19 July Friday

മുന്നേറ്റത്തിനൊപ്പം മൂല്യങ്ങളും ലക്ഷ്യം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 24, 2023

ആധുനിക, വികസിത കേരളത്തിന്റെ പ്രയാണത്തിൽ നാഴികക്കല്ലാകുന്ന നയപ്രഖ്യാപന പ്രസംഗത്തോടെ 15–-ാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് തുടക്കമായി. സർക്കാർ തയ്യാറാക്കിയ നയപ്രഖ്യാപന പ്രസംഗത്തിൽനിന്ന് വ്യതിചലിച്ച്‌  പ്രതിസന്ധി സൃഷ്ടിക്കുമെന്ന മാധ്യമ വ്യാമോഹങ്ങൾ തെറ്റിച്ചുകൊണ്ടാണ് ഒരു മണിക്കൂർ 12 മിനിറ്റ്‌ നീണ്ട പ്രസംഗം ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ പൂർത്തിയാക്കിയത്. കേരളത്തിന്റെ താൽപ്പര്യങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെ വിമർശപരമായി പരാമർശിച്ച ഭാഗങ്ങൾ ഉൾപ്പെടെ പ്രസംഗം പൂർണമായി വായിക്കാൻ തയ്യാറായ ഗവർണർ ചില മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും നിരാശരാക്കി. എൽഡിഎഫ് സർക്കാരിന്റെ വികസന കാഴ്ചപ്പാടും ഭാവികേരളത്തിന്റെ രൂപരേഖയും സമഗ്രമായും, എന്നാൽ സംക്ഷിപ്തമായും പ്രതിപാദിക്കുന്നതായിരുന്നു നയപ്രഖ്യാപനം. ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങളായ മതനിരപേക്ഷത, ബഹുസ്വരത, ഫെഡറലിസം എന്നിവ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന പ്രഖ്യാപനത്തിന് ഇന്ന് സവിശേഷ പ്രാധാന്യമുണ്ട്. മത– ഭാഷ മൗലിക വാദമടക്കമുള്ള എല്ലാ ആധിപത്യ പ്രവണതകളും രാജ്യത്തിന്റെ ഐക്യവും ജനാധിപത്യവും അപകടപ്പെടുത്തുമെന്ന മുന്നറിയിപ്പും ശ്രദ്ധേയമാണ്.

കേരളത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളെയെല്ലാം അഭിസംബോധന ചെയ്ത നയരേഖ ചില സുപ്രധാന മേഖലകളെ ആഴത്തിൽ അവലോകനം ചെയ്തു. തൊഴിൽ, ഉന്നത വിദ്യാഭ്യാസം, സാങ്കേതികരംഗം, സാമൂഹ്യസുരക്ഷ, കൃഷി, വ്യവസായം, സംരംഭകത്വം, ടൂറിസം, സ്ത്രീശാക്തീകരണം,  സംസ്ഥാനങ്ങളുടെ ധനസ്ഥിതി തുടങ്ങിയ മേഖലകൾ അടിവരയിടുന്നതാണ് കേരളത്തിന്റെ മുന്നേറ്റത്തിന് ദിശാബോധം പകരുന്ന നയപ്രഖ്യാപനം. തൊഴിൽശക്തിയായ യുവതയുടെ നെെപുണി വികസനത്തിനായി ഉന്നത വിദ്യാഭ്യാസ മേഖലയെ ഉടച്ചുവാർക്കാനുള്ള തീരുമാനം ഒന്നാം പിണറായി സർക്കാരിന്റെ കാലത്തുതന്നെ പ്രവൃത്തിപഥത്തിലെത്തിയതാണ്.

 വികസിത രാഷ്ട്രങ്ങളുടെ മാതൃകയിൽ സംസ്ഥാനത്തെ ഒരു വിജ്ഞാനസമൂഹമായി പരിവർത്തിപ്പിക്കാനുള്ള നിരന്തര യജ്ഞത്തിലാണ് സർക്കാർ. ഇതിനായി ഗവേഷണത്തിലും നെെപുണ്യ നിലവാരത്തിലും പുതിയ കാഴ്ചപ്പാടോടെ നവീന വിജ്ഞാനശാഖകളും നൂതന അക്കാദമിക് പ്രോഗ്രാമുകളും നടപ്പാക്കും. ലോകത്തിനു മുന്നിൽ ഉന്നത വിദ്യാഭ്യാസത്തിന്റെ ലക്ഷ്യസ്ഥാനമാക്കുന്നതോടൊപ്പം ജനാധിപത്യം, മതനിരപേക്ഷത, സംയോജിത സ്വഭാവം എന്നിവ നിലനിർത്തുമെന്നും നയപ്രഖ്യാപനം ഉറപ്പുനൽകുന്നു.

 വിവിധ വികസന, ക്ഷേമ ദേശീയ സൂചികകളിൽ കേരളം  കെെവരിച്ച മുന്നേറ്റം ഭാവിവളർച്ചയ്ക്ക് ഇന്ധനമാകുമെന്ന് നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ട് ഗവർണർ വ്യക്തമാക്കി. വ്യവസായ സൗഹൃദ അന്തരീക്ഷത്തിലേക്ക് എങ്ങനെ കേരളം മാറിയെന്ന് വിശദീകരിച്ച നയപ്രഖ്യാപനം മുൻഗണനാ മേഖലകളിൽ നിക്ഷേപം വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു. ഒരു ലക്ഷം സംരംഭമെന്ന നടപ്പു വർഷത്തെ അഭിമാനപദ്ധതി കാലാവധിക്ക് മാസങ്ങൾക്കുമുമ്പ് ലക്ഷ്യം തികച്ചപ്പോൾ ചെറുകിട മേഖലയിലെ മാതൃകാ പ്രവർത്തനമായി രാജ്യം അത് അംഗീകരിച്ചു. കേന്ദ്രസർക്കാർ അടച്ചുപൂട്ടിയ എച്ച്എൻഎൽ, ഭെൽ എന്നിവ ഏറ്റെടുത്ത് ഉൽപ്പാദനം പുനരാരംഭിച്ചതും കേരളത്തിന്റെ പൊതുമേഖലാ വ്യവസായങ്ങൾ ലാഭത്തിലാക്കിയതും കേരളം മുന്നോട്ടുവച്ച ബദൽ വ്യവസായ മാതൃകയാണ്.
 അമ്പതിനായിരം കോടിയുടെ പദ്ധതി ലക്ഷ്യമിട്ട സ്ഥാനത്ത് കാലാവധിക്കുമുമ്പ് 73,908 കോടിയുടെ പദ്ധതികൾ നടപ്പാക്കി കിഫ്ബി കേരളത്തിന്റെ വികസനചരിത്രത്തിൽ അപൂർവ മാതൃകയാണ്. എന്നാൽ, കിഫ്ബി വായ്പ പൊതു കടമെടുപ്പിന്റെ പരിധിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്തിന്റെ കടമെടുപ്പു ശേഷിയെ കേന്ദ്രം പരിമിതപ്പെടുത്തിയത് വികസന മുൻഗണനയെ അട്ടിമറിക്കുന്ന നടപടിയാണെന്ന ശക്തമായ വിമർശം നയപ്രഖ്യാപത്തിൽ മുന്നോട്ടുവച്ചു. രാജ്യത്തെ ഫിസ്കൽ ഫെഡറലിസം സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ അനുകൂലമായി ഇടപെടുമെന്ന പ്രതീക്ഷയും ഗവർണർ പങ്കുവച്ചു.

  കേരളത്തിന്റെ അഭിമാന പദ്ധതിയായ സിൽവർ ലെെനിന്  കേന്ദ്രാനുമതി ലഭിച്ചാൽ വേഗതയേറിയതും പരിസ്ഥിതി സൗഹൃദവും കാര്യക്ഷമവുമായ ഗതാഗതപദ്ധതി യാഥാർഥ്യമാകുമെന്ന പ്രഖ്യാപനം ഗതാഗതസൗകര്യങ്ങളുടെ അപര്യാപ്തതയിൽ വീർപ്പുമുട്ടുന്ന കേരളത്തിന്‌ പ്രതീക്ഷയേകുന്നു. അവസാനത്തെ ദരിദ്രനെയും കണ്ടെത്തി ആശ്വാസമേകാനുള്ള കേരള സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെ തെളിവായി ഗവർണർ അതിദരിദ്രരുടെ സർവേയെ വിലയിരുത്തി. 20 ലക്ഷം തൊഴിലെന്ന ലക്ഷ്യത്തിലേക്ക് കേരളം മുന്നേറുന്നതിന്റെ തെളിവായി രാജ്യത്തെ തൊഴിൽക്ഷമതയിൽ മൂന്നാം സ്ഥാനത്തെ എടുത്തുകാട്ടാം.
രാജ്യത്തിന്റെ ഫെഡറൽ ഘടനയ്ക്ക് നേരെയുള്ള കടന്നാക്രമണത്തെ ശക്തമായ ഭാഷയിൽ നയപ്രഖ്യാപനത്തിൽ തുറന്നുകാട്ടി. നിയമനിർമാണ സഭകൾ പ്രതിനിധാനംചെയ്യുന്നത് ജനഹിതത്തെയാണ്.

ഇതിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും അതിന്റേതായ പ്രാധാന്യമുണ്ട്. നിയമനിർമാണ സഭയുടെ ഉദ്ദേശ്യം നിയമമായി പ്രാബല്യത്തിൽ വരണമെന്ന ഭരണഘടനാമൂല്യം സംരക്ഷിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന പ്രഖ്യാപനത്തിനും കാലികപ്രസക്തി ഏറെയുണ്ട്. വികസനത്തിനും ക്ഷേമത്തിനുമൊപ്പം രാജ്യത്തിന്റെ അടിസ്ഥാനശിലകൾ ശക്തിപ്പെടുത്താനും നയപ്രഖ്യാപനം നിലകൊള്ളുന്നുവെന്നത് എല്ലാ കേരളീയർക്കും അഭിമാനം *പകരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top