26 September Tuesday

സഫലമീയാത്ര

വെബ് ഡെസ്‌ക്‌Updated: Monday Mar 2, 2020


 

ഗൃഹപ്രവേശത്തിന്റെ പാലുകാച്ചലിന് സമ്മാനപ്പൊതിയുമായി മുഖ്യമന്ത്രി എത്തിയപ്പോൾ കരകുളത്തെ ചന്ദ്രന്റെയും ഓമനയുടെയും മുഖത്തു വിരിഞ്ഞ ഒരു മന്ദഹാസമുണ്ട്. ആ പുഞ്ചിരി ഇനി കേരളത്തിന്റെ  മനസ്സിലൊരു മായാമുദ്ര. അത് കേരളത്തിന്റെയാകെ പുഞ്ചിരിയായി. ചന്ദ്രന്റെ കുടുംബത്തിലെന്നപോലെ രണ്ടു ലക്ഷത്തിലേറെ കുടുംബങ്ങളിൽ ഇങ്ങനെ ചിരിവിടർന്നു. 

മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതുപോലെ ആ കുടുംബങ്ങൾക്ക് അത് ആത്മനിർവൃതിയുടെ നിമിഷങ്ങളായിരുന്നു. കൊച്ചോലക്കുടിലുകളിൽനിന്ന്, വാടകവീടുകളിൽനിന്ന്, ബന്ധുവീടുകളിൽനിന്ന് അടച്ചുറപ്പുള്ള സ്വന്തം വീടുകളിലേക്ക് താമസം മാറാൻ കഴിഞ്ഞവരുടെ ആത്മനിർവൃതി. ഇത് മലയാളക്കരയുടെ അഭിമാനമുഹൂർത്തം. ലൈഫ് മിഷൻ പദ്ധതിപ്രകാരം 2,14,262 വീട്‌ പൂർത്തിയായതായി ശനിയാഴ്ച  മുഖ്യമന്ത്രി പ്രഖ്യാപിച്ച നിമിഷം കേരള ചരിത്രത്തിലെ അവിസ്മരണീയമായ ഒരേടായി. സ്വന്തമായി വീടില്ലാതിരുന്നവർക്ക് ആ സ്വപ്നം പൂവണിയുമ്പോഴുണ്ടാകുന്ന സന്തോഷം വിവരിക്കാനാകില്ല.

ഒരു വ്യക്തിക്ക് ഒട്ടേറെ ആവശ്യമുണ്ട്. അതിൽ ഏറ്റവും പ്രധാനം ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവയാണ്. കുഞ്ഞിന് അമ്മയുടെ ഗർഭപാത്രം പോലെയാണ് ഏവർക്കും വീട്. ഓരോരുത്തരുടെയും സുരക്ഷിതമായ ആദ്യ ഇടം. അങ്ങനെ സ്വന്തമായി ഇടമില്ലാത്ത എല്ലാ കുടുംബത്തിനും ആ ഇടം ഉണ്ടാക്കിക്കൊടുക്കുമെന്നത്  ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രധാന വാഗ്ദാനമായിരുന്നു. ലൈഫിൽ ഇത്രയും വീട്‌ പൂർത്തിയായപ്പോൾ ആ വാക്കാണ് സാഫല്യത്തിലേക്ക് എത്തുന്നത്. ഇനിയും കുറച്ചുപേർക്കുകൂടി വീടാകണം. 2021 ഓടെ ലക്ഷ്യം അർഥപൂർണമാകുമെന്ന് പ്രതീക്ഷിക്കാം. 

ജനങ്ങൾ അവരുടെ അനുഭവത്തിലൂടെ ഓരോ മേഖലയിലും ഈ സർക്കാർ കൈവരിക്കുന്ന മുന്നേറ്റം തൊട്ടറിയുന്നുണ്ട്, അനുഭവിച്ചറിയുന്നുണ്ട്. പ്രതിപക്ഷം നിലപാട് തിരുത്തിയാൽ അവർക്ക് നല്ലത്.

പുതിയൊരു കേരളം കെട്ടിപ്പടുക്കാൻ പ്രതിജ്ഞാബദ്ധതയോടെ പ്രവർത്തിക്കുന്ന പിണറായി സർക്കാരിന്റെ സുപ്രധാന നേട്ടം തന്നെയാണിത്. അത് അംഗീകരിക്കാത്തത് കേരളത്തിലെ പ്രതിപക്ഷം മാത്രം. പക്ഷേ, ജനങ്ങൾ അവരുടെ അനുഭവത്തിലൂടെ ഓരോ മേഖലയിലും ഈ സർക്കാർ കൈവരിക്കുന്ന മുന്നേറ്റം തൊട്ടറിയുന്നുണ്ട്, അനുഭവിച്ചറിയുന്നുണ്ട്. പ്രതിപക്ഷം നിലപാട് തിരുത്തിയാൽ അവർക്ക് നല്ലത്.

2017ൽ ആരംഭിച്ച ലൈഫ് മിഷൻ പദ്ധതി മൂന്നു ഘട്ടമായാണ് നടപ്പാക്കുന്നത്. ഒന്നാം ഘട്ടത്തിൽ 52,050 വീട്‌ പൂർത്തിയായി. പല കാരണത്താൽ പൂർത്തിയാക്കാതിരുന്ന വീടുകളാണ് ഈ ഘട്ടത്തിൽ പൂർത്തിയാക്കിയത്. ഒന്നാം ഘട്ടത്തിൽ സർക്കാർ 670 കോടി രൂപ ചെലവാക്കി. രണ്ടാം ഘട്ടത്തിലാണ് ബാക്കി വീടുകൾ പണിതത്. ഈ ഘട്ടത്തിൽ സർക്കാർ 5851 കോടി ചെലവാക്കി. മൂന്നാം ഘട്ടത്തിൽ ഭവനസമുച്ചയങ്ങളാണ് പണിയുന്നത്. 448 കോടിയുടെ ഭവനസമുച്ചയങ്ങൾക്ക് ഭരണാനുമതി നൽകിയിട്ടുണ്ട്.

ഐക്യ കേരളത്തിൽ 1957ൽ നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർടി നേടിയ വിജയം ചരിത്രത്തിലെ നാഴികക്കല്ലാണ്. 1957 ഏപ്രിൽ അഞ്ചിന് ഇ എം എസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായപ്പോൾ, അന്നോളമുണ്ടായിട്ടില്ലാത്ത പുരോഗമനപരമായ നടപടികൾക്ക് തുടക്കമിട്ടു.

കേരളത്തിന്റെ സാമൂഹ്യക്ഷേമ പുരോഗതിക്കും വികസനത്തിനും അടിസ്ഥാനമായി നിൽക്കുന്ന എല്ലാ ഘടകവും സംഭാവന ചെയ്തത് ഇടതുപക്ഷമാണ്. ഭൂപരിഷ്കരണം, മെച്ചപ്പെട്ട കൂലി, ആരോഗ്യ–- വിദ്യാഭ്യാസ സൗകര്യങ്ങൾ, റേഷൻ വിതരണം, ക്ഷേമ പെൻഷനുകൾ, അധികാര വികേന്ദ്രീകരണം, സാക്ഷരതാ മുന്നേറ്റം എന്നിവയെല്ലാം ഇടതുപക്ഷത്തിന്റെ  ഇടപെടലിനെ തുടർന്നുണ്ടായ നേട്ടമാണ്. ഐക്യ കേരളത്തിൽ 1957ൽ നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർടി നേടിയ വിജയം ചരിത്രത്തിലെ നാഴികക്കല്ലാണ്. 1957 ഏപ്രിൽ അഞ്ചിന് ഇ എം എസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായപ്പോൾ, അന്നോളമുണ്ടായിട്ടില്ലാത്ത പുരോഗമനപരമായ നടപടികൾക്ക് തുടക്കമിട്ടു. കേരളത്തിൽ സാമൂഹ്യനീതിയുള്ള, ജനാധിപത്യസമൂഹത്തിന് അടിത്തറയിട്ടത് ഈ സർക്കാരാണ്. 28 മാസത്തെ ചെറിയ കാലയളവിൽത്തന്നെ ഇ എം എസ് സർക്കാർ ഭൂപരിഷ്കരണത്തിനുള്ള ആദ്യ ചുവടുകൾ വച്ചു. ക്ഷേമപദ്ധതികൾക്കൊപ്പം തൊഴിലാളികളുടെ കൂലി കൂട്ടി. വിദ്യാഭ്യാസമേഖലയിൽ വലിയ മാറ്റമുണ്ടാക്കി. തുടർന്നു പലകാലത്തായി അധികാരത്തിൽ വന്ന ഇടതു സർക്കാരുകൾ ഈ പാതയിൽ മുന്നേറാൻ ഒട്ടേറെ നടപടി  സ്വീകരിച്ചിട്ടുണ്ട്.

ഇപ്പോഴിതാ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ സംസ്ഥാനത്തിന്റെ സാമൂഹ്യനേട്ടങ്ങളാകെ സംരക്ഷിച്ച് പുതിയ വികസനമാതൃക സൃഷ്ടിക്കുന്നു. കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നാലു മിഷൻ പ്രഖ്യാപിച്ചുകൊണ്ടാണ് ഈ സർക്കാർ അധികാരത്തിൽ വന്നത്. ആർദ്രം, ലൈഫ്, ഹരിത കേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണം എന്നിവയാണവ. ഈ നാലു മിഷനും വിജയകരമായി മുന്നേറുകയാണ്. ആരോഗ്യ–--വിദ്യാഭ്യാസ മേഖലകളിലെ വലിയ കുതിച്ചുചാട്ടം ലോകംതന്നെ അംഗീകരിച്ചുകഴിഞ്ഞു. പച്ചക്കറിയും നെൽക്കൃഷിയുമെല്ലാം വർധിപ്പിച്ച് കൃഷിയിൽ കേരളത്തെ സ്വയംപര്യാപ്തതയോട് അടുപ്പിക്കാനുള്ള ശ്രമവും മുന്നേറുന്നു. ഇതിനൊപ്പമാണ് ഇപ്പോൾ ലൈഫ് മിഷന്റെ വിജയഗാഥ. ഇതോടൊപ്പം സംസ്ഥാനത്തിന്റെ സാമ്പത്തിക-, വ്യാവസായിക വളർച്ചയും ദേശീയ ശരാശരിയേക്കാൾ മുന്നിലായിക്കഴിഞ്ഞു.

രണ്ട്‌ മഹാപ്രളയം, ഓഖി ചുഴലി, നിപ പകർച്ചവ്യാധി, കേന്ദ്രം സൃഷ്ടിക്കുന്ന സാമ്പത്തിക പ്രയാസങ്ങൾ എന്നിവയ്‌ക്കു നടുവിലാണ് സർക്കാർ ഈ നേട്ടങ്ങൾ കൈവരിച്ചത്. ധനപരമായ ഏതു വൈഷമ്യത്തിനു നടുവിലും ബദൽ വഴികൾ തേടി, ജനക്ഷേമനടപടികളും സമഗ്രവികസന പദ്ധതികളുമായി മുന്നോട്ടുപോകുകയാണ് സർക്കാർ. ആ യാത്ര സഫലമാകുകയാണ്. അതിലൊന്നാണ് 2,14,262 ലൈഫ് വീടുകളുടെ പ്രഖ്യാപനം. ‘ദ‘വീടുപോലെ വിശിഷ്ടമാം ദിക്കുണ്ടോ, വീതി കൂടുമീ വിശ്വത്തിലെങ്ങാനും’’ എന്ന് കവി വൈലോപ്പിള്ളി ചൊല്ലിയത് എത്ര പ്രസക്തം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top