02 June Friday

കശ്‌മീരിൽ വീണ്ടും കിരാത നിയമവേട്ട

വെബ് ഡെസ്‌ക്‌Updated: Monday Feb 10, 2020

ജമ്മു - കശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകുന്ന ഭരണഘടനയിലെ 370ാം വകുപ്പ് റദ്ദാക്കി ആറുമാസം പിന്നിട്ടു. എന്നിട്ടും സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളെ വിവാദ പൊതുസുരക്ഷാനിയമം (പിഎസ്എ ) ചുമത്തി തുറുങ്കിലടയ്‌ക്കുന്നത് തുടരുകയാണ്. അവസാനമായി പിഡിപിയുടെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ നയിം അക്തർക്കെതിരെ പിഎസ്എ ചുമത്തിയിരിക്കുകയാണ്. ആറാമത്തെ രാഷ്ടീയനേതാവിനെതിരെയാണ് പിഎസ്എചുമത്തുന്നത്. ബിജെപിയുമായി സഖ്യത്തിൽ മെഹ്ബൂബ മുഫ്തി സർക്കാർ രൂപംകൊണ്ടപ്പോൾ ആ സഖ്യസർക്കാരിന്റെ വക്താവായിരുന്നു നയിം അക്തർ. ബിജെപിയുമായി കൈകോർത്തതിന്റെപേരിൽ ഏറ്റവും കൂടുതൽ വിമർശനം ഏറ്റുവാങ്ങിയ നേതാവുകൂടിയാണ് അദ്ദേഹം. ഒരുവേള നയിം അക്തറുടെ വസതിക്കുനേരെ പെട്രോൾ ബോംബ് ആക്രമണംപോലുമുണ്ടായി. എന്നാലിപ്പോൾ ബിജെപിയാൽ നിയന്ത്രിക്കപ്പെടുന്ന കേന്ദ്രഭരണം അക്തറിനെയും പിഎസ്എ ചുമത്തി തുറുങ്കിലിട്ടിരിക്കുന്നു. ബിജെപിയെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുന്നവർക്കുള്ള ഏറ്റവും വലിയ ഗുണപാഠം കൂടിയാണിത്.

ഭരണഘടനയിലെ 370–-ാം വകുപ്പ് റദ്ദാക്കി ജമ്മു -കശ്മീരിനെ രണ്ട് കേന്ദ്ര ഭരണപ്രദേശമായി മാറ്റിയതിനുശേഷം സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളെയെല്ലാം മുൻകരുതൽ നടപടിയെന്ന നിലയിൽ തടവിലിട്ടിരുന്നു. ആദ്യമായി പിഎസ്എ ചുമത്തി തടവിലിടുന്നത് മുൻ മുഖ്യമന്ത്രിയും എംപിയുമായ ഫാറൂഖ് അബ്ദുള്ളയെയായിരുന്നു. നാഷണൽ കോൺഫ്രൻസ് നേതാവ് അലി മുഹമ്മദ് സാഗർ, പിഡിപി നേതാവ് സർതാജ് മദനി എന്നിവരെയും പിഎസ്എ ചുമത്തി തടങ്കലിലിട്ടു. മൂന്ന് ദിവസത്തിനകമാണ് മറ്റു മൂന്നുപേർക്കെതിരെ കൂടി കിരാതനിയമം ചുമത്തി തടവിലിടുന്നത്.   മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവർക്കെതിരെ കഴിഞ്ഞ ആറിനാണ് പിഎസ്എ ചുമ ത്തിയത്. ഏറ്റവും അവസാനമായി ശനിയാഴ്ച അക്തറിനെതിരെയും 1978ൽ നിലവിൽ വന്ന കരിനിയമം ചുമത്തി. 370‐ാം വകുപ്പ് റദ്ദാക്കിയതോടെ കശ്മീർ പൂർണമായും ഇന്ത്യയോട് ചേർക്കപ്പെട്ടെന്നും സമാധാനം സ്ഥാപിക്കപ്പെട്ടെന്നും പ്രധാനമന്ത്രി പാർലമെന്റ് പ്രഖ്യാപിച്ച വേളയിൽത്തന്നെയാണ് ഈ മൂന്നുപേർക്കെതിരെ പിഎസ്എ ചുമത്തിയത്. ഇത് സൂചിപ്പിക്കുന്നത് കശ്മീരിൽ സ്ഥിതിഗതികൾ ഇനിയും ശാന്തമായിട്ടില്ലെന്നാണ്. പട്ടാളത്തെ വിന്യസിച്ച് എത്രകാലം കശ്മീരിനെ ഈ രീതിയിൽ നിശ്ശബ്ദമാക്കാൻ കഴിയും?

അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം സുപ്രീംകോടതി കേന്ദ്രസർക്കാരിനെ ഓർമിപ്പിച്ചത് ജനുവരിയിലായിരുന്നു. തുടർച്ചയായി നിരോധനാജ്ഞ പുറപ്പെടുവിക്കുന്നതിനെയും കോടതി വിമർശിക്കുകയുണ്ടായി. കോടതിയുടെ ഇടപെടലിനെ തുടർന്നാണ് ഇന്റർനെറ്റ് സേവനം ഭാഗികമായി പുനഃസ്ഥാപിച്ചത്. എന്നാൽ, കോടതിയുടെ ഈ ഉത്തരവുകൾ മാനിക്കാൻ സർക്കാർ തയ്യാറായില്ലെന്ന് വ്യക്തമാക്കുന്നതാണ് സമീപകാലനടപടികളെല്ലാം. ഉത്തരവുകൾ നടപ്പാക്കപ്പെടുന്നുണ്ടെന്ന് ജാഗ്രതപ്പെടുത്താൻ ജുഡീഷ്യറി തയ്യാറാകാത്തതും സ്ഥിതി വഷളാക്കി. 370‐ാം വകുപ്പിന്റെ ഭരണഘടനാസാധുത ചോദ്യംചെയ്‌തുകൊണ്ടുള്ള ഹർജികളും വേഗത്തിൽ തീർപ്പാക്കേണ്ടതുണ്ടെന്ന് പരമോന്നതകോടതി കരുതിയിട്ടുണ്ടെന്ന്‌ തോന്നുന്നില്ല. കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ ഹിന്ദുരാഷ്ട്രനിർമാണമെന്ന അജൻഡയുടെ ഭാഗമാണ് 370‐ാം വകുപ്പ് റദ്ദാക്കിയത് എന്ന കാര്യം പകൽപോലെ വ്യക്തമാണുതാനും.

കശ്മീരിൽ ജനാധിപത്യം കശാപ്പ് ചെയ്യപ്പെട്ടിരിക്കുകയാണ്. അടിയന്തരാവസ്ഥക്കാലത്തേക്കാളും ഭീകരമായ ജനാധിപത്യക്കുരുതിയാണ് ഈ സംസ്ഥാനത്ത് നടക്കുന്നത്. സർക്കാരിനെ വിമർശിക്കുന്നവരെയെല്ലാം തുറുങ്കിലടച്ച് നിശ്ശബ്ദരാക്കുകയാണ്. രാഷ്ട്രനേതാക്കളെ പിഎസ്എചുമത്തി പീഡിപ്പിക്കുന്നു. കുറ്റം ചുമത്താതെ, വിചാരണ കൂടാതെ രണ്ടുവർഷംവരെ തടവിലിടാൻ അധികാരം നൽകുന്ന കരിനിയമമാണിത്. കൊളോണിയൽ ഭരണകാലത്തെ ഓർമിപ്പിക്കുന്ന നടപടിയാണിത്. സർക്കാരിന്റെ ഈ ജനാധിപത്യവിരുദ്ധ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണം.
കശ്മീർ പ്രശ്നം പരിഹരിക്കുന്നതിന്‌ രാഷ്‌ട്രീയചർച്ചയ്‌ക്ക് തുടക്കമിടുകയാണ് വേണ്ടത്. ജനങ്ങളുടെ ഇടയിൽ ശക്തമായ വേരോട്ടമുള്ള പ്രാദേശിക കക്ഷി നേതാക്കളുമായി ചർച്ചയ്‌ക്ക് തുടക്കമിടുകയാണ് സർക്കാർ ചെയ്യേണ്ടത്. അവരെ കരിനിയമം ചുമത്തി തുറുങ്കിലടയ്‌ക്കുകയല്ല വേണ്ടത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top