26 September Tuesday

ഇനി പ്രചാരണച്ചൂടിലേക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021


തെരഞ്ഞെടുപ്പ് തീയതിയായി. ഏപ്രിൽ ആറിന് കേരളത്തിൽ വോട്ടെടുപ്പ് നടക്കും. ജനവിധിയിലേക്ക് 37 ദിവസം മാത്രം. കേരളത്തിനൊപ്പം മൂന്ന് സംസ്ഥാനവും  ഒരു കേന്ദ്രഭരണപ്രദേശവും ഇനി പ്രചാരണച്ചൂടിലമരും. തമിഴ്നാട്, ബംഗാൾ, അസം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും ഏപ്രിലിൽ തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഇതിൽ അസമിൽ മാത്രമാണ് കേന്ദ്ര ഭരണകക്ഷിയായ ബിജെപിക്ക് ഭരണം. ബംഗാളിൽ തൃണമൂലും തമിഴ്‌നാട്ടിൽ എഐഎഡിഎംകെയും ഭരണത്തിൽ. പുതുച്ചേരിയിൽ രാഷ്ട്രപതി ഭരണം. കേരളത്തിലാകട്ടെ ഒട്ടേറെ പ്രതിസന്ധികൾക്ക് നടുവിലും വികസനത്തിലും ജനക്ഷേമത്തിലും ചരിത്രംകുറിച്ച ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ തുടർഭരണ സാധ്യത തേടുന്നു.

വ്യത്യസ്തമായ രാഷ്ട്രീയ സഖ്യങ്ങളാണ് നാല് സംസ്ഥാനത്തിലും നിലവിലുള്ളത്. ബംഗാളിൽ ബിജെപിയെപ്പോലെ തന്നെ ഭരണത്തിലിരിക്കുന്ന തൃണമൂലിനെയും ചെറുക്കേണ്ട ബാധ്യത ഇടതുപക്ഷത്തിനും ജനാധിപത്യ ശക്തികൾക്കുമുണ്ട്. അസമിൽ ബിജെപിയെ അധികാര ഭ്രൃഷ്ടമാക്കണം. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ബിജെപി നിർണായകശക്തിയല്ല. ബിജെപിയുടെ സഖ്യശക്തിയാണ് തമിഴ്നാട്ടിൽ ഭരണത്തിലുള്ള എഐഎഡിഎംകെ . മതനിരപേക്ഷ നിലപാടുള്ള ഡിഎംകെ അവരെ നേരിടാൻ കരുത്തോടെ എതിർഭാഗത്തുണ്ട് . ഇടതുപക്ഷം ഡിഎംകെക്കൊപ്പം നിൽക്കുന്നു. കോൺഗ്രസിനെയും ഡിഎംകെ കൂട്ടിയിട്ടുണ്ട്. എന്നാൽ, ബിജെപിയെ ചെറുക്കാൻ കോൺ ഗ്രസ് എംഎൽഎ മാരുടെ എണ്ണവും കുറച്ചേതീരൂവെന്ന തിരിച്ചറിവിലാണ് ഡിഎംകെ.  കോൺഗ്രസായി വന്ന്‌ ബിജെപിയായി മാറുന്ന നേതാക്കൾ എല്ലായിടത്തും പെരുകുന്ന സാഹചര്യത്തിലാണ്‌ ഇത്. പുതുച്ചേരിയിൽ കോൺഗ്രസ് ഭരണംതന്നെ അങ്ങനെ തകർന്നു. ഇത്തരത്തിൽ വിശ്വാസ്യത തകർന്ന കോൺഗ്രസിന് അധികം സീറ്റ് നൽകാനാകില്ലെന്ന് ഡിഎംകെ ഇപ്പോൾ തന്നെ നിലപാടെടുത്തിട്ടുണ്ട്.

കേരളത്തിൽ കോൺഗ്രസ് നയിക്കുന്ന യുഡിഎഫ് തന്നെയാണ് എൽഡിഎഫിന്റെ മുഖ്യ എതിരാളി. ബിജെപിക്ക് ഇവിടെ ഭരണത്തിൽ എത്താനാകില്ലെന്നു വ്യക്തമാണ്. എന്നാൽ, കോൺഗ്രസ് എംഎൽഎമാരെ  ഭാവിയിലെ ബിജെപി എംഎൽഎമാരായി കാണാമെന്ന് ബിജെപി കരുതുന്നു. 40  സീറ്റ് കിട്ടിയാൽ പോലും ഭരിക്കാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പറയുന്നത് അതുകൊണ്ടാണ്.  ഭാവിയിലേക്കുതകുന്ന യുഡിഎഫ് എംഎൽഎമാരെ കുറേപ്പേരെയെങ്കിലും ജയിപ്പിക്കാൻ ബിജെപി ശ്രമിച്ചേക്കും. പകരം കഴിഞ്ഞതവണ നേമത്ത് ചെയ്തതുപോലെ ചില സീറ്റ്‌ ബിജെപിക്ക് ഒരുക്കിക്കൊടുക്കാൻ യുഡിഎഫും ശ്രമിക്കും. ഈ അവിശുദ്ധ ധാരണയുടെ സൂചന ഇരു പാർടിയുടെയും ദേശീയ നേതാക്കളായ രാഹുൽ ഗാന്ധിയുടെയും യോഗി ആദിത്യനാഥിന്റെയും വാക്കുകളിൽ കാണാം. ബിജെപിക്കെതിരെ  ഒന്നും പറയാതിരിക്കാൻ രാഹുലും കോൺഗ്രസിനെ നോവിക്കാതിരിക്കാൻ യോഗിയും പുലർത്തിയ ജാഗ്രത കേരളം കണ്ടു. ഇരുകൂട്ടരും ഒരേ സ്വരത്തിൽ എൽഡിഎഫിനെതിരെ അടിസ്ഥാനരഹിതമെന്നു തെളിഞ്ഞ പ്രചാരണങ്ങൾ ആവർത്തിക്കുന്നതും കേട്ടു.

ഈ ഇരട്ട വെല്ലുവിളിയെ നേരിടാനുള്ള രാഷ്ട്രീയ ഉള്ളടക്കവും സംഘടനാശേഷിയും കൈമുതലാക്കിയാണ് എൽഡിഎഫ് മുന്നേറുന്നത്. വെള്ളിയാഴ്ച സമാപിച്ച വികസനമുന്നേറ്റ ജാഥകൾ ജനങ്ങളെ ഈ പോരാട്ടത്തിന് സജ്ജമാക്കാനുള്ള ആദ്യ ചുവട് ധീരമായി വച്ചുകഴിഞ്ഞു.

ഇനി പ്രചാരണരംഗത്തേക്കാണ്. ഭരണത്തുടർച്ചയെന്ന സാധ്യത എൽഡിഎഫിന്റെ രാഷ്ട്രീയശത്രുക്കൾവരെ ശരിവച്ചുകഴിഞ്ഞു. ഈ പരിഭ്രാന്തി യുഡിഎഫിനെ തീർത്തും യുക്തിരഹിതമായ നിലപാടുകളിലേക്ക് നയിക്കുന്നു. ഇതുവരെ പറഞ്ഞ അസംബന്ധ ആരോപണങ്ങൾ ദേശീയ നേതാവായ രാഹുൽ ഗാന്ധിയെക്കൊണ്ടു പോലും പറയിപ്പിക്കുന്നു. ശത്രുതയോടെ വന്ന്‌ ഏകപക്ഷീയ അന്വേഷണം നടത്തിയ കേന്ദ്ര ഏജൻസികൾ പോലും തള്ളിക്കളഞ്ഞ ആരോപണങ്ങൾ ഒരു ഉളുപ്പുമില്ലാതെ അവർ ആവർത്തിക്കുന്നു. ഏറ്റവുമൊടുവിൽ ചില ഉദ്യോഗസ്ഥരുടെ ജാഗ്രതക്കുറവോ ഗൂഢാലോചനയോ മൂലം വീണുകിട്ടിയ ‘കടൽ കരാർ' എന്ന ആയുധവും നിലത്തുവീണു. ആ ‘കരാറു'മായി ബന്ധപ്പെട്ട എല്ലാ ഉത്തരവും സർക്കാർ റദ്ദാക്കി. ഇക്കാര്യത്തിൽ സർക്കാരിന്റെ തെളിച്ചമുള്ള നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു.

ചുരുക്കത്തിൽ, തെരഞ്ഞെടുപ്പുതീയതി പ്രഖ്യാപനദിവസത്തെ ചിത്രമെടുത്താൽ വജ്രായുധമെന്ന് കരുതി എടുത്തുയർത്തിയ ആയുധങ്ങളൊക്കെ ഒടിഞ്ഞുതൂങ്ങിയ അവസ്ഥയാണ് പ്രതിപക്ഷം നേരിടുന്നത്. ബിജെപിയുമായുള്ള രഹസ്യധാരണയിലേക്കും തദ്ദേശ തെരഞ്ഞെടുപ്പിൽ ജനങ്ങൾ തള്ളിയ അപവാദ പ്രചാരണങ്ങളിലേക്കും അവർക്ക് ഇനി മടങ്ങാം.

എൽഡിഎഫിന് ഭരണത്തുടർച്ചയെന്ന ഉറപ്പിൽ മുന്നോട്ടുപോകാവുന്ന തീർത്തും അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് നിലവിൽ

എൽഡിഎഫിനാകട്ടെ അഞ്ചുകൊല്ലത്തെ സർക്കാരിന്റെ പ്രവർത്തന മികവുതന്നെയാണ് കരുത്ത്. എല്ലായ്‌പ്പോഴും ജനങ്ങൾക്കൊപ്പവും പ്രതിസന്ധി നാളുകളിൽ അവർക്കു മുന്നിൽനിന്നും കൈപിടിച്ചുനടത്തിയ സർക്കാർ ജനഹൃദയങ്ങളിൽ ഇടംനേടി കഴിഞ്ഞു. അപവാദങ്ങൾക്കും അവിശുദ്ധ സഖ്യങ്ങൾക്കും തകർക്കാനാകാത്ത വിശ്വാസം നേടിയാണ് സർക്കാർ കാലാവധി പൂർത്തിയാക്കുന്നത്. വർഗീയശക്തികളെ അകറ്റിനിർത്തി മതനിരപേക്ഷ നിലപാടെടുക്കുന്ന മുന്നണിയുടെ രാഷ്ട്രീയ നിലപാടും ജനങ്ങൾ അംഗീകരിച്ചതാണ്.  എൽഡിഎഫിന് ഭരണത്തുടർച്ചയെന്ന ഉറപ്പിൽ മുന്നോട്ടുപോകാവുന്ന തീർത്തും അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് നിലവിൽ.

ഈ തെരഞ്ഞെടുപ്പ് നമുക്ക് മുൻപരിചയമില്ലാത്ത ഒരു സാമൂഹ്യ സാഹചര്യത്തിലാണ് നടക്കുന്നത് . ഇനിയും വിട്ടൊഴിഞ്ഞിട്ടില്ലാത്ത മഹാമാരി പഴയ രീതിയിലുള്ള പ്രചാരണങ്ങൾക്ക് തടസ്സമാകും.  കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചുമാത്രമേ നമുക്ക് നീങ്ങാനാകൂ. വെള്ളിയാഴ്ചത്തെ വാർത്താസമ്മേളനത്തിൽ ഇതിന്റെ വിശദാംശം മുഖ്യ തെരഞ്ഞെടുപ്പു കമീഷണർ സുനിൽ അറോറ വ്യക്തമാക്കിയിട്ടുണ്ട്‌. അക്കാര്യത്തിൽ പാർടികളും പ്രവർത്തകരും ജാഗ്രത പുലർത്തിയേ തീരൂ. അതുപോലെ പ്രായമായവർക്കും രോഗബാധിതർക്കും പോസ്റ്റൽ വോട്ട് തുടങ്ങിയ ചില മാറ്റവും ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാകും. അതിനും പാർടികളും പ്രവർത്തകരും സജ്ജമാകേണ്ടതുണ്ട്. കടുത്ത രാഷ്ട്രീയ പോരാട്ടത്തിനിടയിലും സമാധാനപരമായ വോട്ടെടുപ്പ് ഉറപ്പാക്കുകയും വേണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top