18 April Sunday

കേരളത്തിന്റെ സ്വന്തം ബാങ്ക് യാഥാര്‍ഥ്യത്തിലേക്ക്

വെബ് ഡെസ്‌ക്‌Updated: Friday May 5, 2017


കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ കരുത്തും വിശ്വാസ്യതയും നാടിന്റെ പൊതുവികസനപ്രക്രിയയില്‍ കണ്ണിചേര്‍ക്കുകയും ഒപ്പം ജനങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ബാങ്കിങ് സേവനം ലഭ്യമാക്കുകയും ചെയ്യുന്നതിലൂടെയാകും കേരള ബാങ്ക് ചരിത്രത്തില്‍ ഇടംപിടിക്കുക. കേവലം 21 മാസങ്ങള്‍ക്കപ്പുറം ആധുനിക ബാങ്കിങ്ങിന്റെ സര്‍വ സവിശേഷതകളോടുംകൂടി കേരളത്തിന്റെ സ്വന്തം ബാങ്ക് യാഥാര്‍ഥ്യമാകാന്‍ പോകുന്നു എന്നു പറഞ്ഞാല്‍, അത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെയും ജനകീയ പ്രതിബദ്ധതയുടെയും വിളംബരമാണ്. ബാങ്കിങ് വ്യവസായത്തിലെ കുത്തകതാല്‍പ്പര്യങ്ങളുടെ ബലയാടായിരുന്നു എന്നും കേരളം. ദേശസാല്‍ക്കരണത്തിനുശേഷവും വന്‍കിട ബാങ്കുകള്‍ കേരളത്തോട് നീതി കാണിച്ചിട്ടില്ല. ചരിത്രപരമായിത്തന്നെ സമ്പാദ്യശീലം ജീവിതത്തിന്റെ ഭാഗമാക്കിയ മലയാളികളുടെ ചെറുകിട നിക്ഷേപം ഊറ്റിയെടുത്ത് രാജ്യത്തെ മെട്രോനഗരങ്ങള്‍ക്ക് പമ്പ് ചെയ്യുന്നതായിരുന്നു റിസര്‍വ് ബാങ്ക് നിയന്ത്രണത്തിലുള്ള വമ്പന്‍ ബാങ്കുകള്‍ക്ക് പഥ്യം. ഇവിടെനിന്ന് വന്‍തോതില്‍ നിക്ഷേപം സമാഹരിക്കുമ്പോഴും വായ്പ അനുവദിച്ചിരുന്നത് വളരെ കുറച്ചുമാത്രം. വായ്പ- നിക്ഷേപ അനുപാതം ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളിലൊന്ന് കേരളമാണെന്ന് ദീര്‍ഘകാലത്തെ കണക്ക് പരിശോധിച്ചാല്‍ വ്യക്തമാകും. കേരളത്തിലെ ഗ്രാമീണ, കര്‍ഷിക വായ്പാതോതും കുറഞ്ഞതുതന്നെ. കേരളത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുബന്ധ ബാങ്കായ എസ്ബിടിയും ദേശീയ ബാങ്കിങ് നയത്തിന്റെ ഭാഗമായി ആരംഭിച്ച ഗ്രാമീണ ബാങ്കുകളുമാണ് ഈ വിവേചനത്തില്‍ തെല്ലൊരു ആശ്വാസം പകര്‍ന്നിരുന്നത്. എന്നാല്‍, ഗ്രാമീണ ബാങ്കുകള്‍ പൊതുമേഖലാ ബാങ്കുകളുടെ പാത പിന്തുടര്‍ന്ന് ഗ്രാമീണ, കര്‍ഷിക വായ്പാ സേവനം പരിമിതപ്പെടുത്തിയിട്ട് കാലമേറെയായി. എസ്ബിടിയെ എസ്ബിഐയില്‍ ലയിപ്പിക്കുകകൂടി ചെയ്തതോടെ കേരളത്തിന്റെ താല്‍പ്പര്യം മുറകെപ്പിടിക്കുന്ന ബാങ്കിങ് സംവിധാനം ഇല്ലാതായി.

കേരളത്തില്‍ സ്വാതന്ത്യ്രകാലഘട്ടംമുതല്‍ ശക്തിപ്പെട്ടുവന്ന സഹകരണമേഖലയാണ് കര്‍ഷകരുടെയും ഇതര ദരിദ്രജനവിഭാഗങ്ങളുടെയും വായ്പ ആവശ്യങ്ങളെ പരിമിതമായ നിലയിലെങ്കിലും തൃപ്തിപ്പെടുത്തിയത്. എല്ലാ മേഖലകളിലും പ്രവര്‍ത്തനം വിപുലമാക്കിയെങ്കിലും വായ്പാരംഗത്ത് സഹകരണ പ്രസ്ഥാനം കൈവരിച്ച നേട്ടം വിസ്മയകരമാണ്. ഈ രംഗത്തെ ന്യൂനതകള്‍ പരിഹരിച്ച് കുത്തകതാല്‍പ്പര്യങ്ങളോട് മത്സരിക്കാന്‍ പാകത്തില്‍ ഒരു വന്‍കിട ബാങ്കിങ് സ്ഥാപനം സഹകരണമേഖലയില്‍ സ്ഥാപിക്കുക എന്ന കാഴ്ചപ്പാട് എല്‍ഡിഎഫ് പ്രകടനപത്രികയില്‍ മുന്നോട്ടുവച്ചു. ഇതിനുള്‍പ്പെടെ ലഭിച്ച ജനവിധിയോട് പൂര്‍ണതോതില്‍ പ്രതിബദ്ധത പുലര്‍ത്താനുള്ള പിണറായി സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ ഫലമാണ് കേരള ബാങ്കിന്റെ സമഗ്രരൂപരേഖ. സര്‍ക്കാര്‍ അധികാരമേറ്റ് 11 മാസംകൊണ്ടാണ് കേരള സമ്പദ്ഘടനയെ അടിമുടി പുതുക്കിപ്പണിയാന്‍ പര്യാപ്തമായ നവസംരംഭത്തിന് നിലമൊരുക്കിയത്.

ബംഗളൂരു ഐഐഎമ്മിലെ പ്രൊഫ. എം എസ് ശ്രീറാമിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസമിതിയാണ് സഹകരണ വായപാ മേഖലയെ ഉടച്ചുവാര്‍ക്കുന്നതിനുള്ള സൂക്ഷ്മ വിശദാംശങ്ങളടങ്ങിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്. സഹകരണമേഖലയില്‍ ഒരു വന്‍കിട ബാങ്ക് സ്ഥാപിക്കുക എന്ന ഏക ലക്ഷ്യമല്ല ഈ ഉദ്യമത്തിനു പിന്നിലെന്ന് റിപ്പോര്‍ട്ട് അടിവരയിടുന്നു. വലിയ ബാങ്കിന്റെ ഉദയം ചെറിയ സ്ഥാപനങ്ങളെ നാമാവശേഷമാക്കുമോ എന്ന ന്യായമായ സംശയത്തിന് വ്യക്തമായ ഉത്തരമാണ് റിപ്പോര്‍ട്ട് നല്‍കുന്നത്. കേരളത്തിന്റെ നട്ടെല്ലായ പ്രാഥമിക സഹകരണബാങ്കുകള്‍ കൂടുതല്‍ കരുത്താര്‍ജിക്കുമെന്നതാണ് കേരള ബാങ്ക് രൂപീകരണത്തിന്റെ പ്രത്യേകത. നിക്ഷേപം, വായ്പ തുടങ്ങിയ സേവനങ്ങള്‍ പ്രാഥമിക ബാങ്കുകള്‍ സ്വന്തം നിലയില്‍ നല്‍കണമെന്നും ബാങ്കിങ്രംഗത്തെ ആധുനിക സേവനങ്ങളും സാമ്പത്തിക ഉല്‍പ്പന്നങ്ങളും കേരള കോ- ഓപ്പറേറ്റീവ് ബാങ്കിലൂടെ പ്രാഥമിക ബാങ്കുകള്‍ ഉപയോക്താക്കളിലെത്തിക്കണമെന്നും വിഭാവനംചെയ്യുമ്പോള്‍ വികേന്ദ്രീകൃത വളര്‍ച്ചയുടെ സകല സാധ്യതകളും പ്രയോജനപ്പെടുത്തുമെന്ന ഉറപ്പാണ് ലഭിക്കുന്നത്. പ്രൊഫഷണല്‍ വൈദഗ്ധ്യവും സമീപനവും ആധുനിക സാങ്കേതികവിദ്യയിലധിഷ്ഠിതമായ സേവനങ്ങളും നവീനങ്ങളായ ബാങ്കിങ് ഉല്‍പ്പന്നങ്ങളും കേരള കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ സവിശേഷതയായിരിക്കും. പുതുതലമുറ ബാങ്കുകളുടെ ആകര്‍ഷണീയതയായി കൊണ്ടാടപ്പെടുന്ന ഈ സേവനങ്ങള്‍ നമ്മുടെ നാട്ടിന്‍പുറങ്ങളിലെ പ്രാഥമിക സഹകരണബാങ്കുകളിലും ലഭ്യമാകാന്‍ പോകുന്നു.

ജില്ലാ-സംസ്ഥാന സഹകരണബാങ്കുകള്‍ ലയിച്ച് ഒറ്റ സ്ഥാപനമാകുന്നതോടെ നിലവിലുള്ള രണ്ടാംതട്ടിന്റെ പ്രവര്‍ത്തനച്ചെലവ് പൂര്‍ണമായും ഒഴിവാക്കാനാകും. എല്ലാ ബാങ്കിങ് നിയമങ്ങളുടെയും പരിധിയില്‍ വരുന്നതിനാല്‍ ചെറുകിട വാണിജ്യ വ്യവസായ ബാങ്കിങ്, കോര്‍പറേറ്റ് ബാങ്കിങ്, കണ്‍സോര്‍ഷ്യം ലെന്‍ഡിങ്, ട്രഷറി മാനേജ്മെന്റ്, വിദേശ ധനവിനിമയം, വിദേശ നിക്ഷേപം തുടങ്ങി വന്‍കിട ബാങ്കിങ് സേവനങ്ങള്‍ കേരള ബാങ്കിന് നിര്‍വഹിക്കാനാകും. എല്ലാവര്‍ക്കും സുരക്ഷിതവും വിശ്വസ്തവുമായ സേവനം എന്നതിനൊപ്പം നാടിന്റെ വികസനവും തദ്ദേശ ഭരണസ്ഥാപനങ്ങളുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനവും കേരള ബാങ്ക് ലക്ഷ്യമിടുന്നു. ആധുനിക സേവനങ്ങള്‍ക്ക് പൊതു- സ്വകാര്യ ബാങ്കുകള്‍ ഈടാക്കുന്ന കഴുത്തറപ്പന്‍ ചാര്‍ജുകള്‍ കേരള  ബങ്കില്‍ ഉണ്ടാകില്ല. മൂന്ന് മേഖലാ ബോര്‍ഡും കേന്ദ്ര ബോര്‍ഡും ചേര്‍ന്ന ഭരണനിര്‍വഹണ സംവിധാനം പ്രാദേശിക, വികേന്ദ്രീകൃത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പര്യാപ്തമാകും.

പ്രാഥമിക സംഘങ്ങളായിരിക്കും കേരള ബാങ്കിന്റെ ഓഹരിയുടമകള്‍. മുഴുവന്‍ പ്രാഥമിക ബാങ്കുകളെയും ഉള്‍പ്പെടുത്തി രൂപീകൃതമാകുന്ന ഏകീകൃത കോര്‍ ബാങ്കിങ് സോഫ്റ്റ്വെയര്‍ ഗ്രാമീണസേവനത്തിനുള്ള ഏറ്റവും മികച്ച ശൃംഖലയായി മാറും. സാമ്പത്തിക ഉല്‍പ്പന്നങ്ങള്‍ കൈകാര്യംചെയ്യുന്ന സഹകരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിനായി 'കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ റഗുലേറ്ററി അതോറിറ്റി' രൂപീകരിക്കണമെന്നും  കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു.

എല്ലാ അര്‍ഥത്തിലും അതി ബൃഹത്തും സര്‍വതല സ്പര്‍ശിയുമായ ഒരു റിപ്പോര്‍ട്ടാണ് കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ലഭിച്ചിട്ടുള്ളത്. ഏറെ അനുഭവസമ്പത്തുള്ളവരാണ് കേരളത്തിലെ സഹകാരികള്‍. സഹകരണമേഖലയുടെ എല്ലാ തലങ്ങളിലും ഈ റിപ്പോര്‍ട്ട് വിശദമായി ചര്‍ച്ചചെയ്യപ്പെടണം. കൂട്ടിച്ചേര്‍ക്കലുകള്‍ക്കും തിരുത്തലുകള്‍ക്കും ചെവികൊടുത്തുകൊണ്ടുതന്നെയായിരിക്കും സംസ്ഥാന സര്‍ക്കാര്‍ കേരളത്തിന്റെ സ്വന്തം ബാങ്കിന് രൂപം നല്‍കുക
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top