ഗതാഗതമേഖലയിൽ കുതിച്ചുചാട്ടം നടത്താതെ കേരളത്തിന് ഇനി മുന്നോട്ടുപോകാനാകാത്ത അവസ്ഥയാണ്. വാഹനക്കുരുക്കിൽ വീർപ്പുമുട്ടുന്ന റോഡുകൾ മലയാളിയുടെ ശാപമാണ്. ഒന്നരക്കോടിയിലേറെ വാഹനമാണ് ഇവിടെ ഓടുന്നത്. പ്രതിദിനം ഇരുപതോളം പേർക്കാണ് റോഡുകളിൽ ജീവൻ വെടിയേണ്ടിവരുന്നത്. സംസ്ഥാനത്ത് ഏഴു ലക്ഷത്തോളം അംഗവൈകല്യമുള്ളവരിൽ നാല് ലക്ഷം വാഹനാപകടത്തിൽ സംഭവിച്ചവരാണ്. 2017-–-20ൽ 1,09,170 റോഡപകടമുണ്ടായെന്നാണ് പൊലീസ് കണക്ക്. ഈ യാഥാർഥ്യത്തിനുനേരെ പുറംതിരിയാനാകില്ല.
ഈ സാഹചര്യത്തിലാണ് ദേശീയപാത വികസനത്തിന്റെയും കേരള റെയിൽ പദ്ധതിയുടെയും പ്രസക്തി. പനവേൽ -കന്യാകുമാരി ദേശീയപാത 66 കേരളത്തിൽ ആറുവരിയാക്കുന്ന പ്രവൃത്തി അതിവേഗം കൈവരിച്ചിട്ടുണ്ട്. കാസർകോട് അതിർത്തിയിലെ തലപ്പാടിമുതൽ തിരുവനന്തപുരം കാരോട് വരെ 600 കിലോമീറ്ററിലെ 20 റീച്ചിൽ 16 എണ്ണത്തിലും ദേശീയപാത അതോറിറ്റി കരാർ ഉറപ്പിച്ച് പ്രവൃത്തി തുടങ്ങി. ഭൂമി ഏറ്റെടുക്കലായിരുന്നു പ്രധാന വെല്ലുവിളി. ജനകീയ ബോധവൽക്കരണത്തിലൂടെ എൽഡിഎഫ് സർക്കാർ അതിനെ അതിജീവിച്ചു. മികച്ച നഷ്ടപരിഹാരം ഉറപ്പുവരുത്തി. അതിനായി ഭൂമി ഏറ്റെടുക്കലിന്റെ 25 ശതമാനം തുക സംസ്ഥാനം വഹിക്കുന്നു. മറ്റ് സംസ്ഥാനങ്ങളിൽ ദേശീയപാത അതോറിറ്റിതന്നെയാണ് മുഴുവൻ തുകയും നൽകുന്നത്. ഇവിടെ ഭൂമിയുടെ അധികവില കാരണം അതോറിറ്റി മടിച്ചുനിന്നപ്പോൾ കേരളം ബാധ്യത ഏറ്റെടുക്കുകയായിരുന്നു. എൻഎച്ച് 66ന്റെ ആകെ ദൈർഘ്യമായ 1622 കിലോമീറ്ററിൽ ഏറ്റവും കൂടുതൽ ദൂരം കേരളത്തിലാണ്. ഇതിൽ മിക്കയിടത്തും രണ്ടു വരിയാണ്. മറ്റിടങ്ങളിൽ 60 മീറ്റർ വീതിയിൽ നിർമിക്കുമ്പോൾ ഇവിടെ 45 മീറ്ററാണ്. ഭൂമി ഏറ്റെടുക്കലിന്റെ പ്രയാസംമൂലം അതോറിറ്റിയെക്കൊണ്ട് ഇത് അംഗീകരിപ്പിക്കുകയായിരുന്നു. 2024ൽ പണി പൂർത്തിയാകുമെന്നാണ് അനുമാനം.
ഇതിന് സമാന്തരമാണ് കേരള റെയിൽ എന്ന കെ–-റെയിൽ. കേന്ദ്ര സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായ സെമി ഹൈസ്പീഡ് കോറിഡോർ (അർധ അതിവേഗ റെയിൽ ഇടനാഴി) പദ്ധതിയാണിത്. കേരള സർക്കാരും ഇന്ത്യൻ റെയിൽവേയും സംയുക്തമായി രൂപീകരിച്ച കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷനാണ് നടത്തിപ്പു ചുമതല. ഉമ്മൻചാണ്ടി സർക്കാർ കൊണ്ടുവന്ന ഒരു ലക്ഷം കോടിയിലധികം രൂപ മുതൽമുടക്ക് വരുന്ന അതിവേഗപാത എൽഡിഎഫ് സർക്കാർ പകുതി ചെലവുവരുന്ന അർധ -അതിവേഗ പദ്ധതിയാക്കുകയായിരുന്നു. കെ–-റെയിൽ കൃഷിയിടങ്ങളെ നശിപ്പിക്കും, ജനവാസ കേന്ദ്രങ്ങളെ ബാധിക്കും തുടങ്ങിയ ആശങ്കയുണ്ട്. എൽഡിഎഫ് സർക്കാർ പദ്ധതി വിഭാവനം ചെയ്യുമ്പോൾത്തന്നെ ഇതിന് പരിഹാരം കണ്ടിട്ടുണ്ട്. ഗ്രീൻഫീൽഡ് പ്രദേശങ്ങളിൽ കൃഷിയിടങ്ങൾക്ക് കോട്ടംതട്ടാതെ തൂണുകൾക്ക് മുകളിലാണ് പാളം നിർമിക്കുന്നത്. 115 കിലോമീറ്റർ പാടശേഖരങ്ങളിൽ 88 കിലോമീറ്ററും ഇങ്ങനെയാകും. കാവുകൾ ഉൾപ്പെടെ ആരാധനാലയങ്ങളെയും ബാധിക്കില്ല. വീടുകൾ ഉൾപ്പെടെ 9314 കെട്ടിടത്തെ മാത്രമാണ് ബാധിക്കുന്നത്. അവരെ പൊന്നുംവില നൽകി പുനരധിവസിപ്പിക്കും.
കെ–-റെയിൽ അന്തരീക്ഷ മലിനീകരണവും റോഡിലെ വീർപ്പുമുട്ടലും വലിയ തോതിൽ കുറയ്‌ക്കും. ഏകദേശം 19,000 വാഹനം ദിനംപ്രതി റോഡുകളിൽനിന്ന് ഒഴിവാകും. ചരക്കുവാഹനങ്ങൾ റോഡിൽ കുറയും. കടൽമാർഗമുള്ള ചരക്കുനീക്കം യാഥാർഥ്യമായിക്കഴിഞ്ഞിട്ടുണ്ട്. സംസ്ഥാന വികസനത്തിന് പുതിയ പാത വെട്ടിത്തുറക്കുന്ന ഇത്തരം പദ്ധതികളെ അനാവശ്യ ഭയപ്പാടുയർത്തി തുരങ്കം വയ്‌ക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നത്. മനുഷ്യന് അത്യന്താപേക്ഷിതമായ ഏത് വികസനത്തിനും വിലങ്ങുതടിയായി പരിസ്ഥിതി മൗലികവാദം മാറി. ഇതിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യ അജൻഡ ആത്മാർഥമായ പരിസ്ഥിതിവാദികൾപോലും പലപ്പോഴും മനസ്സിലാക്കാതെ പോകുന്നു. പ്രകൃതിയെ മനുഷ്യൻ ക്രൂരമായി ചൂഷണം ചെയ്യുന്നതിനെതിരായ പ്രതിരോധമാണ് പരിസ്ഥിതി പ്രസ്ഥാനങ്ങൾ. അമിതലാഭത്തിനായി ഓടുന്ന മുതലാളിത്ത വ്യവസ്ഥയുടെ അനിവാര്യമായ ഫലമാണ് പ്രകൃതിയുടെ അമിത ചൂഷണം. ഇത് പല്ലും നഖവുമുപയോഗിച്ച് ചെറുത്തേ തീരൂ. പക്ഷേ, പ്രകൃതിയോട് പടവെട്ടിയാണ് ആധുനിക മനുഷ്യൻ ഇന്നത്തെ നിലയ്‌ക്ക് വളർന്നത്. പ്രകൃതിയെ ഏറ്റവും കുറച്ച് നോവിച്ചുകൊണ്ട് മുന്നോട്ടുപോകുക എന്നതാണ് വർത്തമാനകാല പരിസ്ഥിതി കടമ. അല്ലെങ്കിൽ മനുഷ്യന് ശിലായുഗ സമാനനായി ജീവിക്കേണ്ടി വരും. പരിസ്ഥിതി മൗലികവാദികൾ ചില്ലുമേടയിലിരുന്ന് ശിലായുഗം സ്വപ്നം കാണുന്നവരാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..