27 January Friday

ഉറപ്പാണ്‌ തുടർഭരണം; വിഫലം വോട്ടുവിൽപ്പന ‌

വെബ് ഡെസ്‌ക്‌Updated: Tuesday Mar 23, 2021

സ്ഥാനാർഥികളുടെ പിൻവാങ്ങൽ പൂർത്തിയായതോടെ കേരളത്തിൽ 15-ാം നിയമസഭാ തെരഞ്ഞെടുപ്പിന്റെ‌ ചിത്രം തെളിഞ്ഞു. മഹാഭൂരിപക്ഷം മണ്ഡലങ്ങളിലും എൽഡിഎഫും യുഡിഎഫും നേരിട്ടാണ്‌ മത്സരം. ബിജെപി നയിക്കുന്ന എൻഡിഎയും മത്സരരംഗത്തുണ്ട്‌. ചരിത്രത്തിലാദ്യമായി തുടർഭരണത്തിന്‌ കേരളത്തിൽ നിലമൊരുങ്ങിയെന്നതാണ്‌ ഇത്തവണത്തെ പ്രത്യേകത. ജനക്ഷേമ–- വികസന പ്രവർത്തനങ്ങളാണ്‌ പിണറായി സർക്കാരിന്‌ തുടർച്ച ഉറപ്പാക്കുന്ന പ്രധാനഘടകം. ഭരണവിരുദ്ധവികാരം തേടിയിറങ്ങിയ മാധ്യമപ്രവർത്തകർക്ക്‌ ‌ലഭിച്ചത്‌ ഈ സർക്കാർ തുടരണം എന്ന പ്രതികരണമാണ്‌. പ്രമുഖ ചാനലുകളുടെ സർവേകളിലും പ്രതിഫലിക്കുന്നത്‌ ഇതേ സ്വരം. നേരത്തേ സ്ഥാനാർഥികളെ നിശ്ചയിച്ച്‌ ജനങ്ങളിലേക്കിറങ്ങിയ എൽഡിഎഫിന്‌ പ്രചാരണത്തിന്‌ കൂടുതൽ സമയം ലഭിച്ചു. യുഡിഎഫ്‌ ആകട്ടെ പത്രിക പിൻവലിക്കേണ്ട അവസാനദിനത്തിലും അന്തഃഛിദ്രങ്ങളുടെ നടുവിലാണ്‌. കോൺഗ്രസിനകത്തും ഘടകകക്ഷികൾക്കിടയിലും പ്രശ്‌നങ്ങൾ നീറിപ്പുകയുന്നു‌.

കഴിഞ്ഞതവണ തിരുവനന്തപുരം നേമത്ത്‌ നേടിയ വിജയം ഇക്കുറി കൂടുതൽ മണ്ഡലങ്ങളിലേക്ക്‌ വ്യാപിപ്പിക്കുമെന്ന ബിജെപിയുടെ അവകാശവാദവും പ്രതിക്കൂട്ടിലാക്കുന്നത്‌ യുഡിഎഫിനെത്തന്നെ‌. ‌നേമത്ത്‌ 2016ൽ‌ യുഡിഎഫിനുവേണ്ടി മത്സരിച്ച മുൻമന്ത്രി വി സുരേന്ദ്രൻപിള്ളയുടെ വെളിപ്പെടുത്തൽ വോട്ടുകച്ചവടത്തിന്റെ ഉള്ളറകൾ തുറക്കുന്നതാണ്‌. ഇക്കുറി നേമത്ത്‌ ‘ശക്തന്റെ ’ പേരിൽ കോൺഗ്രസ്‌ നടത്തിയ പരിഹാസ്യനാടകങ്ങളും ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്‌. ബിജെപിക്ക്‌ കേരളത്തിൽ അക്കൗണ്ട്‌ തുറന്നുകൊടുത്തത്‌ യുഡിഎഫ്‌ ആണെന്നത്‌ നിസ്‌തർക്കമായ വസ്‌തുതയാണ്‌.‌

ഇക്കുറി തലശേരി, ഗുരുവായൂർ, ദേവികുളം മണ്ഡലങ്ങളിൽ എൻഡിഎ പത്രിക തള്ളിയത്‌ യാദൃച്ഛികമാണെന്ന്‌ വിശ്വസിക്കാൻ യുഡിഎഫ്‌ അനുകൂല മാധ്യമങ്ങൾപോലും തയ്യാറായില്ല. ഇതേത്തുടർന്ന്‌ ഹൈക്കോടതിയിൽ കേസിനുപോയെങ്കിലും ഫലമുണ്ടായില്ല‌. ബിജെപിയും യുഡിഎഫും ആഗ്രഹിച്ചതുപോലെ കോടതി ഹർജി തള്ളി. തെരഞ്ഞെടുപ്പ്‌ പ്രക്രിയയിൽ നീതിപീഠം ഇടപെടാറില്ലെന്ന്‌ അറിയാതെയല്ല ഈ അഭ്യാസം. മൂന്നു മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥികളെ ഒഴിവാക്കി യുഡിഎഫിന്‌ വോട്ടു മറിക്കുമ്പോൾ, തിരിച്ച്‌ ബിജെപിക്ക്‌ യുഡിഎഫ്‌ വോട്ട്‌ നൽകേണ്ട മണ്ഡലങ്ങൾ ഏതൊക്കെയാണെന്നും അവർ നിശ്ചയിച്ചിട്ടുണ്ട്. രാഷ്ട്രീയമാന്യത തൊട്ടുതീണ്ടാത്ത ഈ കള്ളക്കച്ചവടത്തെ അതിജീവിക്കാനുള്ള രാഷ്ട്രീയ അടിത്തറ ഉണ്ടെന്ന്‌ ‌എൽഡിഎഫ്‌ വ്യക്തമാക്കിയിട്ടുണ്ട്‌‌. കേരളാതല ബിജെപി –- യുഡിഎഫ്‌ സഖ്യത്തിന്റെ ആപത്ത്‌ തിരിച്ചറിയുന്ന ന്യൂനപക്ഷ വിഭാഗങ്ങളും കൂടുതലായി ഇടതുപക്ഷത്ത്‌ അണിനിരക്കുകയാണ്‌.
ഗ്രൂപ്പ്‌ വീതംവയ്‌പിനും സ്വാർഥതാൽപ്പര്യങ്ങൾക്കുമെതിരെ കോൺഗ്രസിൽ രൂപപ്പെട്ട ഭിന്നത തെരഞ്ഞെടുപ്പ്‌ അടുക്കുന്തോറും രൂക്ഷമായി വരികയാണ്‌. ഭിന്നാഭിപ്രായത്തിന്‌ ആശയപരമായ ഉള്ളടക്കം നൽകി, കോൺഗ്രസിനോട്‌ വിടപറഞ്ഞ ഒട്ടനവധി പേരിൽ പ്രാദേശികപ്രവർത്തകർമുതൽ ദേശീയ നേതാക്കൾവരെയുണ്ട്‌‌. കോൺഗ്രസ്‌ പ്രവർത്തകസമിതി അംഗവും ദേശീയമുഖവുമായിരുന്ന പി സി ചാക്കോ എൻസിപിയിൽ ചേർന്ന്‌ എൽഡിഎഫിന്റെ പ്രചാരണരംഗത്ത്‌ സജീവമായി. കെപിസിസി വൈസ്‌ പ്രസിഡന്റും വനിതാ കമീഷൻ മുൻഅധ്യക്ഷയും മുൻ നിയമസഭാംഗവുമായ കെ സി റോസക്കുട്ടി കോൺഗ്രസ്‌ വിട്ട്‌ ഇടതുപക്ഷ പ്രചാരണത്തിന്‌ ഇറങ്ങുന്നത്‌ ഇനിയും പൊട്ടിത്തെറികൾ ഉണ്ടാകുമെന്നതിന്റെ സൂചനയാണ്‌. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട്‌ രൂപപ്പെട്ട തമ്മിലടി തൽക്കാലം ഒതുക്കിയ സ്ഥലങ്ങളിലും തർക്കം പുകഞ്ഞുകൊണ്ടിരിക്കുന്നു‌. കണ്ണൂർ ഇരിക്കൂറിൽ എ ഗ്രൂപ്പിനെ വെട്ടിയ കെ സി വേണുഗോപാലിനെ പാഠംപഠിപ്പിക്കുമെന്ന നിലപാടിന്‌ ഐ ഗ്രൂപ്പിന്റെയും പിന്തുണയുണ്ട്‌.

കോഴിക്കോട്‌ എലത്തൂരിൽ മാണി സി കാപ്പന്റെ സ്ഥാനാർഥിയെ കെട്ടിയേൽപ്പിച്ചെങ്കിലും കോൺഗ്രസിനകത്ത്‌ പ്രശ്നം രൂക്ഷമാണ്‌. പാണക്കാട്ടുനിന്ന്‌ അടിച്ചേൽപ്പിച്ച സ്ഥാനാർഥികളിൽ പലരെയും ഉൾക്കൊള്ളാൻ ലീഗ്‌ പ്രാദേശിക പ്രവർത്തകർക്കായിട്ടില്ല. ജോസഫ്‌ ഗ്രൂപ്പിലാകട്ടെ തീരാത്ത പ്രശ്‌നങ്ങളാണ്‌. ഇത്തരം പ്രതിസന്ധികളിൽ ഉഴലുന്ന യുഡിഎഫിന്‌ വിശ്വാസയോഗ്യമായി വിഷയങ്ങൾ അവതരിപ്പിക്കാനോ ജനങ്ങളുമായി സംവദിക്കാനോ ഇതുവരെ സാധിച്ചിട്ടില്ല. ഇതിനിടയിൽ, എൽഡിഎഫ്‌ പ്രകടനപത്രികയെ കടത്തിവെട്ടാൻ നടത്തിയ പ്രഖ്യാപനങ്ങൾ യുഡിഎഫിനെ തിരിഞ്ഞുകൊത്തി. 3000 രൂപ സാമൂഹ്യ പെൻഷൻ പ്രഖ്യാപിച്ചപ്പോൾ, ‘600 കൊടുക്കാത്ത നിങ്ങളോ’ എന്ന ചോദ്യമാണ്‌ ഉയർന്നത്‌. 6000 രൂപയുടെ ന്യായ്‌ ആനുകൂല്യം കോൺഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇല്ലാത്തതും കുഴയ്‌ക്കുന്ന വിഷയമായി. തെരഞ്ഞെടുപ്പ്‌ തൊട്ടുമുന്നിലെത്തിയിട്ടും നേരായ വഴി സ്വീകരിക്കാൻ യുഡിഎഫ്‌ തയ്യാറല്ല. നുണക്കൊട്ടാരങ്ങൾ വീണുടയുമ്പോഴുള്ള വിഭ്രാന്തിയിലാണവർ. വീണുകിട്ടുന്ന വിഷയങ്ങളിൽ വിവാദമുണ്ടാക്കാൻ ഇതുവരെ കൂട്ടുനിന്ന മാധ്യമങ്ങളെപ്പോലും തള്ളിപ്പറയുന്ന മാനസികാവസ്ഥയിലാണ്‌ പ്രതിപക്ഷനേതാവ്‌. മൂന്ന്‌ ‌ മണ്ഡലത്തിൽ സ്ഥാനാർഥികളെ നിർത്താതെ, തുറന്ന കച്ചവടത്തിന്‌ വഴിയൊരുക്കിയ ബിജെപിയാകട്ടെ‌ നഷ്ടക്കച്ചവടം ആകുമെന്ന ഭീതിയിലാണ്‌‌.

തുടക്കംമുതൽ ചിട്ടയോടെ പ്രവർത്തിക്കുന്ന എൽഡിഎഫ്‌ നല്ല ആത്മവിശ്വാസത്തോടെയാണ്‌ മുന്നേറുന്നത്‌. സ്ഥാനാർഥികൾ നല്ലൊരു പങ്ക്‌ വോട്ടർമാരെ നേരിൽക്കണ്ടു. ഗൃഹസന്ദർശനങ്ങളും കുടുംബസംഗമവും സർക്കാരിന്റെ നേട്ടങ്ങൾ നല്ലനിലയിൽ ചർച്ചയാക്കാൻ സഹായിക്കുന്നു. പതിനായിരങ്ങൾ അണിനിരക്കുന്ന നാലും അഞ്ചും മഹാസമ്മേളനങ്ങളെയാണ്‌‌ മുഖ്യമന്ത്രി ഓരോദിവസവും അഭിസംബോധന ചെയ്യുന്നത്‌. ദേശീയ നേതാക്കൾ പങ്കെടുക്കുന്ന റാലികളിലും ജനങ്ങൾ ഒഴുകിയെത്തുന്നു. ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ ആശയവ്യക്തതയോടെ, എളിമയോടെ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ എൽഡിഎഫ്‌. എന്തെല്ലാം നുണകൾ പ്രചരിപ്പിച്ചാലും ആരെല്ലാം അവിശുദ്ധ സഖ്യങ്ങളിൽ ഏർപ്പെട്ടാലും വിജയത്തിളക്കത്തിന്‌ മങ്ങലേൽപ്പിക്കാനാകില്ലെന്ന ഉറപ്പാണ്‌ കൈമുതൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top