31 March Friday

പ്രത്യാശയോടെ മുന്നോട്ട‌്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 22, 2018


പ്രളയദുരന്തം നേരിട്ട ജനങ്ങളെ പുനരധിവസിപ്പിക്കാനും കേരളത്തെ പുനർനിർമിക്കാനും അനുയോജ്യമായ ബൃഹദ്പദ്ധതി തയ്യാറാക്കി കേന്ദ്രസർക്കാരിന് സമർപ്പിക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ ഏറെ പ്രത്യാശ നൽകുന്നതാണ‌്.  തകർന്ന കേരളത്തെ അതിനുമുമ്പുള്ള അവസ്ഥയിലേക്ക് പുനഃസ്ഥാപിക്കുകയല്ല മറിച്ച‌് പുതിയൊരു കേരളത്തെ സൃഷ്ടിക്കുന്നതിനുള്ള പദ്ധതിയാണ് തയ്യാറാക്കുന്നതെന്നും മന്ത്രിസഭാ യോഗത്തിന‌ുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. നാശനഷ്ടത്തിന്റെ പ്രാഥമിക കണക്ക‌് 20,000 കോടി രൂപയാണെങ്കിലും അതിന്റെ ഇരട്ടിയെങ്കിലും യഥാർഥ നഷ്ടമുണ്ടാകുമെന്നാണ‌് വിലയിരുത്തപ്പെടുന്നത‌്. സംസ്ഥാനത്തിന്റെ മൊത്തം ബജറ്റ‌് അടങ്കലിന്റെയത്രയും തുകയെങ്കിലും പുനരധിവാസത്തിന‌് വേണ്ടിവരുമെന്നാണ‌് സർക്കാരിന്റെതന്നെ കണക്ക‌്. കേരളംപോലുള്ള കൊച്ചു സംസ്ഥാനത്തിന‌്  ഇത്രയും ഭീമമായ തുക സംഭരിക്കുക പ്രയാസകരമായിരിക്കും. എന്നാൽ, അതിനുള്ള ശ്രമം പാതിവഴിക്ക‌് ഉപേക്ഷിക്കുകയല്ല സംസ്ഥാന സർക്കാർ ചെയ്യുന്നത‌്.

പശ്ചാത്തലസൗകര്യങ്ങൾ പുനർനിർമിക്കുന്നതിനും കൃഷി, ജലസേചനം ഉൾപ്പെടെയുള്ള അനുബന്ധമേഖലകളിലും സാമൂഹ്യമേഖലയിലും ദീർഘകാല പദ്ധതികൾ നടപ്പാക്കുന്നതിനും പ്രത്യേക ഇടപെടൽ വേണമെന്ന‌് നബാർഡിനോട് ആവശ്യപ്പെടും. കേന്ദ്രാവിഷ്കൃത പദ്ധതികൾക്ക് കേരളത്തിന് പ്രത്യേക പാക്കേജ് വേണമെന്ന ആവശ്യവും മുന്നോട്ടുവച്ചിട്ടുണ്ട‌്. പ്രളയം സംബന്ധിച്ച‌് ചർച്ച ചെയ്യുന്നതിന് 30ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർക്കുന്നുമുണ്ട‌്.

സംസ്ഥാനത്തിന്റെ പുനർനിർമാണത്തിന് വലിയതോതിൽ വിഭവസമാഹരണം നടത്തേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ കമ്പോളത്തിൽനിന്ന് സംസ്ഥാനത്തിന് വായ്പയെടുക്കാനുള്ള പരിധി ഉയർത്താൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടാനാണ‌് മന്ത്രിസഭ തീരുമാനിച്ചിട്ടുള്ളത‌്. സംസ്ഥാനത്തിന്റെ  മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ  മൂന്നുശതമാനമാണ് ഇപ്പോൾ വായ്പയെടുക്കാനുള്ള പരിധി. അത് നാലരശതമാനമായി ഉയർത്താൻ ആവശ്യപ്പെടും. ഇതനുവദിക്കപ്പെട്ടാൽ 10,500 കോടി രൂപ അധികമായി സമാഹരിക്കാൻ കഴിയും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക‌് പരമാവധി സംഭാവന നൽകണമെന്ന ആഹ്വാനത്തിനും നല്ല പ്രതികരണം ലഭിക്കുന്നുണ്ടെന്നത‌് പ്രതീക്ഷയേകുന്നു. യുഎഇ 700 കോടി രൂപ സഹായിക്കാൻ തയ്യാറായത‌ുതന്നെ ഉദാഹരണം. നിരവധി സംസ്ഥാനങ്ങളും സ്ഥാപനങ്ങളും  ധനസഹായം നൽകുന്നുണ്ട‌്. സിപിഐ എം കേരള ഘടകം 16.43 കോടി രൂപയാണ‌് ബക്കറ്റ‌് പിരിവിലൂടെ സമാഹരിച്ചത‌്. ഇരുനൂറിലധികം കോടി രൂപ ഇതിനകം ലഭിച്ചിട്ടുണ്ട‌്. കോടിക്കണക്കിന‌ു രൂപയുടെ വാഗ‌്ദാനങ്ങൾ ലഭിച്ചിട്ടുമുണ്ട‌്. 

പ്രളയബാധിതപ്രദേശങ്ങളിലെ ബാങ്ക് വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചതും ആശ്വാസകരംതന്നെ. ദുരിതത്തിൽ കഴിയുന്ന ജനങ്ങൾക്ക് ഇത് വലിയ ആശ്വാസമായിരിക്കും. എന്നാൽ, ചില സ്വകാര്യ ധനസ്ഥാപനങ്ങളുടെ നിലപാട് വിഷമകരമാണ്. ചില ധനസ്ഥാപനങ്ങളുടെ പ്രതിനിധികൾ ദുരിതാശ്വാസക്യാമ്പുകളിൽ പോയി വായ്പാ കുടിശിക പിരിക്കാൻ ശ്രമിക്കുകയാണിപ്പോൾ. ദുരന്തബാധിതരെ സഹായിക്കാനല്ല, മറിച്ച‌് അവരുടെ ദുരിതം വർധിപ്പിക്കാനാണ‌് ഇത്തരക്കാർ മുന്നോട്ടുവരുന്നത‌്. മുഖ്യമന്ത്രി പറഞ്ഞതുപോലെ ജനങ്ങൾക്ക് ആശ്വാസംനൽകുന്ന രീതിയിലുള്ള നിലപാട് സ്വീകരിക്കാൻ സ്വകാര്യ ധനസ്ഥാപനങ്ങൾ തയ്യാറാകണം.

രക്ഷാപ്രവർത്തനം പൂർത്തിയായശേഷം എല്ലാ മാധ്യമങ്ങൾക്കും നൽകിയ ലേഖനത്തിൽ മുഖ്യമന്ത്രി ഒരു കാര്യം ഊന്നിപ്പറയുകയുണ്ടായി. ‘സർക്കാർ സംവിധാനങ്ങളെ ദുർബലപ്പെടുത്തുകയല്ല, കൂടുതൽ ശക്തിപ്പെടുത്തുകയാണ് വേണ്ടത് എന്ന കാര്യംകൂടി നമ്മെ ഓർമപ്പെടുത്തുന്നുണ്ട്.' ഇവിടെ മുഖ്യമന്ത്രി പറയുന്നത് ദുരന്തനിവാരണത്തിലും പുനരധിവാസത്തിലും സർക്കാരിനും പൊതുസംവിധാനങ്ങൾക്കുമുള്ള വർധിച്ച പങ്കാളിത്തമാണ്. സർക്കാർസംവിധാനങ്ങളെല്ലാം മോശം. സ്വകാര്യമേഖലയാണ് കേമം എന്ന പൊതുബോധം വർധിച്ചതോതിൽ സൃഷ്ടിക്കപ്പെടുന്ന കാലത്താണ് മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന എന്നുകൂടി ഓർക്കുക. ആഗോളവൽക്കരണകാലത്താണ് ഇത്തരമൊരു പൊതുബോധം വ്യാപകമായി സൃഷ്ടിക്കപ്പെട്ടത്. ജനങ്ങൾക്ക് സേവനം നൽകുന്ന മേഖലകളിൽനിന്നുപോലും സർക്കാർ സംവിധാനങ്ങൾ മാറിനിൽക്കുകയും അവ അപ്പാടെ സ്വകാര്യമേഖലയ‌്ക്ക് കൈമാറുകയുംചെയ്യുന്ന പ്രവണതയും ഇതോടെ ശക്തമാക്കി. എല്ലാ മേഖലകളിൽനിന്നും സർക്കാർ പിൻവാങ്ങുകയും ആ മേഖലയിലേക്ക് ലാഭക്കൊതിയോടെ സ്വകാര്യസ്ഥാപനങ്ങൾ കടന്നുവരുകയും ചെയ്തു. ഇന്ത്യയും അതേ പാതയിലൂടെതന്നെയാണ് മുന്നേറുന്നത്. എന്നാൽ, ഈ പാതയല്ല രാജ്യത്തിന‌് മാതൃകയെന്ന വലിയ സന്ദേശമാണ‌് കേരളം നൽകുന്നത‌്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top