11 September Wednesday

ആദിവാസികളെ ഒപ്പം കൂട്ടി എല്‍ഡിഎഫ് സര്‍ക്കാര്‍

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019


അട്ടപ്പാടിയിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട മധുവിന്റെ കൊലപാതകം കേരളത്തെ ഞെട്ടിച്ചിരുന്നു. വിശപ്പിനോട് പൊരുതി ജീവിച്ച മധുവിനെ മോഷണക്കുറ്റം ചുമത്തി ചിലർചേർന്ന‌് കൊലപ്പെടുത്തുകയായിരുന്നു. പൊലീസ് കേസുണ്ടായി, നിയമ നടപടികളുമുണ്ടായി. മധുവിന്റെ കുടുംബത്തിന് ധനസഹായവും നൽകി. ഇതൊക്കെ സാധാരണ സർക്കാർ നടപടികളാണ്.

എന്നാൽ, സംസ്ഥാന സർക്കാർ, നടപടികൾ ഇവിടെ അവസാനിപ്പിച്ചില്ല. മധുമാരെ സൃഷ്ടിക്കുന്ന സാമൂഹ്യാവസ്ഥയാണ് തിരുത്തപ്പെടേണ്ടത് എന്ന കാഴ്ചപ്പാടോടെ നീങ്ങി. ആ ലക്ഷ്യത്തോടെ പദ്ധതികൾ ആവിഷ്കരിച്ചു. അതിൽ പ്രധാനമായിരുന്നു ആദിവാസി വിഭാഗങ്ങളിൽനിന്ന് കേരള പൊലീസിലേക്കും എക്സൈസ് വകുപ്പിലേക്കും പ്രത്യേക നിയമനത്തിനുള്ള തീരുമാനം. വനം വകുപ്പിലും സമാനമായ രീതിയിൽ നിയമനം ഉണ്ടായി.

മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിലെ വനാന്തരങ്ങളിലെയും വനാതിർത്തിയിലെയും സെറ്റിൽമെന്റ് കോളനികളിൽ താമസിക്കുന്ന പട്ടികവർഗ വിഭാഗത്തിലെ ഉദ്യോഗാർഥികളെയാണ് ഇങ്ങനെ നിയമിച്ചത്. ആദിവാസികൾക്കിടയിലെ ഏറ്റവും പിന്നോക്ക വിഭാഗമായ അടിയാളർ, കാട്ടുനായ്ക്കർ അടക്കമുള്ളവർക്കാണ് ഇങ്ങനെ ജോലി ലഭിച്ചത്. ഇവരിൽ അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്റെ സഹോദരി ചന്ദ്രികയും ഉൾപ്പെടുന്നു എന്നത് ഇക്കാര്യത്തിലെ സർക്കാർ സമീപനം ലക്ഷ്യം കാണുന്നു എന്നതിന്റെ തിളക്കമാർന്ന തെളിവായി.

പൊലീസിലെ നിയമനത്തിന് റെക്കോഡ് വേഗത്തിലാണ് സർക്കാർ നടപടികൾ നീങ്ങിയത്. 2017 മാർച്ചിൽ വിജ്ഞാപനമിറക്കി. എഴുത്തുപരീക്ഷ ഒഴിവാക്കി. ജനുവരിയിൽ ഫിസിക്കൽ ടെസ്റ്റ് നടത്തി. മാർച്ചിൽ  റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

പൊലീസിലെ നിയമനത്തിന് റെക്കോഡ് വേഗത്തിലാണ് സർക്കാർ നടപടികൾ നീങ്ങിയത്. 2017 മാർച്ചിൽ വിജ്ഞാപനമിറക്കി. എഴുത്തുപരീക്ഷ ഒഴിവാക്കി. ജനുവരിയിൽ ഫിസിക്കൽ ടെസ്റ്റ് നടത്തി. മാർച്ചിൽ  റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഏപ്രിലിൽ നിയമന ഉത്തരവും നൽകി. സാധാരണ നിയമനത്തിലുണ്ടാകുന്ന നൂലാമാലകൾ ഒഴിവാക്കി അപേക്ഷകരെ പരമാവധി സഹായിക്കാൻ  നടപടികൾ ലഘൂകരിച്ചിരുന്നു. പൊലീസിന്റെയും ട്രൈബൽ പ്രമോട്ടർമാരുടെയും സഹായത്തോടെ നിരവധിതവണ പബ്ലിക്ക് സർവീസ് കമീഷൻ  ഉദ്യോഗസ്ഥർ കോളനികളിലെത്തി. ഓൺലൈൻ അപേക്ഷ ഒഴിവാക്കി നേരിട്ട് അപേക്ഷകൾ വാങ്ങി. പൊലീസിന്റെ നേതൃത്വത്തിൽ തന്നെ പരിശീലനം നൽകി. അപേക്ഷകരെ മുഴുവൻ കൂടിക്കാഴ്ചയ്ക്ക് വിളിച്ചു. ഫിസിക്കൽ ടെസ്റ്റിൽ എട്ട് ഇനത്തിൽ മൂന്നിനത്തിൽ വിജയിച്ചവരെ ലിസ്റ്റിൽ ഉൾപ്പെടുത്തി. ഇവരെ എങ്ങനെ ഒഴിവാക്കാം എന്ന കാഴ്ചപ്പാടിനുപകരം എങ്ങനെ ഉൾപ്പെടുത്താം എന്നതായിരുന്നു സർക്കാർ സമീപനം.

ആദിവാസികൾക്കിടയിൽ മയക്കുമരുന്ന് അടക്കമുള്ള ലഹരിമരുന്നുകളുടെ ഉപയോഗം പെരുകുന്നതായി കണ്ടെത്തിയിരുന്നു. എക്സൈസിൽ ആദിവാസികളെ കൂടുതലായി നിയമിച്ചത് ഇത് തടയാൻകൂടി ലക്ഷ്യമിട്ടാണ്. പൊലീസിലെ നിയമനമാകട്ടെ ആദിവാസിമേഖലയിൽ വേരൂന്നാൻ ശ്രമിയ്ക്കുന്ന തീവ്രവാദ മാവോയിസ്റ്റ് സംഘങ്ങളെയും മറ്റും നേരിടാൻകൂടി സഹായകമാകുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു.ഇങ്ങനെ പൊലീസിൽ നിയമനം ലഭിച്ച 74 പേരാണ് ബുധനാഴ്ച പൊലീസ് സേനയുടെ ഭാഗമായത്. ഇവരിൽ 24 പേർ യുവതികളാണെന്നതും ശ്രദ്ധേയം.  "പൊതുസമീപനങ്ങൾമാത്രംകൊണ്ട് ദുർബല വിഭാഗങ്ങളുടെ ഉന്നമനം സാധ്യമാക്കാനാകുന്നില്ല. ചരിത്രപരമായ കാരണങ്ങളാൽ പിന്നോക്കം തള്ളപ്പെട്ടുപോയ വിഭാഗങ്ങളാണ് അവർ. അവരെ അങ്ങോട്ടുചെന്ന് കൈപിടിച്ച് സർക്കാർ ഒപ്പം കൂട്ടേണ്ടതുണ്ട്. അതാണ് ഇപ്പോൾ ചെയ്യുന്നത്.' എന്നാണ് നിയമനഉത്തരവ് നൽകിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ 2018 ജൂലൈ രണ്ടിന് പറഞ്ഞത്. ഇതുതന്നെയാണ് എൽഡിഎഫ് സർക്കാരിന്റെ ഇക്കാര്യത്തിലെ സമീപനം. ഏറ്റവും പിന്നിൽ നിൽക്കുന്നവരെ ഒപ്പം കൂട്ടാൻ സർക്കാർ  മുൻകൈയെടുക്കുന്നു; അവർക്കൊപ്പം മുന്നോട്ടുനീങ്ങുന്നു. തികച്ചും ആശാവഹമായ കാൽവയ‌്പുകൾ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top