03 June Saturday

ധീരം, ചരിത്രപരം

വെബ് ഡെസ്‌ക്‌Updated: Wednesday May 19, 2021


കേരളവും ഇടതുപക്ഷ ജനാധിപത്യമുന്നണിയും വീണ്ടും ചരിത്രം കുറിക്കുന്നു. രണ്ടാം പിണറായി സർക്കാർ വ്യാഴാഴ്‌ച സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേൽക്കുമ്പോൾ അത്‌ എല്ലാ അർഥത്തിലും ധീരവും ചരിത്രപരവുമായ കാൽവയ്‌പായി മാറും. 21 അംഗ മന്ത്രിസഭയിലെ 17 പേരും പുതുമുഖങ്ങളായിരിക്കുകയെന്ന വിസ്‌മയകരമായ തീരുമാനത്തിലൂടെ തുടർഭരണത്തിന്റെ തുടക്കം വ്യത്യസ്‌തവും പ്രതീക്ഷാ നിർഭരവുമാക്കാൻ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക്‌ സാധിച്ചിരിക്കുന്നു. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി മൂന്ന്‌ വനിതകളും മന്ത്രിസഭയിൽ സ്ഥാനംപിടിക്കുന്നു.

യുവാക്കളെയും പുതുമുഖങ്ങളെയും ഭരണനേതൃത്വത്തിൽ അണിനിരത്തുന്ന അപൂർവതയാർന്ന ഈ തീരുമാനത്തെ ജനങ്ങൾ ആത്മവിശ്വാസത്തോടെയും ആഹ്ലാദത്തോടെയും സ്വീകരിക്കുകയാണ്‌. ജനങ്ങളുടെ പ്രതീക്ഷകൾ സാക്ഷാൽക്കരിക്കാനാകുന്ന പരിചയസമ്പത്തും യുവത്വത്തിന്റെ ഊർജവും ഒത്തുചേരുന്ന മന്ത്രിസഭയാണ്‌ അടുത്ത അഞ്ചുവർഷം കേരളത്തെ നയിക്കുക.

സിപിഐ എം പ്രതിനിധികളായി മന്ത്രിസഭയിൽ എത്തുന്ന 12 പേരിൽ 10ഉം പുതുമുഖങ്ങൾ. സിപിഐയുടെ നാലുപേരും കന്നിക്കാർ. മറ്റ്‌ ഘടക കക്ഷികളിൽനിന്ന്‌ മൂന്ന്‌ പുതിയ മന്ത്രിമാർ. മുഖ്യമന്ത്രിക്കു പുറമെ കെ രാധാകൃഷ്‌ണനും കെ കൃഷ്‌ണൻകുട്ടിയും എ കെ ശശീന്ദ്രനും ഭരണമികവ്‌ തെളിയിച്ചവർ. ലോകത്തിന്റെ മാറ്റങ്ങൾക്കൊപ്പം കേരളത്തെ മുന്നോട്ടുനയിക്കുകയെന്ന ചരിത്രദൗത്യമാണ്‌ ഈ പുതുനിരയിലൂടെ ഇടതുപക്ഷം മുന്നോട്ടുവയ്‌ക്കുന്നത്‌. അടുത്ത അഞ്ചു വർഷത്തേക്കല്ല അതിനും അപ്പുറത്തേക്ക്‌ കേരളത്തെ വിഭാവനം ചെയ്യാൻ ഭരണത്തിന്‌ സാധിക്കണമെന്ന്‌ എൽഡിഎഫ്‌ കരുതുന്നു. പ്രകടനപത്രികയിലെ വാഗ്‌ദാനങ്ങൾ നടപ്പാക്കുന്നതിനൊപ്പം ഭാവനാപൂർണതയോടെ പുതിയ കേരളത്തെ മുന്നോട്ടുനയിക്കുകയെന്ന ലക്ഷ്യവുമായാണ്‌ ഇടതുപക്ഷത്തിനു മാത്രം സാധ്യമായ കാര്യക്ഷമതയോടെയും ഒത്തൊരുമയോടെയും 17 പുതുമുഖങ്ങളുള്ള മന്ത്രിസഭ നിലവിൽവരുന്നത്‌.

പുതുമുഖങ്ങൾ എന്ന കേവല വിശേഷണത്തിൽ ഒതുങ്ങുന്നവരല്ല മന്ത്രിമാരുടെ ഈ പുതുനിര. വൈവിധ്യമാർന്ന മേഖലകളിൽ പ്രതിഭയും പ്രാഗത്ഭ്യവും തെളിയിച്ചവരാണ്‌ എല്ലാവരും. മുമ്പ്‌ ഏറ്റെടുത്ത ചുമതലകൾ അപൂർവ മികവോടെ നിർവഹിച്ച്‌ ജനങ്ങളുടെ അംഗീകാരവും ആദരവും പിടിച്ചുപറ്റിയവർ. രാജ്യസഭയിലെ മികച്ച പ്രകടനത്തിലൂടെ രാജ്യം ശ്രദ്ധിച്ച പാർലമെന്റേറിയൻമാർ, മേയർമാർ, മാധ്യമരംഗത്ത്‌ തിളങ്ങിയവർ, അധ്യാപനത്തിലും ഭരണനേതൃത്വത്തിലും മികവുകാട്ടിയവർ, വിദ്യാർഥി–-യുവജന സംഘടനകളുടെ നേതൃത്വം വഹിച്ചവർ... എന്നിങ്ങനെ സ്വന്തം പ്രവൃത്തിപഥത്തിൽ അപൂർവ വിജയമുദ്രകൾ പതിച്ച വ്യക്തിത്വങ്ങളാണ്‌ മന്ത്രിസഭയിലേക്ക്‌ കടന്നുവരുന്നത്‌. പുതുമുഖങ്ങൾ ആയിരിക്കുമ്പോൾതന്നെ അവർ പരിചയസമ്പന്നരും പ്രവർത്തനമികവ്‌ തെളിയിച്ചവരുമാണ്‌. കേരളത്തെ നയിക്കാൻ എല്ലാ അർഥത്തിലും പ്രാപ്‌തിയുള്ളവർ. ഏറ്റെടുത്ത ചുമതലകളെല്ലാം പത്തരമാറ്റോടെ നിർവഹിച്ചവർ ഒത്തുചേരുന്നതുകൊണ്ടുകൂടിയാണ്‌ ഈ മന്ത്രിസഭയെ ജനങ്ങൾ നിറഞ്ഞ പ്രതീക്ഷയോടെ സ്വീകരിക്കുന്നത്‌.

മഹാപ്രളയങ്ങളും ഓഖിയും നിപായും കോവിഡും അടക്കമുള്ള പ്രതിസന്ധികളിൽ തളരാതെ കേരളത്തെ നയിച്ച സിപിഐ എമ്മും ഇടതുപക്ഷ ജനാധിപത്യമുന്നണിയും വ്യത്യസ്‌തവും അപൂർവവും ധീരവുമായ ചുവടുവയ്‌പാണ്‌ തെരഞ്ഞെടുപ്പുവേളയിൽത്തന്നെ നടത്തിയത്‌. രണ്ടു തവണ തുടർച്ചയായി എംഎൽഎമാരായവർക്ക്‌ പകരം പുതിയ ആളുകളെ മത്സരിപ്പിക്കാൻ സിപിഐ എം എടുത്ത തീരുമാനത്തെ കേരളം അത്ഭുതാദരങ്ങളോടെയാണ്‌ സ്വീകരിച്ചത്‌. തുടർച്ചയായി എംഎൽഎമാരായവർക്ക്‌ പകരം പുതിയവരെ രംഗത്തിറക്കാൻ സിപിഐയും തീരുമാനിച്ചു.

എൽഡിഎഫിനു മാത്രം സാധിക്കുന്നതാണ്‌ ഇത്തരമൊരു മാറ്റം. ഇപ്പോഴിതാ മന്ത്രിസഭയിലും പുതുമുഖങ്ങൾക്ക്‌ അവസരം നൽകാൻ സിപിഐ എം, സിപിഐ കക്ഷികൾ തീരുമാനിക്കുന്നു. മിക്ക രാഷ്‌ട്രീയ കക്ഷികൾക്കും ആലോചിക്കാൻ പോലും കഴിയാത്തതാണ്‌ ഇത്‌. എന്നാൽ, ഇടതുപക്ഷ പാർടികളിൽ പാർലമെന്ററി–-സംഘടനാ രംഗങ്ങളിലേക്കുള്ള മാറ്റം സാധാരണ കാര്യം മാത്രം. ഇത്തരം മാറ്റങ്ങൾ ഭരണനേതൃത്വത്തിനും സംഘടനയ്‌ക്കും പുതിയ ഊർജവും പ്രവർത്തനമികവും പ്രദാനം ചെയ്യുമെന്ന്‌ ഇടതുപക്ഷം കരുതുന്നു.

പ്രാഗത്ഭ്യം തെളിയിച്ച പുതുനിരയും ഏതു പ്രതിസന്ധിയിലും ധീരമായി ഭരണം മുന്നോട്ടുകൊണ്ടുപോകാൻ പ്രാപ്‌തിയുള്ള നേതൃത്വവുമടങ്ങുന്ന രണ്ടാം പിണറായി സർക്കാർ കേരളത്തിന്റെ മുന്നേറ്റത്തിൽ പുതിയ പ്രതീക്ഷയും ഉണർവും പകരുന്നു. വർധിച്ച ഭൂരിപക്ഷത്തോടെ ഇടതുപക്ഷത്തിന്‌ തുടർഭരണം നൽകിയ ജനങ്ങളുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും സഫലീകരിക്കാൻ പുതിയ സർക്കാരിന്‌ സാധിക്കും. എല്ലാ വ്യാജപ്രചാരണങ്ങളെയും തള്ളിക്കളഞ്ഞ്‌ തുടർഭരണം യാഥാർഥ്യമാക്കിയ ജനങ്ങളുടെ പിന്തുണയോടെ നവകേരളത്തിലേക്ക്‌ മുന്നേറാം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top