22 July Monday

ജനാധിപത്യത്തിന്റെ ഉജ്വല മാതൃക

വെബ് ഡെസ്‌ക്‌Updated: Tuesday Sep 26, 2023


ജനായത്ത വ്യവസ്ഥയ്‌ക്ക്, ജനാധിപത്യത്തിന് ശോഭയേറിയ അനേകം മുത്തുകളുണ്ട്. ചർച്ചയും അഭിപ്രായ രൂപീകരണവും അതിൽ ഏറ്റവും പ്രധാനവുമാണ്. ഇതു രണ്ടും ജനാധിപത്യത്തിന്റെ പ്രാരംഭബിന്ദുക്കളുമാണ്. ഇപ്പോൾ ഏഴുവർഷമായി, കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി ഭരണം തുടരുമ്പോൾ ജനാധിപത്യത്തിന്റെ ഈ മഹത്തായ മാതൃകകൾ എവിടെയും കാണാം. ചെയ്ത കാര്യങ്ങളും ചെയ്യാൻ പോകുന്ന കാര്യങ്ങളും ജനങ്ങളോടു പറയുകയും ഭരണത്തെക്കുറിച്ച് ജനങ്ങളുടെ അഭിപ്രായം തേടുകയും ചെയ്യുന്നത് അങ്ങനെയൊരു ഉജ്വല മാതൃകയാണ്. സർക്കാർ നടപ്പാക്കുന്ന പരിപാടികളെക്കുറിച്ച് പൊതുസമൂഹത്തിന്റെ നിർദേശങ്ങൾ തേടുന്നുമുണ്ട്. തെരഞ്ഞെടുപ്പു കാലത്ത് പ്രകടനപത്രികയിൽ പറഞ്ഞതിൽ നടപ്പാക്കിയ ഓരോ അജൻഡയും ജനങ്ങളെ ബോധ്യപ്പെടുത്തുകയും നടപ്പാക്കാൻ പറ്റാത്തത് ഏതെങ്കിലുമുണ്ടെങ്കിൽ അത് എന്തുകൊണ്ടെന്ന് കാര്യകാരണസഹിതം വിശദീകരിക്കുകയും ചെയ്യുന്നു. ഇങ്ങനെയൊരു രീതി സ്വീകരിച്ചിട്ടുള്ള ഇന്ത്യയിലെ ഏക സംസ്ഥാന സർക്കാർ കേരളത്തിലെ പിണറായി സർക്കാരാണ്. അങ്ങേയറ്റം ആത്മാർഥതയോടെയും ആത്മ വിശ്വാസത്തോടെയുമാണ് ഈ ഭരണം. അതുകൊണ്ടുതന്നെ, കാര്യങ്ങൾ ജനസമക്ഷം അവതരിപ്പിക്കുന്നതിൽ സർക്കാരിന് തെല്ലും അധൈര്യമില്ല.

2016ൽ പിണറായി സർക്കാർ അധികാരത്തിൽ വന്നതുമുതൽ സ്വീകരിച്ച ഈ കാഴ്ചപ്പാടിന്റെ തുടർച്ചയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഒരേസമയം നിയമസഭാ മണ്ഡലങ്ങളിലെത്തി ജനങ്ങളുമായി സംവദിക്കാൻ തീരുമാനിച്ചിട്ടുള്ളത്. നവംബർ 18 മുതൽ ഡിസംബർ 24 വരെയാണ്  പരിപാടി. നവകേരള നിർമിതിയുടെ ഭാഗമായി എൽഡിഎഫ് സർക്കാർ കൈവരിച്ച മുന്നേറ്റം ജനങ്ങളിലുണ്ടാക്കിയ പ്രതികരണം അറിയുകയാണ് ഈ ജനസദസ്സുകളുടെ പ്രധാന ലക്ഷ്യം. സാധാരണക്കാരടക്കം സമൂഹത്തിന്റെ  നാനാമേഖലകളിലെ വിദഗ്ധരും പൗര പ്രമുഖരുമെല്ലാം പരിപാടിയിൽ പങ്കെടുക്കും. ജനങ്ങളെ അറിയുകയും അവരുടെ സുഖദുഃഖങ്ങളിലും പ്രതിസന്ധികളിലും താങ്ങും തണലുമായി ചേർന്നു നിൽക്കുകയും ചെയ്യുന്ന ജനകീയ സർക്കാരിനുമാത്രം സ്വീകരിക്കാൻ കഴിയുന്ന സമീപനമാണിത്. രാജ്യം കത്തിയെരിയുമ്പോൾപ്പോലും ജനങ്ങളും മാധ്യമങ്ങളും പ്രതിപക്ഷവും ഉന്നയിക്കുന്ന ചോദ്യങ്ങളിൽനിന്ന് തടിതപ്പുന്ന കേന്ദ്ര സർക്കാരിന്റെ നിലപാടിൽനിന്ന് വ്യത്യസ്തമായ,  സുതാര്യമായ, തുറന്ന സമീപനം.

ജനാധിപത്യമെന്നത് വോട്ട്‌ രേഖപ്പെടുത്തൽ മാത്രമല്ല. അതൊരു ജീവിതാവബോധംകൂടിയാണ്. ജനാധിപത്യപ്രക്രിയ ആഴത്തിലും പരപ്പിലും ശക്തിപ്പെടണമെങ്കിൽ ജനജീവിതവുമായി ഇഴുകിച്ചേരണം. ഭരണത്തെക്കുറിച്ച് അവർക്ക് അഭിപ്രായം രേഖപ്പെടുത്താൻ കഴിയണം. അതിന് അവസരമൊരുക്കിയാണ് എൽഡിഎഫ്‌ സർക്കാർ മുന്നേറുന്നത്. നമ്മുടെ നാട് ഉജ്വലമായ ഒരു കാലത്തിലൂടെയാണ് കടന്നുപോകുന്നത്.  സംസ്ഥാനത്തിന്റെ സാമൂഹ്യജീവിതത്തിൽ മൗലികമായ പരിവർത്തനങ്ങളുടെ കാലം. എല്ലാവരുടെയും ആരോഗ്യസുരക്ഷ, സാമൂഹ്യസുരക്ഷ, ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസ സൗകര്യങ്ങൾ ഉറപ്പാക്കി സർവതലസ്പർശിയായ സമഗ്രവികസനത്തിന്റെ പാതയിലൂടെ സംസ്ഥാനം മുന്നേറുകയാണ്. അതിതീവ്ര ദാരിദ്ര്യത്തിൽപ്പെട്ട ഒരു കുടുംബവും സംസ്ഥാനത്ത് ഇല്ലെന്ന് ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. കെ ഫോൺ, ജലമെട്രോ, തീരദേശ–- - മലയോര ഹൈവേകൾ, സ്റ്റാർട്ടപ്പുകൾ, പുതിയ വ്യവസായങ്ങൾ... പുരോഗതിയുടെ സൂചകങ്ങളിലെല്ലാം കേരളം മുന്നിലെത്തുന്നു. രാജ്യത്ത്‌ ഏറ്റവും കൂടുതൽ സൗജന്യചികിത്സ നൽകുന്ന സംസ്ഥാനം കേരളമാണെന്ന കഴിഞ്ഞദിവസം ലഭിച്ച അംഗീകാരം ഇതോടൊപ്പം കാണണം.

വളർച്ചനിരക്കിന്റെ അക്കങ്ങൾ അർഥവത്തായ വികസനംതന്നെയാക്കി മാറ്റിയാണ് കേരളം കുതിക്കുന്നത്. അമേരിക്കയിലെ ‘വാഷിങ്‌ടൺ പോസ്റ്റ്' കമ്യൂണിസത്തിന്റെ വിജയഭൂമി എന്നാണ് കേരളത്തെക്കുറിച്ച് അടുത്തകാലത്ത് പറഞ്ഞത്. ഈ വികസന-ക്ഷേമ പ്രവർത്തനങ്ങളുടെ  ഗുണഭോക്താക്കൾ ജനങ്ങളാണ്. അവർക്കിടയിലേക്കാണ് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നത്. ഇത് മന്ത്രിസഭാ യോഗങ്ങളെയോ സർക്കാരിന്റെ മറ്റ് പ്രവർത്തനങ്ങളെയോ ഒരു തരത്തിലും ബാധിക്കില്ല. മണ്ഡല സദസ്സിനു മുന്നോടിയായുള്ള മേഖലാ അവലോകന യോഗങ്ങൾ ചൊവ്വാഴ്ച ആരംഭിക്കുകയാണ്.

സർക്കാരിന്റെ ഏതു പരിപാടിയെയും എതിർക്കുന്ന പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും മണ്ഡല സദസ്സിനെതിരെയും രംഗത്തുവന്നിട്ടുണ്ട്. കോൺഗ്രസും ബിജെപിയും ഒരേ സ്വരത്തിൽ സർക്കാരിനെതിരെ എതിർപ്പ് ഉയർത്തുന്നത് പുത്തരിയല്ല. ജനങ്ങൾ അവരുടെ നേരനുഭവംകൊണ്ട് സർക്കാരിനെ കൃത്യമായി മനസ്സിലാക്കിയിട്ടുണ്ട്. വർത്തമാനകാല ഇന്ത്യയിൽ ഉന്മാദം കൊള്ളുന്ന തീവ്രഹിന്ദുത്വത്തെ ധീരമായി ചെറുത്ത്, നാടിന്റെ വൈവിധ്യവും ഐക്യവും മതനിരപേക്ഷതയും കാത്ത് സമഗ്രവികസന പന്ഥാവിലൂടെ മുന്നേറുന്ന സംസ്ഥാന സർക്കാരിനു പിന്നിൽ ജനശക്തിയുടെ മഹാബലമുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top