02 February Thursday

എൽഡിഎഫ്‌ കുതിപ്പ്‌ സമ്പൂർണവിജയത്തിന്

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2019കേരളത്തിൽ അഞ്ചിടത്ത്‌ ഉപതെരഞ്ഞെടുപ്പിന്‌ നാമനിർദേശ പത്രിക സമർപ്പണം പൂർത്തിയായതോടെ  മത്സരചിത്രം തെളിഞ്ഞു. അരൂർ മാത്രമാണ്‌ എൽഡിഎഫിന്റെ സിറ്റിങ്‌ മണ്ഡലം. സ്ഥാനാർഥിനിർണയവും പ്രഖ്യാപനവും നേരത്തെ നടത്തിയ എൽഡിഎഫ്‌ പ്രചാരണപ്രവർത്തനങ്ങളിൽ ഏറെ മുന്നിലെത്തി. യുഡിഎഫും ബിജെപിയും അവസാന ദിവസങ്ങളിലാണ്‌ സ്ഥാനാർഥിനിർണയം പൂർത്തിയാക്കിയത്‌. മണ്ഡലത്തിന്റെ മനസ്സറിയുന്നവരെയും യുവജനങ്ങളെയും  രംഗത്തിറക്കിയ എൽഡിഎഫ്‌ വർധിച്ച ആത്മവിശ്വാസത്തോടെയാണ്‌ മുന്നോട്ടുകുതിക്കുന്നത്‌. സ്ഥാനാർഥികൾ പത്രിക നൽകിയെങ്കിലും യുഡിഎഫ്‌, ബിജെപി പാളയങ്ങളിൽ പട തുടരുകയാണ്‌.

എൽഡിഎഫിന്റെ തിളങ്ങുന്ന സ്ഥാനാർഥിനിരയാണ്‌ യുഡിഫിന്‌ ലഭിച്ച ആദ്യപ്രഹരം.  സാംസ്‌കാരിക –- രാഷ്ട്രീയ രംഗങ്ങളിലെ നിറസാന്നിധ്യമായ അഞ്ചുപേർക്കും നിയമസഭയിൽ കന്നിമത്സരമാണ്‌. എന്നാൽ, തദ്ദേശഭരണ സ്ഥാപനങ്ങളിലെയും പൊതുരംഗത്തെയും പ്രവർത്തനങ്ങൾക്ക്‌ നൂറിൽനൂറ്‌  മാർക്കുനേടിയവരാണ്‌ അഞ്ചുപേരും. അധ്യാപകനും യക്ഷഗാന കലാകാരനുമായ എം ശങ്കർ റൈ (മഞ്ചേശ്വരം) ഒഴികെയുള്ളവരെല്ലാം യുവാക്കൾ. വി കെ പ്രശാന്ത്‌ (വട്ടിയൂർക്കാവ്‌) തിരുവനന്തപുരം മേയർ എന്ന നിലയിൽ ശ്രദ്ധേയൻ. കെ യു ജനീഷ്‌കുമാറും (കോന്നി) മനു സി പുളിക്കലും (അരൂർ) ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ്‌ പ്രസിഡന്റുമാരാണ്‌. മനു റോയി (എറണാകുളം) ഹൈക്കോടതി അഭിഭാഷകൻ. എല്ലാവരും  ഒന്നിനൊന്നു മികച്ച ട്രാക്ക്‌ റെക്കോഡിന്‌ ഉടമകൾ. മണ്ഡലവുമായി ഇവർക്കുള്ള ആത്മബന്ധം  അഞ്ചുനാളത്തെ പ്രചാരണത്തിൽ പ്രകടമാണ്‌.

ഇടതുപക്ഷം ഇത്തരത്തിൽ നല്ല മുൻകൈ നേടി നിൽക്കുമ്പോൾ, പ്രതിപക്ഷത്ത്‌ സർവത്ര കുഴപ്പമാണ്‌. ലീഗിലും കോൺഗ്രസിലും ബിജെപിയിലും പടലപ്പിണക്കങ്ങൾ തെരുവിലേക്ക്‌ നീങ്ങുകയാണ്‌. ലീഗിന്‌ മഞ്ചേശ്വരത്ത്‌ ആദ്യം സ്ഥാനാർഥിയെ ഇറക്കാൻ സാധിച്ചെങ്കിലും അതുണ്ടാക്കിയ  പൊല്ലാപ്പ്‌ ചെറുതല്ല. നാട്ടുകാരെ തഴഞ്ഞ്‌,  കെട്ടിയിറക്കിയ സ്ഥാനാർഥിക്കെതിരെ പാണക്കാട്ടും  മഞ്ചേശ്വരത്തും രൂപപ്പെട്ട പ്രതിഷേധം ബഹിഷ്‌കരണത്തിലും വിമതമത്സരത്തിലും എത്തി. ബിജെപിയിലും ആഭ്യന്തരകലാപം ശക്തമാണ്‌. ഹിന്ദു ഐക്യവേദി നേതാവ്‌ രവീശതന്ത്രി കുണ്ടാറിനെ  സ്ഥാനാർഥിയാക്കിയതിൽ  പ്രതിഷേധിച്ച്‌  പ്രാദേശിക പ്രവർത്തകർ  നേതാക്കളെ പൂട്ടിയിട്ടു. കുണ്ടാറിന്‌ വേണ്ടി പ്രചാരണത്തിനിറങ്ങില്ലെന്നും വ്യക്തമാക്കി. ജില്ലാ പ്രസിഡന്റ്‌ കെ ശ്രീകാന്ത്‌,  മണ്ഡലം പ്രസിഡന്റ്‌ സതീഷ്‌ചന്ദ്ര ഭണ്ഡാരി എന്നിവരുടെ അനുയായികളാണ്‌ ഉടക്കിനിൽക്കുന്നത്‌.

വട്ടിയൂർക്കാവിൽ പത്രിക സമർപ്പിക്കാൻ കാത്തുനിന്ന കുമ്മനത്തെ അപമാനിതനാക്കി,   ജില്ലാ പ്രസിഡന്റ്‌ എസ്‌ സുരേഷിന്‌ സീറ്റു നൽകിയ കേന്ദ്രനടപടി കടുത്ത ഭിന്നതയാണ്‌ ബിജെപി കേരളഘടകത്തിൽ സൃഷ്ടിച്ചിരിക്കുന്നത്‌. തീരുമാനം ശിരസ്സാ വഹിക്കുമെന്ന്‌ എല്ലാവരും പറയുന്നുണ്ടെങ്കിലും മുറിവുണക്കൽ എളുപ്പമല്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി മെച്ചപ്പെട്ട വോട്ടുനില കൈവരിച്ച മഞ്ചേശ്വരത്തും വട്ടിയൂർക്കാവിലും നെടുകെ പിളർന്നുനിൽക്കുകയാണ്‌.

കോൺഗ്രസിനകത്ത്‌  ചേരിപ്പോര്‌ പുറത്തുകാണുന്നതിലും രൂക്ഷമാണ്‌. വട്ടിയൂർക്കാവിൽ കെ മുരളീധരൻ കണ്ടുവച്ച പീതാംബരക്കുറുപ്പ്‌ നിലംതൊട്ടില്ല. പകരംവന്ന കെ മോഹൻകുമാറും ഗ്രൂപ്പുകളികളിൽ മോശക്കാരനല്ല. കോന്നിയിൽ, തന്റെ നോമിനിയെ തഴഞ്ഞതിന്‌,  പരസ്യ കലാപം തുടങ്ങിയ  അടൂർപ്രകാശിനെ ചെന്നിത്തലയും മുല്ലപ്പള്ളിയും അനുനയിപ്പിച്ച്‌ കൺവൻഷനിൽ പ്രസംഗിപ്പിച്ചു. പാലായിൽ പി ജെ ജോസഫ്‌  പ്രസംഗിച്ചതുപോലെ ആകുമോ അടൂർ പ്രകാശിന്റെ പ്രസംഗവും എന്ന ചോദ്യമാണ്‌ നിരീക്ഷകർ ഉയർത്തുന്നത്‌. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ തോറ്റ ഷാനിമോൾ ഉസ്‌മാൻ അരൂരിലും എറണാകുളത്ത്‌  ടി ജെ വിനോദും മത്സരിക്കുന്നത്‌ ഗ്രൂപ്പ്‌ , സമുദായ സമവാക്യങ്ങളുടെ മാത്രം ബലത്തിലാണ്‌. ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളോ നാടിന്റെ താൽപ്പര്യങ്ങളോ  ഒരിക്കലും ഇവരെ ബാധിക്കാറില്ല.

ഇടതു ജനാധിപത്യമുന്നണിയെ സംബന്ധിച്ചിടത്തോളം ഇത്‌ മറ്റൊരു രാഷ്ട്രീയപോരാട്ടമാണ്. നാടിന്റെ വികസനവും ജനങ്ങളുടെ ക്ഷേമവുമാണ്‌ ഈ തെരഞ്ഞെടുപ്പിലും പ്രധാന അജൻഡ. ബിജെപി ഭരണം സൃഷ്‌ടിച്ച ഭീതിയുടെ അന്തരീക്ഷത്തിൽ  കോൺഗ്രസ്‌ കേന്ദ്രത്തിൽ അധികാരത്തിലെത്തുമെന്ന പ്രതീതിയുണ്ടാക്കിയാണ്‌  ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ വിജയം നേടിയത്‌. എന്നാൽ, കേന്ദ്രത്തിൽ വീണ്ടും മോഡിഭരണം വന്നതോടെ യുഡിഎഫിനെ തുണച്ചവർ നിരാശരായി .ബിജെപിക്ക്‌ ബദൽ കോൺഗ്രസും യുഡിഎഫുമല്ലെന്ന യഥാർഥ്യബോധമാണ്‌ പാലാ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്‌. ഭരണം അഴിമതിക്കും അധികാരദുർവിനിയോഗത്തിനുമുള്ള അവസരം മാത്രമാണ്‌ യുഡിഎഫിന്‌.   ഉന്നതനേതാക്കൾ പ്രതിക്കൂട്ടിലായ പാലാരിവട്ടവും ടൈറ്റാനിയവും മറ്റും രാജ്യത്ത്‌ കേട്ടുകേൾവിയില്ലാത്ത അഴിമതികളുടെ ഗണത്തിൽപെടുന്നവയാണ്‌. ഇതെല്ലാം ചർച്ചചെയ്യപ്പെട്ട പാലാ ഉപതെരഞ്ഞെടുപ്പിൽ ജനവിധി സുവ്യക്തമാണ്‌. ഭാവി കേരളം എൽഡിഎഫിന്റെ കൈകളിൽ സുരക്ഷിതമാണ്‌. ഹിന്ദുത്വ വർഗീയതയ്‌ക്കെതിരായ പ്രതിരോധത്തിന്റെ  പ്രതീകമാണ്‌ കേരളം. അതുകൊണ്ടാണ്‌  അഞ്ചിടത്തെ  ഉപതെരഞ്ഞെടുപ്പിലും  എൽഡിഎഫ്‌ ഉജ്വലവിജയം നേടുമെന്ന്‌ നാടിനെ സ്‌നേഹിക്കുന്നവർ ഉറച്ചുവിശ്വസിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top