31 May Wednesday

പുതിയ കേരളം നിര്‍മിക്കുമ്പോള്‍

വെബ് ഡെസ്‌ക്‌Updated: Thursday Aug 23, 2018


ഒടുവിൽ കേരളം തിരിച്ചറിയുകയാണ്; പ്രളയം നമ്മളെയും വിഴുങ്ങാം. അതിജീവനത്തിന്റെ പുതുപാഠങ്ങൾ രചിച്ച് മുന്നേറുമ്പോൾ നമ്മളിനി പലതും മാറിച്ചിന്തിക്കേണ്ടിവരും. പഴയത് പുനർനിർമിക്കാനല്ല, പുതിയ കേരളം സൃഷ്ടിക്കാനാണ‌് നമ്മുടെ ഒരുക്കമെന്ന മുഖ്യമന്ത്രിയുടെ വാക്കുകളിലുള്ളത് ഈ തിരിച്ചറിവിന്റെകൂടി തിളക്കമാണ്.

മഹാപ്രളയം നമുക്ക് ദൂരക്കാഴ‌്ചകളായിരുന്ന കാലം കഴിഞ്ഞു. തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കമെന്ന പഴങ്കഥ ഇനി മറക്കാം. വെള്ളപ്പൊക്കത്തിൽ എല്ലാം നഷ്ടപ്പെട്ട് അയൽസംസ്ഥാനങ്ങളിൽനിന്ന് അഭയാർഥികളായി എത്തുന്നവരുടെ കണ്ണുകളിൽമാത്രമേ നമ്മൾ പ്രളയം കണ്ടിരുന്നുള്ളൂ. ഇപ്പോൾ അത് നമുക്കരികിലെത്തി മടങ്ങി.
കേരളം ഉൾപ്പെടുന്ന മേഖല പ്രളയബാധിതപ്രദേശമായി ഇതുവരെ കേന്ദ്രസർക്കാർ പഠനങ്ങളിലും കരുതപ്പെട്ടിരുന്നില്ല. മിന്നൽ വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളിലും കേരളം പെടുന്നില്ല. കാലവർഷക്കാലത്ത് ചുഴലിക്കാറ്റുകൾ അടിക്കാൻ സാധ്യതയുള്ള നാടുമല്ല നമ്മുടേത്.

എന്നാൽ, ഇനി അങ്ങനെ നീങ്ങാനാകില്ല. ഇനി നമ്മൾ രൂപപ്പെടുത്തുന്ന വികസനപദ്ധതികളിലൊക്കെ ഈ കരുതൽ വേണ്ടിവരും. ഇപ്പോൾ പ്രളയബാധിതമായ മേഖലകൾതന്നെയാണ് 1924ലെ (തൊണ്ണൂറ്റൊമ്പതിലെ) വെള്ളപ്പൊക്കത്തിലും മുങ്ങിയതെന്ന‌് ചരിത്രരേഖകളിൽ കാണാം. അന്നത്തെ ആലുവ ഉൾപ്പെടുന്ന പറവൂർ താലൂക്കും മധ്യതിരുവിതാംകൂറിലെ പത്തനംതിട്ട, ചെങ്ങന്നൂർ പ്രദേശങ്ങളും അന്നും ഭീതിദമായ ദുരിതത്തിൽ അമർന്നു. തിരുവിതാംകൂർ രാജ്യത്തിന്റെ സമ്പദ‌്‌വ്യവസ്ഥയെയാകെ താറുമാറാക്കിയ ആ പ്രളയം സഞ്ചരിച്ച വഴികളിലൊക്കെത്തന്നെ 94 വർഷത്തിനുശേഷവും വെള്ളമെത്തി. ഇത് വ്യക്തമാക്കുന്നത് നമുക്കൊരു സുനിശ്ചിതമായ പ്രളയപാതയുണ്ടെന്നാണ‌്. ഈ പ്രദേശങ്ങൾ ഇനി കൃത്യമായി രേഖപ്പെടുത്തപ്പെടണം. ഇവിടെ ആവിഷ‌്കരിക്കുന്ന വികസന പ്രവൃത്തികളെല്ലാം ഈ പ്രളയസാധ്യതകൂടി മുമ്പിൽ കണ്ടാകണം. വികസനപദ്ധതികളിൽമാത്രമല്ല; വീടുനിർമാണവും കൃഷിയുമടക്കം ജീവിതവൃത്തികളിലാകെ പ്രളയംകൂടി നേരിടാനുള്ള മുന്നൊരുക്കം വേണം. ഇപ്പോഴത്തെ പ്രളയത്തിൽ ആത്മവിശ്വാസം കെടാത്ത ഭരണനേതൃത്വവും ജനങ്ങളും ഒന്നിച്ചുനിന്നപ്പോൾ മരണം കുറയ്ക്കാൻ നമുക്കായി. എന്നാൽ, വസ്തുവകകൾക്കും നിർമിതികൾക്കുമുണ്ടായ നാശം കുറയ്ക്കാനായില്ല. വെള്ളപ്പൊക്കംകൂടി കണ്ടുള്ള കരുതലുണ്ടായാൽ ഭാവിയിൽ ഇത്തരം നഷ്ടം കുറയ്ക്കാൻ കഴിയും. വീടുപണിയാൻ സാമഗ്രികൾ തെരഞ്ഞെടുക്കുന്നതിൽവരെ ഈ ജാഗ്രത വേണ്ടിവരും. വൈദ്യുതിലൈനുകളും ജലവിതരണ പൈപ്പുകളും പ്രളയ ജലനിരപ്പിനുമുകളിൽ നിൽക്കുന്നു എന്ന് ഉറപ്പാക്കേണ്ടിവരും. നിലവിലുള്ള നിർമിതികൾ പലതിലും ഘടനാപരമായ മാറ്റങ്ങൾ വേണ്ടിവന്നേക്കാം. ഇവയുടെയൊക്കെ ശേഷി ഇടയ്ക്കിടെ വിലയിരുത്തേണ്ടിയും വരും. വെള്ളപ്പൊക്കെ സാധ്യതയുള്ള മേഖലകളിലെ അവശ്യസേവനത്തിനുള്ള സംവിധാനങ്ങളും ഈ കരുതലോടെ നവീകരിക്കണം.  ആശുപത്രികളും മറ്റും പ്രളയത്തിൽ ആദ്യംതന്നെ മുങ്ങിനശിക്കുന്ന അവസ്ഥ വരാതിരിക്കാൻ ഇതാവശ്യമാകും. 

അടിയന്തരഘട്ടത്തിൽ സ്വീകരിക്കേണ്ട നടപടികൾക്കുള്ള മുന്നൊരുക്കങ്ങളും ഈ മേഖലകളിൽ ഇനി വേണ്ടിവരും. പ്രളയഘട്ടത്തിൽ ഉപയോഗിക്കാവുന്ന ജലയാനങ്ങൾ അടക്കമുള്ള വാഹനങ്ങൾ പെട്ടെന്ന് കിട്ടാനുള്ള സംവിധാനവും വേണ്ടിവരും.  തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ഇക്കാര്യത്തിൽ മുൻകൈ എടുക്കാനാകും. അവരുടെ പദ്ധതികൾ തയ്യാറാക്കുമ്പോൾ പ്രളയസാധ്യത ഒരു ഘടകമാകേണ്ടിവരും.

അതതിടത്തെ പരിസ്ഥിതികൂടി പരിഗണിച്ചുള്ള നിർമാണപ്രവർത്തനങ്ങളേ ഇനി അനുവദിക്കുകയുള്ളൂ എന്ന തീരുമാനം വേണ്ടിവരും. പ്രളയത്തിനിടയാക്കിയത് അപ്രതീക്ഷിതവും അസാധാരണവുമായ മഴയാണെങ്കിലും ചിലയിടത്തെങ്കിലും അതിന്റെ ആഘാതം വർധിപ്പിച്ചത് പരിസ്ഥിതിക്കുമേലുള്ള അനിയന്ത്രിതമായ ഇടപെടലാണ്. കാലാവസ്ഥ വ്യതിയാനം ഉയർത്തുന്ന പ്രശ്നങ്ങളും പ്രധാനമാണ്. സാന്ദ്രത കൂടിയ മഴയും കനത്ത മഴയും ഇതുമൂലം ഉണ്ടാകാമെന്ന‌് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. മലയിടിച്ചിലിന് ഇടയാക്കുന്ന വിധത്തിലുള്ള വനനശീകരണവും ജലശേഖരണ സംവിധാനങ്ങൾ ഇല്ലാതാക്കി തണ്ണീർത്തടങ്ങൾ നികത്തുന്ന പ്രവണതയും തടയണം. ക്വാറികൾക്കും നിർമാണപ്രവർത്തനങ്ങൾക്കും മുൻവിധികളില്ലാത്ത പഠനങ്ങളുടെ അടിസ്ഥാനത്തിൽ, നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ടിവരും. പശ്ചിമഘട്ട സംരക്ഷണമെന്ന എൽഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പാക്കാനുള്ള നടപടികൾ കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകുകയും വേണം. അതുപോലെ കുട്ടനാടിനെ സംരക്ഷിക്കാനുള്ള പാക്കേജും സമഗ്രമായി നടപ്പാക്കണം. ഇപ്പോഴത്തെ ദുരന്തനിവാരണ നടപടികൾ പൂർത്തിയാകുന്നതോടെ ഇത്തരം കാര്യങ്ങളിലും സർക്കാർ ശ്രദ്ധയൂന്നുമെന്ന‌് പ്രതീക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top