30 May Tuesday

കശ്‌മീർപ്രശ്‌നം: പരിഹാരം ചർച്ചയിലൂടെമാത്രം

വെബ് ഡെസ്‌ക്‌Updated: Monday Jun 11, 2018


ജമ്മു കശ്മീർ പ്രശ്‌നത്തിന് പരിഹാരം തേടിയുള്ള സംഭാഷണങ്ങളെക്കുറിച്ച് വീണ്ടും കേട്ടുതുടങ്ങിയിരിക്കുന്നു. മെയ് മാസം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ആഭ്യന്തരമന്ത്രി രാജ്‌നാഥ‌്സിങ‌് ഹുറിയത്ത് കോൺഫറൻസുമായി ചർച്ച നടത്താൻ തയ്യാറാണെന്ന് അറിയിച്ചത്. പാകിസ്ഥാനുമായും ചർച്ചയ‌്ക്ക് തയ്യാറാണെന്ന് രാജ്‌നാഥ്സിങ‌് പറഞ്ഞുവെങ്കിലും ഭീകരവാദത്തിന് പ്രോത്സാഹനം നൽകുന്ന നയത്തിൽനിന്ന‌് അവർ പിന്മാറണമെന്നും കൂട്ടിച്ചേർത്തു.

സംഭാഷണത്തെക്കുറിച്ചുള്ള അവ്യക്തത ദൂരീകരിക്കുന്നപക്ഷം ചർച്ചയ‌്ക്ക് തയ്യാറാണെന്ന് ഹുറിയത്ത് നേതാക്കളായ സയ്യിദ് അലി ഗീലാനിയും മിർവായിസ് ഉമർ ഫാറൂഖും മുഹമ്മദ് യാസിൻ മാലിക്കും പ്രതികരിക്കുകയുണ്ടായി. സംയുക്ത നേതൃത്വം പുറത്തിറക്കിയ പ്രസ്താവനയിൽ സംഭാഷണപ്രക്രിയയിൽ കശ്മീർപ്രശ്‌നവുമായി ബന്ധപ്പെട്ട മൂന്നു കക്ഷികളുമായി ചർച്ച നടത്തുന്നതാണ് ഏറ്റവും നല്ല മാർഗമെന്നും സൂചിപ്പിച്ചിരുന്നു. ഇവർ സൂചിപ്പിച്ച മൂന്നു കക്ഷികൾ ഇന്ത്യയും പാകിസ്ഥാനും ജമ്മു കശ്മീരുമാണ്.

റമദാൻ മാസത്തിൽ കേന്ദ്ര സർക്കാർ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെയാണ് സംഭാഷണത്തെക്കുറിച്ചുള്ള പ്രതീക്ഷ ഉണർന്നത്. അതോടൊപ്പം ഇന്ത്യയിലെയും പാകിസ്ഥാനിലെയും ഡിജിഎംഒ (ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ്)കൾ മെയ് 29ന് യോഗം ചേരുകയും 2003ൽ പ്രഖ്യാപിച്ച വെടിനിർത്തൽ കരാർ നടപ്പാക്കാൻ തീരുമാനിക്കുകയും ചെയ്തു. വെടിനിർത്തലിന്റെ ആദ്യ 20 ദിവസത്തെ വിലയിരുത്തുന്നപക്ഷം കശ്മീർ താഴ്‌വരയിൽ ചില ഭീകരവാദ ആക്രമണങ്ങൾ തുടരുന്നുണ്ടെങ്കിലും സംഘർഷാവസ്ഥ ലഘൂകരിക്കാനും സ്ഥിതിഗതികൾ മെച്ചപ്പെടുത്താനും കഴിഞ്ഞിട്ടുണ്ട്.

എന്നിരുന്നാലും കശ്മീർപ്രശ്‌നത്തിന് രാഷ്ട്രീയപരിഹാരം തേടിയുള്ള ഈ ചർച്ചകൾ വിജയകരമായി പര്യവസാനിക്കുമെന്ന കാര്യത്തിൽ താഴ്‌വരയിലെ ജനങ്ങൾക്ക് സംശയമുണ്ട്. ഇതിന് പ്രധാന കാരണം, നാലുവർഷത്തെ മോഡിസർക്കാരിനുകീഴിൽ കശ്മീരിലെ സ്ഥിതി ദിനംപ്രതി വഷളായിവരുന്നതാണ‌്. കടുത്ത സുരക്ഷാനടപടികളിലൂടെമാത്രം പ്രശ്‌നത്തിന് പരിഹാരം കാണാനായിരുന്നു മോഡിസർക്കാർ പരിശ്രമിച്ചത്. ജനകീയപ്രതിഷേധത്തെ ഭീഷണി ഉപയോഗിച്ചും ബലപ്രയോഗത്തിലൂടെയുമാണ് നേരിട്ടത്. സർക്കാരിന്റെ ഈ നയം അതിർത്തി കടന്നുള്ള ഭീകരവാദികളുടെ എണ്ണത്തിൽ കുറവുവരുത്തിയെങ്കിലും കശ്മീരിൽനിന്നുള്ള തീവ്രവാദികളുടെ എണ്ണം വർധിക്കുകയാണുണ്ടായത്. ഈവർഷം ഏപ്രിൽവരെയുള്ള കണക്കനുസരിച്ച് 276 തീവ്രവാദികളാണ് താഴ്‌വരയിലുള്ളത്. ഇതിൽ 154 പേരും കശ്മീരികളാണ്. 

പ്രശ്‌നപരിഹാരത്തിനായുള്ള രാഷ്ട്രീയപ്രക്രിയക്ക് അന്തരീക്ഷം ഒരുക്കുക ലക്ഷ്യമാക്കി വാജ്‌പേയിസർക്കാരും യുപിഎ സർക്കാരും പ്രത്യേക ദൂതരെ കശ്മീരിലേക്ക് അയച്ചെങ്കിലും അവർ നൽകിയ റിപ്പോർട്ടുകൾ ഒന്നുംതന്നെ നടപ്പാക്കപ്പെട്ടില്ല. മോഡിസർക്കാർ ഇന്റലിജൻസ് ബ്യൂറോയുടെ  മുൻ മേധാവി ദിനേശ്വർ മിശ്രയെ പ്രത്യേക  ദൂതനായി കഴിഞ്ഞവർഷമാണ് കശ്മീരിലേക്ക് അയച്ചത്. ആക്രമണങ്ങൾ കുറയ‌്ക്കുകയും  കശ്മീരിലെ ജനങ്ങളുടെ വികാരങ്ങളെ തണുപ്പിക്കുകയും ചെയ്യാതെ രാഷ്ട്രീയസംഭാഷണത്തെക്കുറിച്ചും രാഷ്ട്രീയപ്രക്രിയയെക്കുറിച്ചും ചിന്തിക്കാൻപോലും കഴിയില്ലെന്നാണ് കഴിഞ്ഞദിവസം ദിനേശ്വർ മിശ്രതന്നെ പറഞ്ഞത്. കശ്മീർപ്രശ്‌നത്തെ തെറ്റായ രീതിയിലാണ് കേന്ദ്ര സർക്കാർ സമീപിക്കുന്നതെന്നർഥം.

രണ്ടുവർഷത്തിനിടയിൽ 200 തീവ്രവാദികൾ കശ്മീർ താഴ്‌വരയിൽ കൊല്ലപ്പെട്ടു. ഇവർക്ക് രക്തസാക്ഷി പരിവേഷം നൽകി കൂടുതൽ യുവാക്കളെ തീവ്രവാദ ക്യാമ്പിലേക്ക് ആകർഷിക്കാനുള്ള ശ്രമവും സജീവമാണ്. അതിനാൽ ആക്രമണപ്രവർത്തനങ്ങൾ തടയണമെങ്കിൽ സുരക്ഷാനടപടികൾക്കൊപ്പം രാഷ്ട്രീയനീക്കവും ഉണ്ടാകണമെന്നർഥം.

കശ്മീരിലെ ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാനുള്ള ചില നടപടികളെങ്കിലും കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന‌് ഉണ്ടായാൽമാത്രമേ സംഭാഷണത്തിനുള്ള അന്തരീക്ഷം സൃഷ്ടിക്കാൻ കഴിയൂ. റമദാൻ കാലത്ത് പ്രഖ്യാപിച്ച (മെയ‌് 16ന‌്) വെടിനിർത്തൽ ഒരു നിശ്ചിത പരിധിവരെ നീട്ടാനുള്ള നടപടികൾ കേന്ദ്രം സ്വീകരിക്കണം. അതോടൊപ്പം ജനങ്ങളെ ഏറ്റവും കൂടുതൽ രോഷാകുലരാക്കിയ പെല്ലറ്റ് തോക്കുകൾ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാനും കേന്ദ്രം ഉത്തരവിടണം. സുരക്ഷാസേനയ‌്ക്കെതിരെ ആദ്യമായി കല്ലേറ‌് നടത്തുന്നവർക്കെതിരെ ചാർജ് ചെയ്ത കേസുകളെങ്കിലും പിൻവലിക്കണമെന്ന ദിനേശ്വർ മിശ്രയുടെ നിർദേശവും കേന്ദ്രം നടപ്പാക്കണം.  ജമ്മു കശ്മീർ ഡെമോക്രാറ്റിക‌് ഫ്രീഡം പാർടി നേതാവ് ഷബീർ ഷായെ ജയിലിൽനിന്ന‌് മോചിപ്പിക്കണം. സുരക്ഷാസേന ജനങ്ങൾക്കുനേരെ നടത്തുന്ന അതിരുകടന്ന അതിക്രമങ്ങളും അന്വേഷണവിധേയമാക്കണം. ഇത്തരം പ്രഖ്യാപനങ്ങളോടൊപ്പം ബന്ധപ്പെട്ട കക്ഷികളുമായി രാഷ്ട്രീയചർച്ചയും നടത്തുന്നപക്ഷം പ്രതീക്ഷയ‌്ക്ക് വകയുണ്ട്.  ഇതോടൊപ്പം പാകിസ്ഥാനുമായി പ്രഖ്യാപിച്ച സംഭാഷണങ്ങളും യാഥാർഥ്യമാക്കണം. ആഭ്യന്തരമന്ത്രിയും പ്രതിരോധമന്ത്രിയും സൂചിപ്പിച്ചതുപോലെ ഈ സംഭാഷണം നിബന്ധനകളുടെ അടിസ്ഥാനത്തിലായിരിക്കരുത്. ഇരുരാജ്യങ്ങളിലെയും ഉപദേശകർക്ക് തമ്മിൽ സംഭാഷണമാകാമെങ്കിൽ, ഡിജിഎംഒമാർക്ക് ചർച്ചയാകാമെങ്കിൽ, എന്തുകൊണ്ട് പാകിസ്ഥാനുമായി സംഭാഷണമായിക്കൂടാ. ചൈനയുമായി വൂഹാൻ ചർച്ച നടത്തി സംഭാഷണത്തിന് വഴിതുറന്നതുപോലെ പാകിസ്ഥാനുമായും സംഭാഷണത്തിന് കേന്ദ്രം വഴിതുറക്കണം.  
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top