11 June Sunday

വികസനം തടയാൻ അനുവദിക്കില്ല

വെബ് ഡെസ്‌ക്‌Updated: Monday Nov 16, 2020


കേരളം ഒന്നാമതാകുന്നത്‌ ഓരോ മലയാളിക്കും അഭിമാനകരമാണ്‌. എന്നാൽ, കേരളം ഏറ്റവും പിറകിലായിരിക്കണമെന്നും ഒരിക്കലും ഒന്നാമത്‌ എത്തരുതെന്നും ആഗ്രഹിക്കുന്ന ചില വികല മനസ്സുകൾ സംസ്ഥാനത്തുണ്ട്‌. അവർ ചില്ലറക്കാരല്ല. രണ്ട്‌ പ്രമുഖ രാഷ്ട്രീയ കക്ഷികൾ തന്നെയാണത്‌, കോൺഗ്രസും ബിജെപിയും. സംസ്ഥാനത്തെ വികസനം തടയുകയെന്ന കാര്യത്തിൽ ഈ രണ്ടു കക്ഷിക്കും വലിയ യോജിപ്പാണ്‌. ഭവനരഹിതരായ ലക്ഷങ്ങൾക്ക്‌ കെട്ടുറപ്പുള്ള വീട്‌ വച്ചുനൽകുന്നതിന്‌ പാര പണിതത്‌ കോൺഗ്രസ്‌ എംഎൽഎയാണ്‌. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട ടൈറ്റാനിയം അഴിമതിക്കേസ്‌ പോലും ഏറ്റെടുക്കാൻ വിസമ്മതിച്ച സിബിഐ, ലൈഫ്‌ മിഷനെതിരെ കോൺഗ്രസ്‌ എംഎൽഎ അനിൽ അക്കരെ പരാതി നൽകിയപ്പോൾ ഫെഡറൽ ഘടനയെപ്പോലും അട്ടിമറിച്ച്‌ അന്വേഷണം ഏറ്റെടുക്കാൻ തയ്യാറായി.

സ്വർണക്കടത്ത്‌ അന്വേഷിക്കാനെത്തിയ കേന്ദ്ര അന്വേഷണ ഏജൻസികളാകട്ടെ അത്‌ പാതിവഴിയിലിട്ട്‌ ഇപ്പോൾ സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പദ്ധതികളിലേക്ക്‌ അന്വേഷണവല വീശിയിരിക്കുകയാണ്‌. കെ ഫോണും ടോറസ്‌ ഐടി പാർക്കും ഇ–-മൊബിലിറ്റി ഇലക്‌ട്രിക് ബസ്‌ നിർമാണവും അന്വേഷണക്കുരുക്കിലാക്കി തടയാനുള്ള കൊണ്ടുപിടിച്ച ശ്രമമാണ്‌ കേന്ദ്ര സർക്കാരും കേരളത്തിലെ പ്രതിപക്ഷ കക്ഷികളും ചേർന്നു നടത്തുന്നത്‌. ഈ അവിശുദ്ധ രാഷ്ട്രീയ കൂട്ടുകച്ചവടത്തിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ്‌ കിഫ്‌ബിയെ തകർക്കാനുള്ള നീക്കം. രാജ്യത്തിനു പുറത്തുനിന്നും ആഭ്യന്തരമായും കിഫ്‌ബി എടുക്കുന്ന വായ്‌പകൾ ഭരണഘടനാ വിരുദ്ധമാണെന്നു വരുത്തിത്തീർത്ത്‌ കേരളത്തിന്റെ വികസനം തടയാനുള്ള  രാഷ്ട്രീയ ഗൂഢാലോചനയാണ്‌ ബിജെപി–-കോൺഗ്രസ്‌ ഉപശാലകളിൽ പുരോഗമിക്കുന്നത്‌. അതിന്‌ ഭരണഘടനാ സ്ഥാപനമായ സിഎജിയെയും ഉപകരണമാക്കുകയാണെന്ന ഞെട്ടിക്കുന്ന വിവരമാണ്‌ ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്‌.

നവ ഉദാരവൽക്കരണ നയങ്ങളുടെ ഭാഗമായാണ്‌ ചെലവുചുരുക്കൽ നയം സർക്കാരുകൾ സ്വീകരിക്കാൻ തുടങ്ങിയത്‌. മോഡി സർക്കാരും ഈ നയം സ്വീകരിച്ചാണ്‌ മുന്നോട്ടുപോകുന്നത്‌. ഇതിന്റെ ഫലമായി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള പദ്ധതികൾ ഏറ്റെടുത്തു നടപ്പാക്കാൻ സർക്കാരുകൾ ഏറെ ബുദ്ധിമുട്ടി. ഈയൊരു പശ്ചാത്തലത്തിലാണ്‌ കേരള അടിസ്ഥാനസൗകര്യ വികസന നിധി ബോർഡ്‌ (കിഫ്‌ബി) എന്ന സ്ഥാപനം പിറവികൊള്ളുന്നത്‌. 

പണമില്ലെന്നു പറഞ്ഞ്‌ വികസനപ്രവർത്തനങ്ങൾ ഉപേക്ഷിക്കുകയല്ല മറിച്ച്‌ നവ ഉദാരവൽക്കരണ നയത്തിന്റെ തന്നെ പഴുതുകൾ ഉപയോഗപ്പെടുത്തി പണം കണ്ടെത്തുകയും വികസനം ഉറപ്പാക്കുകയും ചെയ്യുകയെന്ന നയമാണ്‌ പിണറായി സർക്കാർ സ്വീകരിച്ചത്‌. കേരളത്തിന്റെ മുക്കിലും മൂലയിലും കിഫ്‌ബി വഴി നടപ്പാക്കിയ വികസനപ്രവർത്തനങ്ങൾ ഇന്ന്‌ കാണാം. അരലക്ഷം കോടിയിലധികം രൂപയുടെ 880ൽപ്പരം പദ്ധതികളാണ്‌ കിഫ്‌ബി വഴി ഏറ്റെടുത്തത്‌. അതായത്‌ 140 നിയമസഭാ മണ്ഡലത്തിലും ഒന്നിലധികം പദ്ധതികളാണ്‌ കിഫ്‌ബി വഴി എത്തിയത്‌.


 

റോഡ്‌, പാലം, ഫ്‌ളൈ ഓവറുകൾ, ഹൈവേകൾ, ആശുപത്രി, ഹൈടെക് സ്‌കൂളുകൾ തുടങ്ങി വിവിധങ്ങളായ പദ്ധതികളാണ്‌  നടപ്പാക്കിയത്‌. കേരളത്തിന്റെ മുഖച്ഛായ തന്നെ മാറുകയാണ്‌. പലരംഗത്തും പാശ്ചാത്യ രാഷ്ട്രങ്ങളിലേതിനു സമാനമായ  പശ്ചാത്തലസൗകര്യങ്ങളാണ്‌ കേരളത്തിൽ ഒരുങ്ങുന്നത്‌. അതിന്റെ ക്രെഡിറ്റ്‌ പിണറായി വിജയൻ സർക്കാരിന്‌ ആയിരിക്കുമല്ലോ എന്ന ചിന്ത ചില സങ്കുചിത മനസ്സുകളെ അലട്ടി. സംസ്ഥാനത്തെ കോൺഗ്രസ്‌, ബിജെപി നേതൃത്വത്തിന്റെ ഉറക്കം നഷ്ടമായി. അവർ രഹസ്യസങ്കേതത്തിൽ ഒന്നിച്ചിരുന്ന്‌ ആലോചിച്ചു. അതിന്റെ ഫലമായാണ്‌ കിഫ്‌ബിയുടെ വായ്‌പയെടുക്കൽ ഭരണഘടനാ വിരുദ്ധമെന്ന്‌ പ്രഖ്യാപിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട ഹർജി. നേരത്തെ രണ്ടു തവണ സമാനമായ ഹർജികൾ സമർപ്പിച്ചെങ്കിലും അത്‌ പിന്നീട്‌ പിൻവലിച്ചു. മൂന്നാമതാകട്ടെ ഹർജി സമർപ്പിച്ചത്‌ കോൺഗ്രസ്‌–-ബിജെപി കൂട്ടുകച്ചവടത്തിന്റെ ഫലമാണ്‌.  കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. മാത്യു കുഴൽനാടൻ വഴിയാണ് സംഘപരിവാറുമായി ബന്ധമുള്ള സ്വദേശി ജാഗരൺ മഞ്ച്‌ നേതാവ്‌ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്‌തിട്ടുള്ളത്‌.‌ സിഎജിയെ ഇവർ കക്ഷിചേർക്കുകയും ചെയ്‌തിരുന്നു. ഇത്‌ എന്തിനു വേണ്ടിയായിരുന്നുവെന്ന്‌ വ്യക്തമാക്കുന്നതാണ്‌ കിഫ്‌ബിയുടെ വായ്‌പ ഭരണഘടനാ വിരുദ്ധമാണെന്ന സംശയം ഉണർത്തുന്ന കരട്‌ റിപ്പോർട്ട്‌.

ഹർജിക്കാരുടെ ആവശ്യം ഇതുതന്നെയാകുന്നത്‌ യാദൃച്ഛികമല്ലതാനും.‌ പ്രധാനമന്ത്രി മോഡിയുടെയും ആഭ്യന്തരമന്ത്രി അമിത്‌ഷായുടെയും വിശ്വസ്‌തനാണ്‌‌ സിഎജി ഗിരീഷ്‌ ചന്ദ്ര മുർമു എന്നുകൂടി അറിയുമ്പോഴേ രാഷ്ട്രീയ ഗൂഢാലോചനയുടെ ആഴം വ്യക്തമാകൂ. കേന്ദ്ര സർക്കാരും അവർക്ക്‌ നേതൃത്വം നൽകുന്ന ബിജെപിയും കോൺഗ്രസും ചേർന്നുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമല്ലേ ഈ നീക്കമെന്ന സംശയമുയരുന്നതും അതുകൊണ്ടുതന്നെ. 1999ലാണ്‌ കിഫ്‌ബി രൂപംകൊള്ളുന്നത്‌. റിസർവ്‌ ബാങ്കിന്റെയും സെബിയുടെയും ചട്ടങ്ങൾ പാലിച്ച്‌ ഏതൊരു പൊതുമേഖലാ സ്ഥാപനത്തിനും ധനസ്ഥാപനത്തിനും വായ്പ‌ എടുക്കാമെങ്കിൽ കിഫ്‌ബിക്കും അതാകാം. 1999ൽ തന്നെ എൽഡിഎഫ്‌ സർക്കാർ കാലത്ത്‌ കിഫ്‌ബി വായ്‌പ എടുത്തിരുന്നു. 2002ലും 2003ലും യുഡിഎഫ്‌ സർക്കാരിന്റെ കാലത്തും കിഫ്‌ബി വായ്‌പ എടുത്തിരുന്നു. 2020ൽ 76 സംശയങ്ങൾ സിഎജി ചോദിച്ചെങ്കിലും അതിലൊന്നും വായ്‌പ ഭരണഘടനാനുസൃതമാണോ എന്ന സംശയം ഉയർത്തിയിരുന്നില്ല. എന്നാൽ, ഹൈക്കോടതി ഹർജിക്കു പിന്നാലെ സിഎജി അത്തരമൊരു വാദം മുന്നോട്ടുവയ്‌ക്കുകയാണ്‌. 

എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും ചൊൽപ്പടിക്ക്‌ നിർത്തുന്ന മോഡി സർക്കാർ ഇപ്പോൾ രാജ്യത്തെ ഏക ഇടതുപക്ഷ സർക്കാരിനെ ഇകഴ്‌ത്തിക്കാണിക്കാൻ സിഎജിയെയും ഉപകരണമാക്കുകയാണ്‌.  ഭരണഘടനാ സ്ഥാപനത്തെപ്പോലും ദുരുപയോഗിച്ച്‌ കേരളത്തിന്റെ വികസനക്കുതിപ്പ്‌ തടയുകയോ അല്ലെങ്കിൽ സ്‌തംഭിപ്പിക്കുകയോ ചെയ്യുകയെന്ന തന്ത്രമാണ്‌ പയറ്റുന്നത്‌. വികസനത്തിന്റെ ഗുണഭോക്താക്കളായ ജനങ്ങളെ അണിനിരത്തി ഇതിനെ ചെറുക്കുക തന്നെ വേണം.  സമ്മതിദാനത്തിലൂടെ മറുപടി പറയാൻ സംസ്ഥാനത്തെ പ്രബുദ്ധരായ ജനങ്ങൾ തയ്യാറാകുമെന്ന്‌ പ്രതീക്ഷിക്കാം.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top