14 September Saturday

കുടിയേറ്റ ജനതയുടെ കണ്ണീരൊപ്പി എൽഡിഎഫ്‌ സർക്കാർ

വെബ് ഡെസ്‌ക്‌Updated: Monday Sep 18, 2023


ആറു പതിറ്റാണ്ടായി കുടിയേറ്റ ജനത അനുഭവിച്ചിരുന്ന ദുരിതത്തിന്‌ അറുതിയായി. ഭൂമി പതിച്ചുകൊടുക്കൽ ഭേദഗതിബിൽ നിയമസഭ ഏകകണ്‌ഠമായി പാസാക്കിയതോടെ മലയോര ജനതയുടെ ദീർഘനാളത്തെ സ്വപ്‌നമാണ്‌ പൂവണിയുന്നത്‌. ഇടുക്കി, വയനാട്‌ ജില്ലകളുടെ വികസനക്കുതിപ്പിന്‌ നിയമഭേദഗതി സഹായിക്കും. 1960ലെ ഭൂപതിവ്‌ നിയമപ്രകാരം പട്ടയം ലഭിച്ച ഭൂമി വീടുവയ്‌ക്കാനും കൃഷിക്കും മാത്രമേ ഉപയോഗിക്കാൻ പറ്റൂ. മറ്റാവശ്യങ്ങൾക്ക്‌ ഉപയോഗിച്ചാൽ അത്‌ നിയമലംഘനമാണ്‌. കോടതി വ്യവഹാരങ്ങൾക്കും കാരണമാകും.

പതിറ്റാണ്ടുകളായി കൈവശംവച്ച്‌ അനുഭവിക്കുന്ന ഭൂമിക്ക്‌ പട്ടയം കിട്ടിയാലും അത്‌ ജീവിതോപാധിക്കുള്ള മറ്റാവശ്യങ്ങൾക്ക്‌ വിനിയോഗിക്കാൻ പറ്റില്ലെന്ന നിയമം ഇടുക്കി ജില്ലയിലെ ജനങ്ങളുടെ ജീവിതംതന്നെ മുട്ടിച്ചു. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ്‌ കേന്ദ്രമായ ഇടുക്കിയുടെ വികസനം വഴിമുട്ടിയ നിലയിലാണ്‌. നിത്യേന എത്തുന്ന ആയിരക്കണക്കിന്‌ വിനോദസഞ്ചാരികൾക്ക്‌ ആവശ്യമായ സൗകര്യം ഒരുക്കാൻ ഭൂവിനിയോഗത്തിലെ നിയമക്കുരുക്ക്‌ തടസ്സമായി. ആയിരക്കണക്കിന്‌ കുടുംബങ്ങൾക്ക്‌ ഉപജീവനം കണ്ടെത്താൻ കഴിയുന്ന മേഖലയാണിത്‌. എന്നാൽ, വാണിജ്യ ആവശ്യങ്ങൾക്കോ ഹോംസ്‌റ്റേപോലുള്ള സംവിധാനങ്ങൾക്കോ തങ്ങൾക്ക്‌ അവകാശപ്പെട്ട ഭൂമിയിൽ അനുമതിയില്ലെന്ന നിയമം ഇടുക്കിയെ വല്ലാതെ പ്രതിസന്ധിയിലാക്കി. സ്വന്തം ഭൂമി വാണിജ്യ ആവശ്യങ്ങൾക്കുവേണ്ടി വിൽക്കാനോ ബാങ്കിൽ പണയംവച്ച്‌ വായ്‌പ എടുക്കാനോ സാധിക്കുമായിരുന്നില്ല. വീട്‌, കന്നുകാലിത്തൊഴുത്ത്‌ എന്നിവയൊഴിച്ച്‌ മറ്റൊരു നിർമിതിക്കും അനുമതി കിട്ടാത്ത അവസ്ഥയാണ്‌ ഇടുക്കിയിൽ.

ഏറെ സങ്കീർണമായ ഭൂപ്രശ്‌നത്തിന്‌ നിരവധി ചർച്ചകളുടെയും കൂട്ടായ ശ്രമത്തിന്റെയും ഫലമായാണ്‌ ഇടതുപക്ഷ സർക്കാർ കുരുക്കഴിക്കുന്നത്‌. നാളിതുവരെയുള്ള എല്ലാ ചെറുകിട നിർമിതികളും ക്രമപ്പെടുത്താൻ സർക്കാരിന്‌ അവകാശമുണ്ടെന്നതാണ്‌ നിയമഭേദഗതിയുടെ കാതൽ. ഇനിയങ്ങോട്ട്‌ ചെറുകിട സംരംഭങ്ങളുടെ അനുമതിക്കും തടസ്സമുണ്ടാകില്ല. ഇടുക്കിയുടെ വികസനക്കുതിപ്പിന്‌ ഈ നിയമം കരുത്തു പകരുമെന്നതിൽ തർക്കമില്ല. കർഷകർക്ക്‌ ഉൾപ്പെടെ ധനസ്ഥാപനങ്ങളിൽനിന്ന്‌ വായ്‌പയും ലഭ്യമാകും. പുതിയ ഭൂനിയമം നിലവിൽ വരുന്നതോടെ കർഷകർക്കും സംരംഭകർക്കും വ്യവസായികൾക്കും സ്ഥാപന ഉടമകൾക്കും ഭൂസ്വാതന്ത്ര്യം കൈവരും. ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമടക്കം പ്രവർത്തനം ആരംഭിക്കാനാകും.

വാണിജ്യമേഖലയായ കട്ടപ്പന, ടൂറിസം കേന്ദ്രമായ മൂന്നാർ അടക്കമുള്ള ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾക്ക്‌ പട്ടയമെന്നത്‌ പതിറ്റാണ്ടുകളുടെ ആവശ്യമായിരുന്നു. ബിൽ വന്നതോടെ വാണിജ്യ സ്ഥാപനങ്ങൾക്ക്‌ നിയമപരമായി പ്രവർത്തിക്കാനാകും. ജീവിതോപാധിക്കായി 1500 ചതുരശ്രയടിവരെയുള്ള ചെറു നിർമാണങ്ങൾക്ക്‌ അനുമതിയാകുന്നതോടെ കന്നുകാലി ഫാമുകൾ, കൃഷി ഫാമുകൾ, മത്സ്യക്കുളങ്ങൾ, സർക്കാർ–-സ്വകാര്യ ആശുപത്രികൾ, ചെറു വ്യവസായ യൂണിറ്റുകൾ എന്നിവ തുടങ്ങാനാകും.

മാറുന്ന കാലത്തിനനുസരിച്ച്‌ ജനങ്ങളുടെ ജീവിതം കരുപ്പിടിപ്പിക്കാനുള്ള അവസരം ഒരുക്കാനാണ്‌ സർക്കാർ ഭൂപതിവ്‌ നിയമം ഭേദഗതി ചെയ്യുന്നത്‌. അത്‌ ആയിരക്കണക്കിന്‌ കുടുംബങ്ങളുടെ കണ്ണീര്‌ ഒപ്പുന്നതുമാണ്‌. എന്നാൽ, ഇതിന്‌ പാർടി ഓഫീസുകൾ സംരക്ഷിക്കാനുള്ള നീക്കമാണെന്ന ആരോപണം ഉന്നയിച്ച്‌ കുടിയേറ്റ ജനതയെ വീണ്ടും അപമാനിക്കാനുള്ള ചിലരുടെ നീക്കം ബാലിശമാണ്‌. പാർടി ഓഫീസുകളും ജനവാസത്തോടൊപ്പം ഉയർന്നുവന്നവയാണ്‌. തൊഴിലാളികളുടെയും കർഷകരുടെയും അധ്വാനത്തിന്റെ ചെറിയൊരു വിഹിതം നൽകി വിലയ്ക്കുവാങ്ങിയ ഭൂമിയിലാണ്‌ സിപിഐ എമ്മിന്റെ ഓഫീസുകൾ നിർമിച്ചിട്ടുള്ളത്‌. അതിനെയൊക്കെ നിലവിലുണ്ടായിരുന്ന നിയമം അനുസരിച്ച്‌ കൈയേറ്റം എന്നാക്ഷേപിക്കാനാണ്‌ പലരും ശ്രമിക്കുന്നത്‌. എന്നാൽ, പട്ടയംപോലുമില്ലാത്ത ഭൂമിയിൽ നിർമിച്ച ഡിസിസി ഓഫീസിനെക്കുറിച്ച്‌ മാധ്യമങ്ങൾക്ക്‌ മിണ്ടാട്ടവുമില്ല.

കുടിയേറ്റ ജനതയെ കൈയേറ്റക്കാരായി ചിത്രീകരിക്കുന്ന മാധ്യമങ്ങൾക്കും നിക്ഷിപ്‌ത താൽപ്പര്യക്കാർക്കും ഇച്ഛാഭംഗം ഉണ്ടാക്കുന്നതാണ്‌ ഭൂപതിവ്‌ നിയമഭേദഗതി. എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ വാഗ്‌ദാനത്തിന്റെ പൂർത്തീകരണം കൂടിയാണിത്‌. ജനപക്ഷത്തു നിൽക്കുന്ന സർക്കാരിനുമാത്രം ചെയ്യാൻ കഴിയുന്നതുമാണ്‌. നിയമത്തിന്റെ ചട്ടരൂപീകരണം വരുന്നതോടെ കുടിയേറ്റ ജനതയുടെ എല്ലാ ആശങ്കകളും പരിഹരിക്കപ്പെടും. അതിരുകളില്ലാത്ത വികസനക്കുതിപ്പിലേക്ക്‌ മലയോര ജനതയെ നയിക്കാൻ നിയമഭേദഗതിക്കാകുമെന്നതിലും തർക്കമില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top