29 September Friday

അണയാതെ കത്തണം ഈ ‘തീ’

വെബ് ഡെസ്‌ക്‌Updated: Tuesday Feb 7, 2023


ഒരു പരിഷ്‌കൃത സമൂഹത്തിൽ ഒരിക്കലും അനുവദിക്കാൻ പാടില്ലാത്തതാണ് ഗുണ്ടകളുടെ വിളയാട്ടം. ഇന്ത്യൻ സമൂഹത്തിൽ നഗര, ഗ്രാമ ഭേദമന്യേ ഗുണ്ടകൾ സാധാരണ മനുഷ്യരുടെ സ്വൈരജീവിതത്തെ അസ്വസ്ഥമാക്കുന്നുണ്ട്. സാമ്പത്തിക അസമത്വവും തൊഴിലില്ലായ്മയും തീവ്രമാകുന്ന എല്ലാ സമൂഹത്തിലും അവർ സ്വാഭാവികമായും  സ്വാധീനമുറപ്പിക്കും. പ്രമാണിമാരുടെ കോടാലിക്കൈകളായും  ലഹരിക്കടത്തും കള്ളക്കടത്തും നടത്തുന്നവരുടെയും കൊള്ളപ്പലിശക്കാരുടെയും ഏജന്റുമാരായും എക്കാലവും സാമൂഹ്യവിരുദ്ധ പ്രവർത്തനവുമായി  ഗുണ്ടകൾ നമുക്കിടയിലുണ്ട്. പെട്ടെന്ന് പണമുണ്ടാക്കാനുള്ള ഉപാധിയായി ഗുണ്ടാപ്രവർത്തനത്തിന്‌ മുതിരുന്നവരിൽ സമൂഹത്തിലെ എല്ലാ വിഭാഗത്തിലുള്ളവരുമുണ്ട്.

കൗമാരം പിന്നിടുംമുമ്പ്, തിരിച്ചറിവ് ഉണ്ടാകുംമുമ്പുതന്നെ ഇത്തരം മാഫിയയുടെ ദൂഷിതവലയത്തിൽപ്പെട്ടു പോകുന്നവരാണ് പലപ്പോഴും ഗുണ്ടാ പ്രവർത്തനങ്ങളുടെ ഭാഗമാകുന്നത്. വിദ്യാലയങ്ങളിൽനിന്ന് കൊഴിഞ്ഞുപോകുന്നവരും  വിദ്യാസമ്പന്നരും സാമ്പത്തികശേഷിയുള്ള കുടുംബങ്ങളിൽനിന്നുള്ളവരും ഒരുപോലെ  ഇത്തരം മാഫിയയുടെ ഭാഗമാകുന്നുണ്ട്. ശരിയായ സാമൂഹ്യ,- രാഷ്ട്രീയ ബോധം കുട്ടികളിൽ പകരുന്നതിൽ നമ്മുടെ രാജ്യത്തെ വിദ്യാലയങ്ങൾ പരാജയപ്പെടുന്നതിന്റെ ദുരന്തഫലംകൂടിയാണ്‌ ഇത്. അൽപ്പം തടിമിടുക്കും ചങ്കൂറ്റവുമുള്ള ആർക്കും പെട്ടെന്ന് സമ്പന്നരാകാൻ  പറ്റിയ ഒരു മാർഗമാണ് പലർക്കും ഗുണ്ടാപ്പണി. കൊലയ്ക്കും കൊല്ലാക്കൊലയ്ക്കും കൈയറപ്പില്ലാത്ത  ഗുണ്ടാപ്പണിയെയും ക്രിമിനലിസത്തെയും  മഹത്വവൽക്കരിക്കുന്ന സിനിമകളും മറ്റു ജനപ്രിയ വിനോദോപാധികളും ഈയൊരു ദുരവസ്ഥയിലേക്ക് നമ്മുടെ കൗമാരത്തെ നയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഒരിക്കൽ പെട്ടുപോയാൽ ഈ മാഫിയ വലയത്തിൽനിന്ന് പുറത്തുകടക്കുക അസാധ്യമെന്ന്‌ പല ഗുണ്ടകളും വെളിപ്പെടുത്തിയിട്ടുണ്ട്. പുലിപ്പുറത്തുകയറിയ പോലെയെന്ന് ഒരു എം ടി കഥാപാത്രം ഒരു സിനിമയിൽ പറയുന്നുണ്ട്. ഇറങ്ങിയാൽ പുലി കടിച്ചുകൊല്ലുമെന്ന അവസ്ഥ നേരിടുന്ന ഗുണ്ടകൾ നിരവധിയുണ്ട്.  എന്നാലും ഒരു ദാക്ഷിണ്യവുമില്ലാതെ കർശന നിയമനടപടിയിലൂടെ ഗുണ്ടകളെ അമർച്ച ചെയ്യേണ്ടത് അനിവാര്യമാണ്.

അതുകൊണ്ടുതന്നെ കേരളത്തിൽ ഗുണ്ടകൾക്കെതിരെ കഴിഞ്ഞദിവസം കൈക്കൊണ്ട കർശന നടപടി അങ്ങേയറ്റം അഭിനന്ദനം അർഹിക്കുന്നു. 4080 ഇടങ്ങളിൽനിന്ന്  ഒറ്റ രാത്രികൊണ്ട് 2562 ഗുണ്ടകളെ അറസ്റ്റുചെയ്യാൻ പൊലീസിന് സാധിച്ചു. എല്ലാ ജില്ലയിലുമുള്ള ഗുണ്ടാസംഘത്തെ അമർച്ചചെയ്യാൻ പൊലീസ് സേന ഒരുമിച്ചിറങ്ങിയപ്പോഴാണ് ഈ നേട്ടം. ആഗ് ( ആക്സിലറേറ്റഡ് ആക്‌ഷൻ എഗെൻസ്റ്റ് ആന്റി സോഷ്യൽസ് ആൻഡ് ഗുണ്ടാസ്) എന്ന പേരിലുള്ള പ്രത്യേക നടപടിയിലൂടെയാണ് ഗുണ്ടാപ്രവർത്തനത്തിന്റെ അടിവേരറുക്കാനുള്ള ശ്രമം കേരള പൊലീസ് തുടങ്ങിയത്. ഗുരുതര കുറ്റകൃത്യങ്ങൾ ചുമത്തപ്പെട്ടവർ,  കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് അഥവാ കാപ്പ ചുമത്തപ്പെട്ടവർ എല്ലാം  അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.

വാറന്റ് പ്രതികൾ,  പിടികിട്ടാപ്പുള്ളികൾ, കരുതൽ തടങ്കൽ വേണ്ട സമൂഹവിരുദ്ധർ, ലഹരിക്കേസ് പ്രതികൾ എന്നിവർക്കെതിരെ കർശന നടപടിയെടുക്കാനുള്ള പ്രഖ്യാപനത്തിന്റെ തുടർച്ചയായാണ് ഓപ്പറേഷൻ ആഗ്. ഹിന്ദിയിൽ ആഗ് എന്നാൽ തീ എന്നാണർഥം. ഇപ്പോൾ തുടങ്ങിവച്ച തീ കെടാതെ സൂക്ഷിക്കാൻ പൊലീസിന് സാധിക്കണം. ഈ തീയിൽ സാമൂഹ്യവിരുദ്ധ ശക്തികൾ വെന്തെരിയണം. ശനിയാഴ്ച രാത്രി  തുടങ്ങിയ ഓപ്പറേഷനുകൾക്ക് തുടർച്ചയുണ്ടാകണം. പിടിയിലായവരുടെ വിരലടയാളം ശേഖരിച്ച് തയ്യാറാക്കുന്ന ഡാറ്റ ഭാവിയിൽ ഇത്തരം സാമൂഹ്യദ്രോഹികളുടെ പ്രവർത്തനം തടയാൻ ഉപകരിക്കും.

പൊലീസിനെക്കൊണ്ടുമാത്രം സാധിക്കുന്ന കാര്യമല്ല ഇത്. സമൂഹത്തിന്റെ പരിപൂർണ പിന്തുണകൊണ്ടു മാത്രമേ ഇത്തരമൊരു ദൗത്യം വിജയത്തിലെത്തൂ. പ്രത്യേകിച്ചും ലോകമൊട്ടുക്ക് എംഡിഎംഎ  പോലുള്ള അപകടകരമായ രാസലഹരിയുടെ കടത്തുകാരായി കുട്ടികളും സ്ത്രീകളുമടക്കം രംഗത്തുള്ള സാഹചര്യത്തിൽ. മാത്രമല്ല, പൊലീസിൽ ഗുണ്ടകളെ സഹായിക്കുന്ന കുറച്ചുപേരെങ്കിലും ഉണ്ടെന്ന് നേരത്തെ ആരോപണമുണ്ട്. അത്തരക്കാരെക്കൂടി തിരിച്ചറിഞ്ഞുകൊണ്ടാകണം ഇനിയുള്ള നടപടികൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top