27 October Tuesday

യുഡിഎഫ് അല്ല എല്‍ഡിഎഫ്

വെബ് ഡെസ്‌ക്‌Updated: Saturday Oct 15, 2016

 

ഉമ്മന്‍ചാണ്ടി നയിച്ച യുഡിഎഫ് ഭരണം അവസാനിച്ചിട്ട് നാലുമാസമാകുന്നതേയുള്ളൂ. ആ ഭരണകാലത്തെ അനുഭവങ്ങള്‍ മലയാളിയുടെ മനസ്സില്‍ മായാതെ നില്‍പ്പുണ്ട്. അഴിമതിക്കേസില്‍ കോടതി പരാമര്‍ശമുണ്ടായപ്പോള്‍ സ്വമേധയാ രാജി നല്‍കേണ്ടിവന്ന എക്സൈസ് മന്ത്രിയുടെ രാജിക്കത്ത് ഒരാഴ്ച പോക്കറ്റിലിട്ട് നടന്ന് ഒടുവില്‍ മറ്റൊരു കോടതിനടപടി മറയാക്കി രക്ഷപ്പെടുത്തിയ മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടി. ഏഴ് മന്ത്രിമാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടക്കുമ്പോള്‍ ഒരാളെപ്പോലും മാറ്റിനിര്‍ത്തണമെന്ന് തോന്നാതിരുന്ന രാഷ്ട്രീയസംവിധാനമാണ് യുഡിഎഫ്. മുഖ്യമന്ത്രിക്കെതിരെതന്നെ അന്വേഷണമുണ്ടായപ്പോള്‍ സ്വന്തം വകുപ്പ് മറ്റൊരാള്‍ക്കുനല്‍കി അധികാരത്തില്‍ അള്ളിപ്പിടിച്ച നേതാവാണ് ഉമ്മന്‍ചാണ്ടി. തുരുതുരെ പുറത്തുവന്ന തെളിവുകളിലേക്ക് തിരിഞ്ഞുനോക്കാതെ, അന്വേഷണസംവിധാനങ്ങളുടെ കൈയും കാലും കെട്ടിയിട്ട് അഴിമതിക്കാരെ സംരക്ഷിച്ച സര്‍ക്കാരിന്റെ പിടിയില്‍നിന്നാണ് നാലുമാസംമുമ്പ് കേരളം കുതറിമാറിയത്. യുഡിഎഫ് സര്‍ക്കാര്‍ അവശേഷിപ്പിച്ച സര്‍വ തിന്മകളില്‍നിന്നും കേരളത്തെ മുക്തമാക്കാനുള്ള ദൌത്യമാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി ഏറ്റെടുത്തത്. അത്തരമൊരു കര്‍ത്തവ്യം നിര്‍വഹിക്കുമ്പോള്‍, അധ്വാനവും പ്രതിബദ്ധതയും മാത്രമല്ല, അളവറ്റ അവധാനതയും ജാഗ്രതയും സൂക്ഷ്മതയും വേണ്ടതുണ്ട്്. അതില്‍നിന്നുള്ള അപഭ്രംശമാണ്  പൊതുമേഖലാസ്ഥാപനങ്ങളിലൊന്നിന്റെ മാനേജിങ് ഡയറക്ടര്‍ നിയമനത്തില്‍ സംഭവിച്ച തെറ്റ്. അത് ഉള്‍ക്കൊള്ളുകയും തിരുത്തല്‍നടപടികളുടെ ഭാഗമായി വ്യവസായ മന്ത്രി ഇ പി ജയരാജന്‍ രാജിവയ്ക്കുകയുംചെയ്തിരിക്കുന്നു. 

നിയമനത്തിലെ അപാകവും സ്വജനപക്ഷപാത ആരോപണവും ശ്രദ്ധയില്‍വന്ന ഘട്ടത്തില്‍ത്തന്നെ അര്‍ഹിക്കുന്ന ഗൌരവത്തോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അര്‍ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയത്, വിഷയം പരിശോധിക്കുമെന്നും വേണ്ട തിരുത്തല്‍ വരുത്തുമെന്നും തിരുത്തല്‍പ്രക്രിയ തുടങ്ങി എന്നുമാണ്. അതിനുശേഷം ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയറ്റിന്റെ ആദ്യയോഗത്തില്‍ ഇ പി ജയരാജന്‍തന്നെ തെറ്റ് സമ്മതിക്കുകയും രാജിസന്നദ്ധത അറിയിക്കുകയുംചെയ്തു. തന്റെ അടുത്തൊരു ബന്ധുവിനെ ഒരു പൊതുമേഖലാസ്ഥാപനത്തിന്റെ എംഡിയായി നിശ്ചയിച്ച നടപടി തനിക്ക് സംഭവിച്ച തെറ്റാണെന്ന് തുറന്ന് സമ്മതിച്ചുകൊണ്ട്, ഗവര്‍മെന്റിന്റെ പ്രതിച്ഛായ ഉയര്‍ത്തിപ്പിടിക്കാന്‍ മന്ത്രിസഭയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ താല്‍പ്പര്യപ്പെടുന്നു എന്ന നിലപാടാണ് ഇ പി എടുത്തത്. അതിനാണ് പാര്‍ടി സെക്രട്ടറിയറ്റ് അംഗീകാരംനല്‍കിയത്. യുഡിഎഫ് കാലത്തെ പടുകൂറ്റന്‍ അഴിമതികളും അതുചെയ്തവരെ രക്ഷിക്കാന്‍ നടത്തിയ വഴിവിട്ട നീക്കങ്ങളും ചൂണ്ടിക്കാട്ടിയും അവയോട് താരതമ്യപ്പെടുത്തിയും കൈകഴുകാനല്ല, ആര്‍ജവത്തോടെ ആരോപണങ്ങളെ നിയമത്തിന്റെ പരിശോധനയ്ക്ക് വിടാനാണിവിടെ തയ്യാറായത്്. അതാണ് വ്യത്യാസം.

പൊതുമേഖലാസ്ഥാപനങ്ങളുടെ തലപ്പത്ത് നിശ്ചിതയോഗ്യതയും പരിചയസമ്പത്തുമുള്ളവരെ കൊണ്ടുവരാനും നഷ്ടക്കണക്കും കെടുകാര്യസ്ഥതയും തിരുത്താനുമാണ് എല്‍ഡിഎഫ് തീരുമാനിച്ചത്. ആ നിലയ്ക്കുള്ള നിരവധി ഇടപെടലുകള്‍ വ്യവസായമന്ത്രി എന്ന നിലയില്‍ ഇ പി ജയരാജന്‍ മുന്‍കൈയെടുത്ത് നടത്തിയിട്ടുണ്ട്–അതിന്റെ ഗുണഫലം ദൃശ്യമാകുന്നുമുണ്ട്. അതിനിടയിലാണ് നിയമനവിവാദം വന്നത്. അതോടെ, വിവാദനിയമനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിക്ക് മന്ത്രിസഭ ചുമതല നല്‍കി. മേലില്‍ ഇത്തരം പ്രശ്നങ്ങളും പരാതികളുമില്ലാതിരിക്കാന്‍ നിയമനിര്‍മാണം നടത്തണമെന്നും തീരുമാനിച്ചു. എംഡി, ജനറല്‍ മാനേജര്‍ നിയമനങ്ങള്‍ക്ക് വിജിലന്‍സിന്റെ ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് വ്യക്തമാക്കി. അതോടൊപ്പം ദേശീയതലത്തിലുള്ള വിദഗ്ധ പാനലുണ്ടാക്കി നിയമനങ്ങളുടെ കൃത്യത ഉറപ്പാക്കാനും തീരുമാനമായി. ക്രിയാത്മകമായ ഈ നടപടികള്‍ക്കുപുറമെയാണ് മന്ത്രിയുടെ രാജി. പരാതി ഔപചാരികമായി ശ്രദ്ധയില്‍ വന്നയുടനെ വിജിലന്‍സും ഇടപെട്ടു. നിയമാനുസൃതം അന്വേഷണം പ്രഖ്യാപിക്കാനും അക്കാര്യം കോടതിയില്‍ അറിയിക്കാനും വിജിലന്‍സിന് ആരെയും കാത്തുനില്‍ക്കേണ്ടിവന്നില്ല.

യുഡിഎഫ് ഭരണകാലത്ത് വിജിലന്‍സ് ഉപയോഗിക്കപ്പെട്ടത് ഭരണാധികാരികളുടെ അഴിമതി സംരക്ഷിക്കാനുള്ള ഏജന്‍സിയായിട്ടാണ്. വിജിലന്‍സിന്റെ തലവന്‍തന്നെ ഇടപെട്ട് കേസ് ഇല്ലാതാക്കാന്‍ ശ്രമിച്ചതുള്‍പ്പെടെ അനേകം ആരോപണങ്ങളാണ് അന്ന് വന്നത്്.  വിജിലന്‍സിന്റെ ദുരവസ്ഥ കേരള ഹൈക്കോടതി പരസ്യമായി ചൂണ്ടിക്കാട്ടി. ഇന്ന് വിജിലന്‍സിന് നിയമാനുസൃതം, പരിപൂര്‍ണസ്വാതന്ത്യ്രത്തോടെ പ്രവര്‍ത്തിക്കാനുള്ള അന്തരീക്ഷമുണ്ട്. മുതിര്‍ന്ന മന്ത്രി ഉള്‍പ്പെട്ടതായാലും പരാതി ലഭിച്ചാല്‍ അന്വേഷണമാരംഭിക്കാനുള്ള സ്വാതന്ത്യ്രവുമുണ്ട്–അവിടെയും കാണേണ്ടത് വ്യത്യാസമാണ്. ത്യാഗനിര്‍ഭരമായ രാഷ്ട്രീയപ്രവര്‍ത്തന പാരമ്പര്യമുള്ള, ശരീരത്തില്‍ വെടിയുണ്ട പേറി ജീവിക്കുന്ന ഇ പി ജയരാജനെപ്പോലൊരു നേതാവിന് തെറ്റുസംഭവിക്കുന്നതും മന്ത്രിസഭയില്‍നിന്ന് പോകേണ്ടിവരുന്നതുമായ  അവസ്ഥ വ്യസനകരംതന്നെയാണ്.  തെറ്റ് അംഗീകരിക്കാനും തിരുത്താനും അദ്ദേഹം സന്നദ്ധനാകുന്നത് ശുഭസന്ദേശം നല്‍കുന്നു. തെറ്റുപറ്റാത്ത മനുഷ്യരില്ല. അത് തിരുത്തി മുന്നോട്ടുപോകുന്നതാണ് പ്രധാനം. അതുകൊണ്ടാണ്, രാജിതീരുമാനമുള്‍പ്പെടെ ഈ വിഷയത്തില്‍ സര്‍ക്കാരിന്റെയും പാര്‍ടിയുടെയും ഇടപെടലുകള്‍ മാതൃകാപരമാകുന്നത്. അത് യുഡിഎഫിന് കണ്ടുപഠിക്കാനുള്ളതല്ല; കണ്ട് ലജ്ജിക്കാനുള്ളതാണ്. ഇതേ രീതിയിലാണ് യുഡിഎഫ് പ്രശ്നങ്ങളെ സമീപിച്ചിരുന്നതെങ്കില്‍ പൊതുപ്രവര്‍ത്തനത്തില്‍ തുടരാന്‍ അര്‍ഹതയുള്ള ഒരു മന്ത്രിപോലും ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ ശേഷിക്കുമായിരുന്നില്ല. കോടിയേരി വ്യക്തമാക്കിയതുപോലെ, നിരവധി രക്തസാക്ഷികളുടെ ജീവത്യാഗത്തിന്റെയും പതിനായിരക്കണക്കിന് സഖാക്കളുടെ ത്യാഗോജ്വലമായ പ്രവര്‍ത്തനത്തിന്റെയും ഫലമായി അധികാരത്തില്‍വന്ന സര്‍ക്കാരാണിത്. ആ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല എന്ന പ്രഖ്യാപനമാണ് നിയമനപ്രശ്നത്തിലെ ഔചിത്യപൂര്‍ണമായ ഇടപെടലിലൂടെ ആവര്‍ത്തിച്ചുറപ്പിച്ചത്. ഇതാണ് ശരിയായ വഴി. ഈ വഴിയില്‍നിന്ന് ബഹുദൂരം വ്യതിചലിച്ചതുകൊണ്ടാണ് യുഡിഎഫ് എന്ന മുന്നണിതന്നെ ശിഥിലീകരിക്കപ്പെടുന്നത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top