29 May Monday

കാവേരിജലത്തില്‍ വിഷം കലര്‍ത്തരുത്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 14, 2016

പൊടുന്നനെയാണ് കര്‍ണാടക തലസ്ഥാനമായ ബംഗളൂരു സംഘര്‍ഷഭരിതമായത്. കാവേരി നദീജലം വിട്ടുനല്‍കുന്നതിനെ ചൊല്ലി എക്കാലത്തും തമിഴ്നാടും കര്‍ണാടകവും കലഹിക്കാറുണ്ട്. നദീജലത്തര്‍ക്കം ശാശ്വതപരിഹാരമില്ലാതെ തുടരുന്നിടത്തോളം അതിന്റെപേരില്‍ ഇരുസംസ്ഥാനത്തെയും ജനങ്ങള്‍ തമ്മില്‍ ഭിന്നത ഉണ്ടാകുമെന്നത് വസ്തുതയാണ്. തമിഴ്നാടിന് കൃഷിക്കും അതിജീവനത്തിനുതന്നെയും കാവേരിയിലെ ജലം വേണം. കര്‍ണാടകത്തിനാകട്ടെ, അങ്ങനെ ജലം വിട്ടുകൊടുക്കുന്നത് സ്വന്തം വികസനസാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുമെന്ന ശക്തമായ വികാരം നിലനില്‍ക്കുന്നു. ഓരോതവണയും വിട്ടുകൊടുക്കേണ്ടിവരുന്ന ജലവുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടാകാറുണ്ട്. കാവേരി നദീജലം 10 ദിവസത്തേക്ക് 15,000 ഘനയടിവീതം തമിഴ്നാടിന് വിട്ടുനല്‍കണമെന്നാണ് സുപ്രീംകോടതി വിധിച്ചത്. കൂടുതല്‍ വെള്ളം വേണമെന്ന തമിഴ്നാടിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. വെള്ളം വിട്ടുനല്‍കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് കര്‍ണാടകയോട് നിര്‍ദേശിക്കുകയും ചെയ്തു. 

വിധി വന്നപ്പോള്‍ത്തന്നെ പ്രതിഷേധവും ഉയര്‍ന്നു. കര്‍ണാടകത്തില്‍ ബന്ദുള്‍പ്പെടെ സംഘടിപ്പിച്ചു. വിധി നടപ്പാക്കിയത് എങ്ങനെയെന്ന് തെളിയിക്കുന്നതാണ് സുപ്രീംകോടതിയുടെ ഒടുവിലത്തെ ഇടപെടല്‍. കര്‍ണാടക സര്‍ക്കാരിനെ സുപ്രീംകോടതി ശക്തമായ ഭാഷയിലാണ് വിമര്‍ശിച്ചത്. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ കര്‍ണാടകം വീഴ്ചവരുത്തിയെന്ന് വിലയിരുത്തുകയും ഉത്തരവ് പാലിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് ഓര്‍മിപ്പിക്കുകയും ചെയ്തു. സുപ്രീംകോടതി ഉത്തരവിനെതിരെ കര്‍ണാടക നല്‍കിയ റിവ്യൂഹര്‍ജി തള്ളിയെങ്കിലും തമിഴ്നാടിന് വിട്ടുകൊടുക്കേണ്ട ജലത്തിന്റെ അളവില്‍ നേരിയ ഇളവ് നല്‍കാനും സുപ്രീംകോടതി തയ്യാറായി. എന്നാല്‍, ഇതൊന്നും വകവയ്ക്കാതെയുള്ള പ്രതികരണങ്ങളാണ് ഇരുസംസ്ഥാനത്തും ഉണ്ടായത്.

തമിഴ്നാടും കര്‍ണാടകയും ഒരുപോലെ സംഘര്‍ഷത്തിലേക്ക് നീങ്ങുകയാണുണ്ടായത്. ബംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബംഗളൂരു– മൈസൂര്‍ റോഡ് അടച്ചു. മെട്രോ സര്‍വീസും നിര്‍ത്തിവച്ചു. തമിഴ്നാട്ടിലെ സേലം ആസ്ഥാനമായുള്ള കമ്പനിയുടെ ബസ് ഡിപ്പോയ്ക്ക് അക്രമികള്‍ തീയിട്ടു. വാഹനങ്ങള്‍ നിലച്ചതിനാല്‍ ആയിരക്കണക്കിന് യാത്രക്കാര്‍ പെരുവഴിയിലായി. ഓണനാളില്‍ നാട്ടിലെത്താന്‍ തയ്യാറെടുത്ത മലയാളികള്‍ വഴിയില്‍ കുടുങ്ങി. കെഎസ്ആര്‍ടിസി ബംഗളൂരുവില്‍നിന്ന് സേലം വഴി കേരളത്തിലേക്കുള്ള ബസ് സര്‍വീസുകള്‍ റദ്ദാക്കി. തമിഴ്നാട് രജിസ്ട്രേഷന്‍ വാഹനങ്ങള്‍ക്കെതിരെ വ്യാപക അക്രമമാണ് ഉണ്ടാകുന്നത്. തമിഴ്നാട് സര്‍ക്കാര്‍ കോര്‍പറേഷനുകളുടെ ബസ് സര്‍വീസുകള്‍ നിര്‍ത്തിവച്ചു. തമിഴ്നാട്ടുകാരുടെ ചില ഹോട്ടലുകള്‍ക്കുനേരെയും ആക്രമണമുണ്ടായി. ബംഗളൂരുവില്‍ സ്കൂളുകളും കോളേജുകളും അടച്ചു.

തമിഴ്നാട്ടിലും സ്ഥിതി വ്യത്യസ്തമല്ല. കര്‍ണാടകത്തില്‍നിന്നുള്ള വാഹനങ്ങള്‍ക്കും കര്‍ണാടകക്കാരുടെ കടകള്‍ക്കും നേരെ ആക്രമണമുണ്ടായി. അരാജകാവസ്ഥയാണ് നിലനില്‍ക്കുന്നത്. അതിന്റെ ഗൌരവം മനസ്സിലാക്കി പക്വമായി പ്രതികരിക്കാനോ ശക്തമായി ഇടപെടാനോ ഇരുസംസ്ഥാനത്തിനും കഴിയുന്നില്ലെന്നത് അലോസരപ്പെടുത്തുന്ന വസ്തുതയാണ്. സംഘര്‍ഷമുണ്ടായതും ആളിപ്പടര്‍ന്നതും അതിവേഗമാണെങ്കിലും അതിനുള്ള സാധ്യത നേരത്തെ ഉണ്ടായിരുന്നു. സുപ്രീംകോടതി തീര്‍പ്പുവന്ന ഘട്ടത്തില്‍തന്നെ ബംഗളൂരുവില്‍ പ്രതിഷേധക്കാര്‍ ദേശീയപാത ഉപരോധിച്ചു. ബസ് കത്തിക്കുകയും വാഹനങ്ങള്‍ തടയുകയും മാണ്ഡ്യയില്‍ കര്‍ഷകസംഘടനകളുടെ നേതൃത്വത്തില്‍ ബന്ദ് ആചരിക്കുകയും ചെയ്തു. സംസ്ഥാനത്ത് വരള്‍ച്ച തുടരുന്നതിനാല്‍ കാവേരിനദിയിലെ ജലം വിട്ടുനല്‍കരുതെന്നുള്ള വൈകാരികമായ ആവശ്യമുന്നയിച്ചാണ് കര്‍ണാടകത്തില്‍ പ്രക്ഷോഭം തുടങ്ങിയത്. കുടിക്കാന്‍പോലും വെള്ളമില്ലാത്ത അവസ്ഥയില്‍ കാവേരിനദിയിലെ വെള്ളം പങ്കുവയ്ക്കുന്ന കാര്യം നടക്കില്ലെന്ന പ്രഖ്യാപനവുമുണ്ടായി. മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയും മറ്റും രംഗത്തുവന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി.

യാഥാര്‍ഥ്യബോധത്തോടെയും സമാധാനം പുലരണമെന്ന താല്‍പ്പര്യത്തോടെയും സര്‍ക്കാരുകള്‍ ഇടപെടാത്തതിന്റെ ദുരന്തമാണ് ഉണ്ടായത്. വൈകാരിക മുദ്രാവാക്യങ്ങളുമായി ജനങ്ങളെ ഇളക്കിവിടാന്‍ ശ്രമിക്കുന്നവര്‍ക്കും നിയമം കൈയിലെടുക്കുന്നവര്‍ക്കും പ്രോത്സാഹനം നല്‍കുകയായിരുന്നു ഫലത്തില്‍. നാടിന്റെ പൊതുവായ താല്‍പ്പര്യവും നിയമസമാധാനം പാലിക്കപ്പെടേണ്ടതിന്റെ അനിവാര്യതയും മറന്നുകൊണ്ട് താല്‍ക്കാലിക നേട്ടങ്ങള്‍ക്കായി അക്രമം പ്രോത്സാഹിപ്പിക്കുന്ന തെറ്റായ രീതിയുടെ ഉല്‍പ്പന്നമാണ് ഇന്നത്തെ അരാജകാവസ്ഥ. അത് മനസ്സിലാക്കി പ്രതികരിക്കാന്‍ കര്‍ണാടക, തമിഴ്നാട് സര്‍ക്കാരുകള്‍ തയ്യാറാകണം. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന കാവേരിതര്‍ക്കത്തെ വീണ്ടും വീണ്ടും ആളിക്കത്തിക്കാനുള്ള ഏത് ശ്രമത്തെയും കര്‍ശനമായി നേരിടണം. ഇരുസംസ്ഥാനത്തെയും ജനങ്ങളെ ശത്രുപക്ഷത്ത്നിര്‍ത്തി ഒരു പ്രശ്നത്തിനും പരിഹാരമുണ്ടാക്കാനാകില്ല.

മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ട് പക്വതയാര്‍ന്ന യാഥാര്‍ഥ്യബോധത്തില്‍ അധിഷ്ഠിതമായ നടപടികളിലേക്ക് കേരളം എത്തണമെന്ന നിര്‍ദേശം മുഖ്യമന്ത്രി പിണറായി വിജയനില്‍നിന്ന് ഉയര്‍ന്നപ്പോള്‍ നെറ്റിചുളിച്ചവരുണ്ട്. അത്തരക്കാരെ പുനര്‍ചിന്തനത്തിലേക്ക് നയിക്കുന്നതാണ് തമിഴ്നാട്ടിലെയും കര്‍ണാടകത്തിലെയും സംഭവങ്ങള്‍. വൈകാരികമായ വിഷയങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ ഒരുവശം മാത്രം നോക്കിയുള്ള പ്രതികരണമല്ല ഉണ്ടാകേണ്ടത്. ഓണത്തിന് നാട്ടിലെത്താന്‍ തയ്യാറെടുത്ത മലയാളികള്‍ക്ക് പ്രയാസമുണ്ടായപ്പോള്‍ കേന്ദ്ര– കര്‍ണാടക സര്‍ക്കാരുകളുടെ സഹായത്തോടെ യാത്രാസൌകര്യമൊരുക്കാനാണ് കേരള മുഖ്യമന്ത്രി ഇടപെട്ടത്. അതും ഒരു സന്ദേശമാണ്. സമാധാനമാണ് പുലരേണ്ടതെന്നും വിദ്വേഷത്തിന്റെ അന്തരീക്ഷം ഒഴിവാക്കാന്‍ മറ്റെല്ലാം മാറ്റിവച്ച് ഇടപെടണമെന്നുമുള്ള സന്ദേശം.

അക്രമത്തെതുടര്‍ന്ന് കുടുങ്ങിപ്പോയവര്‍ക്ക് സുരക്ഷിതമായ യാത്രാസൌകര്യം ഉറപ്പാക്കാന്‍ അടിയന്തരനടപടി സ്വീകരിക്കണം. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരും ഉത്തരവാദിത്തബോധത്തോടെ ഇടപെടണം. സംഘര്‍ഷം മൂര്‍ച്ഛിപ്പിക്കാന്‍ ശ്രമിക്കുന്നവരെ നിലയ്ക്കുനിര്‍ത്തണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top