27 September Wednesday

കെഎഎസ്‌ മറ്റൊരു പൊൻതൂവൽ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 25, 2020


കേരളത്തിന്‌ സ്വന്തമായി അഡ്‌മിനിസ്‌ട്രേറ്റീവ്‌ സർവീസ്‌ (കെഎഎസ്‌) എന്ന എൽഡിഎഫ്‌ വാഗ്‌ദാനം യാഥാർഥ്യമാക്കുന്നതിന്‌ കടമ്പകളേറെയായിരുന്നു. എന്നാൽ, ശനിയാഴ്‌ച നടന്ന കെഎഎസ്‌ ആദ്യഘട്ട പരീക്ഷ കുറ്റമറ്റരീതിയിൽ പൂർത്തിയായതോടെ കേരളയുവത പ്രതീക്ഷയുടെ മറ്റൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുന്നു. അഖിലേന്ത്യാ സിവിൽ സർവീസിന്‌ സമാനമായി  ഏറ്റവും മികച്ച ഉദ്യോഗാർഥികളിൽനിന്ന്‌ തെരഞ്ഞെടുക്കപ്പെടുന്ന ഒരു ഭരണ നിർവഹണ സംവിധാനം സംസ്ഥാനങ്ങളിലും രൂപീകരിക്കുന്നത്‌ ഭരണത്തിന്റെ കാര്യക്ഷമതയും സേവനവും മെച്ചപ്പെടുത്തുമെന്നതിൽ സംശയമില്ല. എന്നാൽ, എൽഡിഎഫ്‌ സർക്കാരിന്റെ ഈ തീരുമാനത്തെ തുറന്ന മനസ്സോടെ സ്വീകരിക്കാൻ പ്രതിപക്ഷമോ അവരെ പിന്തുണയ്‌ക്കുന്ന ഉദ്യോഗസ്ഥ സംഘടനകളോ തയ്യാറായില്ല. തടസ്സവാദങ്ങളും  നിയമക്കുരുക്കുകളും മറികടന്ന്‌ കെഎഎസ്‌  ലക്ഷ്യത്തിലെത്തുമ്പോൾ തിളങ്ങിനിൽക്കുന്നത്‌ എൽഡിഎഫ്‌ സർക്കാരിന്റെ നിശ്‌ചയദാർഢ്യവും  ആശയവ്യക്തതയും. കഴിവും സാമൂഹ്യപ്രതിബദ്ധതയുമുള്ള ഊർജസ്വലരായ യുവജനങ്ങളെ സിവിൽ സർവീസിലെത്തിച്ച്‌ ഭരണനിർവഹണം കാര്യക്ഷമമാക്കുകയാണ്‌ കെഎഎസിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന  മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ  അടിവരയിടുന്നതും നാടിനോടുള്ള പ്രതിബദ്ധതതന്നെ.

1957ൽ  ഇ എം എസ്‌ അധ്യക്ഷനായ ഭരണപരിഷ്‌കാര കമീഷനാണ്‌ സംസ്ഥാന സിവിൽ സർവീസ്‌ എന്ന ആശയം ആദ്യം മുന്നോട്ടുവച്ചത്‌. എം കെ വെള്ളോടി,  ഇ കെ നായനാർ എന്നിവരുടെ നേതൃത്വത്തിലുള്ള കമീഷനുകളും  നിർദേശം ആവർത്തിച്ചെങ്കിലും ഇടതുപക്ഷ സർക്കാരുകൾ മാത്രമാണ്‌ അനുകുല സമീപനം  സ്വീകരിച്ചത്‌. ഒടുവിൽ ഏഴുപതിറ്റാണ്ടിനുശേഷം കെഎഎസ്‌ രൂപീകൃതമാകുന്നതും ഇടതുപക്ഷ സർക്കാരിനുകീഴിൽ. സർവീസിലുള്ളവരുടെ പ്രമോഷൻ സാധ്യത ഇല്ലാതാക്കുമെന്നതടക്കമുള്ള പരാതികൾക്ക്‌ നീതിപൂർവമായ പരിഹാരമാണ്‌ സർക്കാർ കണ്ടത്‌. നേരിട്ടുള്ള നിയമനത്തിനുപുറമെ പൊതുവിഭാഗം, ഗസറ്റഡ്‌ ഉദ്യോഗസ്ഥർക്ക്‌ തസ്‌തികമാറ്റംവഴി നിയമനം നേടുന്നതിന്‌ അവസരം ലഭിക്കും. മൂന്ന്‌ സ്‌ട്രീമിലും സംവരണം ഏർപ്പെടുത്തും. നാലു ശതമാനം ഭിന്നശേഷിക്കാർക്കായും നീക്കിവയ്‌ക്കും. പ്രാഥമികപരീക്ഷയിൽ 30 മാർക്കിന്‌ മലയാളമോ ന്യൂനപക്ഷഭാഷകളോ നിർബന്ധമാക്കിയത്‌ ‘ഭരണഭാഷ –-മാതൃഭാഷ ’ നയത്തിന്‌ അനുഗുണംതന്നെ. ചോദ്യങ്ങൾക്ക്‌ മലയാളത്തിൽ  ഉത്തരമെഴുതാനുള്ള അവസരവും നൽകി. 


 

കഴിഞ്ഞ കേരളപ്പിറവി ദിനത്തിൽ കെഎഎസ്‌ തെരഞ്ഞെടുപ്പിനുള്ള  വിജ്ഞാപനം പ്രസിദ്ധീകരിച്ചുകൊണ്ട്‌ പിഎസ്‌സി ചെയർമാൻ അഡ്വ. എം കെ സക്കീർ വ്യക്തമാക്കിയത്‌ ഒരു വർഷത്തിനകം നിയമനം നടക്കുമെന്നായിരുന്നു. യുപിഎസ്‌സി വലിയ തയ്യാറെടുപ്പുകളോടെ നടത്തുന്ന അഖിലേന്ത്യാ സിവിൽ സർവീസ്‌ പരീക്ഷയ്‌ക്ക്‌ തത്തുല്യമായ ദൗത്യം കേരള പിഎസ്‌സി ഏറ്റെടുക്കുമ്പോൾ ആശങ്കകൾ ഏറെയായിരുന്നു.  എന്നാൽ, ദീർഘമായ പ്രവർത്തനപാരമ്പര്യമുള്ള കെപിഎസ്‌സി ഇതുവരെയുള്ള എല്ലാ നടപടികളിലും  ഫുൾമാർക്ക്‌ നേടി. നവംബറിൽ വിജ്ഞാപനത്തോടൊപ്പം വിശദമായ സിലബസ്‌ പ്രസിദ്ധീകരിച്ച്‌ ഫെബ്രുവരിയിൽ പ്രഥമ പരീക്ഷ നടത്തുമെന്ന്‌ പ്രഖ്യാപിക്കുമ്പോൾ ഇത്രയും ചുരുങ്ങിയ നാളുകളിൽ എങ്ങനെ സാധ്യമാകുമെന്ന്‌ സംശയിച്ചവരുണ്ട്‌. നാലുലക്ഷത്തോളം അപേക്ഷകർക്ക്‌ 1534 പരീക്ഷാ കേന്ദ്രം ഒരുക്കാനും മറ്റ്‌ തയ്യാറെടുപ്പുകൾ പൂർത്തിയാക്കുന്നതിനും പിഎസ്‌സി  യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിച്ചു. പരീക്ഷാ നടത്തിപ്പിലും ഒരിടത്തുനിന്നും പരാതിയുണ്ടായില്ല. പരീക്ഷയുടെ ഘടനയും ചോദ്യങ്ങളുടെ ഉയർന്ന നിലവാരവും  സിവിൽ സർവീസിന്റെ ഔന്നത്യത്തിന്‌ ചേർന്നതുതന്നെയെന്ന്‌ എല്ലാവരും സമ്മതിച്ചു. കംപ്യൂട്ടർവൽക്കൃത ഓൺസ്ക്രീൻ മാർക്കിങ്‌ വഴിയുള്ള മൂല്യനിർണയം സമയബന്ധിതമായി പൂർത്തിയാക്കി ഒരുമാസംകൊണ്ട്‌ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാനാണ്‌ പിഎസ്‌സി ലക്ഷ്യമിടുന്നത്‌. അന്തിമ പരീക്ഷയുടെ തീയതി ഉടൻ പ്രഖ്യാപിക്കും.  ഉത്തരസൂചിക  അടുത്തദിവസം പുറത്തിറങ്ങിയാൽ വിജയപ്രതീക്ഷയുള്ളവർക്ക്‌ വൈകാതെ അന്തിമപരീക്ഷയ്‌ക്ക്‌ തയ്യാറെടുക്കാനാകും.

റെക്കോഡ്‌ വേഗത്തിൽ പുറത്തുവരുന്ന  കെഎഎസ്‌ റാങ്ക്‌ലിസ്‌റ്റ്‌  കേരള പിഎസ്‌സിയുടെ തൊപ്പിയിലെ മറ്റൊരു പൊൻതൂവലാകും.  ഭരണഘടനാ സ്ഥാപനം എന്ന സ്വതന്ത്രപദവി അംഗീകരിച്ച്‌ പിഎസ്‌സിക്ക്‌ എല്ലാം പിന്തുണയും നൽകുന്ന എൽഡിഎഫ്‌ സർക്കാരിനും ഈ നേട്ടത്തിൽ അഭിമാനിക്കാം

കേരളത്തിന്റെ അഭിമാനമായ അഡ്‌മിനിസ്‌ട്രേറ്റീവ്‌ സർവീസിന്റെ ആദ്യ ബാച്ചിനെ തെരഞ്ഞെടുക്കുന്നതിലെ മാതൃകാപരമായ പ്രവർത്തനങ്ങൾക്കിടയിലും  ഉദ്യോഗസ്ഥരിലെ പുഴുക്കുത്തുകൾ കണ്ടെത്തി ശിക്ഷിക്കുന്നതിനുള്ള ജാഗ്രതയും നിർബന്ധവും സർക്കാരും പിഎസ്‌‌സിയും വീഴ്‌ചകൂടാതെ സ്വീകരിക്കുന്നുവെന്നത്‌ എടുത്തുപറയേണ്ടതാണ്‌. പിഎസ്‌സി പരീക്ഷാപരിശീലന കേന്ദ്രം നടത്തുകയും ക്ലാസെടുക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയാണ്‌ സർക്കാർ സ്വീകരിക്കുന്നത്‌.  ചില ഉദ്യോഗസ്ഥർ ബിനാമികളെവച്ച്‌ കോച്ചിങ്‌ സെന്റർ നടത്തുന്നതായും  കണ്ടെത്തി. ഇത്തരക്കാരുടെ  സ്വത്തുവിവരങ്ങൾ പരിശോധിക്കുന്നുണ്ട്‌. പിഎസ്‌സി  ഉദ്യോഗസ്ഥരുമായി ഇവർക്ക്‌ ബന്ധമുണ്ടോ എന്നതും അന്വേഷിക്കും. പിഎസ്‌സി സെക്രട്ടറിയുടെ പരാതിയെത്തുടർന്ന്‌ പൊതുഭരണവകുപ്പിന്റെ ശുപാർശയിലാണ് വിജിലൻസ്‌ അന്വേഷണം. യൂണിവേഴ്‌സിറ്റി കോളേജിലെ ചില വിദ്യാർഥികൾ പൊലീസ്‌ പരീക്ഷയുടെ ചോദ്യം ചോർത്തി ഉന്നത റാങ്ക്‌ തരപ്പെടുത്തിയ ഒറ്റപ്പെട്ട സംഭവത്തെ എടുത്തുകാട്ടി പിഎസ്‌സിയെ അവമതിക്കാൻ ഒരുവിഭാഗം മാധ്യമങ്ങളും പ്രതിപക്ഷവും കാട്ടിയ വ്യഗ്രത  ഈ ഘട്ടത്തിൽ ഓർക്കേണ്ടതാണ്‌. പിഎസ്‌സി വിജിലൻസ്‌തന്നെ കണ്ടെത്തിയ ക്രമക്കേടിൽ ഫലപ്രദമായ നടപടിയാണ്‌ സ്വീകരിച്ചത്‌. മുഴുവൻ  റാങ്ക്‌ ജേതാക്കളെയും ബലിയാടാക്കാതെ കുറ്റവാളികളെ  പുറത്താക്കി പട്ടിക നിലനിർത്തി. ഇത്തരത്തിൽ പഴുതുകളടച്ച്‌ പ്രവർത്തിക്കുന്ന പിഎസ്‌സി മുറകെപ്പിടിക്കുന്നത്‌ തൊഴിലന്വേഷകരുടെ താൽപ്പര്യവും നീതിയും മാത്രമാണ്‌. റെക്കോഡ്‌ വേഗത്തിൽ പുറത്തുവരുന്ന  കെഎഎസ്‌ റാങ്ക്‌ലിസ്‌റ്റ്‌  കേരള പിഎസ്‌സിയുടെ തൊപ്പിയിലെ മറ്റൊരു പൊൻതൂവലാകും.  ഭരണഘടനാ സ്ഥാപനം എന്ന സ്വതന്ത്രപദവി അംഗീകരിച്ച്‌ പിഎസ്‌സിക്ക്‌ എല്ലാം പിന്തുണയും നൽകുന്ന എൽഡിഎഫ്‌ സർക്കാരിനും ഈ നേട്ടത്തിൽ അഭിമാനിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top