09 September Monday

ഗോത്രജനതയുടെ മനസ്സറിഞ്ഞ്

വെബ് ഡെസ്‌ക്‌Updated: Wednesday Jun 7, 2017


കേരളത്തിന്റെ കുതിപ്പിന് സഹായകമായ നിരവധി പദ്ധതികള്‍ക്കാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഒന്നാം വാര്‍ഷികവേളയില്‍ തുടക്കംകുറിച്ചത്. അവയില്‍ ശ്രദ്ധേയമായ ഒന്നാണ് ഗോത്രബന്ധു പദ്ധതി. വയനാട് ജില്ലയില്‍ പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും പഠനം വിദ്യാര്‍ഥിസൌഹൃദമാക്കുന്നതിനും അവര്‍ക്കിടയില്‍ത്തന്നെയുള്ള യോഗ്യരായ അധ്യാപകരെ കണ്ടെത്തി നിയമിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്ത ഈ പദ്ധതി, പട്ടികവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ ഏതുവിധേന പരിഹരിക്കണം എന്ന നിലപാടിന്റെ നിസ്തുലമായ മാതൃകകൂടിയാണ്. ബിഎഡ്, ടിടിസി കോഴ്സുകള്‍ കഴിഞ്ഞ പട്ടികവര്‍ഗക്കാരായ 241 പേരെയാണ് മെന്റര്‍ ടീച്ചേഴ്സായി ആദ്യഘട്ടത്തില്‍ നിയമിക്കുന്നത്.   

വയനാട്ടിലെ പൊതുവിദ്യാലയങ്ങളില്‍ പട്ടികവര്‍ഗവിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക്  സംസ്ഥാന ശരാശരിയേക്കാള്‍ കൂടുതലാണ്.   ഗോത്രഭാഷയിലുള്ള ആശയവിനിമയത്തിനുള്ള സാധ്യത തുറന്ന്   വിദ്യാലയങ്ങളെ ഗോത്രസൌഹൃദകേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ പ്രസക്തി ഇവിടെയാണ്.  ഊരുകളും വിദ്യാലയങ്ങളുംതമ്മില്‍ ബന്ധപ്പെടുത്തുന്ന കണ്ണികളായി ഈ മെന്റര്‍ ടീച്ചര്‍മാര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയും.  ഒരോദിവസം ആരംഭിച്ച നാലു പദ്ധതികളില്‍ ഒന്നുമാത്രമാണ് 'ഗോത്രബന്ധു'. മികച്ച വിദ്യാഭ്യാസത്തോടൊപ്പം തൊഴില്‍ലഭ്യതകൂടി ഉറപ്പാക്കാനുള്ള 'ഗോത്രജീവിക'’—പദ്ധതിയാണ് മറ്റൊന്ന്. തൊഴില്‍പരിശീലന പരിപാടികള്‍ മിക്കതും   നഗരങ്ങളിലാണ്.  സ്വാഭാവികമായും അവയില്‍ പട്ടികവര്‍ഗവിഭാഗത്തിന്റെ പങ്കാളിത്തം കുറവാണ്. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കംനില്‍ക്കുന്ന ഗോത്രവിഭാഗങ്ങള്‍ക്കായി ശാസ്ത്രീയമായ പ്രായോഗിക പരിശീലന പരിപാടികള്‍ അവര്‍ക്കെത്തിപ്പെടാനാകുന്നിടത്ത് സംഘടിപ്പിക്കുകയാണിവിടെ.  അതുവഴി വരുമാനസ്രോതസ്സുകള്‍ സൃഷ്ടിക്കപ്പെടും. ഒരോ പ്രദേശത്തിന്റെയും സവിശേഷതകള്‍ക്കനുസൃതമായി  സ്വയംതൊഴില്‍സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും അതുവഴി തൊഴിലവസരങ്ങള്‍ ഉറപ്പുവരുത്തുന്നതിനും ഈ പദ്ധതി  ലക്ഷ്യമിടുന്നുണ്ടെന്ന് പട്ടികവിഭാഗ ക്ഷേമ മന്ത്രി എ കെ ബാലന്‍ വ്യക്തമാക്കിയിട്ടുണ്ട്്

പ്രൊഫഷണല്‍ കോഴ്സുകളില്‍ പഠനം നടത്തുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കുള്ള സൌജന്യ ലാപ്ടോപ്പ് വിതരണം,  കുടുംബശ്രീയുടെകൂടി സഹായത്തോടെ നടത്തുന്ന ഗോത്രവര്‍ഗ കുടുംബങ്ങളുടെ സുസ്ഥിരവികസന പദ്ധതി പ്രവര്‍ത്തനം എന്നിവയാണ് ഉദ്ഘാടനംചെയ്യപ്പെട്ട മറ്റു പദ്ധതികള്‍. ഗോത്രവര്‍ഗക്കാരെ അവരുടെ സ്വത്വം പരിരക്ഷിച്ചുകൊണ്ടുതന്നെ സാമൂഹ്യജീവിതത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനുള്ള ക്രിയാത്മകമായ ഇടപെടലായാണ്  ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ ഈ മുന്‍കൈയെ വിലയിരുത്താനാവുക.   

ഇടതുപക്ഷം ഭരണംനയിക്കുമ്പോള്‍മാത്രമാണ് ഈ അനുഭവം എന്നത് എടുത്തുപറയേണ്ടതുണ്ട്. അട്ടപ്പാടിയിലെ സമ്പൂര്‍ണ പോഷകാഹാരപദ്ധതി, സമൂഹ അടുക്കള, ചികിത്സാസൌകര്യങ്ങളുടെ വിപുലീകരണം, വര്‍ധിച്ച വിദ്യാഭ്യാസ സഹായം എന്നിങ്ങനെ 2006-11ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ മികച്ച നേട്ടമാണുണ്ടാക്കിയത്. ട്രൈബല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ 30 സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കിയതും  അങ്കണവാടികള്‍വഴി പോഷകാഹാരവിതരണത്തിന് സാഹചര്യമൊരുക്കിയതും അക്കൂട്ടത്തിലുണ്ട്. എന്നാല്‍, യുഡിഎഫ് ഭരിച്ച  അഞ്ചുവര്‍ഷം ഈ പദ്ധതികളില്‍ തുടര്‍ച്ച ഉറപ്പാക്കാന്‍ കഴിഞ്ഞില്ല.  പല പദ്ധതികളും തകര്‍ക്കപ്പെട്ടു. ഈ പ്രശ്നങ്ങള്‍ ശരിയായ രീതിയില്‍ പരിഹരിച്ച് നേട്ടങ്ങള്‍  പുനഃസ്ഥാപിക്കുക എന്ന ശ്രമകരമായ ദൌത്യംഈ സര്‍ക്കാര്‍ പൂര്‍ത്തിയാക്കും എന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഒരുവര്‍ഷത്തിനകം ഈ രംഗത്ത് സൃഷ്ടിച്ച മുന്നേറ്റത്തിന്റെ നഖചിത്രംതന്നെ മുഖ്യമന്ത്രിയും വകുപ്പുമന്ത്രി എ കെ ബാലനും  വിശദീകരിച്ചിട്ടുണ്ട്. ഗോത്രവിഭാഗത്തിന്റെ വിദ്യാഭ്യാസത്തിനായി അനുവദിച്ച തുക മുന്‍വര്‍ഷത്തേതില്‍നിന്ന് 50 മുതല്‍ 100 ശതമാനംവരെ വര്‍ധിപ്പിച്ചു. ഒരുവര്‍ഷത്തിനുള്ളില്‍ ആറുലക്ഷത്തോളം പിന്നോക്കവിഭാഗ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നല്‍കി. 353 സ്കൂളുകളില്‍ പഠിക്കുന്ന പതിമൂവായിരത്തോളം പട്ടികവര്‍ഗവിദ്യാര്‍ഥികള്‍ക്ക് യാത്രാസൌകര്യം ഏര്‍പ്പെടുത്തി. പത്തോളംപുതിയ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. കായികരംഗത്ത് മികവ് പുലര്‍ത്തുന്ന കുട്ടികള്‍ക്കായി പാലക്കാട്ട് സ്പോര്‍ട്സ് സ്കൂള്‍ ആരംഭിക്കുന്നു. സ്കൂളുകളുടെ ഹോസ്റ്റല്‍സൌകര്യം മെച്ചപ്പെടുത്താനും ഹോസ്റ്റലുകളില്‍ നല്ല ‘ഭക്ഷണവും മറ്റു ‘ഭൌതികസൌകര്യങ്ങളും ഉറപ്പാക്കുന്നതിനും നടപടിയെടുക്കുന്നു.

ആദിവാസികളുടെയും പട്ടികവര്‍ഗവിഭാഗക്കാരുടെയും പ്രശ്നങ്ങള്‍ മനസ്സിലാക്കി   പരിഹാരത്തിന് ഇടപെടുന്ന സര്‍ക്കാരാണ്  കേരളത്തിലേത് എന്ന് നിസ്സംശയം പറയാവുന്ന അനുഭവങ്ങളാണിവ.  അനുവദിക്കുന്ന പദ്ധതിയും തുകയും പൂര്‍ണമായും ശരിയായ അര്‍ഥത്തിലാണ് വിനിയോഗിക്കുന്നത് എന്ന്   ഉറപ്പുവരുത്തല്‍ ഈ രംഗത്ത് പ്രധാനമാണ്. അതില്‍  സര്‍ക്കാര്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തുമെന്നും  ഒരുവിധത്തിലുള്ള തിരിമറിയും ചൂഷണവും   അനുവദിക്കുന്ന പ്രശ്നമില്ലെന്നുമാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.  ഗോത്രവിഭാഗങ്ങള്‍ക്കുള്ള ക്ഷേമത്തുകകള്‍ ഇടനിലക്കാരോ ദല്ലാളന്മാരോ തട്ടിയെടുക്കുന്ന പതിവുകള്‍ക്ക് പൂര്‍ണവിരാമമിടാനുള്ള നിശ്ചയദാര്‍ഢ്യമാണ് ഈ വാക്കുകളില്‍നിന്ന് വായിച്ചെടുക്കാനാകുക. അതാണ് വേണ്ടത്. അതിലൂടെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ എല്ലാം ശരിയാക്കുകയാണ് എന്ന ശരി കൂടുതല്‍ തിളക്കമുള്ളതാകുന്നത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top