13 October Sunday

അഴിമതിയിൽ ആറാടി കർണാടക ഭരണം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024


സ്വാതന്ത്ര്യ സമരത്തിന്റെ പാരമ്പര്യം അവകാശപ്പെടാവുന്ന കോൺഗ്രസ് പാർടി ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ഉപ്പ് വച്ച കലം പോലെയായത് അവരുടെ ജനവിരുദ്ധ സാമ്പത്തിക നയങ്ങളും നേതാക്കളുടെ കൊടിയ അഴിമതിയും കുംഭകോണവുമാണ്. കോൺഗ്രസിനോടുള്ള ജനങ്ങളുടെ വെറുപ്പ് വർഗീയ ഫാസിസ്റ്റ് ശക്തികൾക്ക് വളമായിട്ടും പാഠം പഠിക്കാതെ കോൺഗ്രസ് ഇപ്പോഴും അഴിമതിയുടെ ചാമ്പ്യൻമാരാകാൻ മത്സരിക്കുകയാണ്. ഭരണം പണസമ്പാദനത്തിനുള്ള എളുപ്പവഴി മാത്രമാണെന്നാണ് ആ പാർടിയെ നയിക്കുന്നവരുടെ ചിന്ത. നമ്മുടെ അയൽസംസ്ഥാനമായ കർണാടകത്തിൽനിന്ന് വരുന്ന വാർത്തകൾ ഇതിന് അടിവരയിടുകയാണ്. ബിജെപിയുടെ അഴിമതി ഭരണത്തിൽ മനം മടുത്താണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജനങ്ങൾ കോൺഗ്രസിനെ അധികാരത്തിലേറ്റിയത്. എന്നാൽ മുഖ്യമന്ത്രി സിദ്ധരാമയ്യതന്നെ അഴിമതിക്ക് നേതൃത്വം നൽകുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്. കോൺഗ്രസ് പ്രതിപക്ഷത്തായിരുന്ന സമയത്ത് ബിജെപിയുടെ സഹായത്തോടെ നടത്തിയ ഭൂമി കുംഭകോണമാണ്  ഇപ്പോൾ വിവാദമായത്.

മൈസൂർ അർബൻ ഡെവലപ്മെന്റ്‌ അതോറിറ്റിക്ക് (മുഡ)  സിദ്ധരാമയ്യയുടെ ഭാര്യ പാർവതി മൈസൂർ കേസരെയിലുണ്ടായിരുന്ന 3.16 ഏക്കർ ഭൂമി വിട്ടുകൊടുത്തു. ഇതിനുപകരമായി  വിജയനഗറിൽ മുഡ വികസിപ്പിച്ചെടുത്ത 38,283 ചതുരശ്ര അടി പ്ലോട്ടുകൾ നൽകിയതിൽ കോടികളുടെ അഴിമതി നടന്നുവെന്നാണ് പരാതി. മുഡയ്‌ക്ക് നൽകുന്ന ഭൂമിക്ക് പകരമായി അവർ വികസിപ്പിച്ചെടുത്ത പ്ലോട്ടുകളിൽ 50 ശതമാനമോ പകരം ഭൂമിയോ നൽകുമെന്നാണ് വ്യവസ്ഥ. വിട്ടുകൊടുത്ത ഭൂമിയുടെ പതിൻമടങ്ങ് മൂല്യമുള്ള ഭൂമിയാണ് സിദ്ധരാമയ്യയുടെ കുടുംബത്തിന് നൽകിയത്. ഇതിനായി മുഡ വ്യാജരേഖ ചമച്ചതായും പരാതിയുണ്ട്.  ബിജെപി ഭരണത്തിൽ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് കോടി രൂപയുടെ അഴിമതി നടന്നിട്ടുള്ളതിൽ ഒന്നുമാത്രമാണിത്.

സ്നേഹമയി കൃഷ്ണ, മലയാളിയായ ടി ജെ അബ്രഹാം, പ്രദീപ് കുമാർ എന്നീ സാമൂഹ്യപ്രവർത്തകർ നൽകിയ ഹർജിയിൽ മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ നേരത്തെ അനുമതി നൽകിയിരുന്നു. ഇതിനെത്തുടർന്ന്  ലോകായുക്ത പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം ഇതിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്ന് ആരോപിച്ച് ഇഡിയും കേസെടുത്തു. സിദ്ധരാമയ്യ, ഭാര്യ പാർവതി, ഭാര്യാ സഹോദരൻ മല്ലികാർജുന സ്വാമി, ഇവർക്ക് കേസരെയിലെ സ്ഥലം നൽകിയ ദേവരാജു എന്നിവരാണ് പ്രതികൾ. ഇവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് ഇഡി കടക്കുമെന്നാണ് സൂചന.കേസരെയിലെ സ്ഥലം  2004 ൽ പാർവതിയുടെ പേരിൽ രജിസ്റ്റർ ചെയ്യാൻ വ്യാജരേഖ ഉണ്ടാക്കിയതായും പരാതി ഉണ്ട്. ഈ ഭൂമിയുടെ വിവരം 2013 ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ കമീഷനുമുന്നിൽ വെളിപ്പെടുത്താത്തതിന് മറ്റൊരു കേസും സിദ്ധരാമയ്യയുടെ പേരിലുണ്ട്.

ലോകായുക്തയും ഇഡിയും കേസെടുത്തതിന് പിന്നാലെ മുഡ പദ്ധതി വഴി ലഭിച്ച ഭൂമി തിരിച്ചുനൽകാൻ സന്നദ്ധയാണെന്നു പറഞ്ഞ് പാർവതി രംഗത്തെത്തി. അഴിമതി പിടിക്കപ്പെട്ടപ്പോൾ കളവ് മുതൽ തിരിച്ചുനൽകാൻ തയ്യാറാണെന്നാണ് ഇവർ പറയുന്നത്. ബിജെപിയുടെ സഹായത്തോടെയാണ് അഴിമതി നടന്നതെങ്കിലും ഭരണം മാറിയപ്പോൾ രാഷ്ട്രീയ മുതലെടുപ്പിന് അവരും രംഗത്തിറങ്ങിയിട്ടുണ്ട്.

കർണാടകത്തിലെ കോൺഗ്രസ് ഭരണം ചുരുങ്ങിയ നാൾകൊണ്ട് അഴിമതിയുടെ കൂത്തരങ്ങായി. അഴിമതി ആരോപണത്തെ തുടർന്ന് പട്ടികജാതി-– വർഗ  വികസനമന്ത്രി ബി നാഗേന്ദ്ര ഈയിടെ രാജിവച്ചിരുന്നു. മഹർഷി വാല്‌മീകി പട്ടികവർഗ കോർപറേഷന്റെ 100 കോടിയുടെ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ടായിരുന്നു രാജി. നാഗേന്ദ്രയെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും മുഖ്യമന്ത്രിയും തമ്മിലുള്ള അടിയും ഇവിടെ കോൺഗ്രസിനെ ഉലയ്ക്കുകയാണ്. ജനങ്ങൾ പ്രതീക്ഷയോടെ അധികാരത്തിലേറ്റിയാലും അഴിമതിയും തമ്മിൽത്തല്ലും അവരെ വളരെപ്പെട്ടെന്ന് ജനവിരുദ്ധരാക്കുകയാണ്. എവിടെ ഭരണം കിട്ടിയാലും അഴിമതിയിലും അധികാര വടംവലിയിലുമാണ്‌ അവരുടെ ശ്രദ്ധ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top