05 February Sunday

ക്ഷേമനിധികൾക്കുനേരെ വാളോങ്ങി കേന്ദ്ര നിയമം

വെബ് ഡെസ്‌ക്‌Updated: Thursday May 17, 2018


തൊഴിലാളികൾക്ക് ലഭിക്കുന്ന ക്ഷേമനിധി ആനുകൂല്യത്തിനുമേലും കത്തിവീഴുന്നു. പിഎഫ്, ഇഎസ്ഐ, ഗ്രാറ്റുവിറ്റി തുടങ്ങിയ തൊഴിലാളിക്ഷേമ പദ്ധതികളെല്ലാം ഒഴിവാക്കി പുതിയ സാമൂഹ്യസുരക്ഷാ നിയമം കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാർ നീക്കം അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ്.  തൊഴിലാളി സംഘടനകളാകെ ഉയർത്തുന്ന എതിർപ്പ് അവഗണിച്ചാണ് കേന്ദ്ര നീക്കം. ഏറ്റവുമൊടുവിൽ ബിഎംഎസ് പോലും പുതിയ നിയമനീക്കത്തിനെതിരെ രംഗത്തുവന്നു. മികച്ച തൊഴിലാളി ക്ഷേമനിധി ബോർഡുകൾ പ്രവർത്തിക്കുന്ന കേരളം പോലെയുള്ള സംസ്ഥാനങ്ങൾക്ക് കനത്ത തിരിച്ചടിയാകുന്ന ഈ നീക്കത്തിനെതിരെ കേരളം സർക്കാർ തലത്തിൽ തന്നെ രംഗത്തെത്തിയിട്ടുണ്ട്. സാമൂഹ്യസുരക്ഷാ കോഡ് നീക്കം പിൻവലിക്കണമെന്ന് സംസ്ഥാന തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണൻ കേന്ദ്രസർക്കാരിനോട്  ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞവർഷമാണ് കേന്ദ്ര സർക്കാർ സാമൂഹ്യസുരക്ഷയ്ക്കും ക്ഷേമത്തിനുമായുള്ള തൊഴിൽ നിയമ (കോഡ്)ത്തിന്റെ കരട് പ്രസിദ്ധീകരിച്ചത്. സംഘടിത‐അസംഘടിത മേഖലകളിൽ ഒന്നാകെയുള്ള തൊഴിലാളികൾക്ക് ഗുണം ലഭിക്കുമെന്ന അവകാശവാദമാണ് സർക്കാർ ഉയർത്തിയത്. എന്നാൽ, നിയമ പിൻബലത്തോടെ നിലവിലുള്ള ക്ഷേമാനുകൂല്യങ്ങളെ ഇല്ലാതാക്കാനേ ഈ നീക്കം വഴിയൊരുക്കൂ എന്ന് സിഐടിയു ഉൾപ്പെടെയുള്ള കേന്ദ്ര തൊഴിലാളി സംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നു. നിയമങ്ങൾ 'ലഘൂകരിക്കുക'യും 'ക്രോഡീകരിക്കുക'യും ചെയ്യുന്നതിന്റെ ഭാഗമായി പുതിയ നിയമം കൊണ്ടുവരുന്നു എന്നാണ് സർക്കാർ വാദം.

എന്നാൽ, ഇഎസ്ഐ, ഇപിഎഫ്, നഷ്ടപരിഹാരം നൽകൽ നിയമം, പ്രസവാനുകൂല്യ നിയമം, ഗ്രാറ്റുവിറ്റി നിയമം, അസംഘടിത തൊഴിലാളി സാമൂഹ്യക്ഷേമ നിയമം, നിർമാണത്തൊഴിലാളി സെസ് നിയമം തുടങ്ങി വിവിധ മേഖലയിലെ മറ്റ് സെസ് നിയമങ്ങൾ തുടങ്ങിയ 15 നിയമങ്ങൾ പിൻവലിച്ചാണ് പുതിയ കോഡ് വരുന്നത്.

നിലവിൽ ഈ നിയമങ്ങൾ പ്രകാരം കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങളുടെ കാര്യം എന്താകുമെന്നതിൽ ഒരു വ്യക്തതയുമില്ല. ഇപിഎഫിൽ പണമടച്ചവർക്കും 1995ലെ പെൻഷൻ സ്കീമിൽ ഉൾപ്പെട്ടവർക്കുമൊക്കെ ആ വ്യവസ്ഥകൾ പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കുമോ? ഇഎസ്ഐ ആശുപത്രികൾ മുഖേനയുള്ള ചികിത്സ തുടർന്നും കിട്ടുമോ? നിർമാണത്തൊഴിലാളികൾക്കുള്ള വിദ്യാഭ്യാസ സഹായം തുടരുമോ? തുടങ്ങി തൊഴിലാളി സംഘടനകൾ ഉയർത്തുന്ന നിരവധി ചോദ്യങ്ങൾക്ക് ഇതുവരെ സർക്കാർ മറുപടി നൽകിയിട്ടില്ല.

ഇതിൽ ഏറ്റവും അപകടം നേരിടുക പ്രൊവിഡന്റ് ഫണ്ട് പദ്ധതിക്കു തന്നെയാണ്. പിഎഫിൽനിന്ന് താൽക്കാലികമായി പണം പിൻവലിക്കാനും സ്ഥിരമായി പിൻവലിക്കാനും സർവീസിൽനിന്ന് പിരിയുമ്പോൾ പണം ലഭിക്കാനും പെൻഷൻ കിട്ടാനുമൊക്കെ വ്യവസ്ഥയുണ്ട്. പുതിയ കോഡ് വന്നാൽ ഇതൊന്നും ഈ രൂപത്തിലുണ്ടാകില്ല. ദീർഘകാലത്തെ സമരത്തിലൂടെ തൊഴിലാളികൾ സംരക്ഷിച്ചുനിർത്തിയ ആനുകൂല്യങ്ങളാണ് നഷ്ടമാകുന്നത്.

ഇഎസ്ഐ പരിധിയിലുള്ള തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കും രാജ്യത്താകെയുള്ള ഇഎസ്ഐ ആശുപത്രികളിൽ ഇന്ന് ചികിത്സയുണ്ട്. ഇഎസ്ഐയിൽനിന്ന് ശുപാർശ ചെയ്താൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിൽ വരെ ചികിത്സ കിട്ടും. ഇതിനൊക്കെ പകരമായി പുതിയ നിയമത്തിൽ വ്യവസ്ഥകളില്ല. ഒരു സാമൂഹ്യസുരക്ഷാ കൗൺസിലിന് രൂപംനൽകുമെന്ന് നിയമം പറയുന്നു. അവിടേക്ക് തൊഴിലാളി സംഘടനകൾ രണ്ട് പ്രതിനിധികളേ ഉണ്ടാകൂ. നിലവിൽ ഇപിഎഫ് ബോർഡിൽ ആറ് കേന്ദ്ര തൊഴിലാളി സംഘടനകൾക്കും പ്രതിനിധികളുണ്ട്.

വേറെയും ഗുരുതര പ്രശ്നങ്ങൾ നിയമം ഉയർത്തുന്നു. നാൽപ്പതിൽ കുറവ് തൊഴിലാളികളുള്ള ഫാക്ടറികളെ നിയമം സുരക്ഷാകോഡിന്റെ പരിധിയിൽ നിന്നൊഴിവാക്കുന്നു. 72 ശതമാനം ഫാക്ടറി തൊഴിലാളികൾ ലക്ഷം പദ്ധതികൾക്ക് പുറത്താകുകയുമായിരിക്കും ഫലം. സംഘടിതമേഖലയിലെ തൊഴിലാളികൾ ഇപ്പോൾ അടയ്ക്കുന്ന 12.5 ശതമാനം വിഹിതംതന്നെ അസംഘടിതമേഖലയിലെ തൊഴിലാളികൾ പദ്ധതിയിൽ അടയ്ക്കണമെന്ന് നിയമം പറയുന്നു. സ്ഥിരം തൊഴിലോ കൃത്യമായ മിനിമം വേതനമോ, ഇല്ലാത്ത ഈ മേഖലയിലെ തൊഴിലാളികൾക്ക് ഈ തുക താങ്ങാനാകാതെ വരും. ഫലത്തിൽ അവർ പദ്ധതിയിൽനിന്ന് പുറത്താകും.

ഇതിനൊക്കെ പുറമെയാണ് നല്ലനിലയിൽ പ്രവർത്തിക്കുന്ന സംസ്ഥാന തൊഴിലാളി ക്ഷേമ ബോർഡുകൾക്ക് നിയമം മരണ വാറണ്ട് നൽകുന്നത്. തൊഴിൽ വകുപ്പിന്റെ കീഴിൽമാത്രം 16 തൊഴിലാളി ക്ഷേമനിധി ബോർഡുകൾ കേരളത്തിലുണ്ട്. തൊഴിലാളികൾക്ക് സാമൂഹ്യസുരക്ഷ ഉറപ്പുവരുത്തി പ്രവർത്തിക്കുന്ന ഇവയിൽനിന്ന് പെൻഷനും ചികിത്സാനുകൂല്യവും അവധിക്കാല വേതനവുമൊക്കെ നൽകുന്നു. ഈ ക്ഷേമനിധികൾ ഇപ്പോൾ പിരിച്ചെടുക്കുന്ന തൊഴിലാളി‐തൊഴിലുടമാ വിഹിതവും സെസും പുതിയ സാമൂഹ്യസുരക്ഷാ ബോർഡിൽ നിക്ഷിപ്തമാകും. ഇതോടെ സംസ്ഥാന ബോർഡുകൾക്ക് പ്രവർത്തിക്കാൻ കഴിയാതാകും. പുതിയ ക്ഷേമപദ്ധതിയിലെ കൂടിയ അംശാദായം അടയ്ക്കാനാകാതെ തൊഴിലാളികൾ ഏറെയും സാമൂഹ്യസുരക്ഷയ്ക്ക് പുറത്താകും. പുതുതായി വരുന്ന സംവിധാനത്തിൽ സർക്കാരിന്റെ വിഹിതം ഉണ്ടാകില്ലെന്നും സൂചനയുണ്ട്. നടത്തിപ്പിനായി ചില മധ്യവർത്തി ഏജൻസികളെ ഏൽപ്പിക്കാനും നിയമം ലക്ഷ്യമിടുന്നു.ചുരുക്കത്തിൽ തീർത്തും തൊഴിലാളി വിരുദ്ധമായ ഒരു നീക്കത്തിനാണ് കേന്ദ്രസർക്കാർ മുതിരുന്നത്. ധന കമീഷന്റെ പരിഗണനാവിഷയത്തിന്റെ കാര്യത്തിലേതുപോലെ ഒരു സംയുക്തനീക്കം ഇതിനെ ചെറുക്കാൻ ഉണ്ടാകേണ്ടിയിരിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top