23 July Tuesday

മലയാളികളും മനുഷ്യരാണ്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 16, 2023


ഓണം മലയാളിക്ക് ഓർമപുതുക്കലിന്റെ കാലമാണ്. ഏതു വറുതിക്കാലത്തും മുണ്ടു മുറുക്കിയുടുത്താണെങ്കിലും ഓണത്തെ ആഘോഷപൂർവം വരവേറ്റവരാണ് നമ്മൾ. ഓണത്തിന്റെ പൊലിമ കേരളത്തിലുള്ളവരെപ്പോലെതന്നെ,  ഒരുപക്ഷേ അതിൽ കൂടുതൽ ആസ്വദിക്കുന്നവരാണ് പ്രവാസികൾ. ഓണത്തെ മത–- ജാതി ഭേദമില്ലാതെ വരവേൽക്കുന്നവരാണ് ലോകമെങ്ങുമുള്ള മലയാളി പ്രവാസി സമൂഹം. മലയാളികൾ ധാരാളമുള്ള ഗൾഫ് മേഖലയിലും അമേരിക്കയിലും യൂറോപ്പിലും മാത്രമല്ല, താരതമ്യേന കുറച്ചു മലയാളികളുള്ള രാജ്യങ്ങളിലും  ഓണാഘോഷങ്ങളുടെ പകിട്ടിന്‌ ഒരു കുറവുമില്ല. ആഘോഷങ്ങൾ ചിങ്ങവും കടന്ന്‌ കന്നിയിലേക്ക് നീളുന്ന പതിവാണ് മിക്കയിടത്തും.

ഗൃഹാതുരസ്മരണകളുടെ ഓണക്കാലത്ത് നാട്ടിലെത്താൻ വെമ്പുന്നവരാണ് പ്രവാസി മലയാളികൾ. നാട്ടിലെ അവധിക്കാലം ബന്ധുക്കളോടൊത്ത് ആഘോഷിക്കാൻ വേണ്ടി ടിക്കറ്റ് ബുക്ക് ചെയ്യാൻ ഒരുമ്പെടുന്നവർക്ക് പക്ഷേ വലിയ പ്രയാസത്തോടെ  പിൻവാങ്ങേണ്ടി വരുന്നു. വിമാനമായാലും സ്വകാര്യ ബസ് ആയാലും നട്ടെല്ലൊടിക്കുന്ന യാത്രാക്കൂലിയാണ് ഈടാക്കുന്നത്. ഓണക്കാലത്ത്‌ നാട്ടിലെത്താനുള്ള പ്രവാസി മലയാളികളുടെ ആഗ്രഹം ചൂഷണംചെയ്തു കൊള്ളലാഭം കൊയ്യുകയാണ് വ്യോമയാന കമ്പനികളും സ്വകാര്യ ബസ് കമ്പനികളും. ഓണമായതോടെ  വിദേശ വിമാന സർവീസുകൾക്ക് ടിക്കറ്റ്‌ നിരക്ക് കുത്തനെ കൂട്ടിയിരിക്കുന്നു. ഓണവാരത്തിൽ കേരളത്തിൽനിന്ന് യുഎഇയിലെ വിവിധ നഗരങ്ങളിലേക്ക്  60,000 രൂപയിലധികം വിമാനക്കൂലി നൽകേണ്ട സ്ഥിതിയാണ്. നിരക്ക് കുറയ്ക്കാൻ ഇടപെടാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ കൈമലർത്തിയതോടെ ആകാശയാത്ര സാധാരണക്കാർക്ക് അസാധ്യമായിരിക്കുന്നു. സംസ്ഥാന സർക്കാർ ഇടപെട്ടതിന്റെ ഫലമായി ഡൽഹിയിൽനിന്ന് കേരളത്തിലേക്ക് പ്രത്യേക വിമാനം അനുവദിക്കാൻ വ്യോമയാന മന്ത്രാലയം തീരുമാനിച്ചിട്ടുണ്ടെങ്കിലും നിരക്കിൽ വ്യത്യാസം ഉണ്ടാകാൻ ഇടയില്ല. 

സ്വകാര്യ ബസ് ഉടമകൾ യാത്രക്കാരെ അക്ഷരാർഥത്തിൽ പിഴിയുകയാണ്. ബംഗളൂരു-–- തിരുവനന്തപുരം യാത്രയ്ക്ക് ഓണക്കാലത്ത് എസി സെമി സ്ലീപ്പർ ടിക്കറ്റിന്‌ നാലായിരത്തോളം രൂപയെങ്കിലും നൽകേണ്ടി വരുമെന്ന ആശങ്കയിലാണ് അന്നാട്ടിലെ മലയാളികൾ. ഹൈദരാബാദിൽ നിന്നുള്ളവർക്ക് ഇതിലും അധികം തുക നൽകേണ്ടി വരും. ഓണക്കാലത്ത് യാത്രാദുരിതം പരിഹരിക്കാൻ ചെന്നൈ, ബംഗളുരു, മൈസൂരു നഗരങ്ങളിലേക്ക് അമ്പത് അധിക സർവീസ്‌ നടത്താൻ കെഎസ്‌ആർടിസി തീരുമാനിച്ചതാണ് പ്രവാസികൾക്ക് ഏക ആശ്വാസം. കെഎസ്ആർടിസി ഈ നഗരങ്ങളിലേക്ക് നടത്തുന്ന 47 സർവീസ്‌ കൂടാതെയാണിത്.

വിദൂരസ്ഥമായ വിവിധ ഇന്ത്യൻ നഗരങ്ങളിൽനിന്ന് നാട്ടിലെത്താൻ ശ്രമിക്കുന്ന ഇടത്തരക്കാരായ മലയാളികൾക്ക് ആശ്രയം ട്രെയിനാണ്. എന്നാൽ, റെയിൽവേ ഉത്സവകാലത്ത് പ്രവാസി മലയാളികളോട് കാണിക്കുന്ന ക്രൂരതയ്ക്ക് സമാനതകൾ ഇല്ല. ജനങ്ങളുടെ ആവശ്യം മുൻനിർത്തി കൂടുതൽ സ്‌പെഷ്യൽ ട്രെയിൻ ഓടിക്കാൻ റെയിൽവേ തയ്യാറാകുന്നില്ല. ഓണത്തിരക്ക് കണക്കിലെടുത്ത്‌ കൂടുതൽ ട്രെയിൻ അനുവദിക്കണമെന്ന് റെയിൽവേ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാൻ കേന്ദ്ര റെയിൽവേ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ ആഘോഷങ്ങൾക്ക് ആവശ്യംപോലെ ട്രെയിൻ അനുവദിക്കുന്ന റെയിൽവേ പ്രവാസി മലയാളികളെ പരിഗണിക്കുന്നേയില്ല. ആഗസ്ത് രണ്ടാം വാരംമുതൽ ഓണക്കാലംവരെ  അന്തർസംസ്ഥാന ട്രെയിനുകളിൽ ഒന്നിൽപ്പോലും ടിക്കറ്റ് ഇല്ലാത്ത സ്ഥിതിയാണ്. ജനറൽ ക്വോട്ടയിൽ ടിക്കറ്റ് കിട്ടാത്തവർക്ക് പിന്നെ ആശ്രയം തൽക്കാൽ ടിക്കറ്റുകളാണ്. അത് കിട്ടുമെന്ന് ഒരുറപ്പുമില്ല. സ്വാഭാവികമായും യാത്രികർ കൂടിയ നിരക്കുള്ള പ്രീമിയം തൽക്കാൽ ടിക്കറ്റിനെ ആശ്രയിക്കേണ്ടി വരുന്നു. ഫ്ലെക്സി നിരക്കുകളുള്ള ട്രെയിനുകളിൽ യാത്രയുടെ ദിവസം അടുക്കുംതോറും കനത്ത നിരക്ക് നൽകേണ്ടി വരുന്നത് മറ്റൊരു ദുരിതം.

സംസ്ഥാന സർക്കാരിന്റെ നിരന്തര സമ്മർദഫലമായി നാഗർകോവിൽ- പൻവേൽ, എറണാകുളം- ചെന്നൈ, താമ്പരം  മംഗളൂരു, കൊച്ചുവേളി -ബംഗളൂരു റൂട്ടുകളിൽ സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചിട്ടുണ്ടെങ്കിലും ദുരിതപരിഹാരം എത്രയോ അകലെയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top