  മകൻ ജോസ‌് കെ മാണിയെ ലോക‌്സഭയിൽനിന്ന‌്  രാജിവയ‌്പിച്ചാണ‌്  രാജ്യസഭയിലേക്ക‌് അയച്ചത‌്. യുഡിഎഫ‌് എന്ന മുങ്ങുന്ന കപ്പലിൽനിന്ന‌് ഇടയ‌്ക്ക‌് പുറത്തുചാടിയ മാണി, മകന‌് ആറുവർഷം രാജ്യസഭാംഗത്വം  ഉറപ്പിച്ചാണ‌് തിരിച്ച‌ുചേക്കേറിയത‌്. മണ്ഡലത്തെ അനാഥമാക്കിയ മാണിവിഭാഗത്തിനെതിരായ ജനവികാരം മുതലെടുക്കാമെന്ന വിശ്വാസത്തിലാണ‌് പാർലമെന്റ‌് മോഹവുമായി പി ജെ ജോസഫ‌് ഇറങ്ങിപ്പുറപ്പെട്ടത‌്‌.

ബാക്കി 17 സീറ്റിൽ ആളെ നിശ്ചയിക്കുന്നതിനുള്ള പെടാപ്പാടിലാണ‌് കോൺഗ്രസ‌്. എന്തെങ്കിലും തത്വങ്ങളോ മാനദണ്ഡങ്ങളോ ആകില്ല ഇത്തവണയും സ്ഥാനാർഥി നിർണയത്തിന്റെ അടിസ്ഥാനമെന്ന‌് കോൺഗ്രസിന്റെ ചരിത്രം പരിശോധിച്ചാൽ അറിയാം. ഹൈക്കമാൻഡിലുള്ള പിടിപാട‌്,  മതനേതാക്കളെ പ്രീണിപ്പിക്കൽ, പണക്കൊഴുപ്പ‌് , ഗ്രൂപ്പ‌് വീതംവയ‌്പ‌്  തുടങ്ങിയ ഘടകങ്ങളാണ‌്  കോൺഗ്രസ‌് സ്ഥാനാർഥികളെ നിർണയിക്കുക. സിറ്റിങ് മണ്ഡലമായ വയനാട്ടിൽ നോട്ടമിട്ടിരിക്കുന്ന ആറുപേരെങ്കിലുമുണ്ട‌്. പത്തനംതിട്ടയിൽ ഉമ്മൻചാണ്ടി ഇല്ലെങ്കിൽ, തന്നെ പരിഗണിക്കണമെന്ന വാദവുമായി പി ജെ കുര്യനും പിടിമുറുക്കുന്നു. ആകപ്പാടെ ആശയക്കുഴപ്പം ഗ്രസിച്ചിരിക്കുന്ന  മുന്നണിക്ക‌് ഈ തെരഞ്ഞെടുപ്പിന്റെ രാഷ‌്ട്രീയ പ്രാധാന്യമോ, വികസന അജൻഡയോ വിഷയമല്ല; അത‌് ചർച്ച ചെയ്യാൻ നേരവുമില്ല.

രാജ്യത്ത‌് ഒരു മതനിരപേക്ഷ സർക്കാർ ഉറപ്പാക്കുകയെന്ന വിശാല രാഷ‌്ട്രീയലക്ഷ്യം ഉൾക്കൊള്ളാനോ  അതിനായി  നയരൂപീകരണം നടത്താനോ കോൺഗ്രസ‌് തയ്യാറല്ല. മതവർഗീയതയും ഫാസിസ‌്റ്റ‌് സമാന ഭരണശൈലിയും പിന്തുടരുന്ന ബിജെപിയെ താഴെ ഇറക്കാൻ ഫലപ്രദമായ ബദലുണ്ടാക്കാനുള്ള  ശേഷിയോ താൽപ്പര്യമോ കോൺഗ്രസിനില്ല. അവസരമൊത്താൽ  ബിജെപിക്കൊപ്പം ചേരാൻ മടിക്കാത്തവരാണ‌് കോൺഗ്രസ‌് പട്ടികയിലെ പല മുഖങ്ങളും. തെരഞ്ഞെടുപ്പിലും അത്തരം അന്യായ വഴികൾ കോൺഗ്രസിനും ബിജെപിക്കും അപരിചിതവുമല്ല.

രാജ്യത്തിന്റെ ഭാവി നിർണയിക്കുന്ന ഈ തെരഞ്ഞെടുപ്പിൽ പ്രാദേശിക മതനിരപേക്ഷ, ഇടതുകക്ഷികൾ ബിജെപി ഇതര സർക്കാർ എന്ന ലക്ഷ്യത്തോടെയാണ‌് തെരഞ്ഞെടുപ്പ‌ുസഖ്യത്തിനും ധാരണകൾക്കും രൂപംനൽകിയിട്ടുള്ളത‌്. ഈ പ്രക്രിയയിൽ കേരളത്തിന‌് സുപ്രധാന പങ്കാണ‌് വഹിക്കാനുള്ളത‌്. ഇടതുപക്ഷത്തിന‌ു ലഭിക്കുന്ന ഓരോ സീറ്റും കേന്ദ്രത്തിലെ മതനിരപേക്ഷ സർക്കാരിനുള്ള ഗ്യാരന്റിയാണ‌്. ഈ സുവ്യക്തമായ രാഷ‌്ട്രീയവും മൂന്നു വർഷം പൂർത്തിയാക്കുന്ന പിണറായി സർക്കാരിന്റെ ജനക്ഷേമ –-വികസന പ്രവർത്തനങ്ങളും എൽഡിഎഫ‌് സ്ഥാനാർഥികളുടെ വിജയം സുനിശ‌്ചിതമാക്കുന്നു. തുടക്കത്തിലേ ഇരുട്ടിൽ തപ്പുന്ന കോൺഗ്രസ‌് മുന്നണി അർഹിക്കുന്നത‌് ദയനീയ പതനവും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top