കലിതുള്ളിയെത്തിയ കൊടുംമഴയും കുത്തിയൊലിച്ച വെള്ളപ്പൊക്കവും വീശിയടിച്ച കാറ്റും കേരളത്തെ വീണ്ടും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഏഴു ജില്ലയിൽ ഉരുൾപൊട്ടലുണ്ടായി. 12 ജില്ലയിൽ ജാഗ്രതാ മുന്നറിയിപ്പും നൽകിയിരിക്കുന്നു. 64013 ആളുകൾ 738 ക്യാമ്പുകളിൽ കഴിയുന്നുണ്ട്. തീവണ്ടികൾ അടക്കമുള്ള ഗതാഗത സംവിധാനങ്ങളും വൈദ്യുതിബന്ധവും റോഡും താറുമാറായി. ചില വണ്ടികൾ ഏറെ വൈകിയോടുകയോ റദ്ദാക്കുകയോ ചെയ്തിരിക്കുകയാണ്. മറ്റു ചിലവ വഴിമാറ്റി. വിവിധ ജില്ലകളിലെ പല സ്ഥലങ്ങളും തീർത്തും ഒറ്റപ്പെട്ടു. കൃഷിയിടങ്ങൾ ഒലിച്ചുപോയി. വയനാട്ടിലടക്കം ഒഴുക്കിൽപ്പെട്ടവരെ മുഴുവൻ കണ്ടെത്താനുമായില്ല. മരണസംഖ്യ ഇനിയും കൂടാനാണിട.
കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിച്ചതിനാൽ കൃത്യമായ മുന്നറിയിപ്പുകളുണ്ടായി. തീക്ഷ്ണമായ മഴയുണ്ടാകാനിടയുള്ള ദിവസങ്ങൾ അതിനാൽ ഉറപ്പിക്കാൻ കഴിഞ്ഞു. ആസൂത്രണവും ഏകോപനവും ശരിയായി നടത്താനും മുൻഗണനാക്രമം ഉറപ്പിക്കാനുമായി. അപ്രതീക്ഷിത കെടുതികൾ ഒഴിവാക്കാനുള്ള ആദ്യപടി ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് ഏവരും പാലിക്കണമെന്നതാണ്. വളരെ അത്യാവശ്യമല്ലാത്ത യാത്രയും വിനോദ സഞ്ചാരവും ഒഴിവാക്കിയേ തീരൂ. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടയ്ക്കുന്നത് വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തിയാണ്. എന്നാൽ, അവധി ആഘോഷിക്കാൻ അവരെ വിടാതിരിക്കാൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. കഴിഞ്ഞ പ്രാവശ്യത്തെ പേടിപ്പെടുത്തിയ അനുഭവങ്ങളിൽനിന്ന് മികച്ച പാഠമുൾക്കൊണ്ടതിനാൽ ഭരണനേതൃത്വവും ഔദ്യോഗിക സംവിധാനങ്ങളും ഒരു നിമിഷം പാഴാക്കാതെ രംഗത്തിറങ്ങിയത് പ്രശംസനീയമാണ്. മുഖ്യമന്ത്രിയുൾപ്പെടെ രാത്രിയടക്കം നിർദേശങ്ങൾ നൽകിയും വിവിധ തലങ്ങളിൽ ബന്ധപ്പെട്ടും ജനങ്ങൾക്കാകെ ആത്മവിശ്വാസം പകരുകയുമാണ്.
പേമാരിയും അതിന്റെ ഭാഗമായ കെടുതികളും വിട്ടുനിൽക്കാത്ത അവസ്ഥയിൽ ഉടൻ രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസത്തിനും നേതൃത്വം നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാർക്ക് നിർദേശം നൽകിക്കഴിഞ്ഞു. പട്ടാളത്തിന്റെ സേവനവും തേടി. ഏകോപനത്തിന് കൂടുതൽ ഉദ്യോഗസ്ഥരെ ജില്ലകളിൽ നിയോഗിക്കും. ജില്ലാ ഭരണസംവിധാനവുമായി യോജിച്ച് രക്ഷാപ്രവർത്തനം ഏറ്റെടുക്കാൻ പൊലീസ്, ഫയർ ആൻഡ് റെസ്ക്യൂ തലവന്മാർക്ക് ഉത്തരവുനൽകി. ദേശീയ ദുരന്തനിവാരണ സേനയുടെ 13 യൂണിറ്റ് കൂടി ആവശ്യപ്പെട്ടിട്ടുമുണ്ട്. വയനാട്, ഇടുക്കി, മലപ്പുറം ജില്ലകളിൽ എൻഡിആർഎഫ് ടീം എത്തി. അപകടസാധ്യത ഏറെയുള്ളയിടങ്ങളിൽനിന്ന് ആളുകളെ മാറ്റാൻ മുഖ്യമന്ത്രി കലക്ടർമാർക്ക് നിർദേശവും നൽകി. 2018ലെ ദുരന്തവേളയിൽ അപകടത്തിന്റെ ആഴം ഏറാൻ കാരണം വസ്തുവകകളും വളർത്തുമൃഗങ്ങളെയും വിട്ടുപോകാൻ പലരും തയ്യാറായില്ലെന്നതിനാലാണ്. വിലപ്പെട്ട സാധനങ്ങളെക്കാൾ മൂല്യമുള്ളതാണ് മനുഷ്യജീവൻ എന്ന ബോധ്യം ഏവരും മുറുകെപ്പിടിക്കേണ്ടതാണ്. ആവശ്യാനുസരണം ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങാനും തീരുമാനമായിട്ടുണ്ട്. അണക്കെട്ടുകൾ നിരീക്ഷണത്തിലുമാണ്. ദുരന്തനിവാരണ അതോറിറ്റിയുടെ അടിയന്തര ഓപ്പറേഷൻ സെന്റർ തലസ്ഥാനത്ത് മുഴുവൻ സമയവും പ്രവർത്തനസജ്ജമാണ്. രാത്രി ഉപയോഗിക്കാനാകുന്ന ഹെലികോപ്റ്ററുകൾ ഒരുക്കിയിട്ടുമുണ്ട്. മഴ അൽപ്പം ശമിച്ചാൽ അവയ്ക്ക് പ്രശ്നമേഖലകളിലേക്ക് പോകാനാകുമെന്നാണ് കരുതുന്നത്.
സംസ്ഥാനത്തിന്റെ അനൗദ്യോഗിക സേനയായ മത്സ്യത്തൊഴിലാളികളും അഗ്നിശമന‐ വൈദ്യുതി ജീവനക്കാരും ജീവൻ പണയംവച്ച് ദുരിതമേഖലകളിൽ സാന്ത്വനമായി ഇറങ്ങിക്കഴിഞ്ഞു. തങ്ങൾ സജ്ജരാണെന്നും ഗവൺമെന്റിന്റെ നിർദേശങ്ങൾക്ക് കാത്തിരിക്കുകയാണെന്നും വ്യക്തമാക്കി മത്സ്യത്തൊഴിലാളികൾ മുഖ്യമന്ത്രിക്ക് കത്തു നൽകിയത് പ്രതിഫലം ആഗ്രഹിക്കാത്ത സേവനത്തിന്റെ സാക്ഷ്യമാണ്. കൊടും മഴയിൽ പുറത്തിറങ്ങാൻ ബുദ്ധിമുട്ടുന്ന അവശരെയും രോഗികളെയും വീട്ടിൽച്ചെന്ന് സൗജന്യമായി പരിശോധിക്കാമെന്ന് ചില സന്നദ്ധ പ്രവർത്തകർ പ്രഖ്യാപിച്ചതും മറക്കാനാകില്ല. കാറ്റ് ശക്തമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിനും വിലക്കുണ്ട്.
കഴിഞ്ഞ വർഷത്തെ മഹാപ്രളയത്തിൽ വെള്ളം കയറാതിരുന്ന താരതമ്യേന ഉയർന്ന പ്രദേശങ്ങളിലും ഇക്കുറി പ്രശ്നങ്ങളാണ്. സ്ഥിതിഗതികൾ ഇങ്ങനെയൊക്കെയാണെങ്കിലും ആശങ്കയ്ക്കും പരിഭ്രമത്തിനും അടിസ്ഥാനമില്ല. ഊഹാപോഹങ്ങളും അനാവശ്യ ഭയവും നിസ്സാര എതിർപ്പുകളും ഇളക്കിവിടാതെ ജനങ്ങളെയാകെ ഒന്നിച്ചുനിർത്തേണ്ട സമയമാണിത്. മാനുഷികതയുടെയും കൂട്ടായ്മയുടെയും സാഹോദര്യത്തിന്റെയും മഹാസന്ദേശങ്ങൾ മുറുകെപ്പിടിച്ചുവേണം പ്രതിസന്ധി മുറിച്ചുകടക്കാൻ. ജാതിയുടെയും മതത്തിന്റെയും കപട വിശ്വാസങ്ങളുടെയും വിഭാഗീയതയും വിഭജനവും തെറ്റാണെന്ന് തെളിയിക്കേണ്ടത് അങ്ങനെയാണ്. മരണം സുനിശ്ചതമാകുന്ന ഘട്ടത്തിൽ എല്ലാ അകൽച്ചകളും ആരും പറയാതെ നാടുനീങ്ങിയ അനുഭവമാണ് നമുക്കു മുന്നിലുള്ളത്. മഴക്കെടുതിയിൽ ഉഴലുന്നവരെ സഹായിക്കാൻ എല്ലാ പാർടി പ്രവർത്തകരും രംഗത്തിറങ്ങണമെന്നും ക്യാമ്പുകളിൽ കരുതലോടെ ആശ്വാസമെത്തിക്കണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അഭ്യർഥിച്ചത് ഇത്തരമൊരു കാഴ്ചപ്പാടിന്റെ തെളിച്ചത്തിലാണ്. പ്രകൃതി ദുരന്തങ്ങളിൽ പകച്ചുനിൽക്കുന്നതിനുപകരം ഐക്യം ഊട്ടിയുറപ്പിച്ച്, അനാവശ്യ ഭയം കൈവെടിഞ്ഞ് നിതാന്ത ജാഗ്രത പുലർത്തണമെന്നതാണ് കാലം ബോധ്യപ്പെടുത്തുന്ന പാഠം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..