23 March Thursday

പാക്കേജ് നേടിയെടുക്കാനും ഒന്നിച്ചുനിൽക്കണം

വെബ് ഡെസ്‌ക്‌Updated: Thursday Oct 4, 2018


കേരളത്തെ കെടുതിയിൽ മുക്കി കടന്നുപോയ പ്രളയം നമ്മുടെ സമ്പദ് മേഖലയിൽ ഏൽപ്പിച്ച ആഘാതത്തിന്റെ നേരറിവുകൾ വന്നുതുടങ്ങി. നഷ്ടത്തിന്റെ അന്തിമചിത്രം ഇപ്പോഴും വ്യക്തമല്ലെങ്കിലും കേരളത്തെ പുനർനിർമിക്കാൻ വേണ്ടിവരുന്ന ധനസമാഹരണത്തിന്റെ വൈപുല്യം ബുധനാഴ്ച പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻതന്നെ വ്യക്തമാക്കിയിട്ടുണ്ട് . ഒരുകാര്യം  വ്യക്തമാണ്‌. സംസ്ഥാന സർക്കാരിന്‌ തനിച്ചോ കേരളത്തിൽനിന്ന് മാത്രമായോ  കണ്ടെത്താവുന്നതല്ല ഈ ബാധ്യത. സഹായം കിട്ടാവുന്ന എല്ലാ ഉറവിടങ്ങളിൽനിന്നും സഹായം തേടിക്കൊണ്ടും നേടിക്കൊണ്ടുമാണ്‌ കേരളം ഇതുവരെ മുന്നോട്ടുപോയത്‌. കെടുതിയിൽ മുങ്ങിയവർക്ക്‌ താൽക്കാലിക ധനസഹായമെത്തിക്കാനും അടിയന്തരസൗകര്യങ്ങൾ ഒരുക്കാനും ഈ സമീപനം  ഏറെ ഗുണംചെയ്‌തു. ഒരു പരിധിവരെ നമ്മൾ ഇന്ന്‌ അതിജീവിച്ചുനിൽക്കുന്നത് ഈ സഹായങ്ങളുടെ ബലത്തിലാണ‌്.

എന്നാൽ, ഇനിയുള്ള വെല്ലുവിളി കൂടുതൽ കടുത്തതാണ്. ഉണ്ടായ നഷ്ടം നികത്തിയാൽമാത്രം പോരാ പുതിയ കേരളത്തെ നിർമിച്ചെടുക്കണം. അതിന് വ്യക്തിഗതസഹായങ്ങളോ ചെറിയ തോതിലുള്ള സമാഹരണമോ പോരാ. സംസ്ഥാനത്തെ പുനർനിർമിക്കുകയാണ്‌ സർക്കാരിന്റെ ലക്ഷ്യം. കേവലമായ നഷ്ടംനികത്തലിന്‌ അപ്പുറമുള്ള ധനസമാഹരണത്തിലൂടെയേ ഇത്‌ സാധ്യമാകൂ. സംസ്ഥാന സർക്കാർ എല്ലാ വാതിലിലും മുട്ടുന്നുണ്ട്‌. ചോദിക്കാതെ തന്നെ സഹായങ്ങളുമായി വന്നവരുമുണ്ട്‌. യുഎഇ കേരളവുമായുള്ള സവിശേഷബന്ധം മുൻനിർത്തി വാഗ്‌ദാനം ചെയ്‌തത്‌ 700 കോടി രൂപയാണ്‌. എന്നാൽ, അത്‌ സ്വീകരിക്കാൻ ഇപ്പോഴും കേരളത്തിന്‌ അനുമതി ലഭിച്ചിട്ടില്ലെന്ന്‌ മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ വ്യക്തമാക്കുന്നുണ്ട്‌. ആ നിലപാട്‌ കേന്ദ്രസർക്കാർ തിരുത്തണം. ആ തുക ലഭ്യമാക്കാൻ കേരളത്തോടൊപ്പം നിൽക്കാൻ കേന്ദ്ര സർക്കാരും പ്രധാനമന്ത്രിയും തയ്യാറാകണം. ലോകത്താകെയുള്ള മലയാളികളുടെ സാമ്പത്തികപിന്തുണ തേടാനും സംസ്ഥാന സർക്കാർ ശ്രമിക്കുന്നുണ്ട്‌. മന്ത്രിമാർ ഇതിനായി വിവിധ രാജ്യങ്ങൾ സന്ദർശിക്കാൻ ഒരുങ്ങുകയാണ്‌. ഇക്കാര്യത്തിൽ എന്തായാലും കേന്ദ്രസമീപനം എതിരല്ല എന്നത്‌ ആശ്വാസകരം.

അന്താരാഷ്ട്ര ഏജൻസികളിൽനിന്ന്‌ സഹായമായും വായ്‌പയായും പണം സ്വീകരിക്കാനും ശ്രമിക്കുമെന്ന്‌ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്‌. ഈ വഴിക്കുള്ള ശ്രമങ്ങളെല്ലാംതന്നെ കേന്ദ്രസർക്കാരിന്റെ പിന്തുണ വേണ്ടവയാണ്‌. ഈ പിന്തുണ കേരളം ന്യായമായും പ്രതീക്ഷിക്കുന്നു.  ലോകബാങ്കിന്റെയും എഡിബിയുടെയും  പ്രാഥമിക കണക്കെടുപ്പിലെ നഷ്ടവിലയിരുത്തൽ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്‌ 25,050 കോടി രൂപയാണ്‌. എന്നാൽ, യഥാർഥ നഷ്ടം ഇതിലും വളരെയേറെയാണെന്ന‌് ഉറപ്പാണ്. വ്യവസായം, കച്ചവടം മുതലായ മേഖലകളിലെ യഥാർഥ നഷ്ടം അവർ കണക്കാക്കിയിട്ടില്ല.  വായ്പ അനുവദിക്കുന്നതുമായി ബന്ധപ്പെടുത്തി ഭൗതിക അടിസ്ഥാന സൗകര്യങ്ങൾ സംബന്ധിച്ച നഷ്ടമാണ് അവർ കണക്കാക്കുന്നത്. ഇവിടെ ഏറെപ്പേരെ പുനരധിവസിപ്പിക്കേണ്ടിവരും. ഇതിന‌് ഭൂമിക്കായിത്തന്നെ  കോടികൾ വേണം. ഉപജീവനമാർഗങ്ങളും  തൊഴിലും നഷ്ടമായവർക്ക് നൽകേണ്ട സഹായങ്ങളും അന്താരാഷ്ട്ര ഏജൻസികളുടെ പരിഗണനയിൽ വന്നിട്ടില്ല. ഇതിനൊക്കെ എത്ര പണം വേണ്ടിവരും എന്ന് കണ്ടെത്താൻ വിശദമായ പഠനത്തിലൂടെ സംസ്ഥാന സർക്കാർ ശ്രമിക്കുകയാണ‌്. ഈ കണക്ക് തയ്യാറായിക്കഴിഞ്ഞാൽ കേന്ദ്ര സർക്കാരിനോട് പ്രത്യേക പാക്കേജ് സംസ്ഥാനം ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.  ഈ പാക്കേജ് അംഗീകരിച്ചുകിട്ടുക എന്നതാണ് കേരളത്തിന്റെ പുനർനിർമാണത്തിനുള്ള മുന്നുപാധി. കേന്ദ്ര സർക്കാരിൽനിന്ന് ഇക്കാര്യത്തിൽ അനുകൂലസമീപനം ഉണ്ടാകും എന്ന‌് മുഖ്യമന്ത്രി പ്രകടിപ്പിച്ച പ്രതീക്ഷ നമുക്കും പങ്കുവയ്ക്കാം.

മുൻപരിചയമില്ലാത്ത കെടുതിയിലൂടെയാണ്  നമ്മൾ കടന്നുപോയത്. ഈ കെടുതി മറികടക്കാനും പുതുപാതകൾ പലതും തേടേണ്ടിവരും. ഇക്കാര്യത്തിൽ തുറന്ന മനസ്സോടെ കേരളം നീങ്ങുകയാണ്.  ജനങ്ങളുടെ പിന്തുണ ഒന്നാമത്തേതാണ്. അത്  ലഭിക്കുന്നുണ്ട്. മുഖ്യമന്ത്രി സൂചിപ്പിച്ചതുപോലെ കേരളത്തിന‌് സഹായം ഇനി വേണ്ടെന്ന പ്രചാരണവുമായി ഇറങ്ങിയ ചിലർ ഒഴിച്ചാൽ മറ്റുള്ളവരുടെ പിന്തുണയുണ്ട്. പ്രളയദുരിതാശ്വാസവുമായോ പുനർ നിർമാണവുമായോ ബന്ധപ്പെട്ട‌്  കാര്യമായ  വിവാദങ്ങൾ ഉണ്ടായില്ല.സാലറി ചലഞ്ചിന്റെ മറവിൽ വിവാദത്തിന് ചില ശക്തികൾ ചില മാധ്യമങ്ങളുടെ സഹായത്തോടെ ശ്രമിച്ചെങ്കിലും ബഹുഭൂരിപക്ഷം ജീവനക്കാരും അണിചേർന്ന‌് ആ പരിപാടി വൻവിജയമാക്കി.

ഇനി കൂടുതൽ യോജിപ്പ് ആവശ്യമായ ദിനങ്ങളാണ് വരുന്നത്. സംസ്ഥാന സർക്കാർ പ്രത്യേക പാക്കേജ് സമർപ്പിച്ചുകഴിഞ്ഞാൽ അത് നേടിയെടുക്കാൻ എല്ലാ ഭിന്നതയും മാറ്റിവച്ച് കൂട്ടായ പരിശ്രമം വേണ്ടിവരും. മതിലുകളും അതിരുകളും മായ‌്ച്ച് പ്രളയം കുതിച്ചെത്തിയ നാൾമുതൽ കൈകോർത്തുനിന്ന നമുക്ക്, ആ യോജിപ്പോടെ ഈ ഘട്ടവും അതിജീവിക്കാനാകണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top