03 June Saturday

പുതിയൊരു കേരളം, കെട്ടിപ്പടുക്കാൻ

വെബ് ഡെസ്‌ക്‌Updated: Monday Aug 20, 2018


പ്രളയം മുക്കിക്കളഞ്ഞ കേരളക്കരയെ പുനർനിർമിക്കുകയെന്ന മഹാദൗത്യമാണ‌് ഇമനിയുള്ളത‌്. മലയാളികൾ എത്താത്ത നാടില്ലെന്ന ചൊല്ലിന്‌ കൂടുതൽ അർഥവ്യാപ‌്തി നൽകിക്കൊണ്ട്‌, ഈ നാടിന്റെ ദുരന്തം ലോകമാകെ ഹൃദയത്തിലേറ്റുവാങ്ങി സഹായഹസ‌്തം നീട്ടുകയാണ‌്. നാശത്തിന്റെ ആദ്യകണക്കുകൾ ‌ 20,000 കോടിയാണെങ്കിൽ യഥാർഥ നഷ്ടം ഇതിലുമെത്രയോ അധികമാണ‌്. ലോകരാജ്യങ്ങളും അയൽസംസ്ഥാനങ്ങളും സുമനസ്സുകളും സഹായവുമായി മുന്നോട്ടുവന്നത‌് ആശ്വാസകരമാണ‌്. ശൂന്യതയിൽനിന്ന‌് ജീവിതം കെട്ടിപ്പടുക്കേണ്ട ജനലക്ഷങ്ങളും തകർന്ന ഗതാഗതസംവിധാനങ്ങളും വലിയ വെല്ലുവിളിയായി അവശേഷിക്കുകയാണ‌്.

സംസ്ഥാനത്തിന‌് ഏറ്റവും വലിയ പിന്തുണ ലഭിക്കേണ്ടത‌് കേന്ദ്രസർക്കാരിൽനിന്നാണ്‌. പ്രധാനമന്ത്രി നേരിട്ടെത്തി കാര്യങ്ങൾ മനസ്സിലാക്കുകയും ജീവൻ രക്ഷാപ്രവർത്തനത്തിന‌്  സഹായം  നൽകുകയും ചെയ‌്തത‌് കൃതജ്ഞതാപൂർവമാണ‌് സംസ്ഥാന സർക്കാരും ജനങ്ങളും കാണുന്നത‌്. പുനരധിവാസത്തിന‌് കേന്ദ്രത്തിന്റെ കൈയയച്ച സഹായമാണ‌് കേരളം പ്രതീക്ഷിക്കുന്നത‌്. ഇതിനാവശ്യമായ എല്ലാ സ്ഥിതിവിവരങ്ങളും സംസ്ഥാന സർക്കാർ സമർപ്പിച്ചിട്ടുണ്ട‌്. കേന്ദ്രസംഘം നേരിട്ടെത്തി നാശത്തിന്റെ വ്യാപ‌്തി വിലയിരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട‌്. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും മുതിർന്ന കോൺഗ്രസ‌് നേതാവ‌് എ കെ ആന്റണിയും പറഞ്ഞകാര്യങ്ങൾ ഇവിടെ പ്രസക്തമാണ‌്. കേന്ദ്രം ഇതുവരെ  പ്രഖ്യാപിച്ച സഹായം അപര്യാപ‌്തമാണ്‌. പ്രാഥമിക നഷ്ടത്തിന്റെ രണ്ട‌് ശതമാനംമാത്രമാണിത്‌. സഹായം വർധിപ്പിച്ചുതന്നേ മതിയാകൂ.

  സഹായങ്ങൾകൊണ്ടുമാത്രം പരിഹരിക്കാവുന്ന പ്രശ‌്നങ്ങളല്ല പ്രളയം കേരളത്തിനുണ്ടാക്കിയിരിക്കുന്നത‌്. ആദ്യം ജീവൻ രക്ഷിക്കുക, ഒപ്പം ഭക്ഷണവും താമസ സൗകര്യവുമെന്ന താൽക്കാലികാശ്വാസം. ആദ്യ രണ്ടുഘട്ടവും നല്ലനിലയിൽ  നിർവഹിക്കാനായി. സംസ്ഥാനത്തെ ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുന്നവരുടെ എണ്ണം പത്തുലക്ഷത്തിനടുത്താണ‌്. അടുത്തഘട്ടം പുനരധിവാസത്തിന്റേതാണ‌്. വെള്ളമിറങ്ങിയ വീടുകൾ വൃത്തിയാക്കി താമസയോഗ്യമാക്കുക, കന്നുകാലികളുടെ മൃതദേഹങ്ങൾ സംസ‌്കരിക്കുക, കുടിവെള്ളം, വൈദ്യുതി, ഗ്യാസ‌് തുടങ്ങിയവ ലഭ്യമാക്കുക തുടങ്ങി നൂറുകൂട്ടം കാര്യം ഓരോ വീട്ടിലുമുണ്ട‌്. ഈ പ്രവർത്തനങ്ങൾക്കിടയിൽ സംഭവിച്ചേക്കാവുന്ന അപകടകങ്ങൾ, മാലിന്യക്കുത്തൊഴുക്കിന്റെ അനന്തരഫലമായി പൊട്ടിപ്പുറപ്പെട്ടേക്കാവുന്ന പകർച്ചവ്യാധി ഭീഷണി ഇതെല്ലാം മുന്നിൽ കണ്ടുകൊണ്ടുള്ള വിപുലമായ പ്രവർത്തനപദ്ധതി സർക്കാർ ആവിഷ‌്കരിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട‌്. സർക്കാർ സംവിധാനങ്ങൾക്കൊപ്പം തദ്ദേശഭരണ സ്ഥാപനങ്ങൾക്കും സന്നദ്ധ പ്രവർത്തകർക്കും ഇക്കാര്യത്തിൽ മുഖ്യ പങ്കുവഹിക്കാനുണ്ട‌്. പകർച്ചവ്യാധിക്കെതിരെ അതിവിപുലമായ പ്രവർത്തനങ്ങളാണ്‌ ആസൂത്രണം ചെയ‌്തിരിക്കുന്നതെന്ന്‌ ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. നഷ്ടപ്പെട്ട പുസ‌്തകങ്ങളും സർട്ടിഫിക്കറ്റുകളും  ഉടൻ നൽകുമെന്ന്‌ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥും അറിയിച്ചു. റവന്യു, വൈദ്യുതി, ജലവകുപ്പുകൾ സുസജ്ജമായി രംഗത്തുണ്ട്‌. മറ്റു സർക്കാർവകുപ്പുകളെല്ലാം  കർമനിരതമാണ്‌. ചൊവ്വാഴ്‌ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർവകക്ഷിയോഗം ചേരുന്നതോടെ പ്രവർത്തനങ്ങൾ താഴെ തട്ടിൽ  ശക്തമാകും.
മരിച്ചവരുടെ ആശ്രിതർക്കും നാശനഷ്ടങ്ങൾ ഉണ്ടായവർക്കും ആശ്വാസധനം നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. വീട‌് പൂർണമായും നഷ്ടപ്പെട്ടവർക്കുള്ള പുനരധിവാസ പദ്ധതിക്ക‌്  വൈകാതെ  രൂപം നൽകും. സംസ്ഥാനത്തെ റെയിൽ‐ റോഡ‌്‐ വ്യോമഗതാഗതം താറുമാറാണ്‌. നെടുമ്പാശേരി വിമാനത്താവളം തുറക്കാൻ ഇനിയും ഒരാഴ‌്ചയെടുക്കും. വലിയ നിർമാണപ്രവർത്തനങ്ങൾ അനിവാര്യമാക്കുന്ന തകർച്ചയാണ‌് റോഡുകൾക്കും റെയിലിനും സംഭവിച്ചത‌്. കൃഷിക്കാർക്കും വ്യാപാരികൾക്കും സംഭവിച്ച നഷ്ടം വിവരണാതീതമാണ‌്. എങ്കിലും ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ സർക്കാർ സ്വീകരിച്ചുകഴിഞ്ഞു.

മനുഷ്യനെയും പ്രകൃതിയെയും സ‌്നേഹിക്കാൻ, വിദ്വേഷവും ലാഭക്കൊതിയും വെടിയാൻ ഈ ദുരന്തം പഠിപ്പിച്ചു. മുമ്പ‌് കണ്ടിട്ടില്ലാത്ത അതിതീവ്രമായ ദുരന്തമുഖത്ത‌് നന്മയുള്ള ഒരുപാടു മനുഷ്യരെ നമുക്ക‌് കാണാനായി. എന്നാൽ,  ജീവനുവേണ്ടിയുള്ള ആയിരങ്ങളുടെ നിലവിളികൾക്കിടയിലും ചിലരുടെ മനസ്സിലെ മാലിന്യം പുറത്തുചാടി. രക്ഷാപ്രവർത്തനം പട്ടാളത്തിന‌് വിട്ടുകൊടുക്കണമെന്ന  വിവാദം തിരികൊളുത്തിയത‌് ദുരന്തം മൂർധന്യത്തിൽ നിൽക്കുമ്പോഴായിരുന്നു. സിവിൽ ഭരണവും  പട്ടാളവും ഒത്തുചേർന്ന‌് രക്ഷാപ്രവർത്തനം ഏറ്റവും ഫലപ്രദമായി നടക്കുന്ന ഘട്ടത്തിലായിരുന്നു ഈ തുരപ്പൻപണി. നവമാധ്യമങ്ങളിൽ ധാരാളം വ്യാജ വീഡിയോകൾ ഈ ആവശ്യമുന്നയിച്ച‌് പ്രത്യക്ഷപ്പെട്ടു. പ്രധാനമന്ത്രി വന്ന ദിവസം ചില മാധ്യമങ്ങളും ആവശ്യവുമായി രംഗത്തിറങ്ങി. കരസേനാ അധികൃതരടക്കം  ഇതിന്റെ പൊള്ളത്തരം  തുറന്നുകാട്ടിയിട്ടും സംസ്ഥാന സർക്കാരിനെതിരെ രാഷ്ട്രീയമായ ദുഷ‌്പ്രചാരണം തുടർന്നു. പട്ടാളക്കാരന്റെ വേഷംകെട്ടിപ്പോലും വ്യാജവീഡിയോകൾ പടച്ചുവിട്ടു.

രക്ഷാപ്രവർത്തകരെയും ഭക്ഷണമെത്തിക്കുന്നവരെയും  വഴിതെറ്റിക്കുന്ന സന്ദേശങ്ങളും ഫോൺവിളികളും നിരവധിയുണ്ടായി. കണ്ണൂർ കൊട്ടിയൂരിൽ ഒരു ക്യാമ്പിൽ നാൽപ്പതോളം എസ‌്ഡിപിഐക്കാർ സംഘടിച്ചെത്തി ആക്രമണം നടത്തി. സംഘടനയുടെ ബാനറും യൂണിഫോമും ക്യാമ്പിൽ വിലക്കിയതിനായിരുന്നു ഈ അതിക്രമം. ചെങ്ങന്നൂരിൽ  ഹോസ്റ്റലിൽ കുടുങ്ങിയ പെൺകുട്ടികളെ വീട്ടമ്മമാർ ആക്രമിക്കുന്ന ദൃശ്യവും ഈ  മഹാദുരന്തത്തിനിടയിൽ കണ്ടു. ഹെലികോപ‌്റ്റർ തങ്ങളുടെ വീടിന‌് കേടുവരുത്തുമെന്ന ചിന്തയാണത്രേ ഇവരെ ആ ക്രൂരതയ‌്ക്ക‌് പ്രേരിപ്പിച്ചത‌്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക‌് സംഭാവന നൽകരുതെന്ന വ്യാപകമായ പ്രചാരണമാണ‌് ഒരു വിഭാഗം നടത്തിയത‌്. സിപിഐ എം നേതൃത്വത്തിൽ രണ്ടുനാളത്തെ ദുരിതാശ്വാസഫണ്ട‌് പിരിവിന‌് അഭൂതപൂർവമായ പിന്തുണയാണ‌് ജനങ്ങൾ നൽകിയത‌്. എന്നാൽ, ഇത‌് തടസ്സപ്പെടുത്താൻ സംഘടിതമായി നവമാധ്യമ പ്രചാരണം നടത്തി. ഇവയെല്ലാം വരുന്ന കേന്ദ്രങ്ങൾ പരിശോധിക്കുമ്പോൾ വിദ്വേഷ പ്രചാരകരെക്കുറിച്ച‌് വ്യക്തമായ സൂചനകൾ ലഭിക്കുന്നുണ്ട‌്‌. അത്തരം കാര്യങ്ങൾ അന്വേഷണത്തിലിരിക്കുകയാണ‌്. കുറ്റവാളികൾക്ക‌് നിയമം അർഹിക്കുന്ന ശിക്ഷ നൽകട്ടെ. എല്ലാ തിന്മകളെയും വിസ‌്മരിക്കാം. നന്മയുടെയും ത്യാഗത്തിന്റെയും സഹജീവിസ‌്നേഹത്തിന്റെയും  പുതിയ ഗാഥകൾ രചിക്കാൻ  ഈനാട‌് കാത്തിരിക്കുകയാണ‌്. അങ്ങനെയേ പുതിയൊരു കേരളം കെട്ടിപ്പടുക്കാനാകൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top