11 December Wednesday

നിർത്തുക ഗവർണറുടെ കർസേവ

വെബ് ഡെസ്‌ക്‌Updated: Friday Nov 29, 2024


മഹത്തായ ഭരണഘടന അംഗീകരിച്ചതിന്റെ എഴുപത്തഞ്ചാം വാർഷികമാണ്‌ കഴിഞ്ഞദിവസം രാജ്യം ആഘോഷിച്ചത്‌. രാഷ്‌ട്രപതി മുതൽ ഗവർണർവരെ ഭരണഘടനയുടെ മഹത്വവും പ്രസക്തിയും ആവർത്തിച്ച്‌  പ്രസംഗങ്ങൾ നടത്തി. എന്നാൽ, ഇന്ന്‌ രാജ്യം ഭരിക്കുന്നവർക്ക്‌ ഭരണഘടനയോടുള്ള കൂറ്‌ വാക്കിൽ മാത്രമാണ്‌ പ്രവൃത്തിയിലല്ലെന്ന്‌ തെളിയിക്കപ്പെട്ട നിരവധി സന്ദർഭങ്ങളുണ്ടായിട്ടുണ്ട്‌. അതിലൊടുവിലത്തേതാണ്‌ കേരള ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാനിൽ നിന്നുണ്ടായിരിക്കുന്നത്‌. കേരള സാങ്കേതിക സർവകലാശാലയിലും (കെടിയു) ഡിജിറ്റൽ സർവകലാശാലയിലും താൽക്കാലിക വൈസ്‌ചാൻസലർമാരെ നിയമിച്ച ഗവർണറുടെ നടപടി ഭരണഘടനയെ തൃണവൽഗണിക്കലാണ്‌. ഗവർണറുടെ ജനാധിപത്യവിരുദ്ധതയെ വിമർശിച്ചും തടഞ്ഞുമുള്ള കേരള ഹൈക്കോടതി വിധിയുടെ മഷിയുണങ്ങും മുമ്പാണീ തെറ്റായ നിയമനങ്ങൾ. ഇത്‌ മിതമായ ഭാഷയിൽ പറഞ്ഞാൽ ശുദ്ധ തോന്ന്യാസമാണ്‌. ഇല്ലാത്ത അധികാരം പ്രയോഗിച്ച്‌ ജനാധിപത്യ ഭരണസംവിധാനത്തെ തുടർച്ചയായി വെല്ലുവിളിക്കുന്ന ആരിഫ്‌ മൊഹമ്മദ്‌ ഖാൻ ഇപ്പോൾ നീതിപീഠത്തെയും ധിക്കരിക്കുകയാണ്‌.

കെടിയുവിൽ താൽക്കാലിക വിസിയായി സിസാ തോമസിനെ നിയമിച്ച സ്വന്തം നടപടിയിൽ വ്യക്തതതേടി ഗവർണറായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്‌. ഗവർണറുടെ ഹർജി തീർപ്പാക്കിയ കോടതി താൽക്കാലിക വിസിയുടെ ചുമതല സർക്കാർ നൽകിയ പട്ടികയിൽനിന്നാകണമെന്ന്‌ ആവർത്തിച്ചു. എന്നാൽ ആ വിധി കാറ്റിൽപ്പറത്തിയിരിക്കുകയാണ്‌ ഗവർണർ. കണ്ണൂർ സർവകലാശാലയിൽ വൈസ്‌ചാൻസലറെ നിയമിച്ചതുമായി ബന്ധപ്പെട്ട സുപ്രീംകോടതിവിധി മറയാക്കിയാണ്‌ ഗവർണറുടെ നടപടി. എന്നാൽ സുപ്രീംകോടതിവിധി കണ്ണൂർ സർവകലാശാലാനിയമത്തെ അടിസ്ഥാനപ്പെടുത്തിയാണെന്ന്‌ ചൊവ്വാഴ്‌ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച്‌ വ്യക്തമാക്കിയതാണ്‌. സർക്കാർ നൽകുന്ന പട്ടികയിൽനിന്നേ കെടിയു താൽക്കാലിക വിസിയെ നിയമിക്കാവൂ എന്നും  കർശനമായി പറഞ്ഞു. ഇത്‌ അവഗണിച്ച ഗവർണർ സംസ്ഥാനത്തെ ഉന്നത നീതിപീഠത്തിന്റെ വിധിയാണ്‌ ലംഘിച്ചത്‌.

കേന്ദ്രത്തിലെ യജമാനന്മാരെ ‘പ്രീതി’പ്പെടുത്താനുള്ള ഈ കർസേവകന്റെ കളി നമ്മുടെ ഭരണഘടനയ്‌ക്കാകെ അപമാനമാണ്‌. ഇരിക്കുന്ന പദവിയുടെ മാന്യതയും അന്തസ്സും പാലിക്കാനുള്ള മര്യാദ ഇല്ലാത്ത ഗവർണർ ജനാധിപത്യസംസ്‌കാരത്തെ ഗർവിനാലും അഹന്തയാലും മലിനമാക്കുന്നത്‌ ഇതാദ്യമല്ല. വാർത്തയുടെ പേരിൽ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തൽ, ചീഫ്‌സെക്രട്ടറിയെയും ഡിജിപിയെയും വിളിച്ചുവരുത്താൻ ആവശ്യപ്പെട്ട്‌  ഇല്ലാത്ത അധികാരം കാട്ടാനുള്ള അപഹാസ്യശ്രമങ്ങൾ തുടങ്ങിയവ അടുത്തിടെയുണ്ടായി. സമരംചെയ്യുന്ന വിദ്യാർഥികളോട്‌ സംസ്‌കാരശൂന്യമായി പെരുമാറി എത്രമാത്രം ഹീനമായ മാനസികനിലയാണ്‌ തനിക്കുള്ളതെന്ന്‌ സ്വയം തെളിയിച്ചതുമാണ്‌. നിയമസഭ പാസാക്കിയ ബില്ലിൽ തീരുമാനമെടുക്കാൻ വൈകിയതിന്‌ സുപ്രീംകോടതി  ഗവർണറെ വിമർശിച്ചത്‌ കഴിഞ്ഞവർഷം നവംബറിലാണ്‌.  സംസ്ഥാനത്തെ പതിനൊന്ന്‌ സർവകലാശാലകളിലെ വി സിമാരെ പുറത്താക്കാനുള്ള നീക്കത്തിനെതിരായും കോടതി ഇടപെട്ടിരുന്നു. ഇപ്പോൾ ഡിജിറ്റൽ സർവകലാശാലയിൽ താൽക്കാലിക വി സിയായി നിയോഗിച്ച സിസ തോമസിനെ നേരത്തേ ഗവർണർ കെടിയു ഇടക്കാല വിസിയാക്കിയിരുന്നു. ഈ നിയമനം ചട്ടവിരുദ്ധമെന്ന്‌ കോടതി വിധിച്ചതും ഈയവസരത്തിൽ ഓർക്കേണ്ടതാണ്‌. കേരള സർവകലാശാലാ സെനറ്റംഗങ്ങളെ പുറത്താക്കിയ ഗവർണറുടെ നീക്കം തടഞ്ഞതും ഹൈക്കോടതിയായിരുന്നു. കേരള സെനറ്റിലേക്ക്‌ നാല്‌ എബിവിപിക്കാരെ നാമനിർദേശം ചെയ്‌ത  നടപടി റദ്ദാക്കിക്കൊണ്ടും നിയമവിരുദ്ധമായ പാതയിലാണ്‌ ഗവർണറുടെ സഞ്ചാരമെന്ന്‌ കോടതി സൂചിപ്പിച്ചിരുന്നു. ബ്രിട്ടീഷ്‌ കൊളോണിയലിസത്തിന്റെ അവശേഷിപ്പും ഉച്ഛിഷ്‌ടവുമായ പദവിയാണ്‌ ഗവർണർസ്ഥാനം. കാലഹരണപ്പെട്ട ഈ പദവി  എടുത്തുകളയേണ്ടതാണെന്ന്‌ ജനാധിപത്യവാദികളായ പൊതുപ്രവർത്തകരും ഭരണഘടനാവിദഗ്‌ധരും നിരവധി തവണ ചൂണ്ടിക്കാട്ടി.

കേരളത്തിന്റെ ജനാധിപത്യ–-വിദ്യാഭ്യാസ മികവുകൾക്ക്‌ അടിക്കടി വിഘാതംസൃഷ്‌ടിക്കുന്ന  ഗവർണറെ അടിയന്തരമായി തിരിച്ചുവിളിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം. സംഘപരിവാറിന്റെ അജൻഡ നടപ്പാക്കുന്ന പ്രഭാരിയായി തരംതാഴ്‌ന്നിരിക്കുകയാണ്‌ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ. ഇല്ലാത്ത അധികാരവും ഗർവുമായി വിലസാൻ ഇദ്ദേഹത്തെ അനുവദിക്കുന്നതിലുടെ ജനാധിപത്യത്തിനും ഫെഡറലിസത്തിനും  ശവമഞ്ചമൊരുക്കുകയാണ്‌ ബിജെപി സർക്കാർ. കോൺഗ്രസ്‌ നേതൃത്വത്തിലുള്ള യുഡിഎഫാകട്ടെ ഗവർണറുടെ നിയമവിരുദ്ധതയെ വിമർശിക്കുന്നില്ലെന്ന്‌ മാത്രമല്ല പിന്തുണയ്‌ക്കുന്നു എന്നതാണ്‌ വൻദുരന്തം. അന്ധമായ ഇടതുപക്ഷ വിരോധത്തിൽ ഗവർണറുടെ ചെയ്‌തികളെ അനുകൂലിക്കുകയാണവർ. ചില വാഴ്‌സിറ്റികളിൽ ചാൻസലർ പദവിയടക്കം അവർ തരപ്പെടുത്തി. വിദ്യാഭ്യാസമേഖലയെ തകർക്കാനുള്ള നീക്കങ്ങളിൽ പങ്കാളിയുമാണ്‌ യുഡിഎഫ്‌. കലിക്കറ്റ്‌ സർവകലാശാല സിൻഡിക്കറ്റംഗമായി  ആർഎസ്‌എസുകാരനെ  നോമിനേറ്റ്‌ ചെയ്യുകയുണ്ടായി ഗവർണർ. സംഘപരിവാറിനെ  പിന്നാമ്പുറത്തിലൂടെ  സർവകലാശാലയിലേക്ക്‌ കുടിയിരുത്തിയതിനെതിരെ ഒരുവാക്ക്‌ ഉച്ചരിക്കാൻ തയ്യാറായിട്ടില്ല.

രാജ്‌ഭവനിൽനിന്നുള്ള തെറ്റായ നീക്കങ്ങളെ സർക്കാർ–-ഗവർണർ പോരായി അവതരിപ്പിക്കുന്ന മാധ്യമങ്ങളും ജനാധിപത്യവിരുദ്ധതയ്‌ക്ക്‌ കുടപിടിക്കുകയാണ്‌.  അമിതാധികാരം തലയ്‌ക്കുപിടിച്ച്‌ ഗവർണർ നടത്തുന്ന ഇടപെടലുകൾ ശരിയായി വിലയിരുത്താൻ മാധ്യമങ്ങൾക്ക്‌ ഉത്തരവാദിത്വമുണ്ട്‌. സർവകലാശാലകളിൽ ഗവർണർ നടത്തിയ ഏതെങ്കിലും നിയമനം നിയമാനുസൃതമാണെന്ന്‌ പറയാൻ സാധിക്കില്ല.  ഡൽഹിയിലെ ജവാഹർലാൽ നെഹ്‌റു വാഴ്‌സിറ്റിയിലടക്കം രാജ്യത്തെ പ്രശസ്‌തമായ സർവകലാശാലകളെ കാവിവൽക്കരിക്കാനും കൈപ്പിടിയിലാക്കാനും സംഘപരിവാർ ശ്രമിക്കുന്നുണ്ട്‌. കേരളത്തിൽ അതിനായി ഗവർണറെ ഏജന്റാക്കിയിരിക്കുകയാണ്‌. രാജ്‌ഭവനെ ആർഎസ്‌എസ്‌ ശാഖയാക്കി അധഃപതിപ്പിച്ച്‌  പൊതുവിദ്യാഭ്യാസമണ്ഡലത്തെ അട്ടിമറിക്കലാണ്‌ ലക്ഷ്യം. ഇതനുവദിച്ചുകൂടാ. നിയമപരമായും ജനാധിപത്യപരമായും ഗവർണറുടെ ദുഷ്‌ചെയ്‌തികളെ തുറന്നെതിർക്കണം. സംഘപരിവാർ ആശയാടിമത്തം ബാധിച്ച്‌  വഷളത്തരങ്ങൾ കാട്ടിക്കൂട്ടുന്ന ഗവർണറുടെ ജനാധിപത്യഹത്യ കേരളത്തിന്‌ പൊറുക്കാനാകില്ല. വിദ്യാഭ്യാസപ്രേമികളും സംസ്‌കാരസമ്പന്നരുമായ മലയാളികളൊന്നാകെ പ്രതികരിച്ചും  പ്രതിഷേധിച്ചും ഇതിന്‌ തടയിട്ടേതീരൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top