09 September Monday

കശ്മീര്‍ താഴ്വരയില്‍ വീണ്ടും തീപടരുന്നു

വെബ് ഡെസ്‌ക്‌Updated: Friday Mar 31, 2017


കശ്മീര്‍ വീണ്ടും അശാന്തമാകുകയാണെന്ന് ചൊവ്വാഴ്ച ബഡ്ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലും മൂന്ന് സിവിലിയന്മാരുടെയും ഒരു ഹിസ്ബുള്‍ മുജാഹിദീന്‍ തീവ്രവാദിയുടെയും മരണവും വ്യക്തമാക്കുന്നു. കഴിഞ്ഞവര്‍ഷം ജൂലൈ എട്ടിന് ബുര്‍ഹാന്‍ വാനി എന്ന ഹിസ്ബുള്‍ തീവ്രവാദി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതോടെ സംഘര്‍ഷഭരിതമായ കശ്മീര്‍ താഴ്വര നവംബറോടെയാണ് ശാന്തമായത്. അതിശൈത്യം ആരംഭിച്ചതും ഈ സമാധാനാന്തരീക്ഷത്തിന് വഴിയൊരുക്കി. അടച്ചിട്ട സ്കൂളുകള്‍ തുറന്നു. വാഹനഗതാഗതം സാധാരണപോലെയായി. വിവിധ പ്രതിനിധി സംഘങ്ങള്‍ കശ്മീര്‍ സന്ദര്‍ശിച്ചു. എന്നാല്‍, ഈ സമാധാനാന്തരീക്ഷം ഉപയോഗപ്പെടുത്തി സമാധാനസംഭാഷണങ്ങള്‍ക്ക് തുടക്കമിടാനോ അനുരഞ്ജനത്തിനുള്ള നീക്കങ്ങള്‍ നടത്താനോ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറായില്ല. പകരം തീവ്രവാദികളെ മുഴുവന്‍ വെടിവച്ചുകൊല്ലുകയെന്ന രീതി തുടരാനാണ് മോഡിസര്‍ക്കാര്‍ തയ്യാറായത്. സ്വാഭാവികമായും ശൈത്യകാലം മാറി വേനല്‍ക്കാലം ആരംഭിക്കുന്നതോടെ സംഘര്‍ഷങ്ങള്‍ വര്‍ധിക്കാന്‍ സാഹചര്യമൊരുങ്ങും. ബഡ്ഗാം ജില്ലയിലുണ്ടായ സംഭവം ഈ യാഥാര്‍ഥ്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. വരുംദിവസങ്ങളില്‍ കശ്മീരില്‍ സംഘര്‍ഷം വര്‍ധിക്കുമെന്നതിന്റെ വ്യക്തമായ സൂചനയായും ഈ സംഭവം വായിച്ചെടുക്കാം. 

കശ്മീര്‍ താഴ്വരയിലെ സംഘര്‍ഷങ്ങളില്‍ ഒരു വഴിത്തിരിവാണ് ബഡ്ഗാം സംഭവം. 1989  മുതല്‍ കശ്മീരില്‍ തീവ്രവാദം ശക്തമായപ്പോഴും അതിലൊന്നും ഇടപെടാനോ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാനോ താഴ്വരയിലെ ഗ്രാമീണര്‍ തയ്യാറായിരുന്നില്ല. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍നിന്ന് മാറിനില്‍ക്കാനാണ് കശ്മീര്‍ ഗ്രാമങ്ങള്‍ തയ്യാറായത്. എന്നാല്‍, ബുര്‍ഹാന്‍ വാനി ഏറ്റുമുട്ടലില്‍ വധിക്കപ്പെട്ടതും സമാധാനനീക്കങ്ങളോട് മുഖം തിരിഞ്ഞുനില്‍ക്കുന്ന മോഡിസര്‍ക്കാരിന്റെ സമീപനവും കശ്മീര്‍ ഗ്രാമങ്ങളെയും തീവ്രവാദത്തെ സഹായിക്കുന്ന സമീപനത്തിലേക്ക് വലിച്ചിഴച്ചു. കഴിഞ്ഞവര്‍ഷംവരെയും തീവ്രവാദികളെ പിന്തുണയ്ക്കാന്‍ വിസമ്മതിച്ച കശ്മീര്‍ ഗ്രാമങ്ങള്‍ അവര്‍ക്ക് സുരക്ഷാതാവളം ഒരുക്കാനും അവരെ രക്ഷപ്പെടാന്‍ സഹായിക്കാനും തുടങ്ങി.
അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ബഡ്ഗാം ജില്ലയിലെ ചദൂര ഗ്രാമത്തിലുണ്ടായത്. തൌസീഫ് അഹമ്മദ് എന്ന ഹിസ്ബുള്‍ മുജാഹിദീന്‍ തീവ്രവാദിക്ക് താവളം തീര്‍ക്കാനും അയാളെ രക്ഷപ്പെടുത്താനും ഗ്രാമീണര്‍ തയ്യാറായതാണ് സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിന് വഴിയൊരുക്കിയത്. തീവ്രവാദിയുണ്ടെന്നറിഞ്ഞ് അവിടെയെത്തി തെരച്ചില്‍ ആരംഭിച്ച സുരക്ഷാസേനയുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താനാണ്  ഗ്രാമത്തിലെ യുവാക്കള്‍ തയ്യാറായത്. അവര്‍ കൂട്ടമായി സംഭവസ്ഥലത്തെത്തി സൈനികര്‍ക്കുനേരെ കല്ലേറ് ആരംഭിച്ചു. തുടര്‍ന്ന് സൈന്യം നടത്തിയ വെടിവയ്പിലും പെല്ലറ്റ് തോക്ക് പ്രയോഗത്തിലും തീവ്രവാദിയോടൊപ്പം മൂന്ന് യുവാക്കളും കൊല്ലപ്പെട്ടു. 18 പേര്‍ക്ക് പരിക്കേറ്റു. ഭീകരവിരുദ്ധനീക്കങ്ങളെ തടസ്സപ്പെടുത്താന്‍ ജനങ്ങള്‍ മുന്നോട്ടുവരരുതെന്ന സൈനികമേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ മുന്നറിയിപ്പിനെ അവഗണിച്ചാണ് ഹിസ്ബുള്‍ തീവ്രവാദിയെ രക്ഷിക്കാനായി ചദുര ഗ്രാമത്തിലെ യുവാക്കള്‍ തയ്യാറായത്. ഭീകരവാദികള്‍ക്കുവേണ്ടി ജീവന്‍പോലും ബലിയര്‍പ്പിക്കാന്‍ കശ്മീരിലെ യുവാക്കള്‍ തയ്യാറാകുന്നത് അസ്വസ്ഥതയുളവാക്കുന്ന കാര്യമാണ്.
മതത്തിന്റെ ആവരണവും ഇതിനായി അവര്‍ എടുത്തണിയുന്നുവെന്നത് ഈ ആശങ്ക ഇരട്ടിപ്പിക്കുന്നു. നിലവില്‍ ഈ യുവാക്കളുടെ കൈവശം ആയുധങ്ങളില്ലെന്ന് സമാധാനിക്കാം. കല്ലാണ് അവരുടെ കൈവശമുള്ള ഏക ആയുധം. എന്നാല്‍, അതിര്‍ത്തിക്കപ്പുറത്തുനിന്ന് ഈ യുവാക്കള്‍ക്ക് ഭാവിയില്‍ ആയുധം ലഭിക്കില്ലെന്ന് ഉറപ്പിച്ചുപറയാനാകില്ല. നിയന്ത്രണരേഖയിലും മറ്റും ശക്തമായ വേലികെട്ടിയതാണ് ആയുധങ്ങളുടെ ഒഴുക്ക് തടയുന്നതിന് ഒരു കാരണം. എന്നാല്‍, അതിര്‍ത്തി കടന്നെത്തുന്ന ഭീകരവാദികള്‍വഴി ഇവര്‍ക്ക് ആയുധംകൂടി ലഭിച്ചാല്‍ അത് കശ്മീരിനെ അശാന്തമാക്കും. തീവ്രവാദികളെയും ഭീകരവാദികളെയും സംരക്ഷിക്കാനായി താഴ്വരയിലെ ഗ്രാമങ്ങള്‍ മുന്നോട്ടുവരുന്നത് കശ്മീര്‍പ്രശ്നത്തിന് പുതിയ മാനം നല്‍കുകയാണ്. മാത്രമല്ല, പൊലീസ് ഓഫീസര്‍മാരുടെ വീടുകളില്‍ കയറി അവരുടെ കുടുംബാംഗങ്ങളെ യുവാക്കള്‍ ഭീഷണിപ്പെടുത്തുന്ന ഒന്നിലധികം സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. 

സുരക്ഷാസേനയെ ഉപയോഗിച്ച് തീവ്രവാദികളെയും ഭീകരവാദികളെയും വെടിവച്ചുകൊന്ന് കശ്മീര്‍പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിയുമെന്നത് മോഡിസര്‍ക്കാരിന്റെ വ്യാമോഹം മാത്രമാണ്. ബന്ധപ്പെട്ട എല്ലാവരുമായി ചര്‍ച്ച നടത്താനും അനുരഞ്ജനത്തിന് തയ്യാറാകാനും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം. അതോടൊപ്പം കശ്മീരിലെ ജനങ്ങള്‍ക്ക് ഏറെ ദുരിതം സമ്മാനിക്കുന്ന പെല്ലറ്റ് തോക്കുകളുടെ ഉപയോഗം നിര്‍ത്തലാക്കണം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ക്കാണ് പെല്ലറ്റ് തോക്കിന്റെ ഉപയോഗം കാരണം കാഴ്ച നഷ്ടപ്പെട്ടിട്ടുള്ളത്.  പെല്ലറ്റ് തോക്കുകള്‍ക്കുപകരം മറ്റ് ആയുധങ്ങള്‍ ഉപയോഗിക്കണമെന്ന് കഴിഞ്ഞദിവസം സുപ്രീംകോടതിപോലും നിര്‍ദേശിക്കുകയുണ്ടായി.

മാത്രമല്ല, 2016ല്‍ മോഡിസര്‍ക്കാര്‍ നിയമിച്ച വിദഗ്ധസമിതിയും ബദല്‍മാര്‍ഗങ്ങള്‍ തേടണമെന്ന് സര്‍ക്കാരിനോട് നിര്‍ദേശിക്കുകയുണ്ടായി. എന്നാല്‍, പെല്ലറ്റ് തോക്കുകളുടെ ഉപയോഗം തുടരുമെന്നാണ് ആഭ്യന്തര സഹമന്ത്രി ഹന്‍സരാജ് ഗംഗാറാം അഹിര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയത്. മോഡിസര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതോടെ ഭരണഘടനയിലെ മതനിരപേക്ഷതയ്ക്ക് ഊന്നല്‍ ലഭിക്കുന്നില്ലെന്നതും ഇന്ത്യന്‍ ജനാധിപത്യത്തിലുള്ള കശ്മീര്‍ ജനതയുടെ വിശ്വാസം തകരാന്‍ കാരണമായിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ കശ്മീര്‍ ജനതയുടെ വിശ്വാസം വീണ്ടെടുക്കാനുള്ള നടപടികള്‍ക്കൊപ്പം സമാധാനനീക്കങ്ങള്‍ക്കും തുടക്കമിടണം. അല്ലാത്തപക്ഷം കശ്മീരിലെ സംഘര്‍ഷങ്ങള്‍ നിയന്ത്രിക്കാനാകാത്ത വിധം സ്ഫോടനാത്മകമാകും


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top