24 March Friday

മാധ്യമ അഭിഭാഷക തര്‍ക്കം: തീരുമാനങ്ങള്‍ അട്ടിമറിക്കരുത്

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2016

സംസ്ഥാനത്തെ കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള അപ്രഖ്യാപിത വിലക്ക് അവസാനിപ്പിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ ഫലപ്രാപ്തിയിലെത്താതെ പോകുന്നത് ഗുരുതരമായ സ്ഥിതിവിശേഷമാണ്. പ്രശ്നപരിഹാരത്തിനായി കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ ഒരു ചെറുവിഭാഗം ബോധപൂര്‍വം അട്ടിമറിക്കുന്നതായാണ് മനസ്സിലാക്കേണ്ടത്. ഇത്തരക്കാരുടെ ലക്ഷ്യമെന്തായാലും അവരെ ജനവിരുദ്ധരെന്ന് വിളിക്കുന്നതില്‍ തെറ്റുണ്ടാകില്ല. കാരണം കഴിഞ്ഞ രണ്ടരമാസത്തിലേറെയായി കോടതിവ്യവഹാരങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഭാഗികമായിമാത്രമാണ് ജനങ്ങള്‍ക്ക് ലഭിക്കുന്നത്. ഭരണ– നീതിന്യായ സംവിധാനങ്ങളുടെ എല്ലാതലങ്ങളും സുതാര്യവും ജനങ്ങള്‍ക്ക് പ്രാപ്യവുമാക്കുന്നതിന് ദേശീയ നിയമനിര്‍മാണംതന്നെ നടത്തിയിട്ടുള്ള രാജ്യമാണ് ഇന്ത്യ. വ്യക്തികള്‍ക്ക് സ്വന്തം നിലയില്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള അവകാശം നിയമംമൂലം ഉറപ്പുവരുത്തുന്നതിന് മുമ്പും പിന്നീടും മാധ്യമങ്ങളുടെ ഇടപെടലിലൂടെയാണ് സമൂഹത്തിന്റെ അറിയാനുള്ള ആഭിമുഖ്യം തൃപ്തിപ്പെട്ടിരുന്നത്്. ഈ  മഹത്തായ പരാമ്പര്യമാണ് ചുരുക്കം ചിലരുടെ പിടിവാശിക്കുമുന്നില്‍ മലീമസമാക്കപ്പെടുന്നത്. ഇക്കാര്യത്തില്‍, പക്ഷംചേരലല്ല പ്രശ്നപരിഹാരമാണ് ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും ചുമതലയെന്ന് ഞങ്ങള്‍ കരുതുന്നു.

കൊച്ചിയില്‍ കഴിഞ്ഞ ജൂലൈ 19നാണ് മാധ്യമപ്രവര്‍ത്തകരും  അഭിഭാഷകരും തമ്മിലുള്ള പ്രശ്നങ്ങള്‍ പൊട്ടിത്തെറിയിലേക്ക് നീങ്ങിയത്. പിറ്റേന്ന് തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിവളപ്പിലും പരിസരത്തുമുണ്ടായ സംഘര്‍ഷം പ്രശ്നം രൂക്ഷമാക്കി. ജനാധിപത്യത്തില്‍ ഇരുവിഭാഗങ്ങളും വഹിക്കുന്ന ഉന്നതമായ സ്ഥാനം വിസ്മരിച്ച്, സംയമനം വെടിഞ്ഞ് പരസ്പരം കുറ്റപ്പെടുത്തലിന്റെയും ആരോപണ പ്രത്യാരോപണങ്ങളുടെയും ദിനങ്ങള്‍ പലത് കടന്നുപോയി. വാര്‍ത്താ റിപ്പോര്‍ട്ടിങ്ങിലെ 'അന്യായങ്ങള്‍' ഉള്‍പ്പെടെയുള്ള മുന്‍വിധികള്‍ ചൂണ്ടിക്കാട്ടി അഭിഭാഷകപക്ഷവും കോടതിവളപ്പിന്റെ സംരക്ഷണയിലുള്ള 'ഗുണ്ടായിസ'ത്തെ എതിര്‍ത്ത് മാധ്യമപ്രവര്‍ത്തകരും വാദങ്ങള്‍ നിരത്തി. ആരും ജയിക്കാത്ത ഈ യുദ്ധത്തില്‍ തോറ്റത് ജനങ്ങളാണെന്ന് പിന്നിട്ട നാളുകളിലെ അനുഭവം തെളിയിച്ചിരിക്കുന്നു.

സമവായത്തിനും പ്രശ്നപരിഹാരത്തിനുമുള്ള പരിശ്രമങ്ങള്‍ പലതട്ടുകളില്‍ നടന്നു. ന്യായാധിപരും മുതിര്‍ന്ന അഭിഭാഷകരും അഡ്വക്കറ്റ് ജനറലും  മുന്‍കൈ എടുത്ത് ചര്‍ച്ചകള്‍ നടത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ ബാര്‍ അസോസിയേഷന്‍ പ്രതിനിധികളെയും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിനിധികളെയും വിളിച്ചിരുത്തി ചര്‍ച്ച നടത്തി. എജി അധ്യക്ഷനായി ഒരു സ്ഥിരംസമിതിയുടെ മേല്‍നോട്ടത്തില്‍ തര്‍ക്കപരിഹാരത്തിന് സംവിധാനമുണ്ടാക്കി. സംഭവിച്ചുപോയ കാര്യങ്ങള്‍ ചിള്ളിപ്പെറുക്കി ഭിന്നത കത്തിച്ചുനിര്‍ത്താതെ പഴയനിലയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങളാണ് എല്ലാ ചര്‍ച്ചകളിലും മുഴങ്ങിക്കേട്ടത്. കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കില്ലെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസും രജിസ്ട്രാറും പലവട്ടം വ്യക്തമാക്കി.

കോടതികളില്‍ വാര്‍ത്താ റിപ്പോര്‍ട്ടിങ്ങുമായി ബന്ധപ്പെട്ട ചില ക്രമീകരണങ്ങളും ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശപ്രകാരം രജിസ്ട്രാര്‍ ഏര്‍പ്പെടുത്തി. പ്രശ്നപരിഹാരത്തിന് ഉതകുമല്ലോ എന്ന ധാരണയില്‍ അത്തരം നിയന്ത്രണങ്ങളോട്  സഹകരിക്കുകയാണ് മാധ്യമപ്രവര്‍ത്തകര്‍ ചെയ്തത്. ഹൈക്കോടതിയിലെ മീഡിയ റൂം പൂര്‍വസ്ഥിതിയിലാക്കുന്നത് ഉള്‍പ്പെടെയുള്ള  ആവശ്യങ്ങളില്‍ കടുത്ത സമ്മര്‍ദത്തിന് മാധ്യമപ്രവര്‍ത്തകര്‍ തയ്യാറാകാതിരുന്നത് പ്രശ്നപരിഹാരമുണ്ടാകട്ടെ എന്ന സദുദ്ദേശ്യത്തോടെയായിരുന്നു എന്നുവേണം കരുതാന്‍. ആരോപണ പ്രത്യാരോപണങ്ങള്‍ കുറഞ്ഞ ഇടവേളയില്‍ നേരിട്ടുചെന്ന് വാര്‍ത്തകള്‍ ശേഖരിക്കുക എന്ന പതിവുരീതിയില്‍നിന്ന്, പ്രയാസങ്ങള്‍ സഹിച്ചുകൊണ്ടുതന്നെ മാധ്യമപ്രവര്‍ത്തകര്‍ വിട്ടുനിന്നു. ഇതിനിടയില്‍ കോടതികളിലെത്തിയ ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് ദുരനുഭവങ്ങള്‍ നേരിടുകയും ചെയ്തു.

സുപ്രധാന കേസുകളുടെ പരിഗണനയും തീര്‍പ്പും വന്ന ഘട്ടങ്ങളില്‍പ്പോലും വിവരങ്ങള്‍ യഥാവിധി ശേഖരിക്കാന്‍ സാധിക്കാത്ത സ്ഥിതി കേരളത്തിലെ കോടതികളില്‍ നിലനിന്നത് നമ്മുടെ ജനാധിപത്യത്തിന് ഒട്ടും ഭൂഷണമായിരുന്നില്ല. ഇത് നീതിന്യായവ്യവസ്ഥയ്ക്ക് വരുത്തിത്തീര്‍ത്ത ക്ഷീണവും ചെറുതല്ല. പരസ്പരപൂരകമായും ജനക്ഷേമത്തിന് മുന്‍ഗണന നല്‍കിയും നീതിപൂര്‍വമായും പ്രവര്‍ത്തിക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നവയാണ്

ജനാധിപത്യത്തിന്റെ നെടുംതൂണുകളെല്ലാം. ഇതില്‍ ലെജിസ്ളേച്ചറും എക്സിക്യൂട്ടീവും ജനങ്ങളോട് നേരിട്ട് ഉത്തരവാദിത്തം പുലര്‍ത്തുന്നവയാണ്. ആദ്യ രണ്ട് വിഭാഗങ്ങളില്‍നിന്ന് നീതി നിഷേധിക്കപ്പെട്ടാല്‍ ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കേണ്ടവയാണ് മൂന്നും നാലും തൂണുകളായ ജുഡീഷ്യറിയും മാധ്യമങ്ങളും. ഇവ ശത്രുതാപരമായ നിലപാടുകള്‍ പിന്തുടരുന്നത് ജനാധിപത്യത്തിന്റെ അടിത്തറതന്നെ ഇളക്കും. നീതിന്യായ പരിപാലനത്തിന്റെ വിവരങ്ങള്‍ ജനങ്ങള്‍ക്ക് നിഷേധിക്കുകവഴി അത്തരമൊരു പതനത്തിനാണ് കേരളം കഴിഞ്ഞ രണ്ടരമാസക്കാലം സാക്ഷിയായത്.

മാധ്യമ–അഭിഭാഷക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പുതിയ ചീഫ് ജസ്റ്റിസ് ചുമതലയേറ്റശേഷം ശക്തമായ ഇടപെടലുകള്‍  നടന്നു. മാധ്യമ ഉടമാ പ്രതിനിധികളടക്കം ബന്ധപ്പെട്ടവരെല്ലാം പങ്കാളികളായ ചര്‍ച്ചയോടെ സമാധാനപരമായ അന്തരീക്ഷം പുനഃസ്ഥാപിക്കപ്പെടുന്ന പ്രതീക്ഷയാണ് എല്ലാവരിലും ഉണര്‍ന്നത്. ഈ പ്രതീക്ഷയോടെ കോടതികളിലെത്തിയ മാധ്യമപ്രവര്‍ത്തകര്‍ നേരിട്ട ഭീഷണിയും അപമാനവും ഞെട്ടലുളവാക്കുന്നതാണ്. ചെറിയൊരു സംഘം അഭിഭാഷകര്‍ പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തുകയും കൈയേറ്റത്തിന് മുതിരുകയും ചെയ്തു. ഒറ്റപ്പെട്ട ചിലരുടെ അതിക്രമത്തിനുമുന്നില്‍ നിസ്സഹായമായി നില്‍ക്കേണ്ടതല്ല നമ്മുടെ നീതിന്യായസംവിധാനവും മാധ്യമപരിസരവും. ന്യായാധിപന്മാരും ഭൂരിഭാഗം അഭിഭാഷകരും സ്വീകരിച്ച അനുരഞ്ജനസമീപനം കാണാതെ, അഭിഭാഷകസമൂഹത്തെ ഒന്നടങ്കം കുറ്റപ്പെടുത്തുന്നതിനോട് ഒരിക്കലും യോജിക്കാനാകില്ല. എന്നാല്‍,സംഘര്‍ഷത്തിന് അയവുവരാതിരിക്കാന്‍ കാരണം ചുരുക്കം ചിലരുടെ വിദ്വേഷവും പിടിവാശിയുമാണെന്ന് വ്യക്തം.  

ഈയൊരു പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും പ്രശ്നത്തില്‍ ഇടപെട്ടുകൊണ്ട് ചീഫ് ജസ്റ്റിസിനെ കണ്ട് പരിഹാരം തേടാന്‍ അഡ്വക്കറ്റ് ജനറലിനെ ചുമതലപ്പെടുത്തിയത്. കൂടുതല്‍ ഇടപെടലുകള്‍ നടത്തുമെന്ന് ചീഫ് ജസ്റ്റിസ് ഉറപ്പ് നല്‍കിയ കാര്യം ചര്‍ച്ചയ്ക്കുശേഷം എജി അറിയിച്ചിട്ടുണ്ട്. മാധ്യമ– അഭിഭാഷക തര്‍ക്കം ഇനിയൊരു നിമിഷം നീട്ടിക്കൊണ്ടുപോകാതെ പരിഹരിക്കാനുള്ള ഉയര്‍ന്ന ജനാധിപത്യബോധം എല്ലാ ഭാഗത്തുനിന്നും ഉണ്ടാകണമെന്നാണ് ഞങ്ങള്‍ക്ക് അഭ്യര്‍ഥിക്കാനുള്ളത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top